തൊടുപുഴ: ഉയരം കൂടുംതോറും കടുപ്പവും കൂട്ടുന്ന തേയില കൊളുന്തുകൾ ഇനി തേയിലമലക്കാടുകൾക്കും ഉയരെ പറക്കും. കടുപ്പമോ രുചിയോ വർധിപ്പിക്കാനല്ല, തൊഴിലാളികൾ നുള്ളി കൂടയിലാക്കുന്ന കൊളുന്തുകളെ എളുപ്പത്തിൽ ഫാക്ടറിയിലെത്തിക്കാൻ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഡ്രോണുകളേറിയാണ് ആ യാത്ര. ഹാരിസൺ മലയാളം ലിമിറ്റഡിന് കീഴിലുള്ള ലോക്ക് ഹാർട്ട് എസ്‌റ്റേറ്റിലാണ് ഡ്രോൺ ഉപയോഗിച്ച് തേയില കൊളുന്ത് വഹിച്ചുകൊണ്ട് പോകുന്ന ഇന്ത്യയിലെ തന്നെ ആദ്യ ഉദ്യമം പിറവിയെടുത്തത്.

To advertise here,

തൊഴിലാളികളുടെ ജോലി എളുപ്പമാക്കാനും, തോട്ടങ്ങളിൽ ചരക്ക് കൊണ്ടുപോകുന്ന ട്രാക്ടറുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും സമയം ലാഭിക്കാനും ഇത് സഹായകരമാകും. ട്രോപ്പോ വർക്ക്‌സ് എന്ന ഡ്രോൺ കമ്പനിയുമായി ചേർന്നാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ 10 കിലോഗ്രാം തൂക്കമുള്ള കൊളുന്ത് ചാക്കുകളാണ് ഡ്രോൺ വഴി ഫാക്ടറിയിലെത്തിച്ചത്. 50 കിലോഗ്രാം തൂക്കം വഹിക്കാൻ സാധിക്കുന്ന ഡ്രോണുകളും പരീക്ഷിക്കുമെന്ന് ലോക്ക് ഹാർട്ട് എസ്‌റ്റേറ്റ് അധികൃതർ പറഞ്ഞു.

കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന മലകളിൽ നിന്ന് കൊളുന്ത് നുള്ളി തോട്ടങ്ങളിലൂടെ ചുമന്നാണ് നിലവിൽ തൊഴിലാളികൾ താഴെയെത്തിക്കുന്നത്. ഇത് ട്രാക്ടറുകളിൽ കയറ്റി ഫാക്ടറിയിലേക്കെത്തിച്ചാണ് സംസ്‌കരിക്കുന്നത്. വലിയ ചെലവും അധ്വാനവും സമയവും വേണമിതിന്. കൂടാതെ തോട്ടങ്ങളിലിപ്പോൾ തൊഴിലാളി ക്ഷാമമുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് ഡ്രോൺ പരീക്ഷണവുമായി കമ്പനി രംഗത്ത് വന്നത്. തൊഴിലാളികൾ ശേഖരിക്കുന്ന കൊളുന്ത് തോട്ടത്തിലെ പ്രത്യേക സ്ഥലത്ത് എത്തിച്ച് ഫാക്ടറിയിൽ അറിയിക്കും. സ്ഥലത്ത് എത്തുന്ന എത്തുന്ന ഡ്രോണുകളിൽ നിന്ന് താഴേക്ക് നീണ്ടു കിടക്കുന്ന കയറിൽ കൊളുന്ത് നിറച്ച ചാക്കുകൾ കോർത്തിടും. മലനിരകൾക്ക് മുകളിലൂടെ കിലോമീറ്ററുകൾ അപ്പുറത്തുള്ള ഫാക്ടറിയിലേക്ക് മിനിട്ടുകൾക്ക് അകംതന്നെ ഇത് പറന്നെത്തും. സമയം പാഴാക്കാതെ സംസ്‌കരണ ജോലികൾ തുടങ്ങുകയുമാകാം. നേരത്തെ തങ്ങളുടെ എസ്റ്റേറ്റുകളിൽ മരുന്ന് തളിക്കാനും ഹാരിസൺ മലയാളം ലിമിറ്റഡ് ഡ്രോൺ ഉപയോഗിച്ചിരുന്നു.