
കേരളത്തിൽ വേനലിന്റെ തീവ്രത അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന മാസമാണ് മേയ്. എന്നാൽ കത്തുന്ന ചൂടിനെക്കാൾ ഉപരിയായി, വരാനിരിക്കുന്ന മഴക്കാലത്തിനായുള്ള വൻ മുന്നൊരുക്കങ്ങൾ നടത്തേണ്ട നിർണ്ണായകമായ കാലഘട്ടമാണിതെന്ന് ഓരോ കർഷകനും തിരിച്ചറിയണം. മഴവെള്ളം വെറുതെ ഒഴുകിപ്പോകാതെ മണ്ണിലേക്ക് ആഴ്ന്നിറക്കി ഭൂഗർഭ ജലനിരപ്പ് ഉയർത്താനുള്ള മഴക്കുഴികളും ജലസംഭരണികളും ഒരുക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്; മണ്ണ് വരണ്ട അവസ്ഥയിലായതിനാൽ കുഴികൾ അനായാസം നിർമ്മിക്കാൻ ഈ സമയത്ത് സാധിക്കും.നെൽകൃഷിക്ക് നിലമൊരുക്കുന്നത് മുതൽ ഇഞ്ചി, മഞ്ഞൾ, തെങ്ങ്, വാഴ തുടങ്ങിയ വൈവിധ്യമാർന്ന വിളകൾക്ക് ആവശ്യമായ പരിചരണം നൽകുന്നതിലൂടെ വരാനിരിക്കുന്ന സീസണിൽ മികച്ച വിളവ് ഉറപ്പാക്കാൻ സാധിക്കും. മണ്ണൊലിപ്പ് തടയാനും മണ്ണിന്റെ ജൈവികത വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ ജലസംരക്ഷണ മാർഗ്ഗങ്ങൾ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങൾ കുറയ്ക്കാനും കൃഷി കൂടുതൽ ലാഭകരമാക്കാനും സഹായിക്കുന്നു. മെയ് മാസത്തെ കൃഷി പരിപാലനം എങ്ങനെയെന്ന് അറിയാം.
മഴവെള്ളം ഫലപ്രദമായി ഉപയോഗിക്കാൻ മഴക്കുഴികളും ജലസംഭരണികളും ഇപ്പോൾ ഒരുക്കാം. മണ്ണ് വരണ്ട അവസ്ഥയിലായതിനാൽ മഴക്കുഴികൾ അനായാസം തുറക്കാൻ സാധിക്കും. ഇതോടൊപ്പം കൃഷിയിടങ്ങളിലെ ചെറുകുളങ്ങൾ, മറ്റു ജലസംഭരണികൾ എന്നിവയുടെ ശുചീകരണവും സംരക്ഷണവും ഇപ്പോൾ നടത്താം. ആദ്യമഴയ്ക്കു മുമ്പ് ഈ സംവിധാനങ്ങൽ സജ്ജമാക്കുക വഴി ജലക്ഷാമം കുറയ്ക്കാൻ വലിയ സഹായകരമാവും.
നേട്ടങ്ങൾ: മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിനാൽ ഭൂഗർഭ ജലനിരപ്പ് ഉയരുന്നു. ഇതുവഴി കിണറുകളിലേയും ജലാശയങ്ങളിലേയും ജലലഭ്യത വർധിക്കും.
മഴവെള്ളം നേരിട്ട് ഒഴുകിപ്പോകാതെ കുഴികളിൽ സംഭരിക്കുന്നതിനാൽ മണ്ണൊലിപ്പ് ഒരു പരിധി വരെ തടയാം. കൂടാതെ, മണ്ണിലെ ഈർപ്പം നിലനിർത്താനും അതുവഴി മണ്ണിന്റെ ജൈവികത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതോടൊപ്പം വളപ്രയോഗവും കൂടുതൽ ഫലപ്രദമാക്കാം. ജലലഭ്യത കൂടുന്നതിനാൽ ചെടികളുടെ ശരിയായ വളർച്ചയ്ക്കും അതുവഴി മികച്ച വിളവ് ലഭ്യമാക്കുന്നതിനും വഴിയൊരുക്കും. ചെറുകുളങ്ങളിൽ മത്സ്യകൃഷി സാധ്യമാക്കി മികച്ച അധിക വരുമാനം എന്നതും കർഷകർക്ക് ആശ്വാസമാകും. ഇപ്രകാരം ശരിയായ ജലസംരക്ഷണ മാർഗങ്ങളിലൂടെ സുസ്ഥിര കൃഷി കൈവരിക്കാം.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മഴയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാണ്. ഈ സാഹചര്യത്തിൽ മഴവെള്ള സംഭരണത്തിന്റെയും മഴക്കുഴികളുടെയും പ്രാധാന്യം വർധിച്ചിരിക്കുന്നു. അതായത് കനത്ത മഴയും നീണ്ട വരൾച്ചയും ഇതിന്റെ പരിണിതഫലമാണ്. ലഭിക്കുന്ന മഴവെള്ളം പരമാവധി സംഭരിച്ച് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഘാതങ്ങൾ ഒരു പരിധി വരെ കുറച്ച് കൃഷി കൂടുതൽ ലാഭകരമാക്കാം.
നെല്ല്
നെൽകൃഷിയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാം. വയൽ ഉഴുത് നിലം ഒരുക്കി മണ്ണിന്റെ അമ്ലത കുറയ്ക്കുന്നതിനായി ആവശ്യമായ അളവിൽ കുമ്മായം ചേർക്കണം. സാധാരണയായി ഒരു ഹെക്ടറിന് 200-500 കിലോ വരെ കുമ്മായം ഉപയോഗിക്കാം. എന്നാൽ, മണ്ണു പരിശോധന പ്രകാരമേ കൃത്യമായ അളവു നിശ്ചയിക്കാൻ കഴിയൂ. തുടർന്ന് ജൈവവളങ്ങളും പച്ചിലവളങ്ങളും ചേർത്തുകൊടുക്കാം. പൊടിവിത തുടരാം. ജൈവവളം 5-7 ടൺ ഹെക്ടറിനു ചെയ്യുന്നത് മണ്ണിന്റെ ഘടനയും ഉർവ്വരതയും വർധിപ്പിക്കുന്നു. റോട്ടവേറ്റർ എന്ന ഉപകരണം ട്രാക്ടറിൽ ഘടിപ്പിച്ച് അവസാനത്തെ പൂട്ടിന് ഉപയോഗിക്കുന്നത് കണ്ടം നല്ല പൊടിപ്പരുവമാക്കാൻ സഹായിക്കും. വിത്ത് വിതയ്ക്കുകയോ വിതയന്ത്രം ഉപയോഗിച്ച് നുരിയിടുകയോ ചെയ്യാം. 30-35 കിലോ ഗ്രാം വിത്ത് ഒരേക്കറിൽ വിതയ്ക്കുന്നതിന് ആവശ്യമാണ്. നുരിയിടുന്നതിന് 25 കിലോ ഗ്രാം വിത്ത് ആവശ്യമായി വരും. വിരിപ്പ് കൃഷിയിൽ ഹ്രസ്വകാല ഇനങ്ങൾക്ക് ചതുരശ്ര മീറ്ററിൽ 67 നുരികളെങ്കിലും ഉണ്ടായിരിക്കണം. സ്യൂഡോമോണസ് 10 ഗ്രാം ഒരു കിലോ ഗ്രാം വിത്തിന് എന്ന തോതിൽ കൂടിക്കലർത്തി 12-14 മണിക്കൂറിനുശേഷം വിതച്ചാൽ വിത്തിൽക്കൂടി പകരുന്ന തവിട്ടു പുള്ളിക്കുത്ത്, ബ്ലാസ്റ്റ് എന്നീ രോഗങ്ങൾ ചെറുപ്രായത്തിൽ വരുന്നതു തടയാം.
വിരിപ്പുകൃഷിക്കായി വിത്ത് തിരഞ്ഞെടുക്കുമ്പോൾ പ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഇനങ്ങൾ തിരഞ്ഞെടുക്കുന്നതു നിർണായകമാണ്. രണ്ട് വിള എടുക്കുന്ന കണ്ടങ്ങളിൽ വിരിപ്പിനു മൂപ്പു കുറഞ്ഞ മനുരത്‌ന, ജ്യോതി, കാഞ്ചന, മട്ട ത്രിവേണി, വർഷ, ഹർഷ എന്നിവയും ഇടത്തരം മൂപ്പുള്ള ഉമ, ഐശ്വര്യ, ജയ എന്നിവയും യോജിക്കും. മലപ്പുറം, പാലക്കാട് നിലങ്ങളിൽ വിരിപ്പിനു പൊടിവിതയ്ക്കു യോജിച്ച ഇനമാണ് സംയുക്ത.
വിരിപ്പുകൃഷിക്കു നടുന്നതിനു പൊടിമണ്ണിൽ ഞാറ്റടി തയ്യാറാക്കാം. ഇതിനായി നന്നായി മഴ കിട്ടിക്കഴിഞ്ഞാൽ നിലം ഉഴുതു പൊടിക്കണം. നല്ല സൂര്യപ്രകാശവും ജലസേചന സൗകര്യവും വളക്കൂറുമുള്ള സ്ഥലം ഞാറ്റടിക്കായി തിരഞ്ഞെടുക്കണം. ഒന്ന്-ഒന്നര മീറ്റർ വീതിയും 5-10 സെന്റി മീറ്റർ ഉയരവുമുള്ള ഞാറ്റടിത്തടങ്ങൾ തയ്യാറാക്കണം. ഒരു ചതുരശ്ര മീറ്ററിന് ഒരു കിലോ ഗ്രാം വീതം ഉണക്കിപ്പൊടിച്ച ചാണകമോ കമ്പോസ്‌റ്റോ ചേർക്കാം. 25 കിലോ ഗ്രാം വിത്ത് പാകിയാൽ ഒരേക്കറിനു പറിച്ചുനടാൻ ആവശ്യമായ ഞാറ് ലഭിക്കും. മഴയില്ലെങ്കിൽ ഞാറ്റടി രണ്ടു ദിവസത്തിലൊരിക്കൽ നനയ്ക്കണം.
തെങ്ങിനു ജലസേചനം: ഓരോ തെങ്ങിനും ആഴ്ച്ചയിൽ 2-3 തവണ ജലസേചനം നൽകണം. തുള്ളിനന സമ്പ്രദായം ഉണ്ടെങ്കിൽ ദിവസേന 40-50 ലിറ്റർ വെള്ളം നൽകാം. തെങ്ങിനു ചുറ്റും വൃത്താകൃതിയിൽ തടം തുറന്ന് തെങ്ങോല, കരിയില, മറ്റു പാഴിലകൾ എന്നിവ ഉപയോഗിച്ച് മൾച്ചിങ് ചെയ്യുക. ഇതു മണ്ണിലെ ഈർപ്പം നിലനിർത്തുകയും താപനില കുറയ്ക്കുകയും ചെയ്യും. കൂടാതെ, കളവളർച്ച കുറയാനും സഹായിക്കും.
വളപ്രയോഗം: ജലസേചനം നൽകുന്ന തോട്ടങ്ങളിൽ തെങ്ങൊന്നിന് കാലിവളം/കമ്പോസ്റ്റ് 20-25 കിലോ ഗ്രാം ചേർക്കുന്നതു മണ്ണിൽ ജൈവാംശം വർധിപ്പിക്കുന്നതിനു സഹായിക്കും. കൂടാതെ, ശുപാർശ പ്രകാരമുള്ള രാസവളത്തിന്റെ രണ്ടാം ഘട്ടവും നൽകാവുന്നതാണ്. യൂറിയ, രാജ്‌ഫോസ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 350 ഗ്രാം, 650 ഗ്രാം 670 ഗ്രാം എന്നിങ്ങനെ നൽകാം. വളപ്രയോഗം നടത്തിയതിന് ശേഷം നന്നായി നന നൽകണം.
കീടരോഗ നിരീക്ഷണം: കൊമ്പൻചെല്ലി, ചെമ്പൻചെല്ലി, തെങ്ങോലപ്പുഴു എന്നിവയുടെ ആക്രമണത്തിനെതിരെ ജാഗ്രത ഉണ്ടാവണം. ചെമ്പൻ ചെല്ലിയുടെ ആക്രമണം തടയാൻ മരത്തിൽ മുറിവുണ്ടാക്കുന്നത് ഒഴിവാക്കുക. പച്ചമടലുകൾ തടിയിൽനിന്ന് 120 സെന്റി മീറ്റർ അകലത്തിൽ വെട്ടണം. കൊമ്പൻചെല്ലി മുട്ടയിട്ടു പെരുകുന്ന ചാണകക്കുഴികൾ, കമ്പോസ്റ്റ് കുഴികൾ എന്നിവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക.
പൊടിരൂപത്തിലുള്ള മെറ്റാറൈസിയം ഒരു കിലോ ഗ്രാം 20-25 കിലോ ഗ്രാം ചാണകവുമായി നന്നായി ഇളക്കി കുഴിയുടെ മുകളിലും ഉള്ളിലും സമമായി വിതറുക. ഈർപ്പം നിലനിർത്തുകയും വേണം. 10-15 ദിവസത്തിലൊരിക്കൽ കുഴി നന്നായി ഇളക്കണം. കൊമ്പൻചെല്ലിയെ നിയന്ത്രിക്കാൻ ഇതു വളരെ ഫലപ്രദമാണ്. തെങ്ങിന്റെ ഏറ്റവും ഉള്ളിലെ മൂന്ന് ഓലക്കവിളുകളിൽ നാഫ്തലീൻ ഉണ്ടകൾ(12 ഗ്രാം) ഇടുന്നത് ചെല്ലികളുടെ ആക്രമണം തടയാൻ സഹായിക്കും.
ഇഞ്ചി, മഞ്ഞൾ നടീൽകാലം
മേയ് അവസാനം മുതൽ ആദ്യമഴ തുടങ്ങുന്ന സമയമാണ് ഇഞ്ചി നടാൻ ഏറ്റവും അനുയോജ്യം. ഇഞ്ചി കൃഷിക്ക് നല്ല നീർവാഴ്ച്ചയുള്ള പശിമരാശി മണ്ണാണു തിരഞ്ഞെടുക്കേണ്ടത്. കേരള വിപണിയിൽ നല്ല ഡിമാന്റ് ഉള്ള വരദ, മഹിമ, രജത എന്നീ ഇനങ്ങൾ നടാൻ തിരഞ്ഞെടുക്കാം. ആരോഗ്യമുള്ളതും രോഗബാധ ഇല്ലാത്തതുമായ 20-25 ഗ്രാം ഭാരം വരുന്നതും 2-3 മുകുളങ്ങൾ ഉള്ളതുമായ വിത്തിഞ്ചി വേണം നടേണ്ടത്. നടുന്നതിനു മുമ്പായി ട്രൈക്കോഡർമ, സ്യൂഡോമോണസ് ലായനിയിൽ മുക്കുന്നതു രോഗങ്ങൾ തടയാൻ സഹായിക്കും. ട്രൈക്കോഡർമ 10-20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് നടുന്നതിനു മുമ്പായി 30 മിനിറ്റു നേരം മുക്കിവെക്കണം. അതിനുശേഷം 3-4 മണിക്കൂർ തണലിൽ ഉണക്കിയതിനു ശേഷം നടാവുന്നതാണ്.
നടീൽ നലമൊരുക്കൽ: നിലം 2-3 തവണ കിളച്ചു കട്ടകൾ ഉടച്ചു പൊടിയാക്കണം. ശേഷം ഒരു മീറ്റർ വീതിയിലും 20-25 സെന്റി മീറ്റർ ഉയരത്തിലും ബെഡുകൾ തയ്യാറാക്കുക. ചാലുകളിൽക്കൂടി വെള്ളം വാർന്നുപോകുന്നത് ഉറപ്പാക്കുക. അല്ലാത്തപക്ഷം, ഇഞ്ചിവിത്ത് ചീഞ്ഞുപോവാൻ ഇടയാകും. 20-25 സെന്റി മീറ്റർ അകലത്തിലാണ് ഇഞ്ചിവിത്ത് നടേണ്ടത്. 5-6 സെന്റി മീറ്റർ ആഴത്തിൽ നടാൻ പ്രത്യേക ശ്രദ്ധ വേണം. നടീൽസമയത്തു നന്നായി ഉണങ്ങിപ്പൊടിഞ്ഞ ചാണകം 2-3 ടൺ ഒരേക്കറിനെന്ന അളവിൽ ചേർത്തു കൊടുക്കണം. കൂടാതെ, വേപ്പിൻപിണ്ണാക്ക് ഏക്കറിന് 100- 200 കിലോ ഗ്രാം ഏക്കറിന് നൽകണം. നട്ടതിനുശേഷം ഉണങ്ങിയ ഇലകൾ ഉപയോഗിച്ചു പുതയിട്ടു കൊടുക്കുക. നട്ടതിനുശേഷം മഴ ലഭിച്ചില്ലെങ്കിൽ 3-4 ദിവസം ഇടവിട്ടു നനച്ചു കൊടുക്കണം.
മഞ്ഞൾ കൃഷിക്കും ആരംഭകാലമാണിത്. ഇഞ്ചി കൃഷിയിൽനിന്നു വ്യത്യസ്തമായി തണൽ ഒഴിവായ, നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങൾ വേണം നടാൻ തിരഞ്ഞെടുക്കേണ്ടത്. കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും ഏറ്റവും യോജിച്ച ഇനങ്ങളായ പ്രതിഭ, സുഗുണ, സുദർശന എന്നീ ഇനങ്ങൾ നടാൻ തിരഞ്ഞെടുക്കാം. നിലമൊരുക്കൽ, നടീൽ, ജൈവവളപ്രയോഗം എന്നിവ ഇഞ്ചികൃഷിയിൽനിന്നു വലിയ വ്യത്യാസമില്ലാതെ പ്രാവർത്തികമാക്കാം.
നാടൻ പച്ചക്കറികൾക്ക് തുടർ സംരക്ഷണം
രാവിലെയും വൈകുന്നേരവും നന തുടരാം. നട്ട പച്ചക്കറികൾക്കു മേൽവളം നൽകാം. ജൈവകൃഷിരീതി അവലംബിക്കുന്ന തോട്ടങ്ങളിൽ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ ഓരോ കിലോ ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ അഞ്ച് ദിവസം പുളിപ്പിച്ച ശേഷം ഇരട്ടി നേർപ്പിച്ച് ആഴ്ച്ചയിലൊരിക്കൽ തടങ്ങളിൽ ഒഴിച്ചു കൊടുക്കുക.
രാസവളം നൽകേണ്ടത് സെന്റ് ഒന്നിന്(ഗ്രാമിൽ)
| ഇനം | യൂറിയ | രാജ്‌ഫോസ് | മ്യൂറേറ്റ് ഓഫ് പൊട്ടാഷ് |
| ചീര | 435 | 1100 | 330 |
| വെണ്ട | 400 | 240 | 200 |
| പയർ | 174 | 750 | 67 |
| കത്തിരി വഴുതന തക്കാളി മുളക് | 652 | 850 | 165 |
| വെള്ളരി പടവലം | 600 | 625 | 167 |
ചീരയ്ക്കു മുകളിൽ പറഞ്ഞിരിക്കുന്നതു കൂടാതെ, ഓരോ വിളവെടുപ്പിനു ശേഷവും 1% യൂറിയ തളിച്ചു നൽകാം. എല്ലാ വിളകൾക്കും ഫോസ്ഫറസ് അടിവളമായും യൂറിയ, പൊട്ടാഷ് എന്നിവ രണ്ടോ മൂന്നോ തവണകളായും നൽകണം.
കീടനിയന്ത്രണം പ്രധാനം
പുഴു, ഈച്ച, വണ്ട്, നീരൂറ്റി കുടിക്കുന്ന കീടങ്ങൾ എന്നിവയുടെയെല്ലാം ആക്രമണം പച്ചക്കറികളിൽ സാധാരണയാണ്. വേപ്പധിഷ്ഠിത കീടനാശിനിയായ അസാഡിറക്ടിൽ 1% 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കുന്നതു വളരെ ഫലപ്രദമാണ്. മേയ് മാസം പച്ചക്കറികൾ നടാനും അനുയോജ്യമാണ്.
ഫെറോമോൺ ട്രാപ്പുകൾ ഉപയോഗിച്ച്(Cuelure 15 എണ്ണം ഒരു ഹെക്ടറിന്) നിയന്ത്രിക്കാം. കൃഷിയിടത്തിൽ മഞ്ഞ, നീല കെണികൾ ഉപയോഗിക്കുന്നത് വെള്ളീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാൻ ഇടയാക്കും. ജൈവകീടനാശിനികളായ ബ്യുവേറിബാസിയായ, ലെക്കാനിസീലിയം എന്നിവ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് പച്ചക്കറിയിലെ പുഴുക്കൾ, വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, മിലിബഗ് എന്നീ കീടങ്ങളെ നിയന്ത്രിക്കാം. കീടാക്രമണത്തിന്റെ പ്രാംരംഭദശയിൽത്തന്നെ ഇവ പ്രയോഗിക്കണം. കീടങ്ങളുടെ ആക്രമണം നിയന്ത്രണവിധേയമായില്ലെങ്കിൽ മാത്രം രാസകീടനാശിനികൾ പ്രയോഗിച്ചാൽ മതിയാകും. തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമായാൽ ഫ്‌ളൂബെൻഡയമൈഡ് 480 sc ഒരു മില്ലി ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ചു തളിച്ചു നിയന്ത്രിക്കാം. മുളക്, വഴുതന, വെള്ളരി, തക്കാളി എന്നിവയിലെ നീരൂറ്റി കുടിക്കുന്ന കീടങ്ങൾക്കെതിരെ ഒബറോൺ 0.8 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചു കൊടുക്കാം.
ചീരയുടെ ഇലപ്പുള്ളി രോഗത്തിനെതിരെ സ്യൂഡോമോണസ് തളിക്കാം(20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ). കൂടാതെ, നാല് ഗ്രാം മഞ്ഞൾപ്പൊടി, ഒരു ഗ്രാം അലക്കുകാരം, അൽപ്പം കായം എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ചു തളിച്ചും ഇലപ്പുള്ളി രോഗത്തെ നിയന്ത്രിക്കാം.
എല്ലാത്തരം പച്ചക്കറികൾക്കും മത്തി-ശർക്കര മിശ്രിതം തളിച്ചുകൊടുക്കുന്നത് ഏറെ ഉത്തമമാണ്. ഇതു കീടങ്ങളെ അകറ്റി നിർത്തുന്നതിനൊപ്പം പൂക്കളുടെയും കായ്കളുടെയും എണ്ണവും ഗുണമേന്മയും വർധിപ്പിക്കുന്നു. കൂടാതെ, ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. 2 മില്ലി ലിറ്റർ മത്തി-ശർക്കര മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളുടെ ഇലകളിലും തണ്ടുകളിലും 15 ദിവസത്തെ ഇടവേളകളിൽ തളിക്കാം.
ജാതി, ഗ്രാമ്പൂ- വേനൽസംരക്ഷണം, ജലനിയന്ത്രണം
മേയ് മാസം കേരളത്തിൽ പൊതുവേ ചൂടും വരണ്ടതുമായ കാലാവസ്ഥയാണ്. ഈ സമയത്ത് ജാതിക്കും ഗ്രാമ്പൂവിനും ശരിയായ പരിചരണം ആവശ്യമാണ്. പരിചരണം നൽകാത്തപക്ഷം പുഷ്പിക്കൽ, കായ്പിടിത്തം, വിളവ് എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാം. ജലനിയന്ത്രണം, വളപ്രയോഗം, പുതയിടീൽ എന്നിവ ഇപ്പോൾ പ്രധാനം തന്നെ. മഴയ്ക്കു മുന്നോടിയായി വെള്ളക്കെട്ട് ഒഴിവാക്കാൻ ചാലുകൾ എടുക്കണം.
ജാതിക്ക് 5-7 ദിവസത്തിലൊരിക്കൽ മിതമായ ജലസേചനം ഉചിതം. എന്നാൽ, ഗ്രാമ്പൂവിനാകട്ടെ 3-5 ദിവസത്തിലൊരിക്കൽ നന നൽകണം. ജാതിക്ക് ചാണകം/കമ്പോസ്റ്റ് 5-10 കിലോ ഗ്രാം, യൂറിയ 220 ഗ്രാം, സൂപ്പർ ഫോസ്‌ഫേറ്റ് 250 ഗ്രാം, പൊട്ടാഷ് 230 ഗ്രാം എന്ന അളവിൽ നൽകാം. ഗ്രാമ്പൂവിന് യൂറിയ, സൂപ്പർ ഫോസ്‌ഫേറ്റ്, പൊട്ടാഷ് എന്നിവ യഥാക്രമം 260 ഗ്രാം, 375 ഗ്രാം, 230 ഗ്രാം വീതം നൽകാം. ഇത് എട്ടു വർഷത്തിനു മുകളിൽ പ്രായമുള്ള ചെടികൾക്കു നൽകാവുന്ന അളവാണ്. എട്ടു വർഷത്തിൽ താഴെ പ്രായമുള്ള ചെടികൾക്കു മതിയായ അളവിൽ രാസവള പ്രയോഗം നടത്തണം. വേനൽമഴയുടെ മുന്നോടിയായി ജൈവവള പ്രയോഗവും നടത്താം.
ഏലത്തിന് പുതയിടാം, മഴക്കാല മുന്നൊരുക്കങ്ങളും
ഏലത്തോട്ടത്തിൽ മണ്ണു പൂർണമായും ഉണങ്ങാൻ അനുവദിക്കരുത്. ലഘുനന നൽകുന്നത് ഉത്തമം. കൂടാതെ, ചുവട്ടിൽ പുതയിട്ടു നൽകാം. മിതമായ അളവിൽ രാസവളങ്ങൾ(NPK) നൽകുന്നതിലൂടെ ചെടിയുടെ ശരിയായ വളർച്ചയും പൂവിടലും ഉറപ്പാക്കാം. ഇലപ്പേൻ, മുഞ്ഞ, ശൽക്കകീടങ്ങൾ തുടങ്ങിയ സാധാരണ കീടങ്ങളെ നിയന്ത്രിക്കാൻ വേപ്പെണ്ണ 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളം എന്ന അളവിൽ തളിച്ചു കൊടുക്കാം. ഇതു വളരെ സുരക്ഷിതവും ഫലപ്രദവുമാണ്. ഏലച്ചെടികളെ ബാധിക്കുന്ന കുമിൾ രോഗങ്ങൾക്കെതിരെ 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കാം. ഉണങ്ങിയ ഇലകൾ നീക്കം ചെയ്യുന്നതു മറ്റ് ഇലകളുടെ പുഷ്ടി വർധിപ്പിക്കും.
വാഴയ്ക്ക് മൾച്ചിങ് ഫലപ്രദം, മഴക്കാല മൂന്നൊരുക്കം
വാഴക്കന്ന്/തൈ നട്ടതിനു ശേഷമുള്ള ആദ്യമാസങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കണം. വാഴത്തോട്ടങ്ങളിൽ തുള്ളിനന രീതി വളരെ ഫലപ്രദമാണ്. ഒപ്പം പ്ലാസ്റ്റിക് പുതയിടീൽകൂടി നടപ്പാക്കിയാൽ പൂർണമായ കളനിയന്ത്രണത്തോടൊപ്പം മണ്ണിലെ താപനില നിയന്ത്രിക്കുന്നതിനും ജലസംരക്ഷണത്തിനും സഹായകമാവും.
കൃത്യമായ വളപ്രയോഗത്തോടൊപ്പം ആവശ്യാനുസരണം സൂക്ഷ്മമൂലകങ്ങളും നൽകണം. കുമിൾ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം. ഇലപ്പുള്ളി രോഗം, സിഗാടോക്ക രോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ മാങ്കോസെബ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഇലകളുടെ മുകളിലും അടിയിലും തളിച്ചു കൊടുക്കുക. ചുവട്ടിൽ അധിക ഈർപ്പം ഒഴിവാക്കാനും ശ്രദ്ധ വേണം. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് കടചീയൽ രോഗത്തെ പ്രതിരോധിക്കും.
ഒരു വാഴയ്ക്ക് ആവശ്യമായ രാസവള പ്രയോഗം(ഗ്രാമിൽ)
| ഇനം | യൂറിയ | രാജ്‌ഫോസ് | മ്യൂറേറ്റ് ഓഫ് പൊട്ടാഷ് |
| ഒന്ന് | 87 | 361 | 96 |
| രണ്ട് | 65 | 278 | 100 |
| മൂന്ന് | 65 | 100 | |
| നാല് | 65 | 60 | |
| അഞ്ച് | 65 | 60 | |
| കുലച്ചതിന് ശേഷം | 65 |
കീടനിയന്ത്രണത്തിനായി ബ്യുവേറിയ ബാസിയാന 5 ഗ്രാം/ഒരു ലിറ്റർ വെള്ളം എന്ന ആളവിൽ 10-15 ദിവസം ഇടവിട്ടു തളിച്ചു കൊടുക്കാം. 10 ഗ്രാം/ഒരു ലിറ്റർ വെള്ളം എന്ന അളവിൽ കലർത്തി തടത്തിൽ ഒഴിച്ചുകൊടുത്ത് മാണപ്പുഴുവിനെ നിയന്ത്രിക്കാം. മഴയ്ക്കു മുന്നോടിയായി വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ചാലുകൾ വൃത്തിയാക്കി നീർവാഴ്ച്ച ഉറപ്പാക്കണം. ഒപ്പം തോട്ടം ശുചിയായി സൂക്ഷിക്കുക.
മാമ്പഴക്കാലം- ഹോട്ട് വാട്ടർ ട്രീറ്റ്‌മെന്റ് ഫലപ്രദം
മാങ്ങ വിളവെടുത്തതിനു ശേഷം ഗുണമേന്മ നിലനിർത്താനും കായീച്ച പോലുള്ള കീടങ്ങളുടെ മുട്ടകളും രോഗാണുക്കളും നിയന്ത്രിക്കാനും ഹോട്ട് വാർട്ട് ട്രീറ്റ്‌മെന്റ് വളരെ ഫലപ്രദമായ ഒരു ശാസ്ത്രീയമാർഗമാണ്. 50-55 ഡിഗ്രി സെൽഷ്യസ് ചൂടുള്ള വെള്ളത്തിൽ മാങ്ങകൾ 10 മിനിറ്റ് വരെ മുക്കിവെക്കുക. തുടർന്ന് മാങ്ങകൾ ശുദ്ധജലത്തിൽ കഴുകി തണലിൽ ഉണക്കണം. ഇപ്രകാരം തയ്യാറാക്കിയ മാങ്ങകളുടെ തൊലിപ്പുറത്തുള്ള കീടങ്ങളുടെ മുട്ടകൾ, ഫംഗസ് സ്‌പോറുകൾ എന്നിവ നീക്കം ചെയ്യപ്പെടുന്നു. ഇതു പഴങ്ങളുടെ സംഭരണായുസ് വർധിപ്പിക്കുകയും പഴുക്കുന്നതിനും സഹായകമാവുന്നു.
മാവുകൾക്ക് സംരക്ഷണം
മഴക്കാലത്തിനു മുന്നോടിയായി തോട്ടത്തിൽ ശുചീകരണം നടത്തുകയും ഉണങ്ങിയതും രോഗബാധിതവുമായ കൊമ്പുകൾ മുറിച്ച് നീക്കം ചെയ്യുകയും വേണം. മാവിൻചുവട്ടിൽ മണ്ണിളക്കി ജൈവവളം ചേർക്കുന്നത് വേരുകളുടെ ആരോഗ്യത്തിനും മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. മഴവെള്ളം കാര്യക്ഷമമായി സംഭരിക്കാൻ മഴക്കുഴികൾ തയ്യാറാക്കുന്നതും ഫലപ്രദമാണ്. കീടങ്ങളുടെ സാന്നിധ്യം നിരന്തരം നിരീക്ഷിക്കുകയും നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുക. മാവിൻചുവട്ടിൽ വീണുകിടക്കുന്ന മാമ്പഴങ്ങൾ ശേഖരിച്ചു നശിപ്പിച്ചു കളയുന്നത് കായീച്ചകളുടെ വ്യാപനം കുറയ്ക്കും. ആന്ത്രാക്‌നോസ്, പൗഡറി മിൽഡ്യൂ എന്നീ രോഗങ്ങൾ കാണുന്നപക്ഷം കോപ്പർ ഓക്‌സിക്ലോറൈഡ് 3 ഗ്രാം- ഒരു ലിറ്റർ വെള്ളം(ആന്ത്രാക്‌നോസ് രോഗം), വെറ്റബിൾ സൾഫർ 2 ഗ്രാം- ഒരു ലിറ്റർ വെള്ളം(പൗഡറി മിൽഡ്യൂ) എന്ന അളവിലും തളിച്ചു കൊടുക്കാം. തളിക്കുമ്പോൾ ഇലകളുടെ അടിഭാഗവും മുകൾഭാഗവും നന്നായി നനയത്തക്ക വിധത്തിൽ പ്രയോഗിക്കണം. തോട്ടത്തിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ചാലുകൾ എടുക്കുക. മഴക്കാലത്തിനു മുമ്പുള്ള ഈ മുൻകരുതലുകൾ മാവിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും അടുത്ത സീസണിലെ മികച്ച വിളവിനും വഴിയൊരുക്കുന്നു.
കുരുമുളക്
മേയ് മാസം തോട്ടങ്ങളിൽ വരൾച്ചയുടെ ആഘാതം കുറയ്ക്കുന്നതിനായി കുരുമുളകു ചെടിയുടെ ചുവട്ടിൽ പുതയിട്ടു കൊടുക്കണം. ഉണക്കയില, പച്ചില, വാഴത്തണ്ട് തുടങ്ങിയവ ഉപയോഗിച്ച് വള്ളിയുടെ ചുറ്റും പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും കളനിയന്ത്രണത്തിനും സഹായിക്കും. കുരുമുളകു ചെടികൾ മിതമായ തണൽ ഇഷ്ടപ്പെടുന്ന ഒരു വിളയായതിനാൽ അധികം തണൽ നൽകുന്ന താങ്ങുമരങ്ങളുടെ കൊമ്പുകൾ ലഘുവായി വെട്ടിമാറ്റണം. ഇതുവഴി സൂര്യപ്രകാശ ലഭ്യതയും വായുസഞ്ചാരവും മെച്ചപ്പെടുത്താം. കൂടാതെ, രോഗസാധ്യതയും കുറയുന്നു.
ജൈവവളപ്രയോഗവും ഇപ്പോൾ നടത്താം. ഒരു ചെടിക്ക് 10-15 കിലോ ഗ്രാം കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റ് നൽകാം. ഇതു തണ്ടിൽനിന്ന് അൽപ്പം അകലം പാലിച്ച് ചുവടിനു ചുറ്റും വിതറി നേരിയ കനത്തിൽ മണ്ണിട്ടു മൂടണം. ട്രൈക്കോഡർമ്മ, സ്യൂഡോമോണസ് എന്നീ ജൈവനിയന്ത്രണ ഉപാധികൾ മണ്ണിൽ ചേർത്തു നൽകുന്നതും വളരെ ഗുണപ്രദമാണ്.
മൂടുചീയൽ, ഇലപ്പുള്ളിരോഗം, ആന്ത്രാക്‌നോസ് എന്നീ കുമിൾരോഗങ്ങൾക്കെതിരെ 1% വീര്യമുള്ള ബോർഡോ മിശ്രിതം ചുവട്ടിൽ ഒഴിച്ചുകൊടുക്കുക കൂടാതെ ചെടിയിൽ തളിച്ചും നൽകണം.
മഴക്കാലത്തിന്റെ തുടക്കം കൂടിയാണ് ഈ മാസം. അതിനാൽ മഴക്കാലപൂർവ ശാസ്ത്രീയ പരിപാലനം തൃത്യമായി നടത്തേണ്ടതുണ്ട്. കുരുമുളകു ചെടികളുടെ ഉണങ്ങിയതും രോഗബാധിതവുമായ വള്ളികൾ, താങ്ങുമരങ്ങളുടെ ശിഖരങ്ങൾ എന്നിവ നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കണം. ഇതു രോഗകീടവ്യാപനം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, താങ്ങുമരങ്ങളുടെ അനാവശ്യശാഖകൾ വെട്ടിമാറ്റി ചെടികൾക്ക് ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കണം. തോട്ടത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ചാലുകൾ എടുക്കുക. ഒപ്പം, മണ്ണൊലിപ്പു തടയാനുള്ള മുൻകരുതലുകളും സ്വീകരിക്കുക.
മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് പുതിയ കുരുമുളകു ചെടികൾ നടുന്നതിനായി തടങ്ങൾ തയ്യാറാക്കാം. 50-50-50 സെന്റി മീറ്റർ വലിപ്പത്തിൽ കുഴികൾ തയ്യാറാക്കുക. പ്രത്യേകം മാറ്റിവെച്ച മേൽമണ്ണിനൊപ്പം ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, റോക്ക് ഫോസ്‌ഫേറ്റ് എന്നിവ ചേർത്തു കുഴികൾ നിറയ്ക്കാം.
വിദേശ പഴവർഗങ്ങൾക്കും മേയ് മാസ പരിചരണം വേണം
കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന എക്‌സോട്ടിക് ഫലവർഗങ്ങളിൽ പ്രധാനപ്പെട്ടതാണ് റംബൂട്ടാൻ, മാൻഗോസ്റ്റീൻ, ഡ്രാഗൺ ഫ്രൂട്ട്, അവക്കാഡോ, ദുരിയൻ, പുലാസാൽ, ലോംഗൻ എന്നിവ. മേയ് അവസാനത്തോടു കൂടി തോട്ടത്തിലെ കളകൾ നീക്കം ചെയ്ത് ശുചിത്വം ഉറപ്പാക്കണം. ഉണങ്ങിയ കൊമ്പുകളും രോഗബാധിത ശാഖകളും നീക്കം ചെയ്യുന്നതു രോഗവ്യാപന സാധ്യത കുറയ്ക്കാൻ സഹായിക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ ചാലുകൾ തുറക്കണം. അവക്കാഡോ, മാൻഗോസ്റ്റീൻ എന്നീ ഫലസസ്യങ്ങളെ വെള്ളക്കെട്ട് വളരെ ദോഷകരമായി ബാധിക്കും.
ഡ്രാഗൺ ഫ്രൂട്ടിനു താങ്ങുകാലുകളും വളയങ്ങളും പരിശോധിച്ച് ബലം ഉറപ്പാക്കുക. കൂടാതെ, ദുർബലമായ ശാഖകളും നീക്കം ചെയ്യണം. അവക്കാഡോ ചെടികളുടെ ഉണങ്ങിയ കൊമ്പുകൾ നീക്കം ചെയ്തും മുകളിലെ ശാഖകൾ ക്രമീകരിച്ചും മികച്ച വായുസഞ്ചാരം ഉറപ്പാക്കണം.
മേയ് മാസത്തിൽ വിദേശ പഴവർഗങ്ങളിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സൂക്ഷ്മമൂലകങ്ങളുടെ അഭാവം ചെടികളിൽ സാധാരണയായി പ്രകടമാകാറുണ്ട് എന്നതാണ്. സിങ്ക്, ബോറോൺ, മഗ്നീഷ്യം, ഇരുമ്പ് കാൽസ്യം തുടങ്ങിയ സൂക്ഷ്മമൂലകങ്ങളുടെ കുറവ് പെട്ടെന്നു പ്രകടമാവാം. ഇലകളിലൂടെ നൽകുന്ന സൂക്ഷ്മമൂലകങ്ങൾ വളരെ വേഗത്തിൽ ചെടി ആഗിരണം ചെയ്യുന്നതിനാൽ മഴക്കാലം ആരംഭിക്കുന്നതിനു മുമ്പു ചെടികൾ ആരോഗ്യം വീണ്ടെടുക്കുന്നു. ഇതുമൂലം മഴക്കാലത്തു കൂടുതൽ കരുത്തുറ്റതാവുകയും പൂക്കളും കായ്കളും മികച്ച രീതിയിൽ ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
Content Highlights: Prepare for the 2026 monsoon season with our May farming guide. Learn essential water conservation tips, crop management, and soil health strategies.
Published: 03 May 2026, 05:40 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented