ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ശബരിമല തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ വിലയിരുത്താനായി നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു സന്ദർശനം.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. പ്ലാറ്റ്ഫോമിലെ ചോർച്ചയടക്കമുള്ള പ്രശ്നങ്ങൾ തീർഥാടനത്തിനു മുൻപായി പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഫാനുകൾ, ഇരിപ്പിടങ്ങൾ, ചാർജിങ് പോയിന്റുകൾ, ലൈറ്റുകൾ, കുടിവെള്ളം എന്നിവ ആവശ്യാനുസരണം ഏർപ്പെടുത്താൻ അദ്ദേഹം നിർദേശം നൽകി. സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്തെ തീർഥാടന വിശ്രമകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം. ഈ ഭാഗത്തേക്ക് മലിനജലം ഒഴുകിവരുന്നതായി യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഓട വൃത്തിയാക്കാൻ അടിയന്തര നടപടിയെടുക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകണമെന്ന് അദ്ദേഹം ആർ.ഡി.ഒ.യോട് നിർദേശിച്ചു.
ശബരിപാത ഉൾപ്പെടെ കേരളത്തിൽ റെയിൽവേയുടെ വലിയ വികസനമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഷനിലെ ശൗചാലയങ്ങളുടെ കുറവ്, കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ്, ലിഫ്റ്റ് പ്രവർത്തിപ്പിക്കാത്തത്, മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന് മതിയായ ഉയരമില്ലാത്തത്, 13, 14 കോച്ചുകൾ നിർത്തുന്നിടത്ത് മേൽക്കൂരയില്ലാത്തത്, ടിക്കറ്റ് കൗണ്ടറുകളുടെ കുറവ് തുടങ്ങിയ കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വി.ആർ. രാജശേഖരൻ, വി.കെ. ചന്ദ്രൻ, പാണ്ടനാട് രാധാകൃഷ്ണൻ, ബി. ജയകുമാർ, സിനി ബിജു, മധു കരിപ്പാലിൽ തുടങ്ങിയവർ സംസാരിച്ചു.
സ്റ്റേഷനും പരിസരവും അദ്ദേഹം സന്ദർശിച്ചു. തിരുവനന്തപുരം ഡിവിഷണൽ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ, മറ്റു ഡിവിഷൻ ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലെത്തിയ കേന്ദ്രമന്ത്രിയെ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, ജില്ല പ്രസിഡന്റ് സന്ദീപ് വാചസ്പതി, ബി. കൃഷ്ണകുമാർ, പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, കെ.ജി. കർത്ത, ഡി. വിനോദ് കുമാർ, ശ്രീരാജ് ശ്രീവിലാസം തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിശ്വഹിന്ദു പരിഷത്ത്, ക്ഷേത്ര സംരക്ഷണ സമിതി, അയ്യപ്പസേവാ സമാജം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ വിവിധ ആവശ്യങ്ങളുന്നയിച്ച് നിവേദനം നൽകി.
Published: 18 Oct 2026, 02:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented