മഞ്ഞുകാല പച്ചക്കറിക്കൃഷിയിൽ ആദ്യം ചെയ്യേണ്ടത് ആരോഗ്യമുള്ള തൈകൾ തയ്യാറാക്കലാണ്. കോളിഫ്ലവറിന്റെയും കാബേജിന്റെയും കൃഷിരീതികൾ പൊതുവേ ഒരുപോലെയാണ്. തൈകളുടെ ഉത്‌പാദനരീതിയും ഒന്നുതന്നെ. ഇതിനായി പ്രോട്രേകൾ ഉപയോഗിക്കാം. ഇത്തരം തൈകൾ തോട്ടത്തിൽ വിത്തുപാകി ഉണ്ടാക്കുന്നതിനെക്കാൾ മികച്ചതും രോഗാണുവിമുക്തവുമായിരിക്കും.
വിത്ത് തിരഞ്ഞെടുക്കൽ
മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായി കണ്ടെത്തിയ ഇനങ്ങൾ മിക്കതും സങ്കരയിനങ്ങളാണ്. അതിനാൽ ഇവയുടെ വിത്തിനായി കൃഷിവകുപ്പിനെയോ, കേരള കാർഷിക സർവകലാശാലയെയോ, വിശ്വാസയോഗ്യമായ സ്വകാര്യവ്യാപാരികളെയോ ആശ്രയിക്കണം. കാബേജ്: എൻഎസ് 43, എൻഎസ് 160, എൻഎസ് 183, സെപ്റ്റംബർ, പൂസ ഡ്രം ഹെഡ്, ഗോൾഡൻ ഏക്കർ, കാവേരി, ഗംഗ. കോളിഫ്ലവർ: ബസന്ത്, എൻഎസ് 60, പൂസ മെഗ്ന, പൂസ ദീപാളി, ഗ്രീഷ്മ, അതിശീഘ്ന, സ്വാതി, ഹിമാനി.
പ്രോട്രേകൾ
അത്യുത്‌പാദനശേഷിയുള്ള ഹൈബ്രിഡ് വിത്തുകൾക്ക് വില വളരെ കൂടുതലായതിനാൽ ഒരു വിത്തുപോലും നഷ്ടപ്പെടാതെ വളർത്തിയെടുക്കണം. ഇതിന് പ്രോട്രേകൾ തന്നെയാണ് നല്ലത്. അറകളുടെ എണ്ണമനുസരിച്ചും വലുപ്പമനുസരിച്ചും വിവിധ വലുപ്പത്തിലുള്ള പ്രോട്രേകൾ ലഭ്യമാണ്. സാധാരണയായി 98 അല്ലെങ്കിൽ 104 അറകളുള്ള പ്രോട്രേകളാണ് ഉപയോഗിക്കുന്നത്. ഇതിന് അനുയോജ്യമായ വലുപ്പം തിരഞ്ഞെടുക്കാം.
പോട്ടിങ് മിശ്രിതം
തൈകൾ വളർത്താൻ ഏറ്റവും അനുയോജ്യമായ മാധ്യമം ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച ചകിരിച്ചോർ കമ്പോസ്റ്റാണ്. ഇത് രോഗാണുവിമുക്തവും നല്ല ഈർപ്പം നിലനിർത്തുന്നതുമായിരിക്കും. പകരം ചകിരിച്ചോറാണ് ഉപയോഗിക്കുന്നതെങ്കിൽ അത് വെള്ളത്തിൽ കഴുകി അതിലുള്ള അമ്ലത കുറയ്ക്കണം.
അത്യാവശ്യമല്ലെങ്കിലും പെർലൈറ്റ്, വെർമികുലേറ്റ് എന്നിവയും ഈ മിശ്രിതത്തിൽ ചേർക്കുന്നത് നല്ലതാണ്. ഇവകൂടി ഉൾപ്പെടുത്തുമ്പോൾ ചകിരിച്ചോർ, വെർമികുലേറ്റ്, പെർലൈറ്റ് എന്നിവ യഥാക്രമം 3:1:1 അനുപാതത്തിലാണ് എടുക്കേണ്ടത്.
ആവശ്യത്തിലധികമുള്ള ജലം വാർന്നുപോകുന്നതിനും വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും ഈർപ്പം നിലനിർത്തുന്നതിനും ചകിരിച്ചോറ് ഉപകരിക്കും. വളരെ ഭാരം കുറഞ്ഞതും മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ അടങ്ങിയതും പിഎച്ച് ന്യൂട്രൽ ആയതുമായ വസ്തുവാണ് വെർമികുലേറ്റ്. തയ്യാറാക്കിയ പോട്ടിങ് മിശ്രിതം പ്രോട്രേകളിലെ ഓരോ അറയിലും നിറയ്ക്കണം. മിശ്രിതം അധികമായി അമർത്തരുത്.
വിത്തു നടൽ
ഓരോ അറയുടെയും മധ്യഭാഗത്ത് ചെറുവിരൽ ഉപയോഗിച്ച് ഏകദേശം അര സെ.മീ. ആഴത്തിൽ ഒരു ചെറിയ കുഴിയുണ്ടാക്കി ഓരോ കുഴിയിലും ഒരൊറ്റവിത്തുമാത്രം നടുക. നട്ടശേഷം അതിനുമുകളിൽ പോട്ടിങ് മിശ്രിതം ഉപയോഗിച്ച് മൃദുവായി മൂടണം.
ജലസേചനം
വിത്ത് നട്ടയുടൻ പ്രോട്രേകൾ സ്‌പ്രേയർ ഉപയോഗിച്ച് നനയ്ക്കണം. അമിതമായി നനയ്ക്കുന്നത് ഒഴിവാക്കണം. തൈകളുടെ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ, പോട്ടിങ് മിശ്രിതം അധികമായി ഉണങ്ങിപ്പോകാതെയും എന്നാൽ, വെള്ളം കെട്ടിനിൽക്കാതെയും ശ്രദ്ധിക്കണം.
വേരുകൾക്ക് ഏകദേശം ഒരേപോലെ വളരാൻ, എല്ലാ അറകളും ഒരേപോലെ നനയ്ക്കാൻ ശ്രദ്ധിക്കണം. കുമിൾരോഗങ്ങൾ ഒഴിവാക്കാനായി വൈകുന്നേരങ്ങളിൽ നനയ്ക്കുന്നത് ഒഴിവാക്കി രാവിലെ നേരത്തേ നനയ്ക്കുന്നതാണ് ഏറ്റവും ഉചിതം.
പരിചരണം
പ്രോട്രേകൾ തണൽവലയുടെ (ഷേഡ് നെറ്റ്) കീഴിലോ അല്ലെങ്കിൽ പോളിഹൗസിലോ വെക്കുന്നതാണ് ഉത്തമം. നേരിട്ടുള്ള കടുത്ത വെയിൽ തൈകൾക്ക് ദോഷകരമാണ്.
വളം നൽകൽ
തൈകൾക്ക് അഞ്ച്-ഏഴ് ദിവസം പ്രായമാകുമ്പോൾ മുതൽ, വെള്ളത്തിൽ പൂർണമായും ലയിക്കുന്ന വളങ്ങൾ, അതായത് ഫോളിയാർ ഫെർട്ടിലൈസർ (ഉദാഹരണത്തിന് 19:19:19 അല്ലെങ്കിൽ 18:18:18) നേർപ്പിച്ച രൂപത്തിൽ നൽകാം. സാധാരണയായി ഒരു ലിറ്റർ വെള്ളത്തിൽ ഒരു ഗ്രാം മുതൽ നാലുഗ്രാം വരെയുള്ള അളവിൽ ചേർത്തുനൽകാം. രോഗങ്ങളോ കീടങ്ങളോ വരുന്നുണ്ടോ എന്ന് ദിവസവും നിരീക്ഷിച്ച് ആവശ്യമായ പ്രതിരോധനടപടികൾ സ്വീകരിക്കണം.
പാകമെത്തിയ തൈകൾ
തൈകൾക്ക് 25 മുതൽ 30 ദിവസം പ്രായമാകുമ്പോൾ നാലോ, അഞ്ചോ ഇലകൾ ഉണ്ടായിരിക്കും. ഇത് പറിച്ചുനടീൽ പ്രായമാണ്. തൈകളുടെ വേരുകൾ ഈ സമയത്ത് പ്രോട്രേയുടെ അറയുടെ ആകൃതിയിൽ നന്നായി വളർന്നിട്ടുണ്ടാവും. ഈ സമയത്ത് തൈകൾക്ക് നല്ല കരുത്തുമുണ്ടാകും. പ്രോട്രേകളിൽ ഇപ്രകാരം വളർത്തിയെടുക്കുന്ന തൈകൾ തോട്ടത്തിൽ വിത്തുപാകി ഉണ്ടാക്കുന്ന തൈകളെക്കാൾ മികച്ചതും ഉയർന്ന ഉത്പാദനക്ഷമതയുള്ളതും രോഗാണുവിമുക്തവുമായിരിക്കും.
വിവരങ്ങൾക്ക്: 9446088605
Content Highlights: Learn to prepare healthy cabbage and cauliflower seedlings using pro-trays for winter vegetable farming. Choose the right seeds and potting mix for optimal growth.
Published: 13 Oct 2025, 09:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented