കേരളത്തിൽ അതിവേഗം വളർന്നുവരുന്ന ഒരു കാർഷികമേഖലയാണ് പുഷ്പക്കൃഷി. ചെണ്ടുമല്ലി, ജമന്തി, റോസ്, ജെർബറ, ആന്തൂറിയം, ഓർക്കിഡ്, ട്യൂബ് റോസ് തുടങ്ങി വിവിധയിനം പൂക്കൾ ആഭ്യന്തരവിപണിയിലും വിവാഹ-ആഘോഷ വിപണിയിലും ആരാധനാലയങ്ങളിലുമെല്ലാം വർഷം മുഴുവൻ ആവശ്യമുള്ളതാണ്. എന്നാൽ, പൂക്കളുടെ ഏറ്റവും വലിയ വെല്ലുവിളി അവ പെട്ടെന്ന് വാടും എന്നതാണ്. വിളവെടുത്ത നിമിഷംമുതൽ പുതുമയും ഗുണനിലവാരവും കുറയാൻ തുടങ്ങുന്നതിനാൽ, സമയബന്ധിതമായ വിപണനവും ശാസ്ത്രീയമായ വിളവെടുപ്പാനന്തര പരിപാലനവും ഈ മേഖലയിൽ അനിവാര്യമാണ്.

To advertise here,

പുഷ്പങ്ങൾ വിളവെടുക്കേണ്ട ശരിയായ സമയം ഇനത്തിനും ഉപയോഗത്തിനും അനുസരിച്ച് വ്യത്യാസപ്പെടും. അതിരാവിലെയോ വൈകുന്നേരമോ ചൂട് കുറവുള്ള സമയങ്ങളിലോ നടത്താം. ഇത് പുഷ്പങ്ങളിലെ ജലാംശം നിലനിർത്താനും കേടുപാടുകൾ കുറയ്ക്കാനും സഹായിക്കും.

ഓരോ ഇനത്തിനും വിപണിയുടെ ആവശ്യത്തിനനുസരിച്ചുള്ള വിളവെടുപ്പു ഘട്ടമുണ്ട്. ദൂരവിപണിയിലേക്ക് അയക്കുന്ന പൂക്കൾ പൂർണമായി വിരിയുന്നതിനുമുൻപാണ് മുറിക്കുന്നത്. പ്രാദേശിക വിപണിയിലേക്കും സ്വന്തം ആവശ്യത്തിനും പൂവ്‌ മുറിക്കുമ്പോൾ അല്പംകൂടി വിടർന്നശേഷം ശേഖരിക്കാം. കട്ട് ഫ്ളവറുകൾ നീളത്തിൽ പൂത്തണ്ടോടുകൂടി മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുവേണം മുറിച്ചെടുക്കാൻ. മാലകെട്ടാനും പെർഫ്യൂം നിർമിക്കാനുമുള്ള പൂക്കൾ വിടർന്നശേഷം മുറിക്കാം.

വിളവെടുത്ത ഉടൻ പൂക്കളിലെ ചൂട് കുറയ്ക്കുന്നതാണ് പ്രീ-കൂളിങ്. ഇത് പൂക്കളുടെ ശ്വസനനിരക്കും ജലനഷ്ടവും കുറയ്ക്കുകയും വാടൽ വൈകിപ്പിക്കുകയും ചെയ്യും. അതുവഴി പുതുമയും ഗുണനിലവാരവും കൂടുതൽക്കാലം നിലനിർത്താനും സംഭരണ-ഗതാഗത സമയത്തെ നഷ്ടം കുറയ്ക്കാനും കഴിയും. മുറിച്ചെടുത്ത പൂക്കൾ ഇനത്തിനനുസരിച്ച് അനുയോജ്യമായ താപനിലയിൽ കഴിയുന്നത്രവേഗം ശീതീകരിക്കണം. തണുത്തതും ശുദ്ധവുമായ വെള്ളത്തിൽ കട്ട് ഫ്ലവറുകളുടെ തണ്ടുകൾ മുക്കിവെക്കുന്നതും ഗുണകരമാണ്.

വിളവെടുപ്പുമുതൽ ഉപഭോക്താവിന്റെ കൈകളിലെത്തുന്നതുവരെ പൂക്കൾ അനുയോജ്യമായ കുറഞ്ഞ താപനിലയിൽ തുടർച്ചയായി സൂക്ഷിച്ച്‌ കൈകാര്യംചെയ്യുന്ന സംവിധാനമാണ് ശീതശൃംഖല. പ്രീ-കൂളിങ്ങിനുശേഷം ശീതീകരിച്ച സംഭരണം, ശീതീകരിച്ച വാഹനങ്ങളിലെ ഗതാഗതം, വിപണനകേന്ദ്രങ്ങളിലെ ശീതീകരിച്ച ഡിസ്‌പ്ലേ എന്നിവ ഇതിന്റെ ഭാഗമാണ്. രണ്ടുമുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ്‌വരെയുള്ള താപനിലയിൽ മിക്കപുഷ്പങ്ങളും കൂടുതൽക്കാലം സൂക്ഷിക്കാൻ കഴിയും. കൂടാതെ, ഷുഗർ ലായനി, സിട്രിക് ആസിഡ്, ബാക്ടീരിയ നാശിനികൾ എന്നിവ അടങ്ങിയ ‘പൾസിങ് സൊല്യൂഷനുകൾ’ ഉപയോഗിക്കുന്നത് കട്ട് ഫ്ലവറുകളുടെ സൂക്ഷിപ്പുകാലം വർധിപ്പിക്കുകയും വിപണനനഷ്ടം ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

(കേരള കാർഷിക സർവകലാശാലയിൽ ഹോർട്ടിക്കൾച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)