
ജൂൺ മാസം കേരളത്തിൽ മഴക്കാലത്തിന്റെ തുടക്കമായതിനാൽ കൃഷിയിടപരിപാലനത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മഴയെത്തുന്നതോടൊപ്പം പുതിയ നടീൽ പ്രവർത്തനങ്ങളും ആരംഭിക്കുന്ന സമയമാണിത്. അതിനാൽ കൃഷിയിടം വൃത്തിയായി സൂക്ഷിക്കുകയും മഴക്കാല മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം.
ആദ്യമായി മഴവെള്ളം കെട്ടിനിൽക്കാതിരിക്കാൻ നീർവാർച്ച സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം നിലവിലുള്ള ചാലുകൾ വൃത്തിയാക്കുകയും ചെയ്യുക. മഴ ആരംഭിക്കുമ്പോൾ തന്നെ കൃഷിയിടത്തിൽ ആവശ്യമായ ജലനിർഗ്ഗമന സൗകര്യങ്ങൾ ഒരുക്കുന്നത് ഭാവിയിലെ രോഗബാധ കുറയ്ക്കാൻ സഹായിക്കും. വിളകളിൽ രോഗകീടബാധ ഉണ്ടാകുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കണം. മഴക്കാലമായതിനാൽ ചെടികളിൽ കുമിൾ രോഗങ്ങളും നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. തുടക്കത്തിൽ തന്നെ ആവശ്യമായ പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കണം. കൂടാതെ രോഗബാധിത ഇലകളോ കൊമ്പുകളോ കണ്ടാൽ അവ നീക്കം ചെയ്യുന്നത് ഗുണകരമാകും. മഴയോടൊപ്പം കളകൾ വേഗത്തിൽ വളരാൻ തുടുങ്ങുന്നതിനാൽ സമയബന്ധിതമായി കളകൾ നീക്കം ചെയ്യണം. ജൈവവളങ്ങൾ, കമ്പോസ്റ്റ്, ശുപാർശ പ്രകാരമുള്ള രാസവളങ്ങൾ എന്നിവ പച്ചക്കറി, വാഴ, കിഴങ്ങുവർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയ വിളകൾക്ക് ആവശ്യാനുസരണം നൽകണം. പുതിയ നടീലിന് ഗുണനിലവാരമുള്ള തൈകൾ തിരഞ്ഞെടുക്കുകയും മഴയുടെ തീവ്രത അനുസരിച്ച് ആവശ്യമെങ്കിൽ താങ്ങുകൾ നൽകുകയും വേണം. തെങ്ങ്, വാഴ പച്ചക്കറി തുടങ്ങിയ വിളകളിൽ മണ്ണൊലിപ്പ് ഉണ്ടാകാതിരിയ്ക്കാൻ പുതയിടീൽ നടത്തുന്നതും ഗുണകരമാണ്.
പോളിഹൗസ്, റെയിൻ ഷെൽട്ടർ എന്നിവയ്ക്ക് ചുറ്റും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. അകത്ത് മണ്ണിൽ അധിക ഈർപ്പം ഉണ്ടാകുന്നത് വേരുചീയലിനും കുമിൾ രോഗങ്ങൾക്കും കാരണമാകും. മേൽക്കൂരയ്ക്ക് ചോർച്ചയില്ലെന്ന് ഉറപ്പാക്കണം. ഉള്ളിൽ മികച്ച രീതിയിൽ വായുസഞ്ചാരം ഉണ്ടാകണം. ജലസേചനം ആവശ്യാനുസരണം മാത്രം മതിയാകും.
നെല്ല്
നെൽകൃഷിക്കായി തയ്യാറെടുപ്പ് ആരംഭിക്കാം. വയൽ ഉഴുത് നിലം ഒരുക്കി മണ്ണിന്റെ അമ്ലത കുറയ്ക്കുന്നതിനായി ആവശ്യമായ അളവിൽ കുമ്മായം ചേർക്കണം. സാധാരണയായി ഒരു ഹെക്ടറിന് 200-500കിലോ വരെ കുമ്മായം ഉപയോഗിക്കാം. എന്നാൽ, മണ്ണ് പരിശോധന പ്രകാരമാണ് കൃത്യമായ അളവ് നിശ്ചയിക്കേണ്ടത്. തുടർന്ന് ജൈവവളങ്ങളും പച്ചിലവളങ്ങളും ചേർത്തുകൊടുക്കാം. പൊടിവിത തുടരാം. ജൈവവളം 5-7 ടൺ ഹെക്ടറിന് എന്ന നിരക്കിലും പച്ചിലവളവും മണ്ണിൽ ചേർത്തുകൊടുക്കുന്നത് മണ്ണിന്റെ ഘടനയും ഊർവ്വരതയും വർധിപ്പിക്കുന്നു. റോട്ടവേറ്റർ എന്ന ഉപകരണം ട്രാക്ടറിൽ ഘടിപ്പിച്ച് അവസാനത്തെ പൂട്ടിന് ഉപയോഗിക്കുന്നത് കണ്ടം നല്ല പൊടിപരുവമാകാൻ സഹായിക്കും. വിത്ത് വിതയ്ക്കുകയോ വിതയന്ത്രം ഉപയോഗിക്കുകയോ ചെയ്യാം. 30-35 കിലോ വിത്ത് ഒരു ഏക്കറിൽ വിതയ്ക്കുന്നതിന് ആവശ്യമാണ്. നുരിയിടുന്നതിന് 25 കിലോ വിത്ത് ആവശ്യമായി വരും. വിരിപ്പ് കൃഷിയിൽ ഹ്രസ്വകാല ഇനങ്ങൾക്ക് ചതുരശ്ര മീറ്റിൽ 67 നുരികൾ എങ്കിലും ഉണ്ടായിരിക്കണം. സ്യൂഡോമോണസ് 10 ഗ്രാം ഒരു കിലോ ഗ്രാം വിത്തിന് എന്ന തോതിൽ കൂട്ടിക്കലർത്തി 12-14 മണിക്കൂറിന് ശേഷം വിതച്ചാൽ വിത്തിൽ കൂടി പകരുന്ന രോഗങ്ങളായ തവിട്ടു പുള്ളിക്കുത്ത്, ബ്ലാസ്റ്റ് എന്നീ രോഗങ്ങൾ ചെറുപ്രായത്തിൽ വരുന്നത് തടയാം.
വിരിപ്പ് കൃഷിക്കായി വിത്ത് തിരഞ്ഞെടുക്കുമ്പോൾ പ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഇനങ്ങൾ തിരഞ്ഞെടുക്കുന്നത് നിർണ്ണായകമാണ്. രണ്ട് വിള എടുക്കുന്ന കണ്ടങ്ങളിൽ വിരിപ്പിന് മൂപ്പ് കുറഞ്ഞ മനുരത്‌ന, ജ്യോതി, കാഞ്ചന, മട്ടത്രിവേണി, വർഷ, ഹർഷ എന്നിവയും ഇടത്തരം മൂപ്പുള്ള ഉമ, ഐശ്വര്യ, ജയ എന്നിവയും യോജിക്കും. മലപ്പുറം പാലക്കാടൻ നിലങ്ങളിൽ വിരിപ്പിന് പൊടിവിതയ്ക്ക് യോജിച്ച ഇനമാണ് സംയുക്ത.
വിരിപ്പ് കൃഷിക്ക് നടുന്നതിന് പൊടിമണ്ണിൽ ഞാറ്റടി തയ്യാറാക്കാം. ഇതിനായി നന്നായി മഴ കിട്ടിക്കഴിഞ്ഞാൽ നിലം നന്നായി ഉഴുത് പൊടിയ്ക്കണം. നല്ല സൂര്യപ്രകാശവും ജലസേചന സൗകര്യവും വളക്കൂറുമുള്ള സ്ഥലം ഞാറ്റടിക്കായി തിരഞ്ഞെടുക്കാം. 1-1.5 മീറ്റർ വീതിയും 5-10 സെന്റി മീറ്റർ ഉയരവുമുള്ള ഞാറ്റടി തടങ്ങൾ തയ്യാറാക്കണം. ഒരു ചതുരശ്ര മീറ്ററിന് ഒരു കിലോഗ്രാം വീതം ഉണക്കിപ്പൊടിച്ച ചാണകമോ കമ്പോസ്‌റ്റോ ചേർക്കാം. 25 കിലോ വിത്ത് പാകിയാൽ ഒരേക്കറിന് പറിച്ച് നടാനാവശ്യമായ ഞാറ് ലഭിക്കും. മഴയില്ലെങ്കിൽ ഞാറ്റടി രണ്ട് ദിവസത്തിൽ ഒരിക്കൽ നനയ്ക്കണം.
വിതച്ച പാടങ്ങളിൽ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കൃഷിവകുപ്പ് നിർദേശപ്രകാരം ആവശ്യാനുസരണം രാസവളങ്ങൾ നൽകാം. കീടരോഗ നിരീക്ഷണം നിർബന്ധമാണ്. ഇലച്ചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ, ചാഴി തുടങ്ങിയ കീടങ്ങളും ഇലപ്പുള്ളി, ബ്ലാസ്റ്റ് തുടങ്ങിയ രോഗങ്ങളും തുടക്കത്തിൽ തന്നെ കണ്ടെത്തി നിയന്ത്രിക്കണം. നെൽപ്പാടങ്ങളിൽ സംയോജിത കീടനിയന്ത്രണ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. ഓലചുരുട്ടിക്കെതിരെ ട്രൈക്കോഗ്രമ്മ മുട്ടക്കാർഡ് ഏറെ ഫലപ്രദമാണ്. ട്രൈക്കോഗ്രമ്മയുടെ മുട്ടകൾ അടക്കം ചെയ്ത കാർഡുകളായാണ് ലഭിക്കുക. ഒരേക്കറിന് 40,000 മുട്ടകൾ വരെ ഒരുതവണ വേണ്ടിവരും. ഇപ്രകാരം 4-6 തവണ ഒരു കൃഷിയ്ക്ക് പ്രയോഗിക്കണം. കാർഡുകൾ വാങ്ങി ഉടൻതന്നെ ചെറുതുണ്ടുകളാക്കി പാടത്ത് പല ഭാഗങ്ങളിലായി ചെടികളിലോ കൊമ്പുകൾ നാട്ടിയോ സ്ഥാപിയ്ക്കാം. തണ്ടുതുരപ്പനെ ഫിറമോൺ കെണി ഉപയോഗിച്ച് ഒരു പരിധിവരെ നിയന്ത്രിക്കാം. നെൽകൃഷിയുടെ വളപ്രയോഗം ടേബിളിൽ നൽകുന്നു.
നേർവളങ്ങൾ ഏക്കർ ഒന്നിന്(കിലോഗ്രാമിൽ)
| ഇനം | യൂറിയ | രാജ്‌ഫോസ് | പൊട്ടാഷ് |
| മധ്യമൂപ്പുള്ള ഇനങ്ങൾ(ഉമ, ജ്യോതി) | 80 | 90 | 30 |
| നിലം കൃഷി | 62 | 70 | 24 |
| കര കൃഷി | 52 | 60 | 21 |
| നാടൻ ഇനങ്ങൾ | 30 | 90 | 21 |
| കുട്ടനാട് പൊതുശുപാർശ | 80 | 90 | 30 |
നെല്ലിന്റെ പ്രധാന വളർച്ചാ ഘട്ടങ്ങളായ ഞാറ് പരുവത്തിലും ചിനപ്പ് പൊട്ടുമ്പോഴും അടിക്കണ പരുവത്തിലുമായി മൂന്ന് തുല്യ അളവുകളിൽ നൈട്രജൻ, പൊട്ടാഷ് ഇവ നൽകണം, ഫോസ്ഫറസ് പൂർണ്ണമായും അടിവളമായാണ് നൽകേണ്ടത്. ഡ്രോൺ ഉപയോഗിച്ച് നാനോ യൂറിയ നൽകുന്ന രീതിയും അവലംബിക്കാം.
തെങ്ങിൻ തൈകൾ നടാം
തെങ്ങിൻ തൈകൾ നടാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. കൂടാതെ, വളപ്രയോഗം നടത്താനും ഉത്തമ സമയമാണിത്. ജൂൺമാസം മഴക്കാലത്തിന്റെ തുടക്കമായതിനാൽ മഴയുടെ ഈർപ്പം പുതുതായി നട്ട തൈകൾക്ക് വേരുറപ്പിക്കാൻ സഹായമായതിനാൽ നല്ല വളർച്ച ലഭിക്കും. തെങ്ങിന്റെ ഇനങ്ങൾ പൊതുവേ ഉയരമുള്ളവ, പൊക്കം കുറഞ്ഞവ, ഹൈബ്രിഡ് ഇനങ്ങൾ എന്നിങ്ങനെയാണ്. കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഇനമാണ് വെസ്റ്റ് കോസ്റ്റ് ടാൾ (കോമാഡൻ). ദീർഘായുസ്, ഗുണമേന്മയുള്ള കൊപ്ര, എണ്ണ, മഴക്കാല-തീരദേശ സാഹചര്യങ്ങളോട് യോജിച്ച വളർച്ച എന്നിവ ഇതിന്റെ സവിശേഷതകളാണ്. വേഗത്തിൽ കായ്ക്കുകയും ഇളനീർ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഇനങ്ങളിൽ ചാവക്കാട് ഓറഞ്ച് ഡ്വാർഫ് (ചെന്തെങ്) ശ്രദ്ധേയമാണ് ഉത്പാദനക്ഷമത കൂടുതലുള്ള കേരസങ്കര, ചന്ദ്രസങ്കര, ചന്ദ്രകൽപ്പ എന്നീ ഇനങ്ങളും ആവശ്യക്കാർക്ക് പരിഗണിയ്ക്കാം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ ഹൈബ്രിഡ് ഇനങ്ങൾ മികച്ച വിളവ് നൽകും. എന്നാൽ, പരിചരണവും വളപ്രയോഗവും കൂടുതൽ ശ്രദ്ധിക്കണം. ജൂൺ മാസത്തിൽ തൈ നടുമ്പോൾ വെള്ളക്കെട്ട് ഒഴിവാക്കുക, നല്ല നീർവാർച്ച ഉറപ്പാക്കുക, ഗുണമേൻമയും ആരോഗ്യവുമുള്ള തൈകൾ മാത്രം തിരഞ്ഞെടുക്കുക എന്നിവ കൃത്യമായി പാലിക്കണം.
നല്ല പരിചരണം നൽകുന്നതും മഴയെ ആശ്രയിക്കുന്നതുമായ തോട്ടങ്ങളിൽ യൂറിയ, രാജ്‌ഫോസ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 250-300 ഗ്രാം, 350-600 ഗ്രാം, 400-650 ഗ്രാം വീതവും ജലസേചനം നടത്തുന്ന തോട്ടങ്ങളിൽ ഇവ യഥാക്രമം 200-270 ഗ്രാം, 275-500 ഗ്രാം, 275-500 ഗ്രാം വീതവും നൽകാം.
തെങ്ങിന്റെ കൂമ്പ് ചീയൽ രോഗത്തിനെതിരെ ജാഗ്രത വേണം. നാമ്പോല വലിച്ചാൽ എളുപ്പത്തിൽ ഊരിവരുക, അഴുകിയ മണ്ടയിൽ അസഹ്യമായ ദുർഗന്ധമുണ്ടാകുക എന്നിവ ലക്ഷണങ്ങളാണ്. ചീഞ്ഞഭാഗം ചെത്തിമാറ്റി തീയിട്ടുനശിപ്പിക്കുക, മുറിപ്പാടിലും അതിനുചുറ്റും ബോർഡോ കുഴമ്പ് പുരട്ടുകയും പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുകയും ചെയ്യുക. മൊട്ടുസൂചിക്കൊണ്ട് തുളയിട്ട പായ്ക്കുകളിൽ മാങ്കോസെബ് എന്ന കീടനാശിനി 2 ഗ്രാം വീതം നിറച്ച് നാമ്പോലയ്ക്ക് തൊട്ടുതാഴെയുള്ള 2-3 ഓലക്കവിളുകളിൽ ഇപ്പോൾ(മഴക്കാലമായതിനാൽ) ചെയ്യാവുന്നതാണ്.
ചെന്നീരൊലിപ്പ് രോഗം ബാധിച്ചാൽ തെങ്ങിൻ തടിയുടെ ചുവടുഭാഗത്തുള്ള വിള്ളലുകളിലൂടെ ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നു. കൂടാതെ പുറം ഓലകൾ മഞ്ഞളിച്ച് തുടങ്ങുന്നു. കേടുവന്ന ഭാഗങ്ങൾ ചെത്തിമാറ്റി മുറിവിൽ ഹെക്‌സാകോണസോൾ (കോണ്ടാഫ്) 5 മില്ലി ലിറ്റർ, 100 മില്ലി ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് പുരട്ടി രോഗം നിയന്ത്രിക്കാം. ട്രൈക്കോഡർമ്മ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകം തടത്തിൽ ഇട്ടുകൊടുക്കുകയുമാകാം.
അതാത് പ്രദേശത്തിന് യോജിച്ച ഇനം തെങ്ങിൻ തൈകൾ വേണം നടാൻ തിരഞ്ഞെടുക്കേണ്ടത്. അംഗീകൃത നഴ്‌സറികളിൽനിന്നു ഗുണമേന്മയുള്ള തൈകൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. മണൽ പ്രദേശത്ത് എടുക്കേണ്ട കുഴിയുടെ വലിപ്പം 75 സെന്റി മീറ്റർ X 75 സെന്റി മീറ്റർ X 95 സെന്റി മീറ്റർ ആണ്. വെട്ടുകല്ല് പ്രദേശങ്ങളിൽ 1.2 മീറ്റർ X 1.2 മീറ്റർ X 1.2 മീറ്റർ മറ്റു സ്ഥലങ്ങളിൽ 1 മീറ്റർ X 1 മീറ്റർ X 1 മീറ്റർ എന്നിങ്ങനെയാണ്. കുഴിയുടെ 3/4 ഭാഗം മേൽമണ്ണ്, ഉണക്ക ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇവ ചേർന്ന മിശ്രിതം നിറച്ചശേഷം വിത്തുക്കുഴിയെടുത്ത് തൈകൾ നടാം.
തെങ്ങിന് കൊമ്പൻചെല്ലിയുടെ ആക്രമണം തടയുന്നതിനായി Chlorantraniliprole 0.4 ജി (ഫെർട്ടറ) 5 ഗ്രാം വീതം പ്ലാസ്റ്റിക് കവറുകളിലാക്കി മൊട്ടുസൂചികൊണ്ട് ചെറിയ ഓട്ടയിട്ട് ഒരു തെങ്ങിന് രണ്ട് എണ്ണം എന്ന തോതിൽ കമ്പിന് ചുറ്റും വയ്ക്കുക. കൂടാതെ ഫിറമോൺ കെണികൾ വിദഗ്ധരുടെ മേൽനോട്ടത്തിൽ സ്ഥാപിക്കാം.
വാഴ
നട്ട വാഴകൾക്ക് വളം നൽകാനും വാഴക്കന്നുകൾ നടാനും വളരെ അനുയോജ്യമായ സമയമാണിത്. 50 സെന്റി മീറ്റർ X 50 സെന്റി മീറ്റർ X 50 സെന്റി മീറ്റർ എന്ന അളവിൽ കുഴിയെടുക്കണം. കാലിവളം, കമ്പോസ്റ്റ്, പച്ചിലവളം, എന്നിവ 10 കിലോ പ്രകാരം കുഴിയൊന്നിന് നൽകാം. കൂടാതെ, അരക്കിലോ വേപ്പിൻ പിണ്ണാക്കും കന്ന് നടുമ്പോൾ തന്നെ കൊടുക്കണം. ഒരു വാഴയ്ക്ക് നൽകേണ്ട രാസവള പ്രയോഗം ഗ്രാമിൽ ചുവടേ ചേർക്കുന്നു.
| വളം നൽകേണ്ട ഘട്ടങ്ങൾ | യൂറിയ | രാജ്‌ഫോസ് | മ്യൂറേറ്റ് ഓഫ് പൊട്ടാഷ് |
| നട്ട് ഒരു മാസത്തിന് ശേഷം | 87 | 361 | 96 |
| നട്ട് രണ്ട് മാസത്തിന് ശേഷം | 65 | 278 | 100 |
| നട്ട് മൂന്ന് മാസത്തിന് ശേഷം | 65 | 00 | 100 |
| നട്ട് നാല് മാസത്തിന് ശേഷം | 65 | 00 | 60 |
| നട്ട് അഞ്ച് മാസത്തിന് ശേഷം | 65 | 00 | 60 |
| കുലച്ചതിന് ശേഷം | 65 | 00 | 00 |
മഴക്കാലത്ത് വയലുകളിൽ നട്ട വാഴയിലാണ് കടചീയൽ രോഗം കൂടുതലായി കാണുന്നത്. വാഴയിലകൾ മഞ്ഞളിച്ച് ഒടിഞ്ഞ് തൂങ്ങുന്നു. വാഴയുടെ മാണവും കന്നുകളും അഴുകിത്തുടങ്ങുന്നു. അവസാനം വാഴത്തട മണ്ണിന് തൊട്ട് മുകളിൽവെച്ച് ഒടിഞ്ഞുവീഴുന്നു. നീർവാർച്ച ഉറപ്പുവരുത്തുക, സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിയ്ക്കുക എന്നിവ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. രോഗബാധയുള്ള വാഴയ്ക്ക് ബ്ലീച്ചിങ് പൗഡർ കിഴികെട്ടി ഇട്ടുകൊടുക്കുക. ആക്രമണം രൂക്ഷമെങ്കിൽ കോപ്പർ ഹൈഡ്രോക്‌സൈഡ് (കൊസെഡ്) 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. സിഗാടോക്ക രോഗം ബാധിച്ച വാഴകൾക്ക് കോണ്ടാഫ്/ടിൽറ്റ് ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പശ (സാൻഡോവിറ്റ് 1 മില്ലി ഒരു ലിറ്റർ ലായനിയ്ക്ക്) ചേർത്ത് തളിയ്ക്കുക.
മഴക്കാല പച്ചക്കറികൾ നടീൽ തുടങ്ങാം
കൃത്യമായ പരിചരണം നൽകിയാൽ മികച്ച വിളവെടുപ്പ് ഉറപ്പാക്കാം. കുമ്മായം ഇട്ട് പാകപ്പെടുത്തിയ തടങ്ങളിൽ വേണം പച്ചക്കറി വിത്ത്/തൈകൾ നടാൻ. മണ്ണിൽ ജൈവാംശം നിലനിർത്തുക, ട്രൈക്കോഡർമ്മ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകം ചേർക്കുക, വേപ്പിൻ പിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവ തടങ്ങളിൽ ചേർക്കാം. ഓണക്കാലമല്ലേ ഒരു ബന്ധിപ്പൂവേലി കൂടി ആയാൽ മെച്ചം. കീടനിയന്ത്രണവും ഒപ്പം പൂക്കളവും ഒരുക്കാം. നടാൻ ഗുണമേന്മയുള്ള വിത്ത്/തൈകൾ വേണം തിരഞ്ഞെടുക്കാൻ. പാവൽ, പടവലം, പയർ, വെള്ളരി തുടങ്ങിയവ വള്ളി വീശി തുടങ്ങുമ്പോഴേക്കും മേൽവളം നൽകാം. തക്കാളി വർഗ്ഗങ്ങൾ ഇളക്കി നട്ട് ഒരു മാസം കഴിഞ്ഞ് മേൽവള ശുപാർശയുടെ പകുതിയും അടുത്ത ഒരു മാസത്തിന് ശേഷം ബാക്കിയും നൽകാം. എന്നാൽ, ചീരയ്ക്ക് പല തവണകളായി യൂറിയ നൽകാം. വെണ്ട വിത്ത് പാകി ഒരു മാസത്തിന് ശേഷമാണ് മേൽവളം നൽകേണ്ടത്. ജൈവ കൃഷിരീതികൾ അവലംബിക്കുന്ന തോട്ടങ്ങളിൽ പച്ച ചാണകം, കടലപിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് ഇവ ഓരോ കിലോഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ അഞ്ച് ദിവസം പുളിപ്പിച്ച ശേഷം ഇരട്ടി നേർപ്പിച്ച് ഒരു ലിറ്റർ വീതം ആഴ്ചയിൽ ഒരിക്കൽ തടങ്ങളിൽ ഒഴിച്ചുകൊടുക്കുക.
കീടനിയന്ത്രണം പ്രധാനം: പുഴു, ഈച്ച, വണ്ട് നീരൂറ്റികുടിക്കുന്ന കീടങ്ങൾ ഇവയുടെയെല്ലാം ആക്രമണം പച്ചക്കറി കൃഷിയിൽ സാധാരണമാണ്. വേപ്പധിഷ്ടിത കീടനാശിനികൾ (അസാഡികെറ്റിൻ 1% 3 മില്ലി ലിറ്റർ/1 ലിറ്റർ) വളരെ ഫലപ്രദമായി പ്രയോഗിക്കാം. വെള്ളരി വർഗ്ഗങ്ങളിൽ കാണുന്ന കായീച്ചകളെ ഫെറമോൺ ട്രാപ്പുകൾ ഉപയോഗിച്ച് (cue/ure 15 എണ്ണം ഒരു ഹെക്ടറിന്) നിയന്ത്രിക്കാം. കൃഷിയിടത്തിൽ മഞ്ഞ/നീല കെണികൾ കീടനിയന്ത്രണത്തിന് വളരെ ഫലപ്രദമാണ്. നീരൂറ്റികുടിക്കുന്ന കീടങ്ങളുടെ ആക്രമണം രൂക്ഷമായാൽ കോൺഫിഡോർ 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിയ്ക്കാം. മുളക്, വഴുതന, വെണ്ട, തക്കാളി എന്നിവയിലെ മണ്ഡരി ആക്രമണത്തിനെതിരെ ഒബറോൺ 0.8 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചുകൊടുക്കുക. തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമായൽ ഫ്‌ലൂബെൻഡയമൈഡ് 480sc 1 മില്ലി ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് തളിച്ച് നിയന്ത്രിക്കാം. കൂടാതെ ജൈവകീടനാശിനിയായ സ്യൂഡോമോണസ്, ബ്യൂവേറിയ ബാസിയായ ഇവകൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി പ്രയോഗിക്കാവുന്നതാണ്. ചീരയ്ക്ക് മഴക്കാലത്ത് ഇലപ്പുള്ളി രോഗം കൂടുതലായി കണ്ടുവരുന്നു. പച്ച ചീരയും ചുവപ്പ് ചീരയും ഇയകലർത്തി നടുക. സ്യൂഡോമോണസ് തളിച്ചുകൊടുക്കുക. 4 ഗ്രാം മഞ്ഞൾപ്പൊടിയും ഒരു ഗ്രാം അലക്കുകാരവും അല്പം കായവും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിയ്ക്കുക ഇവയിലൂടെ ഇലപ്പുള്ളി രോഗത്തെ നിയന്ത്രിക്കാം.
പച്ചക്കറി കൃഷിയിലെ ജൈവരാസവള പ്രയോഗം
| ഇനം | ചാണകപ്പൊടി | യൂറിയ | രാജ്‌ഫോസ് | മ്യൂറേറ്റ് ഓഫ് പൊട്ടാഷ് | |||
| അടിവളം | അടിവളം | മേൽവളം | അടിവളം | അടിവളം | മേൽവളം | ||
| ചീര | 200 | 430 | 400 | 1000 | 330 | ||
| വെണ്ട | 50 | 450 | 220 | 160 | 170 | ||
| പയർ | 80 | 170 | 85 | 600 | 70 | ||
| കത്തിരി, വഴുതന, തക്കാളി, മുളക് | 80 | 650 | 330 | 800 | 170 | 85 | |
| വെള്ളരി, പടവലം | 80 | 610 | 500 | 170 | |||
മഴക്കാലത്ത് കരുതലോടെ പച്ചമുളക് കൃഷി ചെയ്യാം
മഴക്കാലത്ത് പച്ചമുളക് കൃഷിയിൽ നല്ല ശ്രദ്ധവേണം. നല്ല നീർവാർച്ചയുള്ള ഉയർന്ന തടങ്ങളിൽ കൃഷി ചെയ്യുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യുന്നത് പ്രധാനമാണ്. ഇക്കാലയളവിൽ രോഗപ്രതിരോധശേഷിയും ഈർപ്പം സഹിക്കുന്ന കഴിവും മികച്ച വിളവും ലഭിക്കുന്ന ഇനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഉജ്വല, അനുഗ്രഹ, ജ്വാല, അർക്കഹരിത എന്നീ പച്ചമുളക് ഇനങ്ങൾ പരിഗണിക്കാവുന്നതാണ്. കൂടാതെ അത്യുത്പാദന ശേഷിയുള്ള ബുള്ളറ്റ് എഫ് 1, തേജസ്വിനി എന്നീ ഇനങ്ങൾ വീട്ടുവളപ്പിലും വാണിജ്യകൃഷിയിലും ഉപയോഗിക്കുന്നു. നല്ല വളർച്ചയും വിപണിയ്ക്ക് യോജിച്ച ഇനവുമായ സിറ എഫ്1 മഴക്കാലത്ത് നല്ല നീർവാർച്ചയുള്ള സ്ഥലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. മഴക്കാലത്ത് സാധാരണയായി തൃപ്‌സ്(ഇലപ്പേൻ), മണ്ഡരി, മുഞ്ഞ, വെള്ളീച്ച എന്നീ കീടങ്ങളും കുമിൾ രോഗബാധ, വൈറസ് രോഗബാധ, വേര് ചീയൽ പോലുള്ള രോഗങ്ങളും സാധരണയായി കാണുന്നു. അതിനാൽ ചെടികൾക്കിടയിൽ വായുസഞ്ചാരം ഉറപ്പാക്കുക, വേപ്പെണ്ണയോ വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികളോ ഇടവിട്ട് തളിയ്ക്കണം. ചാണകം/കമ്പോസ്റ്റ് വേപ്പിൻ പിണ്ണാക്ക് എന്നിവ അടിവളമായി നൽകി തുടർന്ന് ചെറിയ അളവിൽ ഇടവിട്ട് പൊട്ടാഷ്, സൂക്ഷ്മമൂലക വളങ്ങൾ എന്നിവ നൽകുന്നത് ചെടിയുടെ കരുത്തും പൂക്കളും വർധിപ്പിക്കും. അമിതമായി നൈട്രജൻ വളങ്ങളോ യൂറിയയോ നൽകിയാൽ ഇല വളർച്ച കൂടുകയും കീടബാധയും രോഗബാധയും വർധിക്കാനും ഇടയുണ്ട്.
ഇഞ്ചി മഞ്ഞൾ ജൂൺമാസ പരിചരണം
ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതിരിയ്ക്കാൻ ശ്രദ്ധിക്കുക. ചുവട്ടിൽ മണ്ണ് കയറ്റികൊടുക്കുക എന്നിവ കൃത്യതയോടെ ചെയ്യുക. ജൈവവളം നൽകിയതിന് ശേഷം പച്ചില കൊണ്ട് പുതയിടാം. വലിയ കനത്തിൽ പുതയിടാതിരിക്കാൻ ശ്രദ്ധിക്കണം. ട്രൈക്കോഡർമ്മ ചാണകത്തിൽ കലർത്തി ചുവട്ടിൽ നൽകുന്നത് കുമിൾരോഗങ്ങൾക്കെതിരായ മുൻകരുതലാണ്.
കുരുമുളകിന് നടീൽ സമയം
മഴ ആരംഭിക്കുന്നതിനാൽ പുതിയ തൈകൾ നടുന്നതിനും നിലവിലുള്ള വള്ളികളുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനും അനുയോജ്യ സമയമാണ്. നല്ല നീർവാർച്ചയുള്ള മണ്ണും താങ്ങുമരവും ഉറപ്പാക്കി തൈകൾ നടാം. വെള്ളക്കെട്ട് ഒഴിവാക്കാൻ ചെറിയ ചാലുകൾ ഒരുക്കുന്നതും പ്രധാനം. മഴക്കാലത്തിന് മുമ്പും തുടക്കത്തിലുംകുമിൾ രോഗത്തിനെതിരെ ഡ്രൈക്കോഡർമ്മ പോലുള്ള നിയന്ത്രണമാർഗങ്ങൾ ഉപയോഗിക്കാം. തോട്ടത്തിൽ നല്ല വായു സഞ്ചാരവും ശുചിത്വവും ഉറപ്പാക്കുക. കുരുമുളകിലെ ദ്രുതവാട്ടത്തിനെതിരെ കോപ്പർ ഓക്‌സിക്ലോറൈഡ് 2-2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. മഴക്കാലമായതിനാൽ കുമിൾ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി 1% വീര്യമുള്ള ബോർഡോമിശ്രിതവും ഇലകളിലും തണ്ടിലും തളിച്ചുകൊടുക്കാം. പൊള്ളുവണ്ടിന്റെ ആക്രമണത്തിനെതിരെ അസിഡിറക്ടിൻ, വേപ്പെണ്ണ ഇവയിൽ ഏതെങ്കിലും ഒന്ന് മൂന്ന് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചുനൽകാം.
ആഫ്രിക്കൻ ഒച്ചിനെതിരെ ജാഗ്രത വേണം
മഴക്കാലത്ത് ആഫ്രിക്കൻ ഒച്ച് വലിയ ശല്യമായി മാറാം. പ്രത്യേകിച്ച് പച്ചക്കറി, ഇഞ്ചി, മഞ്ഞൾ, ചെറുധാന്യങ്ങൾ, പുതുതായി നട്ട തൈകൾ എന്നിവയെ കൂടുതലായി തിന്ന് നശിപ്പിക്കും. ഒച്ച് കൂടുതൽ സജീവമാകുന്നത് രാത്രി സമയത്താണ്. ഇല, തണ്ട് തിന്ന് തീർക്കുക, ഇലയിൽ വലിയ തുളകൾ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം. മറഞ്ഞിരിക്കാൻ സാധ്യമായ മാലിന്യങ്ങൾ, മരച്ചില്ലകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, കൂമ്പാരമായി കിടക്കുന്ന ഇലകൾ എന്നിവയുടെ അടിയിൽ ഒച്ച് ഒളിക്കും. അതിനാൽ കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക. പഴുത്ത പപ്പായ, കാബേജ് എന്നിവ ഉപയോഗിച്ച് ഒച്ചുകളെ ഒരിടത്തേക്ക് ആകർഷിച്ച് നശിപ്പിക്കാം. ശേഖരിച്ച ഒച്ചുകളെ കുഴിയിലിട്ട് ഉപ്പിട്ടതിന് ശേഷം മണ്ണിട്ട് മൂടാം. വ്യാപകമായ ആക്രമണമുണ്ടെങ്കിൽ മാത്രം മെറ്റാൽഡിഹൈഡ് 2.5% പെല്ലറ്റ് സാധാരണയായി വിതറികൊടുക്കുന്നു. വൈകുന്നേരമോ മഴ കഴിഞ്ഞുള്ള ഈർപ്പമുള്ള സമയത്തോ പ്രയോഗിക്കുന്നതാണ് ഫലപ്രദം. ഒച്ച് വരാൻ സാധ്യതയുള്ള വഴികളിലോ ചെടികളുടെ ചുറ്റിലുമായോ വിതറി ഇടുക. കീടനാശിനി വിതറിയ ഉടനെ കുട്ടികളും മൃഗങ്ങളും കൃഷിയിടത്തിൽ പ്രവേശിക്കുന്നത് ഒഴിവാക്കുക.
മുറ്റത്തും പാടത്തും പൂപ്പാടമൊരുക്കാൻ ചെണ്ടുമല്ലി നടാം
നമ്മുടെ സ്വന്തം പൂക്കൾ കൊണ്ട് അത്തപ്പൂക്കളം ഒരുക്കിയാലോ? ഇനി സമയം പാഴാക്കാനില്ല. ഇപ്പോൾ തുടങ്ങണം, അതും കൃത്യമായ കൃഷി പരിപാലനമുറകൾ അവലംബിച്ചു മാത്രം. എങ്കിൽ വിളവെടുപ്പ് ഗംഭീരമാകും. നല്ല നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ എല്ലാ സ്ഥലങ്ങളിലും ചെണ്ടുമല്ലി നന്നായി വളരും. ഒരടി വീതിയും ഒരടി താഴ്ചയുമുള്ള ചാലുകൾ എടുക്കുക. സെന്റൊന്നിന് 2.3 കിലോ കുമ്മായം ചേർത്ത് കൊടുക്കണം. പാകപ്പെടുത്തിയ മണ്ണിൽ സമ്പുഷ്ടീകരിച്ച ചാണകം ഒരു സെന്റിന് 100 കിലോ ചേർക്കുക. ഗുണമേന്മയുള്ള തൈകൾ തന്നെ നടാൻ തിരഞ്ഞെടുക്കണം. ഓറഞ്ച്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിൽ തൈകൾ ലഭ്യമാണ്. ഡബിൾ ഓറഞ്ച്, പൂസനരംഗി, ഗൈന്ത, അർക്ക അഗ്നി, റോയൽ ഓറഞ്ച്, എന്നിവ ഓറഞ്ച് ചെണ്ടുമല്ലിയുടെ മികച്ച ഇനങ്ങളാണ്. പൂസബസന്തിഗൈന്ത, അർക്കബംഗാറ, ഡബിൾ യെല്ലോ എന്നിവ മഞ്ഞ നിറമുള്ള പൂക്കൾ തരുന്നു. ഫ്രഞ്ച് വാനില ഹൈബ്രിഡ്, എഫ് 2 എന്നിവ മനോഹരമായ വെള്ളപ്പൂക്കൾ നൽകുന്ന ചെണ്ടുമല്ലി ഇനങ്ങളാണ്.
ചാലിൽ ഒന്നര അടി അകലത്തിൽ തൈകൾ നടാം. സെന്റൊന്നിന് 200 മുതൽ 250 തൈകൾ വരെ നടാം. ഒരു സെന്റിൽ ഫാക്ടംഫോസ് 1.2 കിലോ, യൂറിയ 400 ഗ്രാം, പൊട്ടാഷ് 200 ഗ്രാം എന്നിങ്ങനെ അടിവളമായി കൊടുക്കണം. നട്ട് രണ്ടാഴ്ചയ്ക്ക് ശേഷം തലപ്പ് ഒരു സെന്റീമീറ്റർ നീളത്തിൽ നുള്ളിക്കളയണം. നട്ട് ഒരു മാസത്തിന് ശേഷം യൂറിയ ഒരു കിലോ, പൊട്ടാഷ് 200 ഗ്രാം ഒരു സെന്റിന് നൽകേണ്ടതാണ്. ഇതേസമയം, ചെടിയുടെ ചുവട്ടിലേക്ക് മണ്ണ് അടുപ്പിച്ച് നൽകാം. ചെടികൾ ഒന്നരമാസം ആകുമ്പോഴേക്കും പൂക്കാൻ തുടങ്ങും. പൂക്കാൻ തുടങ്ങുമ്പോൾ തന്നെ സമീപത്ത് കുറ്റി നാട്ടി കെട്ടിനിർത്തണം. പൂമൊട്ടുകൾ തിന്നുന്ന പുഴുക്കൾ ഉണ്ടെങ്കിൽ 20 ഗ്രാം ബ്യൂവേറിയ ബാസിയാന എന്ന മിത്രകുമിൾ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സോപ്പ് ലായനി കൂടി ചേർത്ത് തളിച്ച് കൊടുക്കുക. പുഴു ശല്യം കൂടുതലാണെങ്കിൽ കൊറോജൻ എന്ന കീടനാശിനി ഒരു മില്ലി ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പശയും ( അര മില്ലി ലിറ്റർ ക്രോപ്പ്‌വിറ്റ് ഒരു ലിറ്റർ വെള്ളത്തിൽ) ചേർത്ത് തളിച്ചുനൽകാം. ആവശ്യാനുസരണം ജലസേചനം ഉറപ്പാക്കേണ്ടതാണ്. തലപ്പ് നുള്ളിയതിന് ശേഷം ഇടയ്ക്ക് 4 ഗ്രാം 19:19:19 ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കൊടുക്കാവുന്നതാണ്. ചെടികൾ നട്ട് രണ്ടര മാസംവരെ പൂക്കൾ ലഭിക്കും. ചെണ്ടുമല്ലിക്കൊപ്പം വാടാമല്ലിയും കോഴിവാലനും നടാവുന്നതാണ്.
Content Highlights: Prepare your farm for the 2026 monsoon season in Kerala. Learn expert tips on drainage, pest control, and crop protection.
Published: 01 Jun 2026, 02:15 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented