താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കഭീഷണി

To advertise here,

ചെട്ടികുളങ്ങര : കരിപ്പുഴത്തോട്ടിൽ കരിപ്പുഴപ്പാലത്തിനു തെക്കുവശത്ത് തടയണയ്ക്കായി നിർമിച്ചിരിക്കുന്ന കൽക്കെട്ടിൽ പായലും പോളയും മാലിന്യവുമടിഞ്ഞ് ഒഴുക്കു തടസ്സപ്പെട്ടത് പഞ്ചായത്തിന്റെ ഒന്നും രണ്ടും വാർഡുകളിൽ വെള്ളപ്പൊക്കഭീഷണി സൃഷ്ടിച്ചു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നപ്പോൾ തോട്ടിലെ ഒഴുക്കു തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കഭീഷണിയുണ്ടാക്കിയത്. ചെറുകിട ജലസേചനവകുപ്പ് കായംകുളം അസി. എൻജിനിയർ ശീതൾ, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡൻറ് ആർ. ഗീതാലക്ഷ്‌മി, വൈസ് പ്രസിഡന്റ്‌ ജി. പുഷ്പരാജൻ, വാർഡ് മെമ്പർ അനീഷ് കരിപ്പുഴ എന്നിവരുടെ നേതൃത്വത്തിൽ മാലിന്യം നീക്കംചെയ്ത് തോട്ടിലെ നീരൊഴുക്കു സുഗമമാക്കി.

കുത്തുകുഴിയിൽ തടയണ സ്ഥാപിക്കണം

: ഉള്ളിട്ട പുഞ്ചയിലെ 900 ഏക്കറിലും പള്ളിപ്പാട്, ചെട്ടികുളങ്ങര പഞ്ചായത്തുകളിലെ മറ്റു പാടശേഖരങ്ങളിലും കൃഷിയിറക്കുന്നത് കരിപ്പുഴത്തോടിനെ ആശ്രയിച്ചാണ്. തോട്ടിൽ ജലനിരപ്പ് ഉയർന്നുനിന്നാൽ പാടങ്ങളിലും അതിനനുസരിച്ച് ജനനിരപ്പ് ഉയരുകയും കൃഷി വൈകുകയും ചെയ്യും. ഇതിനു പരിഹാരമായി തോട്ടിൽ ഇടയ്ക്കിടയ്ക്ക് തടയണകെട്ടി പാടത്തെ വെള്ളംവറ്റിച്ച് കൃഷിയിറക്കാൻ സാഹചര്യമൊരുക്കുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്. ഇത് ഓരോ ഭാഗങ്ങളിലെയും കർഷകർ തമ്മിൽ തർക്കത്തിനും കാരണമാകാറുണ്ട്. തടയണ സ്ഥാപിക്കുമ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറുന്നതും പ്രദേശവാസികളുടെ പ്രതിഷേധത്തിനു കാരണമാകാറുണ്ട്. ഇതിനെല്ലാം പരിഹാരമായി, അച്ചൻകോവിലാറ്റിൽനിന്ന് കരിപ്പുഴത്തോട് ഉദ്‌ഭവിക്കുന്ന കുത്തുകുഴിയിൽ ഫൈബർ തടയണ സ്ഥാപിക്കണമെന്നും മറ്റു സ്ഥലങ്ങളിലെ തടയണകൾ ഒഴിവാക്കണമെന്നുമുള്ള നിർദേശത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

അച്ചൻകോവിലാറിനോടു ചേർന്ന് തടയണ സ്ഥാപിക്കുന്നത് ഏറെ പഠനങ്ങൾക്കു ശേഷമേ നടപ്പാക്കാൻ സാധിക്കുകയുള്ളൂ. ഇതിന് വലിയതോതിൽ ഫണ്ടും ആവശ്യമായി വരും. അതിനാൽത്തന്നെ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയിട്ടില്ല.

ആഴംകൂട്ടൽ പുരോഗമിക്കുന്നു

: കരിപ്പുഴത്തോടിന്റെ ആഴംകൂട്ടൽ പദ്ധതി ഒന്നാംഘട്ടം പുരോഗമിക്കുകയാണ്. കരിപ്പുഴ, കുത്തുകുഴി ഭാഗങ്ങളിലാണ് ഇപ്പോൾ ആഴംകൂട്ടൽ നടന്നുവരുന്നത്. 50 ലക്ഷം രൂപയാണ് ഒന്നാംഘട്ടത്തിനു ചെലവ്. തോട്ടിൽനിന്നെടുക്കുന്ന ചെളിയും മണലും കരിപ്പുഴപ്പാലത്തിനു തെക്കുഭാഗത്ത് തോടിന്റെ ബണ്ടു ബലപ്പെടുത്താൻ ഉപയോഗിക്കും.