
മൂന്നാർ: സംസ്ഥാനത്തിന്റെ ശീതകാല പഴം-പച്ചക്കറി ഉത്പാദന കേന്ദ്രങ്ങളിലൊന്നായ വട്ടവടയിൽ കടുത്ത വരൾച്ചമൂലം കർഷകർ പ്രതിസന്ധിയിൽ. മഴയിലുണ്ടായ കുറവും അസാധാരണമായി ഉയർന്ന താപനിലയും കാരണം പച്ചക്കറികൃഷി വ്യാപകമായി ഉണങ്ങിത്തുടങ്ങി.
കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി തുടങ്ങിയ ശീതകാലവിളകളുടെ പ്രധാന ഉത്പാദന മേഖലയാണ് വട്ടവട. കേരളത്തിനകത്തും പുറത്തുമുള്ള വിപണികളിലേക്ക് ഇവിടെനിന്നാണ് വലിയതോതിൽ പച്ചക്കറികളെത്തുന്നത്. എന്നാൽ, മഴ ലഭിക്കാത്തതും ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങിയതും കൃഷിയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
തകർന്ന് വെള്ളുത്തുള്ളി കൃഷി
നിലവിൽ വട്ടവട മേഖലയിൽ ഏറ്റവും വ്യാപകമായി കൃഷിചെയ്യുന്ന വിള വെളുത്തുള്ളിയാണ്. പ്രധാന നാണ്യവിളകളിലൊന്നായ വെളുത്തുള്ളി കൃഷിയെയാണ് വരൾച്ച ഏറ്റവുംകൂടുതൽ ബാധിച്ചിരിക്കുന്നതും. സാധാരണ ജൂൺ-ജൂലായ് മാസങ്ങളിലെ മഴയെ ആശ്രയിച്ചാണ് കൃഷി. എന്നാൽ, വരൾച്ചമൂലം കൃഷി നശിച്ചുതുടങ്ങി.
ഒരുകിലോ വെളുത്തുള്ളി വിത്ത് വാങ്ങാൻ 500 മുതൽ 800 രൂപവരെ കർഷകർ ചെലവഴിക്കണം. ഇതിനുപുറമേ വളം, ജലസേചനം, തൊഴിലാളികളുടെ കൂലി, മറ്റ് പരിപാലനച്ചെലവുകൾ എന്നിവയ്ക്കും വലിയ തുക മുടക്കേണ്ടിവരുന്നു. പല കർഷകരും ബാങ്കുകളിൽനിന്നും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്താണ് കൃഷിയിറക്കിയത്. ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന ചെറുതോടുകളും കുളങ്ങളും ഉറവകളും ജലലഭ്യത കുറഞ്ഞതോടെ കൃഷി നിലനിർത്താൻ കഴിയാത്ത സാഹചര്യമാണ്.
ആശങ്ക ഒഴിയാതെ
വരൾച്ച തുടർന്നാൽ വട്ടവടയിലെ ശീതകാല പച്ചക്കറി ഉത്പാദനം ഗണ്യമായി കുറയുമെന്നും അതിന്റെ പ്രതിഫലനമായി കേരളത്തിലെ പച്ചക്കറി വിപണിയിലും വിലക്കയറ്റം അനുഭവപ്പെടുമെന്ന ആശങ്കയും ഉയരുന്നു. കർഷകർക്ക് അടിയന്തര ധനസഹായം, വായ്പ ഇളവുകൾ, നഷ്ടപരിഹാരം, ജലസേചന സൗകര്യങ്ങൾ എന്നിവ സർക്കാർ ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ വട്ടവടയിലെ കൃഷിയെ തുടർച്ചയായി ബാധിച്ചുവരുകയാണ്. കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങളും മഴയുടെ അനിശ്ചിതത്വവും കാർഷിക മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Vattavada faces a severe drought in 2026, threatening winter vegetable production like garlic and cabbage.
Published: 23 Jul 2026, 07:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented