മുതലമട: മുതലമടയിലെ മാമ്പഴ കൃഷിക്ക് ഗവേഷണ കേന്ദ്രം, മൂല്യവർധിത ഉൽപന്നങ്ങളുടെ പ്ലാന്റ്, കോൾഡ് സ്റ്റോറേജ്, പൾപ്പ് ഡിവിഷൻ തുടങ്ങിയവ ഉൾപ്പെടുന്ന സമഗ്ര ഇക്കോസിസ്റ്റം ഒരുക്കാൻ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. ഇതിന്റെ പദ്ധതി രേഖ രണ്ടു മാസത്തിനകം തയാറാക്കാൻ കേരള കാർഷിക സർവകലാശാലയിലെ വിദഗ്ധരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മുതലമട ചുള്ളിയാർമേട്ടിൽ മാമ്പഴ കർഷകരുമായി നടത്തിയ സംവാദത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മുതലമടയുടെ മാമ്പഴ കൃഷിക്ക് ലഭിച്ചിരിക്കുന്ന സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ആഗോള വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കൃഷിയുടെ വിസ്തൃതി വർധിപ്പിക്കുന്നതിനൊപ്പം മാങ്ങയുടെ സീസൺ കഴിഞ്ഞാൽ കർഷകർക്ക് വരുമാനം ലഭിക്കുന്ന തരത്തിൽ അനുയോജ്യമായ ഇടവിളകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. ഇതിനായി കാർഷിക സർവകലാശാലയുടെ വിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കും.
മാമ്പഴത്തിന്റെ ഷെൽഫ് ലൈഫ് വർധിപ്പിക്കുന്നതിനായി കോൾഡ് സ്റ്റോറേജ്, പൾപ്പ് പ്രോസസിങ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കും. കേരള കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആറുമാസത്തിനകം നടക്കുന്ന ഇന്റർനാഷണൽ എക്സ്പോർട്ടേഴ്സ് സമ്മിറ്റിൽ മുതലമട മാങ്ങയ്ക്ക് പ്രത്യേക വിപണന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കാരിഫോർ, വാൾമാർട്ട്, ലുലു, നെസ്റ്റോ തുടങ്ങിയ ആഗോള വിപണിയിലെ പ്രമുഖ സംരംഭകരും കയറ്റുമതിക്കാരും പങ്കെടുക്കുന്ന സമ്മിറ്റിലൂടെ മുതലമട മാങ്ങയ്ക്ക് ലോകവിപണിയിൽ ഇടം നേടാനുള്ള അവസരം ഒരുക്കും.
മുതലമടയിലെ മാമ്പഴ കൃഷിയിടങ്ങളുടെ ജിയോ മാപ്പിങ് നടത്താനും പ്രത്യേക ഡ്രൈവിലൂടെ മണ്ണുപരിശോധന പൂർത്തിയാക്കി മുതലമടയ്ക്കായി പ്രത്യേക സോയിൽ ടെസ്റ്റിങ് രജിസ്ട്രി തയാറാക്കാനും പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് മന്ത്രി നിർദേശം നൽകി. കർഷകരുമായി നേരിട്ട് ചർച്ച നടത്തി മണ്ണുപരിശോധന മുതൽ സമഗ്ര കാർഷിക ഇക്കോസിസ്റ്റം രൂപപ്പെടുത്തുന്നതുവരെയുള്ള നടപടികൾ കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ സ്വീകരിക്കും.
മുതലമടയിലെ ജലലഭ്യതയും ജലസേചന സംവിധാനങ്ങളും മാപ്പ് ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കൃഷിവകുപ്പും ജലസേചന വകുപ്പും സംയുക്തമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കുറ്റ്യാടി ഓല ഉൾപ്പെടെയുള്ള പരമ്പരാഗത കാർഷിക വിഭവങ്ങളുടെ സാധ്യതകളും പരിശോധിക്കും. അരൂർ ഓലയുമായി ബന്ധപ്പെട്ട പ്രത്യേക ഇക്കോസിസ്റ്റം രൂപപ്പെടുത്തുന്നതും പരിഗണിക്കും.
കൃഷിയിടങ്ങളിലെ വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങളും മുതലമടയിൽ പരീക്ഷിക്കും. ജൈവവേലി ഉൾപ്പെടെയുള്ള ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങൾക്കായി ആർ.കെ.വി.വൈ. പദ്ധതിയുടെ സാധ്യത പ്രയോജനപ്പെടുത്തും. വന്യജീവി ശല്യം പ്രതിരോധിക്കുന്നതിനായി ഈ വർഷം വനംവകുപ്പിന് സർക്കാർ 192 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
പാലക്കാട് നിന്ന് കർഷകരുടെ ഉൽപന്നങ്ങൾ രാജ്യത്തിന്റെ വിവിധ വിപണികളിലെത്തിക്കുന്നതിനായി ‘കിസാൻ റെയിൽ’ സർവീസ് നടപ്പാക്കുന്ന കാര്യം റെയിൽവേ മന്ത്രാലയവുമായി ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ചിറ്റൂർ എം.എൽ.എ സുമേഷ് അച്യുതൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിയാവുദ്ദിൻ, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. തിരുചന്ദ്രൻ, മുതലമട സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Published: 06 Oct 2026, 08:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented