ചെന്നൈ: തെക്കുപടിഞ്ഞാറൻ മൺസൂണിലുണ്ടായ വലിയ കുറവിനെ തുടർന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത ജലക്ഷാമത്തിലേക്കും വരൾച്ചാ ഭീഷണിയിലേക്കും നീങ്ങുന്നതായി റിപ്പോർട്ട്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രധാന ജലാശയങ്ങളിൽ ജലനിരപ്പ് പകുതിയിലധികമായി കുറഞ്ഞതോടെ കൃഷിയും ഗാർഹിക ജലവിതരണവും ഗുരുതരമായ പ്രതിസന്ധിയിലായി.

To advertise here,

ദക്ഷിണേന്ത്യയിലാകെ മൺസൂൺ മഴയിൽ ശരാശരി 13 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കർണാടകയിൽ ആകെ 240 താലൂക്കുകളിൽ 226 എണ്ണവും വരൾച്ച ബാധിതമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കടുത്ത വരൾച്ച മൂലം കർണാടകയിൽ മാത്രം 60,000 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്.

തമിഴ്‌നാട്ടിലെ കാവേരി ഡെൽറ്റ മേഖലയിലും ജലക്ഷാമം കർഷകരെ പ്രതിസന്ധിയിലാക്കി. കർണാടകയിൽനിന്നുള്ള ജലമൊഴുക്ക് കുറഞ്ഞതും മേട്ടൂർ ഡാമിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതും നെൽകൃഷിയെ സാരമായി ബാധിച്ചു. തമിഴ്‌നാട്ടിലെ നെല്ല് ഉത്പാദനത്തിന്റെ 35 ശതമാനവും സംഭാവന ചെയ്യുന്ന ഈ മേഖലയിൽ ഇത്തവണ കുറുവ നെൽകൃഷി വെട്ടിച്ചുരുക്കേണ്ടി വന്നു. ഇതോടെ വിപണിയിൽ അരിവിലയിൽ 50 ശതമാനത്തോളം വർദ്ധനവുണ്ടായിട്ടുണ്ട്. മേട്ടൂർ അണക്കെട്ടിലെ ജലനിരപ്പ് മുൻവർഷത്തെ 91.18 ടി.എം.സിയിൽ നിന്ന് 21.42 ടി.എം.സിയായും കൃഷ്ണരാജസാഗറിലെ ജലനിരപ്പ് 49.4 ടി.എം.സിയിൽ നിന്ന് 23.3 ടി.എം.സിയായും താഴ്ന്നു. വരാനിരിക്കുന്ന വടക്കുകിഴക്കൻ മൺസൂണിലാണ് ഇനി കർഷകരുടെ ഏക പ്രതീക്ഷ.

ചെന്നൈ നഗരത്തിലെ കുടിവെള്ള വിതരണത്തിനായി ആന്ധ്രാപ്രദേശിലെ കൃഷ്ണാ നദിയിൽനിന്ന് തെലുങ്കു ഗംഗ പദ്ധതി വഴി അധികജലം ലഭ്യമാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം ഗോദാവരി-കാവേരി നദീസംയോജന പദ്ധതിക്ക് ദേശീയ പ്രാധാന്യം നൽകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ഗോദാവരി-കാവേരി സംയോജനം തങ്ങളുടെ ജലവിഹിതത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തെലങ്കാനയിലെ പ്രധാന പ്രതിപക്ഷമായ ബി.ആർ.എസ്. പദ്ധതിയെ ശക്തമായി എതിർക്കുകയാണ്. തെലങ്കാനയിൽ ഖരീഫ് സീസണിൽ വിതയ്ക്കൽ വിസ്തൃതി 10 ദശലക്ഷം ഏക്കറിൽ നിന്ന് 5.5 ദശലക്ഷം ഏക്കറായി ചുരുങ്ങി. ആകെ 21 ജില്ലകളിലെ 388 മണ്ഡലങ്ങൾ ഇവിടെ വരൾച്ച ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ജലാശയങ്ങളുടെ സംഭരണശേഷിയിൽ ഉണ്ടായ വൻകുറവ് കാർഷിക ഉൽപ്പാദന മേഖലയെ അപ്പാടെ ഉലച്ചിട്ടുണ്ട്. കർണാടകയിലെ പ്രമുഖ 23 ജലാശയങ്ങളിലായി ആകെ 297 ടി.എം.സി വെള്ളം മാത്രമാണുള്ളത്. മുൻവർഷം ഇതേസമയത്ത് ഇത് 425 ടി.എം.സി ഉണ്ടായിരുന്നു. കരിമ്പ് കർഷകരുടെ പ്രതിസന്ധി കണക്കിലെടുത്ത് കരിമ്പിന്റെ മിനിമം വിൽപനവില കിലോയ്ക്ക് 31 രൂപയിൽനിന്ന് 60 രൂപയായി ഉയർത്തണമെന്ന് കർണാടകയിലെ പ്രതിപക്ഷം ആവശ്യപ്പെട്ടു.

ആഗോള കാലാവസ്ഥാ വ്യതിയാനവും എൽ നിനോ പ്രതിഭാസവും കാരണം വരുംമാസങ്ങളിൽ ധാന്യങ്ങളുടെയും ഭക്ഷ്യഎണ്ണകളുടെയും വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ഐ.പി.ഇ ഗ്ലോബൽ മുന്നറിയിപ്പ് നൽകുന്നു. കൃഷിഭൂമികളുടെ വൈവിധ്യവൽക്കരണവും ശാസ്ത്രീയ ജലപരിപാലനവും ഇല്ലാതെ വരാനിരിക്കുന്ന കടുത്ത വരൾച്ചയെ പ്രതിരോധിക്കാൻ കഴിയില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.