ശീതകാലവിളകളായ കാബേജും കോളിഫ്ളവറും വിത്ത് മുളപ്പിച്ച് തൈകളുണ്ടാക്കി പറിച്ചുനട്ടാണ് കൃഷിചെയ്യുന്നത്. കാരറ്റും ബീറ്റ്റൂട്ടും സവാളയും വിത്ത് നേരിട്ട് പാകിയും തൈകൾ തയ്യാറാക്കിയും കൃഷിചെയ്യാവുന്നതാണ്. ആരോഗ്യകരമായ തൈകൾ ഉത്‌പാദിപ്പിക്കാൻ പ്രോട്രേകളിൽ തൈ ഉത്‌പാദിപ്പിക്കുന്നതാണ് സുരക്ഷിതം.
പ്രോട്രേകൾ
പ്രൊപ്പഗേഷൻ ട്രേ എന്നതിന്റെ ചുരുക്കപ്പേരാണിത്. അറകളുടെ എണ്ണമനുസരിച്ചും വലുപ്പമനുസരിച്ചും വിവിധ പ്രോട്രേകൾ മാർക്കറ്റിൽ ലഭ്യമാണ്.
ഇനങ്ങൾ
കാബേജിൽ പൂസാ ഡ്രം ഹെഡ്, കാവേരി, ഗംഗ, ഗോൾഡൻ ഏക്കർ, സെപ്റ്റംബർ, എൻ.എസ്. 43, എൻ.എസ്. 143, എൻ.എസ്. 160, എൻ.എസ്. 183 എന്നിവയും കോളിഫ്ലവറിൽ ബസന്ത്, എൻ.എസ്. 60, പൂസ മേഘ്ന, സ്വാതി, പൂസാ ദീപാളി, ഗ്രീഷ്മ, അതിശീഘ്ന, ഹിമാനി എന്നിവയും കാരറ്റിൽ പൂസാകേസർ, പൂസ മേഘാലി, പൂസ നയൻ ജ്യോതി എന്നിവയും ബിറ്റ്റൂട്ടിൽ ഡെട്രോയിറ്റ് ഡാർക്ക് റെഡ്, മധുർ എന്നിവയും സവാളയിൽ അഗ്രി ഫൗണ്ട് ഡാർക്ക് റെഡ്, അഗ്രി ഫൗണ്ട് ലൈറ്റ് റെഡ്, അർക്കാ കല്യാൺ, അർക്കാ പ്രഗതി എന്നീ ഇനങ്ങളും നമ്മുടെ നാടിന് യോജിച്ചതാണ്. രോഗനിയന്ത്രണത്തിനായി വിത്തുകൾ പാകുന്നതിനുമുൻപ് ഒരു കിലോ വിത്തിന് 10 ഗ്രാം ട്രൈക്കോഡെർമ എന്ന കണക്കിന് ട്രീറ്റ് ചെയ്യുന്നത് കടചീയലിന് കാരണമായ കൈഫെറ്റോഫ്തോറ, പിത്തിയം, ഫ്യൂസേറിയം എന്നീ ഫംഗസുകൾക്കെതിരേ പ്രതിരോധമാകും.
പ്രോട്രേയിലെ മാധ്യമം
പ്രോട്രേകളിൽ തൈകൾ തയ്യാറാക്കുന്നതിനായി ചകിരിച്ചോർ അഥവാ കോകോ പീറ്റ്, വെർമിക്കുലൈറ്റ്, പെർലൈറ്റ് എന്നിവ യഥാക്രമം 3:1:1 എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതം ഉപയോഗിക്കാം. കോകോ പീറ്റ് ചെടി വളരാനുള്ള മാധ്യമമായും വെർമിക്കുലൈറ്റ് വളരാനുള്ള മാധ്യമത്തിന്റെ ഭാഗമായും പെർലൈറ്റ് നീർവാർച്ചയ്ക്കും സഹായകമാവും. മിശ്രണം തയ്യാറാക്കുന്നതിനുമുൻപ് കോകോ പീറ്റ് നന്നായി വെള്ളത്തിൽ കഴുകി അതിന്റെ അമ്ലത കുറയ്ക്കേണ്ടതാണ്.
ഇത് പ്രോട്രേകളിൽ നിറച്ച് അതിൽ ഒരു കുഴിയിൽ ഒരു വിത്ത് എന്നരീതിയിൽ പാകി അല്പം മിശ്രിതം മുകളിൽ തൂവിക്കൊടുക്കണം. സവാളയുടെ വിത്ത് പാകുമ്പോൾ ഒരു കുഴിയിൽ രണ്ടോമൂന്നോ വിത്തുകളിടാം. കൂടുതൽ ട്രേകളുണ്ടെങ്കിൽ അത് പത്തെണ്ണം വീതമുള്ള അടുക്കുകളാക്കിവെക്കണം. ഇതിലെ റിലേറ്റിറ്റീവ് ഹ്യുമിഡിറ്റി കൂടുന്നതിനായി പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി പൊതിഞ്ഞുവെക്കുന്നത് നല്ലതാണ്. മൂന്നാം ദിവസം ഷീറ്റ് എടുത്തുമാറ്റി ട്രേകൾ നിരത്തിവെക്കണം. വിത്തുപാകുന്നതിന് ഇപ്പോൾ ചെറുയന്ത്രം ലഭ്യമാണ്. വിത്തിട്ടശേഷം ട്രേകൾ അധികം തണലില്ലാത്ത സ്ഥലത്ത് വെക്കണം. ഒരാഴ്ചയ്ക്കകം വിത്ത് മുളച്ചുതുടങ്ങും.
പരിചരണം
ട്രേകളിൽ വളരെക്കുറഞ്ഞ അളവിൽമാത്രം വെള്ളം നൽകിയാൽമതി. അമിതജലസേചനം തൈകളുടെ അഴുകൽരോഗത്തിനു കാരണമാകും. തൈകളുടെ വളർച്ച ത്വരപ്പെടുത്താൻ പാക്കറ്റിൽ ലഭിക്കുന്ന ഫോളിയാർ ട്രിപ്പിൾ എയ്റ്റീൻ (18:18:18) അല്ലെങ്കിൽ ട്രിപ്പിൾ നയൻറീൻ (19:19:19) എന്ന വളം രണ്ടുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ കലർത്തി വിത്ത് മുളച്ച് അഞ്ചാംനാൾമുതൽ നൽകാം. ഇത് വളർച്ച തൃപ്തികരമല്ലെങ്കിൽ ആഴ്ചയിലൊരിക്കൽ ആവർത്തിക്കാം. രാണ്ടാഴ്ചയ്ക്കുശേഷം കാത്സ്യം നൈട്രേറ്റ് രണ്ടുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ ചേർത്ത് തളിക്കുന്നതും നല്ല ഫലംചെയ്യും.
നടീൽ പ്രായം
മൂന്നുമുതൽ അഞ്ചാഴ്ചയാവുന്നതോടെ തൈകളുടെ ഇനമനുസരിച്ചും വളർച്ചയനുസരിച്ചും പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചുനടാം.
തൈകൾ
ട്രേയിൽനിന്നും കടഭാഗം പിടിച്ച് ഉയർത്തിയാൽ മാധ്യമത്തിൽ ഇടകലർന്ന വേരുപടലത്തിന് കോട്ടംതട്ടാത്തരീതിയിൽ മാധ്യമമടക്കം മണ്ണിൽ നേരിട്ട് വെക്കാനാവും. കാരറ്റ്, ബീറ്റ്റൂട്ട്, സവാള എന്നിവ വിത്ത് നേരിട്ട് വിതച്ചും തൈകൾ തയ്യാറാക്കി പറിച്ചുനട്ടും കൃഷിചെയ്യാവുന്നതാണ്. ശീതകാല പച്ചക്കറികളുടെ കൃഷിക്ക് തുടക്കമിടാൻസമയമായി. തണുപ്പുകാലം പൂർണമായും പ്രയോജനപ്പെടുത്താനാവുംവിധം കൃഷി ആരംഭിക്കാനാവണം. നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിചെയ്യേണ്ടത്
വിത്ത് ലഭിക്കുന്നയിടങ്ങൾ
ലഭ്യതയനുസരിച്ച് ജില്ലാ കൃഷിത്തോട്ടങ്ങൾ, സീഡ് ഫാമുകൾ, കൃഷിഭവനുകൾ, കേരള കാർഷിക സർവകലാശാലയുടെ ഇൻസ്ട്രക്‌ഷണൽ ഫാമുകൾ, ജില്ലകളിലെ കൃഷിവിജ്ഞാനകേന്ദ്രങ്ങൾ, സീഡ് പ്രോസസിങ് പ്ലാൻറ് എന്നിവ വിത്ത് വിതരണംചെയ്യാറുണ്ട്. കൂടാതെ സർക്കാർ അംഗീകൃത നഴ്സറികൾ, വിത്തുവിതരണ ഏജൻസികൾ വഴിയും ഹൈബ്രിഡ് വിത്തുകൾ ലഭ്യമാണ്.
Content Highlights: Learn how to produce healthy seedlings
Published: 12 Oct 2024, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented