
തിരുവനന്തപുരം: കർഷകരുടെയും കാർഷിക സംരംഭകരുടെയും കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നൽകുന്ന കാർഷിക അടിസ്ഥാന സൗകര്യ വികസന വായ്പാ പദ്ധതി (Agriculture Infrastructure Fund – AIF) പ്രകാരം അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2027 മാർച്ച് 31 വരെ ദീർഘിപ്പിച്ചു.
പദ്ധതിയുടെ ഭാഗമായി രണ്ടു കോടി രൂപവരെയുള്ള വായ്പകൾ പരമാവധി ഏഴു വർഷ കാലയളവിലേക്ക് ആറു ശതമാനം പലിശ നിരക്കിൽ ലഭ്യമാകും. ക്രെഡിറ്റ് ഗ്യാരന്റി കവറിന്റെ പരിധിയിൽ വരുന്ന രണ്ടു കോടി രൂപവരെയുള്ള വായ്പകൾക്ക് അധിക ഈടുനൽകേണ്ടതില്ല എന്നതും പദ്ധതിയുടെ പ്രധാന ആനുകൂല്യമാണ്.
കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണം, ശീതീകരണ ശൃംഖല, കാർഷിക യന്ത്രവത്കരണം, ഡ്രോൺ സേവന കേന്ദ്രങ്ങൾ, കാർഷിക ലോജിസ്റ്റിക്സ് തുടങ്ങിയ വിവിധ കാർഷിക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് എഐഎഫ് മുഖേന ധനസഹായം ലഭ്യമാക്കാം.
എഐഎഫ് പദ്ധതിയിൽ അനുയോജ്യമായ പദ്ധതികൾ PMFME, SMAM, SHM ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര-സംസ്ഥാന സബ്‌സിഡി പദ്ധതികളുമായി സംയോജിപ്പിച്ചും നടപ്പാക്കാവുന്നതാണ്. ഇതിലൂടെ കാർഷിക സംരംഭകർക്ക് ലഭ്യമായ വിവിധ സർക്കാർ ആനുകൂല്യങ്ങൾ ഏകോപിപ്പിച്ച് പ്രയോജനപ്പെടുത്താൻ സാധിക്കും.
കർഷകരും കാർഷിക സംരംഭകരും പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി സമീപത്തെ ബാങ്ക് ശാഖയുമായോ കൃഷിഭവനുമായോ ബന്ധപ്പെടണം. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ www.agriinfra.dac.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പദ്ധതി നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്ന സംസ്ഥാനതല പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുമായി ബന്ധപ്പെടുന്നതിനുള്ള ഫോൺ: 8921540233.
Published: 06 Oct 2026, 03:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented