പിരിഞ്ഞ് പടർന്ന് കയറുന്ന ഒരു ആരോഹി സസ്യമാണ് പാൽമുതുക്ക്. അഞ്ചുവിരലുകളുള്ള കൈപത്തി പോലുള്ള ഇലകളുള്ളതിനാൽ അഞ്ചില താളി എന്നും ഇതിന് വിളിപ്പേരുണ്ട്. ക്ഷീരവിദാരി, ഇക്ഷുഗന്ധ, പയസ്വീനീ എന്നീ പേരുകളിൽ ആയുർവേദത്തിൽ പരാമർശിച്ചിരിക്കുന്ന ഇതിന്റെ ശാസ്ത്രീയനാമം ഐപോമിയ പാനികുലേറ്റ എന്നാണ്. കൺവേൾവുലേസി സസ്യകുടുംബത്തിൽപ്പെടുന്നു.

To advertise here,

ആയുർവേദത്തിൽ ശരീരത്തിന്റെ ബലം വർധിപ്പിക്കുന്ന ഔഷധഗണത്തിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ശരീരക്ഷീണം, മെലിച്ചിൽ, ഇവയെ അകറ്റി മേദസ്സിനെ വർധിപ്പിക്കാൻ ഇതിന് കഴിവുണ്ട്. വാതഹരൗഷധമായ പാൽമുതുക്കിന്റെ കിഴങ്ങാണ് ഔഷധയോഗ്യമായിട്ടുള്ളത്. മൂത്രസംബന്ധമായ അസുഖങ്ങളിലും ആമാശയത്തിലെ അമ്ലാധിക്യത്തിനും പ്രതിവിധിയായി പാൽമുതുക്ക് ഉപയോഗിക്കുന്നു. മുലപ്പാൽ വർധിപ്പിക്കുന്നതിനും ലൈംഗികശേഷി വർധിപ്പിക്കുന്നതിനും ഇതിന് കഴിവുണ്ട്. എന്തൊക്കെ ഔഷധ ഗുണങ്ങൾ ഉണ്ടെങ്കിലും ഏതൊരു മരുന്നും ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി അനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാൻ പാടുള്ളൂ.

ധാന്വന്തരം കഷായം, വിദാര്യാദി കഷായം, സാരസ്വതാരിഷ്ടം, അശ്വഗന്ധാരിഷ്ടം ഇവയെല്ലാം പാൽമുതുക്ക് ചേരുവയായുള്ള ചില ഔഷധയോഗങ്ങളാണ്. ഇതിലെ രാസഘടകങ്ങളിൽ സാപോനിൻസ്, ഫ്‌ളാവനോയ്ഡ്‌സ്, ഫിനോളിക്, ടാനിൻ ഇവ അടങ്ങിയിരിക്കുന്നു. ബീറ്റാസിറ്റോസ്റ്റിറോൾ തുടങ്ങിയ സ്റ്റിറോളുകളും റസിൻസും ഫാറ്റി ആസിഡുകളും ഹൈഡ്രോകാർബണുകളും കാർബോഹൈഡ്രേറ്റുകളും അമിനോആസിഡുകളും ഇതിലടങ്ങിയിരിക്കുന്നു.

ഒരുവിധം എല്ലാ കാലാവസ്ഥയിലും വളരുന്ന പാൽമുതുക്ക് നദീതീരങ്ങളിലും കുളങ്ങളുടെ അരികുകളിലും ചതുപ്പ് നിലങ്ങളിലും നന്നായി വളരും. പടർന്നുകയറാൻ ഒരു താങ്ങ് വേണ്ടിവരും. തണ്ട് മുറിച്ചു നട്ടും വിത്ത് നട്ടും പ്രജനനം നടത്താം. വളരെവേഗം പടർന്ന് കയറുന്ന ഈ ചെടിയുടെ കിഴങ്ങിന് ങിന് 30-40 സെമീ വരെ വലുപ്പം ഉണ്ടാകും. നട്ട് 12 മുതൽ 24മാസം കൊണ്ട് വിളവെടുക്കാം. പാൽമുതുക്കിന് കിഴങ്ങ് പച്ചക്ക് കിലോയ്ക്ക് 60 മുതൽ 90 രൂപ വരെ വില ലഭിക്കും. ഉണങ്ങിയ കിഴങ്ങിന് 125 മുതൽ 155 രൂപ വരെയും വില ലഭിക്കും.