ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ (91) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കർണാടക സംഗീത ലോകത്ത് മൃദംഗവാദനത്തിലെ സവിശേഷ സാന്നിധ്യമായിരുന്നു ഗുരുവായൂർ സ്വദേശിയായ ദൊരൈ. എട്ടാം വയസ്സിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് പക്കമേളമൊരുക്കിയാണ് മൃദംഗവാദനത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് എട്ടു പതിറ്റാണ്ടിലേറെക്കാലം സംഗീതരംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
ജി.എസ്. കൃഷ്ണ അയ്യരുടെയും മീനാക്ഷിയുടെയും മകനായി 1935 ജൂലായ് രണ്ടിന് ഗുരുവായൂരിലായിരുന്നു ജനനം. അഞ്ചാം വയസിൽ പോളിയോ ബാധിതനായതിനെ തുടർന്ന് പഠിത്തം തടസപ്പെട്ടു. തുടർന്ന് അച്ഛനാണ് മൃദംഗ പഠനത്തിലേക്ക് വഴിതിരിച്ചുവിട്ടത്. പാലക്കാട്ട് സുബ്ബയ്യർ, ഇ.പി. നാരായണ പിഷാരടി എന്നിവരുടെ കീഴിലായിരുന്നു ആദ്യകാല ശിക്ഷണം. 1949-ൽ പ്രശസ്ത മൃദംഗവിദ്വാൻ പളനി സുബ്രഹ്‌മണ്യം പിള്ളയുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന് ചെന്നൈയിലേക്ക് താമസം മാറ്റിയ ദൊരൈ, പളനി സുബ്രഹ്‌മണ്യം പിള്ളയുടെ വസതിയിൽ ഒൻപതു വർഷത്തോളം ഗുരുകുല സമ്പ്രദായത്തിൽ താമസിച്ച് മൃദംഗം അഭ്യസിച്ചു. പുതുക്കോട്ട ശൈലിയിൽ അഗ്രഗണ്യനാവുകയും ചെയ്തു.
എം.എസ്. സുബ്ബുലക്ഷ്മി, മുസിരി സുബ്രഹ്‌മണ്യ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, സെമ്മങ്കുടി ശ്രീനിവാസ അയ്യർ, എം.ഡി. രാമനാഥൻ, എം. ബാലമുരളീകൃഷ്ണ, ടി.ആർ. മഹാലിംഗം തുടങ്ങിയ കർണാടക സംഗീതത്തിലെ അതികായന്മാരുടെയെല്ലാം കച്ചേരികൾക്ക് അദ്ദേഹം മൃദംഗം വായിച്ചു. എം.എസ്. സുബ്ബുലക്ഷ്മിക്കൊപ്പം ന്യൂയോർക്കിലെ കാർണഗി ഹാളിൽ മൃദംഗം വായിച്ചു. നാഗസ്വരം, വീണ, പുല്ലാങ്കുഴൽ തുടങ്ങിയ വാദ്യകച്ചേരികൾക്കും പ്രമുഖ യുവതലമുറ കലാകാരന്മാർക്കും അദ്ദേഹം വാദ്യസഹകരം നൽകി. നിറംകുടം എന്ന ചിത്രത്തിലെ നക്ഷത്രദീപങ്ങൾ തിളങ്ങി എന്ന വിഖ്യാത ഗാനത്തിൽ മൃദംഗം വായിച്ചത് ഗുരുവായൂർ ദൊരൈയായിരുന്നു.
2025-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സംഗീത നാടക അക്കാദമി അവാർഡ്, സംഗീത നാടക അക്കാദമി ടാഗോർ രത്ന പുരസ്‌കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്, സംഗീത കലാശിഖാമണി എന്നിവയും ലഭിച്ചിട്ടുണ്ട്.
Content Highlights: Renowned mridangam maestro Padma Shri Guruvayur Dorai passed away at the age of 91 in Chennai., He had a musical career spanning over eight decades, starting his debut at age eight for Chembai Vaidyanatha Bhagavathar., Accompanied legendary Carnatic musicians like M.S. Subbulakshmi, Chembai, and M. Balamuralikrishna, performing globally including Carnegie Hall., Honored with the Padma Shri in 2025, alongside Sangeet Natak Akademi Award and Kalaimamani Award.
Published: 10 Oct 2026, 07:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented