
ആരോഗ്യകരമായ ഭക്ഷണരീതിയും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും ലക്ഷ്യമിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ അടുക്കളത്തോട്ടം അനിവാര്യമായ ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുന്നു. വീട്ടുവളപ്പിലോ ടെറസിലോ ചെറിയ സ്ഥലമെങ്കിലും ഉപയോഗപ്പെടുത്തി ജൈവകൃഷിരീതികൾ അവലംബിച്ച് സുരക്ഷിത പച്ചക്കറികൾ സ്വന്തമായി ഉൽപ്പാദിപ്പിച്ചെടുക്കാൻ അടുക്കളത്തോട്ടം സഹായിക്കുന്നു. അടുക്കളത്തോട്ടം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ ഇവയാണ്.
1. സ്ഥലം തിരഞ്ഞെടുക്കൽ: അടുക്കളത്തോട്ടത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ദിവസേന കുറഞ്ഞത് 5-6 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കണം. വെള്ളം കെട്ടിനിൽക്കാത്തതും എന്നാൽ, അനായാസം ജലസേചനം നടത്താൻ കഴിയുന്ന സ്ഥലവുമായിരിക്കണം. ടെറസ് കൃഷിയാണെങ്കിൽ ടെറസിന് സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ക്രമീകരണം നടത്തണം.
2. മണ്ണ് തയ്യാറാക്കൽ: നല്ല വിളവിന് നല്ല മണ്ണ് ആവശ്യമാണ്. വീട്ടുവളപ്പിലാണെങ്കിലും ടെറസിലാണെങ്കിലും സെന്റ് ഒന്നിന് 800 ഗ്രാം എന്ന അളവിൽ മണ്ണിൽ ചേർത്തുകൊടുക്കണം. രണ്ടാഴ്ച്ചയ്ക്കുശേഷം മണ്ണ് പരുവപ്പെട്ട് വിത്ത്/തൈകൾ നടുന്നതിന് അനുയോജ്യമാകും. ഗ്രോ ബാഗ് കൃഷിക്ക് മേൽമണ്ണ് തന്നെ എടുക്കാൻ ശ്രദ്ധിക്കണം. ഒരു ഭാഗം മേൽമണ്ണ്, ഒരു ഭാഗം ചകിരിച്ചോറ്, ഒരു ഭാഗം ജൈവവളം എന്നിവ നന്നായി ഇളക്കിച്ചേർത്ത് വേണം പോട്ടിങ് മിശ്രിതം തയ്യാറാക്കാൻ. ജൈവവളമായി ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, പൊടിഞ്ഞ കരിയില എന്നിവ ഉപയോഗിക്കാം. ഇതോടൊപ്പം അൽപ്പം സൂക്ഷ്മമൂലക വളവും ചേർത്തു കൊടുക്കാം. നിലമൊരുക്കുമ്പോൾ ഒരു സെന്റിൽ 20 കിലോ ഗ്രാം വരെ ജൈവവളം നൽകാം. ടെറസ് കൃഷിക്കായി HDPE ഗ്രോ ബാഗുകളോ ചട്ടികളോ മൺചട്ടികളോ ഉപയോഗിക്കാം. 12 ഇഞ്ച് വ്യാസമുള്ള ചട്ടിയിൽ 8 കിലോ ഗ്രാം പോട്ടിങ് മിശ്രിതം നിറയ്ക്കാം.
3. വിളകൾ: വീട്ടിൽ പതിവായി ഉപയോഗിക്കുന്ന പച്ചക്കറിക്ക് മുൻഗണന നൽകണം. ചീര, വെണ്ട, വഴുതന, തക്കാളി, മുളക്, പയർ, മത്തൻ, വെള്ളരി, കുമ്പളം തുടങ്ങിയവ അടുക്കളത്തോട്ടത്തിന് അനുയോജ്യമാണ്. കാലാവസ്ഥയ്ക്കും സ്ഥലത്തിനു യോജിച്ച ഇനങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
4. വിത്ത്/ തൈകൾ: ഗുണമേന്മയുള്ള വിത്തുകൾ അല്ലെങ്കിൽ ആരോഗ്യമുള്ള തൈകൾ തിരഞ്ഞെടുക്കണം. വിളകൾ ആഴത്തിൽ നട്ടാൽ മുളയ്ക്കാൻ ബുദ്ധിമുട്ടാവും. ഓരോ ചെടിക്കും ആവശ്യമായ അകലം നൽകുന്നതും വളർച്ചയ്ക്ക് അത്യാവശ്യമാണ്.
5. ജലസേചനം: ചെടികൾക്ക് ആവശ്യമായ അളവിൽ മാത്രം വെള്ളം നൽകുക. അമിത ജലസേചനം ഒഴിവാക്കണം. രാവിലെ അല്ലെങ്കിൽ വൈകുന്നേരം വെള്ളം നൽകുന്നതാണ് ഏറ്റവും ഉത്തമം.
6. ജൈവവളപ്രയോഗം: അടുക്കളത്തോട്ടത്തിൽ ജൈവവളം മാത്രം നൽകുന്നതാണ് ഏറ്റവും ഉത്തമം. അത് മണ്ണിന്റെ ആരോഗ്യവും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കും. ചാണകപ്പൊടി, കമ്പോസ്റ്റ്, ജീവാണുവളങ്ങൾ, വേപ്പിൻപ്പിണ്ണാക്ക് എന്നിവ മാസത്തിൽ രണ്ടു തവണ നൽകാം.
7. കീടരോഗനിയന്ത്രണം: വേപ്പെണ്ണ, വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം, പുകയിലക്കഷായം, വേപ്പിൻകുരുസത്ത് എന്നീ ജൈവകീടനാശിനികൾ സുരക്ഷിതമാണ്. കൂടാതെ സ്യൂഡോമോണസ്, ട്രൈക്കോഡർമ്മ എന്നീ ജൈവനിയന്ത്രണ ഉപാധികളും ബാക്ടീരിയ, കുമിൾ രോഗങ്ങൾക്കെതിരെ ഉപയോഗിക്കാം.അടുക്കളത്തോട്ടത്തിൽ ദിവസേന ശ്രദ്ധ നൽകണം. കളകൾ നീക്കം ചെയ്യുക, രോഗ- കീടബാധിത ഇലകൾ നീക്കം ചെയ്യുക, ചെടിയുടെ വളർച്ച നിരീക്ഷിക്കുക എന്നിവ കൃത്യമായി ചെയ്യണം. ഇതു ഭക്ഷ്യസുരക്ഷയ്‌ക്കൊപ്പം വരുമാനദായകവുമാണ്. ചെറിയ ശ്രമവും നല്ല പരിപാലനവും ഉണ്ടെങ്കിൽ ഏതൊരു വീട്ടിലും മനോഹരമായ അടുക്കളത്തോട്ടം തയ്യാറാക്കാം.
Published: 10 Sept 2026, 03:36 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented