ചാവക്കാട് : മമ്മിയൂർ എൽ.എഫ്.സി.യു.പി. സ്കൂളിൽ സ്വാദുത്സവം സംഘടിപ്പിച്ചു. ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ വീടുകളിൽനിന്ന് തയ്യാറാക്കി കൊണ്ടുവന്ന നാടൻ പലഹാരങ്ങളും സാലഡുകളും ഉപയോഗിച്ചാണ് പ്രദർശനം നടത്തിയത്. ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ എ.എച്ച്. അക്ബർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.സി. സുനിൽ അധ്യക്ഷനായി.

To advertise here,

ആരോഗ്യസംരക്ഷണത്തിൽ നാടൻവിഭവങ്ങളുടെ പ്രാധാന്യം, ശരിയായ ആഹാരശീലങ്ങൾ പാലിക്കൽ, കൃത്രിമ ആഹാരവസ്തുക്കളുടെ അപകടസാധ്യതകൾ എന്നീ കാര്യങ്ങളിൽ വിദ്യാർഥികളെ ബോധവത്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. രുചിവൈവിധ്യംകൊണ്ട് ശ്രദ്ധേയമായ സ്വാദുത്സവത്തിൽ കുട്ടി ഷെഫുമാർ കൗതുകം നിറച്ചു. ഹെഡ്മിസ്ട്രസ് സി. സിമി മരിയ, അധ്യാപക പ്രതിനിധി സിനി, അധ്യാപകരായ ഹെൻസി, ഫെമി, സാന്റ മരിയ എന്നിവർ നേതൃത്വം നൽകി.