അഭിജീത്ത് ദിപ്കെയുടെ പിതാവ് ഭഗവാന് ദിപ്കെയുടെ മാതാവാണ് അന്തരിച്ചത്

ഹിംഗോലി (മഹാരാഷ്ട്ര): കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്‌കെയുടെ മുത്തശ്ശി സാവിത്രിബായി ശങ്കർറാവു ദിപ്കെ അന്തരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലെ സാന്തുക് പിംപിരി ഗ്രാമത്തിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഇവർക്ക് പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായിരുന്നുവെന്നാണ് വിവരം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിനായി ഡൽഹിയിലെത്തിയ അഭിജീത്ത് ദിപ്‌കെയെ പോലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കകമാണ് മുത്തശ്ശിയുടെ അന്ത്യം.
അഭിജീത്ത് ദിപ്കെയുടെ പിതാവ് ഭഗവാൻ ദിപ്കെയുടെ മാതാവാണ് സാവിത്രിബായി ശങ്കർറാവു ദിപ്കെ. മുത്തശ്ശിയുടെ മരണവാർത്ത പുറത്തുവന്നതോടെ അഭിജീത് ദിപ്കെയെ നാട്ടിലേക്ക് പോകാനായി ഡൽഹി പോലീസ് വിട്ടയച്ചേക്കുമെന്നാണ് സൂചന. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. അതിനാൽ തന്നെ കുടുംബാംഗങ്ങളോടൊപ്പം മുത്തശ്ശിയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയുമോയെന്നതും വ്യക്തമല്ല.
അഭിജീത്ത് ദിപ്കെയുടെ മാതാപിതാക്കളായ അനിതയും ഭഗവാൻ ദിപ്കെയും നിലവിൽ ഛത്രപതി സംഭാജി നഗറിലാണുള്ളത്. ഇവരുടെ വസതിക്ക് പുറത്ത് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞതിനു പിന്നാലെ അന്ത്യകർമങ്ങളിൽ പങ്കെടുക്കുന്നതിനായി ഇരുവരും ഉടൻ ഹിംഗോലിയിലേക്ക് തിരിക്കുമെന്നാണ് വിവരം.
ശനിയാഴ്ച രാവിലെയാണ് അഭിജീത് ദിപ്കെയെയും സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ഇവർ എത്തിയ വിമാനത്തിൽ കയറിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിമാനത്തിനുള്ളിലേക്ക് പോലീസ് സംഘം പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ അഭിജീത് ദിപ്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 'ഞാൻ അറസ്റ്റ് വരിക്കാൻ തന്നെയാണ് ഇവിടെ വന്നത്. എന്നെ അറസ്റ്റ് ചെയ്‌തോളൂ' എന്ന് അഭിജീത്ത് ദിപ്കെ പോലീസ് ഉദ്യോഗസ്ഥരോട് പറയുന്നതും വീഡിയോയിലുണ്ട്.
Published: 10 Oct 2026, 04:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented