
എൽ നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഉയർന്ന താപനിലയും മഴയുടെ വിതരണത്തിലെ അനിശ്ചിതത്വവും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ കർഷകർ ഗൗരവമായി കാണേണ്ടതാണ്. ഈ സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ള വിളകളും കൃഷിരീതികളും തിരഞ്ഞെടുക്കുന്നത് അത്യന്താപേക്ഷിതമാണ്. കുറഞ്ഞ ജലലഭ്യതയിലും കൃഷി ചെയ്യാൻ അനുയോജ്യമായ ചെറുധാന്യങ്ങൾ, പയർ വർഗങ്ങൾ, മരച്ചീനി, മറ്റ് കിഴങ്ങുവർഗങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകാം. അതോടൊപ്പം പുതയിടൽ, മഴവെള്ള സംഭരണം, കണികാ ജലസേചനം, മണ്ണിലെ ജൈവാംശം വർധിപ്പിക്കൽ, വിള വൈവിധ്യവൽക്കരണം എന്നീ കാലാവസ്ഥാ സൗഹൃദരീതികൾ അവലംബിച്ച് എൽ നിനോ പ്രതിഭാസത്തിന്റെ ആഘാതം കുറയ്ക്കാൻ സാധിക്കും.
എന്താണ് എൽ നിനോ
പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ ഭാഗങ്ങളിലെ ഉപരിതല ജലത്തിന്റെ താപനില സാധാരണയേക്കാൾ ഉയരുന്ന സ്വഭാവികമായ കാലാവസ്ഥാ പ്രതിഭാസമാണിത്. ഇതിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയിലും കാലാവസ്ഥയിലും മഴവിതരണത്തിലും മാറ്റങ്ങൾ ഉണ്ടാവുന്നു. കേരളത്തിന്റെ സാഹചര്യത്തിൽ എൽ നിനോയുടെ പ്രധാന പ്രത്യാഘാതങ്ങൾ- സാധ്യതകൾ ഇവയൊക്കെയാണ്.
1. തെക്ക്-പടിഞ്ഞാറൻ മൺസൂൺ ദുർബലമാവാൻ സാധ്യത.
2. മഴയുടെ അളവ് കുറയുകയോ വിതരണത്തിൽ വ്യതിയാനം സംഭവിക്കുകയോ ചെയ്യാം.
3. വരൾച്ചയ്ക്കും ജലക്ഷാമത്തിനും സാധ്യത വർധിക്കും.
4. താപനില ഉയരാം.
5. നെല്ല്, പച്ചക്കറികൾ, റബ്ബർ, കുരുമുളക് തുടങ്ങിയ വിളകളുടെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കാം.
എൽ നിനോയും വരൾച്ചയും: കരുതലോടെ തിരഞ്ഞെടുക്കാം ഈ വിളകൾ
മഴ കുറയുന്നതും ചൂടു വർധിക്കുന്നതും ജലലഭ്യത കുറയുന്നതും കാർഷിക മേഖലയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാൽ, ഈ സാഹചര്യത്തെ മുൻകൂട്ടി കണ്ട് വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള വിളകൾ തിരഞ്ഞെടുക്കുന്നതിലൂടെ കർഷകർക്കു നഷ്ടം കുറയ്ക്കാനും വരുമാനം നിലനിർത്താനും സാധിക്കും.
ചെറുധാന്യങ്ങൾ: ചെറുധാന്യവിളകളായ ചാമ, തിന, കുതിരവാലൻ, റാഗി എന്നിവയ്ക്കു കുറഞ്ഞ അളവിൽ ജലം മതിയാകും. കൂടാതെ, ഉയർന്ന താപനിലയിലും വളരാൻ കഴിയുകയും ചെയ്യുന്നു. പോഷകസമൃദ്ധമായ ഈ ധാന്യങ്ങൾക്കു വിപണിയിലും ഇന്ന് ആവശ്യകത വർധിച്ചു വരികയാണ്.
പയർവർഗങ്ങൾ: വരൾച്ചയെ നേരിടാൻ ഒരു മികച്ച തിരഞ്ഞെടുപ്പാണിത്. പയർ, ഉഴുന്ന്, ചെറുപയർ, തുവര എന്നിവയ്ക്ക് മിതമായ അളവിൽ ജലസേചനം മതിയാകും. ഈ സസ്യങ്ങളുടെ വേരിലെ റൈസോബിയം ബാക്ടീരിയകളുടെ സഹായത്തോടെ, ചെടികൾക്ക് ആഗിരണം ചെയ്യാൻ പാകത്തിൽ അന്തരീക്ഷത്തിലെ നൈട്രജൻ ലഭ്യമാക്കുകയും ഒപ്പം മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്തുകയും ചെയ്യുന്നു.
കിഴങ്ങുവർഗങ്ങൾ: മരച്ചീനി, ചേന, ചേമ്പ് കൂർക്ക ,കാച്ചിൽ, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുവിളകൾക്ക് വളരാൻ താരതമ്യേന കുറഞ്ഞ അളവിൽ ജലം മതിയാകും. ആവശ്യമായ ഘട്ടങ്ങളിൽ മാത്രം ജലസേചനം നൽകിയാൽ നല്ല വിളവ് ലഭിക്കും.
എണ്ണക്കുരു വിളകൾ: നിലക്കടലയും എള്ളും വരൾച്ചയെ താരതമ്യേന നന്നായി അതിജീവിക്കുന്ന വിളകളാണ്. കുറഞ്ഞ മഴ ലഭിക്കുന്ന പ്രദേശങ്ങളിലും ഇവ വിജയകരമായി കൃഷി ചെയ്യാൻ സാധിക്കും.
പച്ചക്കറികൾ: വെണ്ട, പയർ, കോവൽ, മുരിങ്ങ, വഴുതന എന്നിവയ്ക്കു ശരിയായ പുതയിടലും തുള്ളിനനയും നടപ്പാക്കി മികച്ച വിളവ് ഉറപ്പാക്കാം.
നെല്ല്
വൈകി നട്ട വിരിപ്പുപാടങ്ങളിൽ മേൽവളപ്രയോഗം ഇപ്പോൾ നടത്താം. വളപ്രയോഗത്തിനു മുമ്പ് വെള്ളം വാർത്തുകളയണം. വളപ്രയോഗം കഴിഞ്ഞ് 12 മണിക്കൂറിനുശേഷം മാത്രമേ വെള്ളം പാടത്തു കയറ്റാവൂ. അടിക്കണ പരുവത്തിന് ഒരാഴ്ച്ച മുമ്പ് അവസാനത്തെ വളപ്രയോഗം നടത്തിയിരിക്കണം. അതായത് നാല് മാസം മൂപ്പുള്ള ഇനങ്ങൾ വിതച്ച് 55 ദിവസങ്ങൾക്കുള്ളിലും ഞാറ് നട്ട് 35-40 ദിവസങ്ങൾക്കുള്ളിലോ ആവണം.
നെൽപ്പാടങ്ങളിൽ ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണത്തിനെതിരെ ട്രൈക്കോഗ്രമ്മ മുട്ടക്കാർഡ് വളരെ ഫലപ്രദമാണ്. ഒരേക്കറിന് 40,000 മുട്ടകൾ ഒരു തവണ വേണ്ടിവരും. കാർഡുകൾ വാങ്ങി ഉടൻതന്നെ ചെറുതുണ്ടുകളാക്കി പാടത്ത് പല ഭാഗങ്ങളിലായി ചെടികളിലോ കൊമ്പുകൾ നാട്ടിയോ സ്ഥാപിക്കാം. ആക്രമണം രൂക്ഷമായാൽ കാർട്ടാപ് ഹൈഡ്രോ ക്ലോറൈഡ് 400 ഗ്രാം(50 sp) ഒരേക്കറിന് എന്ന അളവിൽ വെള്ളത്തിൽ ലയിപ്പിച്ച് നൽകാം.
പോളരോഗത്തിനു സാധ്യതയുണ്ട്. അടിക്കണ പരുവംവരെ ശ്രദ്ധ വേണം. ഇലപ്പോളകളിൽ വെള്ളം വീണ് പൊള്ളിയതുപോലുള്ള പാടുകൾ തുടക്കത്തിൽ കാണുന്നു. ക്രമേണ പോളകളും ഇലകളും കരിഞ്ഞ് അഴുകിപ്പോവും. ഇതാണു പോളരോഗത്തിന്റെ ലക്ഷണങ്ങൾ. കതിരോലയിലും അതിന്റെ പോളകളിലും കാണുന്ന പാടുകളും അഴുകലുമാണ് പോള അഴുകൽ. രോഗസാധ്യതയുള്ള പാടങ്ങളിൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുന്നത് വളരെ ഫലപ്രദമാണ്.
നെല്ല് കതിരാവുന്ന സമയത്ത് വരാൻ സാധ്യതയുള്ള മറ്റൊരു രോഗമാണ് ബാക്ടീരിയൽ ഇലകരിച്ചിൽ നിയന്ത്രണ മാർഗങ്ങൾ കൂടി പറയാം. പച്ചച്ചാണകം(പുതിയത്) 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി അടിയാൻ വെച്ചശേഷം തെളിയൂറ്റി തളിച്ചുകൊടുക്കാം. ഇതു വളരെ ഫലപ്രദമാണ്. ഒരേക്കറിന് 100 ലിറ്റർ വെള്ളം വേണം. രോഗവ്യാപനം തടയുന്നതിനായി ഒരേക്കറിൽ 2 കിലോ ഗ്രാം എന്ന തോതിൽ ബ്ലീച്ചിങ് പൗഡർ വിതറേണ്ടതാണ്. പി.ജി.പി.ആർ. 2 മിശ്രിതം ഇലകളിൽ തളിച്ചുകൊടുക്കുന്നതും കുമിൾ, ബാക്ടീരിയൽ രോഗങ്ങൾക്കെതിരെ ഫലപ്രദമാണ്. വെള്ളായണി കാർഷിക കോളജിലെ മൈക്രോ ബയോളജി വിഭാഗവുമായി ബന്ധപ്പെട്ടാൽ ലഭ്യത ഉറപ്പാക്കാം.
കതിർ നിന്ന് പാൽ പരുവത്തിൽ ചാഴിയുടെ ആക്രമണം ഉണ്ടാവാം. ചാഴിക്കെതിരെ കാന്താരി ഗോമൂത്ര മിശ്രിതം, വേപ്പെണ്ണ, വേപ്പിൻകുരു സത്ത് എന്നിവ ജൈവനിയന്ത്രണ മാർഗങ്ങൾ അവലംബിക്കാം.
കര നെൽകൃഷി
കളനിയന്ത്രണത്തിനു പ്രത്യേക ശ്രദ്ധ നൽകണം. രാസവളം ഉപയോഗിക്കുന്ന പറമ്പിൽ ഹ്രസ്വവിളകളുടെ വളപ്രയോഗം നടത്തണം. നട്ട് 50 ദിവസത്തിനകം പ്രായമുള്ള നെല്ലിന് അധികവളർച്ച ഉണ്ടെങ്കിൽ 15 സെന്റി മീറ്റർ നീളത്തിൽ തലപ്പ് അരിഞ്ഞ് കൊടുക്കാവുന്നതാണ്. ഇത് നെല്ല് ചാഞ്ഞുപോവുന്നത് ഒഴിവാക്കും.
മൂപ്പേറിയ വിത്തുകൾക്ക് മുണ്ടകൻ ഞാറ്റടി
രണ്ടാം വിളയ്ക്കു മൂപ്പേറിയ വിത്തുകൾ പറിച്ചുനടുകയാണെങ്കിൽ ഇപ്പോൾ ഞാറ്റടി തയ്യാറാക്കേണ്ടതാണ്. പറിച്ചുനടുന്ന പാടത്തിന്റെ പത്തിലൊന്നു ഭാഗം ഞാറ്റടിയൊരുക്കണം. യന്ത്രമുപയോഗിച്ചു നടുന്നതിനായി പായ് ഞാറ്റടിയാണ് തയ്യാറാക്കുന്നതെങ്കിൽ ഒരേക്കറിന് ഒരു സെന്റ് മതിയാകും. സാധാരണ ഞാറ്റടിക്ക് സെന്റൊന്നിന് 40-50 കിലോ ഗ്രാം ചാണകം വിതറി നിലം ഉഴുത് തവാരണകൾ തയ്യാറാക്കിയതിനുശേഷം വിത്ത് വിതയ്ക്കാം. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ 10 ദിവസത്തെ ഇടവേളയ്ക്കുശേഷം മാത്രമേ ഞാറ്റടി ഒരുക്കാവൂ. രണ്ടാം കൃഷിയിറക്കിയ കുട്ടനാടൻ നെൽപ്പാടങ്ങളിൽ രണ്ടാം മേൽവളപ്രയോഗവും സസ്യസംരക്ഷണവും വിദഗ്ധരുടെ നിർദേശപ്രകാരം ചെയ്യാം. നെൽകൃഷിയുടെ വളപ്രയോഗം ടേബിളിൽ നൽകുന്നു.
നേർവളങ്ങൾ ഏക്കർ ഒന്നിന് (കിലോ ഗ്രാമിൽ)
| ഇനം | യൂറിയ | രാജ്‌ഫോസ് | പൊട്ടാഷ് |
| മദ്ധ്യമൂപ്പുള്ള ഇനങ്ങൾ(ഉമ, ജ്യോതി) | 80 | 90 | 30 |
| നിലംകൃഷി | 62 | 70 | 24 |
| കരകൃഷി | 52 | 60 | 21 |
| നാടൻ ഇനങ്ങൾ | 30 | 90 | 21 |
| കുട്ടനാട് പൊതുശുപാർശ | 80 | 90 | 30 |
| കോൾനിലം ഹ്രസ്വഇനം | 80 | 70 | 30 |
| കോൾനിലം ഇടത്തരം മൂപ്പ് | 96 | 90 | 30 |
തെങ്ങ്
തെങ്ങിൻതൈകൾ നട്ട് മൂന്നു മാസമായാൽ ജൈവവളം നൽകാം. തൈ ഒന്നിന് 5 കിലോ ഗ്രാം എന്ന തോതിലാണ് നൽകേണ്ടത്. ഒപ്പം പി.ജി.പി.ആർ. മിശ്രിതം 100-200 ഗ്രാം വീതം ചേർക്കുന്നത് തൈകളുടെ വേരോട്ടം കൂടുന്നതിനു സഹായിക്കും. മികച്ച പരിപാലനരീതി അനുസരിച്ച് തൈകൾക്ക് 110 ഗ്രാം, 175 ഗ്രാം, 200 ഗ്രാം വീതവും സങ്കരയിനങ്ങൾക്ക് 210 ഗ്രാം, 275 ഗ്രാം, 360 ഗ്രാം വീതവും യൂറിയ, രാജ്‌ഫോസ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങൾ ചേർക്കണം. വളം തടത്തിനുള്ളിൽ വിതറി കൊത്തിച്ചേർക്കുകയും കുഴിയുടെ വശങ്ങൾ നേരിയ കനത്തിൽ അരിഞ്ഞിറക്കുകയും വേണം. ഇടവിളകൾക്ക് വളപ്രയോഗവും കളയെടുപ്പും തുടരാം.
ഏപ്രിൽ-മെയ് മാസങ്ങളിൽ തെങ്ങിൻതടങ്ങളിൽ നട്ട പച്ചില വളച്ചെടികൾ ഇപ്പോൾ പിഴുത് മണ്ണിൽ ചേർക്കണം. വലിയ തെങ്ങുകൾക്ക് 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് ഇപ്പോൾ നൽകാം. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ സൂക്ഷ്മമൂലകങ്ങളുടെ അഭാവം ഉണ്ടെങ്കിൽ മാത്രം ശുപാർശപ്രകാരം നൽകേണ്ടതാണ്.
തെങ്ങിന്റെ കൂമ്പുചീയൽ രോഗത്തിനെതിരെ ജാഗ്രത വേണം. നാമ്പോല വലിച്ചാൽ എളുപ്പത്തിൽ ഊരിവരും, അഴുകിയ മണ്ടയിൽ അസഹ്യമായ ദുർഗന്ധം എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചീഞ്ഞ ഭാഗം ചെത്തിമാറ്റി തീയിട്ടു നശിപ്പിക്കുക, മുറിപ്പാടിലും അതിനു ചുറ്റും ബോർഡോ കുഴമ്പ് പുരട്ടുകയും പ്ലാസ്റ്റിക് കവറോ വാഴയിലയോ ഉപയോഗിച്ച് പൊതിഞ്ഞു സൂക്ഷിക്കുകയും വേണം. മൊട്ടുസൂചി കൊണ്ട് തുളയിട്ട പോളിത്തീൻ പായ്ക്കുകളിൽ മാങ്കോസെബ് 2 ഗ്രാം വീതം നിറച്ച് നാമ്പോലയ്ക്കു തൊട്ടുതാഴെയുള്ള 2-3 ഓലക്കവിളുകളിൽ വെക്കുന്നതും രോഗനിയന്ത്രണ മാർഗമാണ്.
കമുക്
വളപ്രയോഗത്തിനു സമയമായി. ജൈവവളമായി കാലിവളമോ കമ്പോസ്‌റ്റോ പച്ചിലവളമോ തടത്തിൽ ചേർക്കാം. കുമ്മായം ചേർത്ത് 10 ദിവസത്തിനുശേഷം 100 ഗ്രാം യൂറിയ, 100 ഗ്രാം രാജ്‌ഫോസ്, 120 ഗ്രാം എന്നിവ ചേർത്ത് നൽകാം. മഹാളിരോഗം കാണുന്ന തോട്ടങ്ങളിൽ 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കണം. രോഗം ബാധിച്ച് കേടായ അടയ്ക്കകൾ ശേഖരിച്ച് കത്തിക്കുക.
കശുമാവ്
ചെറുതൈകളുടെ ചുവട്ടിൽനിന്ന് ഒരു മീറ്റർ ഉയരംവരെ പ്രധാന തണ്ടിലുണ്ടാവുന്ന ചിനപ്പുകൾ മുറിച്ചുമാറ്റണം. മുറിഭാഗത്ത് ബോർഡോ കുഴമ്പ് പുരട്ടി മൂടിവെക്കണം. തൈകൾ നടാനും അനുയോജ്യമാണ്. കളനിയന്ത്രണവും മറ്റു പരിചരണങ്ങളും തോട്ടത്തിൽ ചെയ്യേണ്ടതാണ്.
വാഴ
ഓണത്തിനു വിളവെടുക്കേണ്ട കുലകൾ പൊതിഞ്ഞു നിർത്തുന്നതു കൂടുതൽ ഭംഗി നൽകും. വാഴയില, ചാക്ക് എന്നിവ ഉപയോഗിച്ച് കുലകൾ പൊതിഞ്ഞു സംരക്ഷിക്കാവുന്നതാണ്. കുലകൾ മുറിക്കുന്ന തടങ്ങളിൽ 3-4 മാസം പ്രായമായ 1-2 ആരോഗ്യമുള്ള സൂചിക്കന്നുകൾ നിർത്തണം. കുലയുടെ എതിർദിശയിലുള്ളത് അഭികാമ്യം. ഇളക്കിയെടുക്കുന്ന കന്നുകളുടെ വേരുകൾ നീക്കി തണ്ട് അരയടി നീളത്തിൽ നിർത്തി മുറിച്ചശേഷം പച്ചച്ചാണകം സ്ലറിയിൽ മുക്കി 3-4 ദിവസം വെയിലത്ത് ഉണക്കണം. പിന്നീട് രണ്ടാഴ്ച്ച മഴ നനയാതെ ഉണക്കിയ ശേഷം നടാം.
വാഴയ്ക്കു നൽകേണ്ട രാസവളപ്രയോഗം (ഗ്രാമിൽ)
| വളം നൽകേണ്ട ഘട്ടങ്ങൾ | യൂറിയ | രാജ്‌ഫോസ് | പൊട്ടാഷ് |
| നട്ട് ഒരു മാസത്തിനുശേഷം | 87 | 361 | 96 |
| നട്ട് രണ്ട് മാസത്തിനുശേഷം | 65 | 278 | 100 |
| നട്ട് മൂന്ന് മാസത്തിനുശേഷം | 65 | - | 100 |
| നട്ട് നാല് മാസത്തിനുശേഷം | 65 | - | 60 |
| നട്ട് അഞ്ച് മാസത്തിനുശേഷം | 65 | - | 60 |
| കുലച്ചതിനുശേഷം(ഉടൻ) | 65 | - | - |
വാഴ നട്ട് നാലാം മാസം പിണ്ടിപ്പുഴുവിന്റെ ആക്രമണത്തിനു സാധ്യതയുണ്ട്. ഇതിനെതിരെ ബ്യൂവേറിയ ബാസിയാന 5 മില്ലി ലിറ്റർ/20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നന്മ 5%/50 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ വാഴയുടെ ഇലക്കവിളിൽ സ്പ്രേ ചെയ്തു കൊടുക്കണം. മിത്രകുമിളിനായി അടുത്തുള്ള കൃഷി വിജ്ഞാനകേന്ദ്രത്തിലോ കൃഷി വകുപ്പിന്റെ കീഴിലുള്ള ബയോ കൺട്രോൾ ലാബുമായോ(0487-2374605) ബന്ധപ്പെടുക.
ഇലപ്പുള്ളി രോഗം ബാധിച്ച തോട്ടങ്ങളിൽ 1% ബോർഡോ മിശ്രിതം ഫലപ്രദമാണ്. രൂക്ഷമായി രോഗം ബാധിച്ച ഇലകൾ മുറിച്ചുമാറ്റി നശിപ്പിച്ചു കളയുക. മഴക്കാലമായതിനാൽ കടചീയൽ രോഗത്തിനു സാധ്യതയുണ്ട്. വാഴത്തോട്ടങ്ങളിൽ നീർവാർച്ച ഉറപ്പു വരുത്തുക. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുക എന്നിവ രോഗത്തെ പ്രതിരോധിക്കും. രോഗബാധയുള്ള വാഴകൾക്ക് ബ്ലീച്ചിങ് പൗഡർ കിഴികെട്ടി ചുവട്ടിൽ ഇട്ടുകൊടുക്കുക. രോഗബാധ രൂക്ഷമായാൽ കോപ്പർ ഹൈഡ്രോക്ലോറൈഡ്(കോസെഡ്) 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. സിഗാടോക്ക രോഗം ബാധിച്ച വാഴകൾക്ക് കോണ്ടാഫ്/ടിൽറ്റ് ഒരു മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പശ(സാൻഡോവീറ്റ്) ഒരു മില്ലി ലിറ്റർ ഒരു ലിറ്റർ ലായനിക്ക്) ചേർത്ത് സ്പ്രേ ചെയ്യുക.
ഏലം
വിത്തുശേഖരണത്തിനു പ്രാരംഭ നടപടികൾ സ്വീകരിക്കാം. അത്യുൽപ്പാദനശേഷിയുള്ളതും രോഗബാധ ഇല്ലാത്തതുമായ മാതൃചെടികൾ വിത്തുവതിരണത്തിനു തിരഞ്ഞെടുക്കണം. രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ വിളവെടുക്കുമ്പോൾ ലഭിക്കുന്ന മൂത്തു പഴുത്ത കായ്കളാണ് വിത്തിന് എറ്റവും അനുയോജ്യം. രണ്ടാം തവാരണയിലേക്ക് പറിച്ചുനട്ട തൈകളുടെ പരിചരണം ശ്രദ്ധിക്കുക. വിളവെടുപ്പ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് പുകപ്പുരയുടെ അറ്റകുറ്റപ്പണികൾ നടത്തണം. കാർഡമം ഡ്രയറുകൾ ഉപയോഗിച്ച് ഉണക്കുന്നതാണ് മികച്ച ഗുണനിലവാരം ഉറപ്പാക്കുക. 45- 50 ഡിഗ്രി താപനിലയിൽ 18-24 മണിക്കൂർവരെ ഡ്രയറിൽ ഉണക്കാം.
കൈതച്ചക്ക
കളകൾ നീക്കം ചെയ്ത് രണ്ടാം ഗഡു രാസവളപ്രയോഗം ചെയ്യാം. ചെടിയുടെ പ്രായത്തിനനുസരിച്ച് ആവശ്യാനുസരണം ജൈവവളപ്രയോഗവും നടത്തണം. ചാലുകളുടെ ഇരുവശങ്ങളിലും രാസവളം വിതറി അരികു ചെറുതായി അരിഞ്ഞിറക്കുക. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് സെന്റൊന്നിന് യൂറിയ ഒരു കിലോ ഗ്രാം, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് 700 ഗ്രാം ചേർക്കണം. നനകൃഷിക്ക് ഇവ യഥാക്രമം 700 ഗ്രാമും 530 ഗ്രാമുമാണ്. ജൈവകൃഷി അവലംബിക്കുന്ന തോട്ടങ്ങളിൽ ആരോഗ്യമുള്ള ഒരു കൈതച്ചക്ക ചെടിക്ക് 10-15 കിലോ ഗ്രാം ജൈവവളം നൽകാവുന്നതാണ്.
കുരുമുളക്
പുതുതായി നട്ട വള്ളികൾ വേരുപിടിച്ചു വളരുന്നത് പ്രത്യേകം ശ്രദ്ധിക്കണം. വളരുന്ന തലകൾ താങ്ങുകാലുകളിൽ ചേർത്തുകെട്ടി, മുകളിലേക്കു വളരാൻ സഹായിക്കണം. ട്രൈക്കോഗർമ്മ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകം തൈ ഒന്നിന് 5 കിലോ ഗ്രാം നൽകാം. തടത്തിൽ വൃത്താകൃതിയിൽ 10-15 സെന്റി മീറ്റർ ആഴത്തിൽ മണ്ണു മാറ്റിയശേഷം വളമിട്ടു മുകളിൽ മണ്ണു വിതറണം. ദ്രുതവാട്ടത്തിനെതിരെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തയ്യാറാക്കി ഇലകളിലും തണ്ടുകളിലും വീഴുംവിധം തളിക്കണം. കായ്ച്ച ചെടികളിലാണെങ്കിൽ തിരികളിൽ പരാഗണം നടന്ന് മുളകുമണി പിടിച്ചശേഷം വേണം മരുന്നുതളി നടത്താൻ. കുരുമുളകു മണി ആയംകൊണ്ടു തുടങ്ങുന്നതോടെ പൊള്ളുവണ്ടിന്റെ ആക്രമണം ഉണ്ടാവാൻ സാധ്യതയുണ്ട്. വേപ്പെണ്ണ, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തുടങ്ങിയ ജൈവകീടനാശിനികൾ ഇതിനെതിരെ ഫലപ്രദമാണ്.
കുരുമുളകു ചെടികൾക്ക് രണ്ടാം ഗഡു രാസവളം ഇപ്പോൾ നൽകാം. 50 ഗ്രാം യൂറിയ, 150 ഗ്രാം രാജ്‌ഫോസ്, 120 ഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ തടത്തിൽ വിതറി മണ്ണിട്ടു മൂടണം. ചെടിയുടെ പ്രധാന തണ്ടിൽനിന്ന് 30 സെന്റി മീറ്റർ അകലത്തിൽ അർധവൃത്താകൃതിയിൽ ചാലുകളെടുത്ത് വളം വിതറി മണ്ണിട്ടു മൂടണം.
ഇഞ്ചി, മഞ്ഞൾ
തോട്ടത്തിൽ നീർവാർച്ച ഉറപ്പാക്കണം. കളയെടുപ്പ്, മണ്ണിടീൽ, പുതയിടൽ എന്നിവ നടത്തണം. അവസാന വളപ്രയോഗവും തുടരാം. ഇഞ്ചി നട്ട് മൂന്നു മാസത്തിനുശേഷം സെന്റൊന്നിന് 350 ഗ്രാം യൂറിയ, 500 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. തടങ്ങളിലെ മണ്ണ് ചെറുതായി ഇളക്കി ചെടികളുടെ ഇടയിൽ നീളത്തിൽ ആഴം കുറഞ്ഞ ചാലു കീറി വളമിട്ടു മൂടണം. ഇതോടൊപ്പം പച്ചില പുതയിടുകയും വാരം പിടിപ്പിക്കുകയും വേണം. ഇഞ്ചിയുടെ മൂടുചീയൽ, മഞ്ഞളിന്റെ കടചീയൽ എന്നിവ നിയന്ത്രിക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കാം. രോഗം രൂക്ഷമായാൽ ബോർഡോ മിശ്രിതം തടങ്ങളിൽ ഒഴിച്ചുകൊടുക്കണം. കീടങ്ങൾക്കെതിരെ വേപ്പെണ്ണ തളിച്ചു നിയന്ത്രണം ഉറപ്പാക്കാം. ഇതിനായി മഴയില്ലാത്ത സമയം തിരഞ്ഞെടുക്കുക. ഇഞ്ചിക്ക് സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിയൂറ്റി ഇലകളിൽ തളിച്ചുകൊടുക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. ഇത് 15-20 ദിവസത്തിലൊരിക്കൽ ആവർത്തിക്കാവുന്നതാണ്.
ജാതി, ഗ്രാമ്പൂ
തോട്ടങ്ങളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധ വേണം. ജാതിച്ചെടിയുടെ തടത്തിൽ മണ്ണ് ഉയർത്തി കൊടുക്കുക. ജൈവവളങ്ങളായ മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ചേർത്തു കൊടുക്കാം. ഇവ മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും. ജാതിക്ക് ഈ മാസം രണ്ടാം രാസവളപ്രയോഗം നൽകാം. യൂറിയ, രാജ്‌ഫോസ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ഒരു വർഷം പ്രായമായ തൈക്ക് 25:45:45 ഗ്രാം വീതം ചേർക്കുക. രണ്ടു വർഷം പ്രായമായതിന് 50:90:90 ഗ്രാം വീതവും മൂന്നാം വർഷം മുതൽ അളവ് ക്രമമായി കൂട്ടി 15 വർഷം മുതൽ ഇവ യഥാക്രമം 540:625:825 ഗ്രാം വീതവും നൽകാം.
ഗ്രാമ്പൂ ഒരു വർഷം പ്രായമായതിന് 25:45:45 ഗ്രാമും രണ്ടു വർഷം പ്രായമായതിന് 45:70:80 ഗ്രാം വീതവും മൂന്നാം വർഷം മുതൽ വളത്തിന്റെ അളവ് ക്രമമായി ഉയർത്തണം. 15 വർഷം പ്രായമായതിന് ഇവ യഥാക്രമം 325:625:625 ഗ്രാം വീതവും കൊടുക്കണം. മുതിർന്ന മരങ്ങൾക്കു ചുവട്ടിൽനിന്ന് ഒരു മീറ്റർ അകലെ വൃത്താകൃതിയിൽ ആഴം കുറഞ്ഞ ചാലുകളെടുത്ത് വളം ചേർക്കണം. കുമിൾ രോഗത്തിനെതിരെ സ്യൂഡോമോണസ്(20 ഗ്രാം ഒരു ലിറ്റർ വെള്ളം) അല്ലെങ്കിൽ ഒരു ശതമാനം ബോർഡോ മിശ്രിതമോ തളിക്കണം.
മാവ്, പ്ലാവ്
തടത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ട്രൈക്കോഡർമ്മ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകം ചെടി ഒന്നിന് 5 കിലോ ഗ്രാം വീതം ചുവട്ടിൽനിന്നു മാറി ഒരു മീറ്റർ ചുറ്റളവിൽ മണ്ണിളക്കി ചേർത്ത ശേഷം മണ്ണിട്ടു മൂടിക്കൊടുക്കണം. 1-2 വർഷം പ്രായമായ ഒട്ടുമാവിന് യൂറിയ, സൂപ്പർ ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ 100:200:100 ഗ്രാം വീതം ചേർത്തു കൊടുക്കണം. 1-2 വർഷം പ്രായമായ ഒട്ടുപ്ലാവിന് യൂറിയ, സൂപ്പർ ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ 75:150:75 ഗ്രാം എന്ന രീതിയിലും നൽകാം. ഇവയിലെ കീടനിയന്ത്രണത്തിനായി വേപ്പധിഷ്ഠിത കീടനാശിനികൾ ഏറെ ഫലപ്രദമാണ്. പൗഡറിമിൽഡ്യൂ രോഗത്തിനെതിരെ ഹെക്‌സാകോണസോൾ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിച്ചുകൊടുക്കാം.
കിഴങ്ങുവർഗങ്ങൾ
ചുവട്ടിൽ മണ്ണ് അടുപ്പിച്ചു കൊടുക്കണം. ഇതു കിഴങ്ങ് ഉൽപ്പാദനത്തെ വളരെ സഹായിക്കും. 45-60 ദിവസം പ്രായമായ മരച്ചീനിക്ക് യൂറിയ, റോക്ക് ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 40:60:60 ഗ്രാം വീതം നൽകണം. കൂടാതെ, ജൈവവളങ്ങൾ 1.5-2 കിലോ ഗ്രാം വരെയും നൽകാം.
പച്ചക്കറികൾ
വിളവെടുപ്പിനായി നട്ട പച്ചക്കറികൾക്ക് മേൽവളം നൽകാം. ജൈവകൃഷിരീതി അവലംബിക്കുന്ന തോട്ടങ്ങളിൽ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ ഓരോ കിലോ ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ഒരു ലിറ്റർ വീതം തടങ്ങളിൽ ആഴ്ച്ചയിലൊരിക്കൽ ഒഴിച്ചുകൊടുക്കുക.
രാസവളം നൽകേണ്ടത് ഒരു സെന്റിന്(ഗ്രാമിൽ)
| ഇനം | യൂറിയ | രാജ്‌ഫോസ് | മ്യൂറേറ്റ് ഓഫ് പൊട്ടാഷ് |
| ചീര | 400 | - | - |
| വെണ്ട | 220 | - | - |
| പയർ | 85 | - | - |
| കത്തിരി വഴുതന തക്കാളി മുളക് | 330 | - | 85 |
| വെള്ളരി പടവലം | 300 | - | - |
കീടനിയന്ത്രണം പ്രധാനം
പുഴു, ഈച്ച, വണ്ട്, നീരൂറ്റി കുടിക്കുന്ന കീടങ്ങൾ എന്നിവയുടെയെല്ലാം ആക്രമണം പച്ചക്കറിയിൽ സാധാരണമാണ്. വേപ്പധിഷ്ഠിത കീടനാശിനിയായ അസാഡിറക്ടിൽ 1% 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് വളരെ ഫലപ്രദമാണ്. വെള്ളരി വർഗങ്ങളിൽ കാണുന്ന കായീച്ചകളെ ഫെറോമോൺ ട്രാപ്പുകൾ ഉപയോഗിച്ച് (Cue Lure 15 എണ്ണം ഒരു ഹെക്ടറിന്) നിയന്ത്രിക്കാം. കൃഷിയിടത്തിൽ മഞ്ഞ, നീല കെണികൾ കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം. നീരൂറ്റി കുടിക്കുന്ന കീടങ്ങളുടെ ആക്രമണം രൂക്ഷമായാൽ കോൺഫിഡോർ 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യാവുന്നതാണ്. മുളക്, വഴുതന, വെള്ളരി, തക്കാളി എന്നിവയിലെ ആക്രമണത്തിനെതിരെ ഒബറോൺ 0.8 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് കീടനിയന്ത്രണം സാധ്യമാക്കാം.
തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമായാൽ ഫ്‌ളൂബെൻഡയമൈഡ് 480 എസ് സി ഒരു മില്ലി ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ചു തളിച്ചു നിയന്ത്രിക്കാം. കൂടാതെ, ജൈവകീടനാശിനികളായ സ്യൂഡോമോണസ്, ബ്യൂവേറിയ ബാസിയാന എന്നിവ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി കീടാക്രമണത്തിന്റെ പ്രാരംഭദശയിൽത്തന്നെ പ്രയോഗിക്കണം. കീടങ്ങളുടെ ആക്രമണം നിയന്ത്രണവിധേയമായില്ലെങ്കിൽ മാത്രം രാസകീടനാശിനികൾ പ്രയോഗിച്ചാൽ മതിയാവും.
ചീരയുടെ ഇലപ്പുള്ളി രോഗത്തിനെതിരായി സ്യൂഡോമോണസ് തളിച്ചുകൊടുക്കാം. കൂടാതെ, 4 ഗ്രാം മഞ്ഞൾപ്പൊടി ഒരു ഗ്രാം അലക്കുകാരം അൽപ്പം കായം എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ചു തളിച്ചും ഇലപ്പുള്ളി രോഗത്തെ നിയന്ത്രിക്കാം.
എല്ലാത്തരം പച്ചക്കറികൾക്കും മത്തി-ശരക്കര മിശ്രിതം തളിച്ചുകൊടുക്കുന്നത് ഉത്തമമാണ്. ഇതു കീടങ്ങളെ അകറ്റിനിർത്തുന്നതിനൊപ്പം പൂക്കളുടെയും കായ്കളുടെയും എണ്ണവും ഗുണമേന്മയും വർധിപ്പിക്കുന്നു. ഇതോടൊപ്പം ചെടികളുടെ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. 2 ഗ്രാം ഫിഷ് അമിനോ ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികളിൽ സ്പ്രേ ചെയ്യുകയാണുവേണ്ടത്
ഓർക്കിഡ് കൃഷി പരിപാലനം
ഓർക്കിഡ് ചെടികളിൽ കുമിൾ രോഗബാധ കാണുന്നുവെങ്കിൽ സാഫ് 1.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളിൽ സ്‌പ്രേ ചെയ്തു നൽകാം. 19:19:19 രാസവള മിശ്രിതം 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ചും നൽകാവുന്നതാണ്.
കൂൺ കൃഷി
ഇടവിട്ടു മഴ ലഭിക്കുന്നതിനാൽ അന്തരീക്ഷ താപനില ഇപ്പോൾ കൂൺകൃഷിക്ക് അനുകൂലമാണ്. കൂൺ കൃഷിയിലേക്കു ചുവടുവെക്കാൻ ആഗ്രഹിക്കുന്നവർക്കും കൃഷി ആരംഭിക്കാൻ ഇപ്പോൾ നല്ല സമയമാണ്. മികച്ച ഉൽപ്പാദനം ഇപ്പോൾ ലഭിക്കുന്നതിനാൽ മിച്ചം വരുന്ന കൂണുകൾ സംസ്‌കരിച്ച് വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ കൂടി സ്വീകരിക്കുക.
ചെണ്ടുമല്ലി കൃഷി- വളപ്രയോഗം, സംരക്ഷണം
തൈകൾ നട്ടു രണ്ടാഴ്ച്ചയ്ക്കുശേഷം മണ്ട നുള്ളിയതിനെ തുടർന്നു ധാരാളം ചിനപ്പുകൾ വരുന്ന സമയമാണിത്. സെന്റൊന്നിന് യൂറിയ ഒരു കിലോ ഗ്രാം, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് 200 ഗ്രാം എന്നിങ്ങനെ നൽകണം. ഇതേസമയം, ചെടിയുടെ ചുവട്ടിലേക്കു മണ്ണ് അടുപ്പിച്ചു കൊടുക്കേണ്ടതുമാണ്. ചെടികൾ നട്ട് ഒന്നര മാസം ആകുമ്പോഴേക്കും പൂക്കാൻ തുടങ്ങും. പൂമൊട്ടുകൾ വരാൻ തുടങ്ങുന്നതോടെ സമീപം കുറ്റി നാട്ടി കെട്ടിനിർത്തണം. പൂമൊട്ടുകൾ തുരന്നു തിന്നുന്ന പുഴുക്കളുടെ സാന്നിധ്യം കണ്ടാൽ ബ്യൂവേറിയ ബാസിയാന എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സോപ്പുലായനി കൂടി ചേർത്തു തളിച്ചുകൊടുത്തു കീടനിയന്ത്രണം നടപ്പാക്കാം. പുഴുക്കളുടെ ശല്യം രൂക്ഷമായാൽ കൊറോജൻ എന്ന കീടനാശിനി ഒരു മില്ലി ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ച് കീടനിയന്ത്രണം ഉറപ്പാക്കാം. ആവശ്യാനുസരണം ജലസേചനം ചെടികൾക്കു കൃത്യമായി നൽകുക. തലപ്പുനുള്ളിയതിനുശേഷം ഇടയ്ക്ക് 19:19:19 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചുകൊടുക്കുക. ചെടികൾ നട്ട് രണ്ടര മാസംവരെ പൂക്കൾ ലഭിക്കും.
കമ്പോസ്റ്റ് കുഴികൾ തയ്യാറാക്കാം
നിലവിലത്തെ സാഹചര്യത്തിൽ മണ്ണിന്റെ ജലസംഭരണ ശേഷി വർധിപ്പിക്കാനും ജൈവാംശം വർധിപ്പിക്കാനും ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് വീട്ടുവളപ്പിലും കൃഷിയിടങ്ങളിലും കമ്പോസ്റ്റ് കുഴികൾ ഒരുക്കി ജൈവവളം നിർമ്മിക്കുന്നത്. കമ്പോസ്റ്റ് ഉപയോഗിക്കുന്ന മണ്ണിൽ കൂടുതൽ ഈർപ്പം നിലനിർത്തുന്നതിനാൽ വരൾച്ചയെ ഒരു പരിധി വരെ അതിജീവിക്കാൻ വിളകൾക്ക് കഴിയും. കൂടാതെ മണ്ണിന്റെ ഘടന മെച്ചപ്പെടുകയും സൂക്ഷ്മജീവികളുടെ പ്രവർത്തനം വർധിപ്പിക്കുകയും ചെയ്യുന്നു.
കമ്പോസ്റ്റ് കുഴിയുടെ വലിപ്പം
സാധാരണ വീട്ടുവളപ്പിലും ചെറുകിട കൃഷിയിടങ്ങൾക്കും 1.5 മീറ്റർ നീളം, ഒരു മീറ്റർ വീതി, ഒരു മീറ്റർ ആഴം (ഏകദേശം 5X3X3 അടി) അളവിലുള്ള കുഴി മതിയാകും. ആവശ്യാനുസരണം കുഴിയുടെ നീളം കൂട്ടാമെങ്കിലും ആഴം ഒരു മീറ്ററിൽ നിലനിർത്തുന്നതാണ് നല്ലത്. വെള്ളക്കെട്ട് ഉണ്ടാകാത്ത തണൽ ലഭിക്കുന്ന സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്.
കമ്പോസ്റ്റ് തയ്യറാക്കുന്ന വിധം
കുഴിയുടെ അടിയിൽ ചെറിയ ചില്ലകളോ ഉണങ്ങിയ ഇലകളോ വിരിച്ച് വായു സഞ്ചാരത്തിന് സൗകര്യം ഒരുക്കാം. തുടർന്ന് വിളവെടുത്ത ശേഷമുള്ള സസ്യാവശിഷ്ടങ്ങൾ, കളകൾ, ഓല, കരിയില, ചാണകം ഇവ മാറി മാറി അടുക്കുകളായി നിക്ഷേപിക്കണം. ഓരോ അടുക്കിലും അല്പം മണ്ണോ കമ്പോസ്‌റ്റോ ചേർത്തുകൊടുക്കുന്നതു സൂക്ഷ്മജീവികളുടെ പ്രവർത്തനം വേഗത്തിലാക്കും. ആവശ്യത്തിന് ഈർപ്പം നിലനിർത്താൻ ഇടയ്ക്കിടെ കുഴിയിൽ വെള്ളം തളിച്ചുകൊടുക്കണം. എന്നാൽ, അമിതമായി വെള്ളം ഒഴിച്ച് കുഴി നിറയാൻ പാടില്ല. തെങ്ങോല, ടാർപോളിൻഷീറ്റ് (വശങ്ങളിൽ ചെറിയ വായുസഞ്ചാരത്തിന് ഇടനൽകണം) ഉപയോഗിച്ച് മേൽമൂടിയുള്ള കമ്പോസ്റ്റാണ് ഉത്തമം.
ഏകദേശം 20-30 ദിവസത്തിൽ ഒരിക്കൽ കമ്പോസ്റ്റ് ഇളക്കികൊടുക്കുന്നത് വായുസഞ്ചാരം വർധിപ്പിക്കുകയും വിഘടനം വേഗത്തിലാക്കുകയും ചെയ്യും. സാധരണയായി 90-120 ദിവസത്തിനുള്ളിൽ ഇരുണ്ട തവിട്ടുനിറവും മണ്ണിന്റെ ഗന്ധവുമുള്ള നല്ല കമ്പോസ്റ്റ് തയ്യറാകും.
Content Highlights: How to Protect Your Crops from El Niño and Rising Temperatures
Published: 01 Aug 2026, 11:00 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented