മൂന്നാംഘട്ടം പുലപ്പുള്ളുവ ചടങ്ങുകൾ

To advertise here,

കണിച്ചുകുളങ്ങര : കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ മുറയോത്തിന്റെ രണ്ടാം ഘട്ടം സമാപനത്തിലേക്ക്. ശനിയാഴ്ച നടക്കുന്ന ആയിരംമണി കോലം ഉയർത്തലോടെ ഗണകസമുദായത്തിന്റെ ചടങ്ങുകൾ സമാപിക്കും. ആയിരത്തൊന്ന് പാളയിലാണ്‌ കോലം ഉണ്ടാക്കുന്നത്. വടംകെട്ടി കമുകിലാണ് കോലം ഉയർത്തുന്നത്. ദിവസവും പുഴുക്കു വഴിപാട് നടത്തുന്ന ക്ഷേത്രമാണ് കണിച്ചുകുളങ്ങര. അരിമാവിൽ ആയിരത്തൊന്ന് ഉണ്ടകൾ പുഴുങ്ങിയെടുത്ത് മാലപോലെ അണിയിക്കും. രാവിലെ 10.30-ന് ചടങ്ങ് തുടങ്ങും.

ഞായറാഴ്ച മുതൽ പുലപ്പുള്ളുവ സമുദായത്തിന്റെ ചടങ്ങുകളാണ് നടക്കുന്നത്. വെള്ളിയാഴ്ച ശാസ്താവിന്റെ കളമെഴുത്താണ് നടന്നത്. പഠനം കഴിഞ്ഞ് അയ്യപ്പൻ പുലിപ്പുറത്തു വരുന്ന ഭാഗമാണ് പാടി വാഴ്‌ത്തിയത്. ശാസ്താവ്, ചെറുകുത്തി, പൂങ്കുടി ഉൾപ്പെടെ അഞ്ചു കളം എഴുതി. വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. കോലം തുള്ളാനും പാടാനും കുട്ടികൾ വരെ രംഗത്തുണ്ട്.