കൽപ്പറ്റ: വിദ്യാർത്ഥികൾക്കിടയിൽ പോഷകസുരക്ഷ ഉറപ്പാക്കുന്നതിനും പ്രകൃതിയോടും കൃഷിയോടും ആഭിമുഖ്യം വളർത്തുന്നതിനുമായി കൃഷിവകുപ്പ് ആവിഷ്കരിച്ച 'കനിപ്പന്തൽ – ഇനി വിദ്യാലയങ്ങളിലും' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു. "സിന്തറ്റിക് ലഹരിയല്ല ലഹരി, കൃഷിയാണ് ലഹരി" എന്ന ഉജ്ജ്വലമായ സന്ദേശം ഉയർത്തിക്കാട്ടിയ മന്ത്രി, ലഹരിമുക്തമായ ഒരു യുവതലമുറയെ കെട്ടിപ്പടുക്കുന്നതിൽ കൃഷിക്ക് വലിയ പങ്കുണ്ടെന്ന് ഓർമ്മിപ്പിച്ചു.

To advertise here,

കൃഷിവകുപ്പിന്റെ ആർ.കെ.വി.വൈ. (RKVY-RAFTAAR) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 2,921 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഈ പഴവർഗ്ഗ പോഷകത്തോട്ടങ്ങൾ നിർമ്മിക്കുന്നത്. മാവ്, പ്ലാവ്, പേര, നെല്ലി, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങി വിവിധയിനം ഫലവൃക്ഷത്തൈകൾ വിദ്യാലയങ്ങളിൽ നട്ടുപിടിപ്പിക്കും. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി എല്ലാ സ്കൂളുകളിലും 'കതിർ' കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുമെന്നും, ഇതിനായി ഓരോ സ്ഥാപനത്തിനും 10,000 രൂപ വീതം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, അന്താരാഷ്ട്ര വനിതാ കർഷക വർഷത്തിന്റെ ഭാഗമായി 'കൃഷി സഖി' പദ്ധതിയും സംസ്ഥാനത്ത് നടപ്പിലാക്കും.

സുൽത്താൻബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനന്തവാടി എം.എൽ.എ. ഉഷ വിജയൻ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ തുടങ്ങിയ ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.