കല്പറ്റ: മണ്ണിലധ്വാനിക്കുന്ന പെൺമികവിന് ആദരമായി സംസ്ഥാനസർക്കാർ നടപ്പാക്കുന്ന ‘കൃഷിസഖി’ പദ്ധതി കർഷകദിനമായ തിങ്കളാഴ്ച തുടങ്ങും. കൃഷിയിലെ സ്ത്രീകളുടെ പങ്കാളിത്തം അംഗീകരിക്കുകയും അവരുടെ കാർഷിക ഉത്പാദനശേഷി വർധിപ്പിക്കാനും വിഭവവൈവിധ്യത്തിലേക്ക് നയിക്കാനും ലക്ഷ്യമിട്ടാണിത്. പ്രാരംഭപ്രവർത്തനങ്ങൾക്കായി 3.50 കോടി വകയിരുത്തി.

To advertise here,

വനിതാകർഷകർക്കും കാർഷികസംരംഭകർക്കുംവേണ്ട പ്രത്യേക പരിശീലനങ്ങളും വനിതാ കർഷക കൂട്ടായ്മകൾക്കുള്ള പ്രത്യേക സഹായങ്ങളും ഉണ്ടാകും. മൂല്യവർധിത ഉത്പന്നപരിശീലനമാണ് ലക്ഷ്യം. ഈ വർഷം വനിതാകർഷക കൂട്ടായ്മകളുണ്ടാക്കുന്നതിനും പരിശീലനങ്ങൾക്കും ആയിരിക്കും മുൻഗണന. വനിതാകർഷകവർഷം കൂടിയായതിനാൽ ചിങ്ങം ഒന്നിലെ സംസ്ഥാനതല പരിപാടിമുതൽ പ്രാദേശിക പരിപാടികളിൽവരെ വനിതാകർഷകരുടെ പങ്കാളിത്തം ഉറപ്പാക്കാനും ആദരിക്കാനും മന്ത്രി ടി. സിദ്ദിഖ് നിർദേശിച്ചിട്ടുണ്ട്.

കാർഷികവൃത്തി പൂർണമായും കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കുന്ന രീതിയിൽ ക്രമീകരിക്കുമെന്നും കാർഷിക സർവകലാശാലയിൽ പ്രത്യേക യോഗം വിളിച്ചുചേർത്ത്‌ ഗൗരവത്തോടെ ഇതിനെ സമീപിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.