
ആലപ്പുഴ: സംസ്ഥാനത്ത് പച്ചക്കറിയുത്പാദനം കൂടിയത് ഓണക്കാലത്തു നേട്ടമായി. ചിലതിനു വില കുറഞ്ഞിട്ടുമുണ്ട്. 2016 മുതൽ ഉത്പാദനം കൂടുന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. 2016-17ൽ 7.25 ലക്ഷം ടണ്ണായിരുന്നെങ്കിൽ 2024-ൽ 17.21 ലക്ഷം ടണ്ണായി. എന്നാൽ, കൃഷിച്ചെലവു കൂടിയതിനാൽ വിലയിൽ പ്രതിഫലിക്കണമെന്നില്ലെന്ന് കർഷകർ പറയുന്നു.
ആധുനിക കൃഷിരീതികൾ സ്വീകരിക്കുന്നതിനാൽ ഉത്പാദനം കൂടുന്നുണ്ടെന്നു സംസ്ഥാന കർഷക അവാർഡു ജേതാവായ കർഷകൻ സുജിത് സ്വാമി നികർത്തിൽ പറഞ്ഞു. സ്വയംപര്യാപ്തയിലേക്കെത്തിയില്ലെങ്കിലും വില പിടിച്ചുനിർത്തുന്നതിന് ഇതു സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്ഥിതിവിവരക്കണക്കു വിഭാഗത്തിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച ഏത്തക്കായ(പച്ച)യ്ക്ക് ശരാശരി വില 49.57 രൂപയാണ്. കഴിഞ്ഞവർഷമിത് 53.57 രൂപയായിരുന്നു. കൂടുതൽ വില തിരുവനന്തപുരത്തും ഇടുക്കിയിലുമായിരുന്നു- 60 രൂപ.
സംസ്ഥാനത്ത് ഒരുവർഷം ശരാശരി 20 ലക്ഷം ടൺ പച്ചക്കറി വേണമെന്നാണ് നാഷണൽ സാംപിൾ സർവേ പ്രകാരം കണക്കാക്കിയിരിക്കുന്നത്.
സ്ഥിതിവിവരക്കണക്ക് വിഭാഗം തിങ്കളാഴ്ച ശേഖരിച്ച പച്ചക്കറികളുടെ ശരാശരി വില (കിലോയ്ക്ക്): ബ്രാക്കറ്റിൽ കഴിഞ്ഞവർഷത്തെ വില. സവാള- 28 (54.14), മത്തൻ- 37 (24.14), വഴുതന- 56 (45.29), വെണ്ട- 47 (34.43), ബീൻസ്- 61.50 (68.93), കാബേജ്- 33.50 (40.64), പാവയ്ക്ക- 65.50 (55.57), തക്കാളി- 41.29 (30.43), പച്ചമുളക് 100 ഗ്രാം- 8.71രൂപ (7.64).
വിലക്കയറ്റം പിടിച്ചുനിർത്തി
പച്ചക്കറിവിപണി പൂർണമായും കൃഷിവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വിലയിൽ കാര്യമായ കുതിപ്പുണ്ടായാൽ ഇടപെടാനും കൂടുതൽ പച്ചക്കറിയെത്തിക്കാനും കഴിയും. അഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിച്ചത് ഗുണമായി. ഇതാണ് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് അടിസ്ഥാനമായത്. കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.
പച്ചക്കറി ഉത്പാദനം
| വർഷം | ഉത്പാദനം (ലക്ഷം ടണ്ണിൽ) |
| 2017-18 | 10.21 |
| 2018-19 | 12.12 |
| 2019-20 | 14.93 |
| 2021-22 | 16.01 |
| 2022-23 | 17.10 |
| 2023-24 | 17.21 |
Content Highlights: Increased vegetable production in Kerala leads to lower prices during Onam.
Published: 03 Sept 2025, 08:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented