
ത്വക്ക് സംബന്ധമായ അസുഖങ്ങളിലും മറ്റും വളരെ ഫലപ്രദമായ ഔഷധമാണ് പാച്ചോറ്റി. സിംപ്ലോക്കോസ് റസിമോസ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന പാച്ചോറ്റി, സിംപ്ലോക്കേസി എന്ന സസ്യ കുടുംബത്തിലെ അംഗമാണ്. ലോധ്ര, തിലകഃ എന്നീ സംസ്‌കൃത നാമങ്ങളിൽ ആയുർവേദത്തിൽ പരാമർശിച്ചിരിക്കുന്നു.
ഇതിന്റെ തൊലിയാണ് ഔഷധയോഗ്യമായ ഭാഗം. ഒരു നിത്യഹരിത ഇടത്തരം സസ്യമായ പാച്ചോറ്റി പ്രധാനമായും മലയോര പ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്നു. ഗർഭാശയ സംബന്ധമായ പ്രദരം, അമിത ആർത്തവം ഇവയ്ക്കും ബീജദൗർലഭ്യത്തിനും ഇത് നല്ല ഔഷധമാണ്. ചുണ്ടിലെയും വായിലെയും തൊലി പൊട്ടുക, വായിലെ കുരുക്കൾ എന്നിവ അകറ്റുന്നതിനും അതിസാര ശമനത്തിനും നല്ലതാണ്. കണ്ണുകളിലുണ്ടാകുന്ന വേദന, ചൊറിച്ചിൽ, നീരൊലിപ്പ് തുടങ്ങിയ നേത്രരോഗങ്ങൾക്കും പാച്ചോറ്റി നല്ലതാണ്.
മുഖക്കുരു, മുഖത്തുണ്ടാകുന്ന പാടുകൾ, കരുവാളിപ്പ് ഇവയ്‌ക്കൊക്കെ പാച്ചോറ്റി നല്ല ഒഷധമാണ്. നിശാകതകാദി കഷായം, ദ്രാക്ഷാദികഷായം, അരിമേദാദിതൈലം, ന്യഗ്രാധാദി ഗണം ഇവയിലെല്ലാം പാച്ചോറ്റി അടങ്ങിയിരിക്കുന്നു. ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ അളവിൽ മാത്രമേ ഇവ സേവിക്കാൻ പാടുള്ളൂ.
ഇതിന്റെ രാസഘടകങ്ങളിൽ ടർപിനോയ്ഡ്‌സ്, ഫ്‌ലാവനോയ്ഡ്‌സ്, ലിഗ്നാൻ, ഫിനോൾ, സ്റ്റിറോയ്ഡ്‌സ്, ഇറിഡോയ്ഡ്‌സ്, ലോട്ടുറിൻ, ലോഡോഡൈൻ, ക്വിനോവിൻ തുടങ്ങിയ ആൽക്കലോയ്ഡുകൾ ഇവ തൊലിയിൽ കാണപ്പെടുന്നു.
12 മീറ്ററോളം ഉയരത്തിൽ വളരുന്ന ഇവ ഹിമാലയ പ്രദേശങ്ങളിലും അസം, മ്യാൻമർ, ഇന്ത്യയിലെ പഞ്ചാബ് ഇവിടങ്ങളിലും കേരളത്തിലെ മലയോര പ്രദേശങ്ങളിലും കണ്ടുവരുന്നു. നല്ല സൂര്യപ്രകാശവും അമ്ലസ്വഭാവമുള്ള മണ്ണും ഇതിന് ആവശ്യമാണ്. മൂപ്പെത്തിയ കായകളിൽനിന്നുള്ള വിത്ത് മുളപൊട്ടിയ ശേഷം മാറ്റിക്കുഴിച്ചിടാൻ പാകമായവയെ ഗ്രോബാഗിലേക്ക് മാറ്റി വളർത്തി ഒരു വർഷം കഴിഞ്ഞ് പുറത്തേക്ക് മാറ്റിനടാം. ആദ്യത്തെ മൂന്ന് വർഷം മന്ദഗതിയിൽ വളരുന്ന പാച്ചോറ്റി അടുത്ത 5-7 വർഷം വരെ ത്വരിതഗതിയിൽ വളരും. മൂപ്പെത്തിയ തടികൾ മുറിച്ച ശേഷം അതിൽനിന്നു തൊലി മാറ്റി എടുക്കാം. ഏഴു മുതൽ 10 ദിവസം വരെ തണലിൽ ഉണക്കിയ ശേഷം കെട്ടുകളാക്കി വിപണിയിലെത്തിക്കാം. കിലോയ്ക്ക് 150 മുതൽ 200 രൂപവരെ ഉണങ്ങിയ പാച്ചോറ്റി തൊലിക്ക് വില ലഭിക്കാറുണ്ട്
Content Highlights: Discover the lucrative cultivation of Pachotti (Symplocos racemosa), a medicinal plant with bark fetching up to ₹200/kg. Learn its benefits and farming tips.
Published: 24 Feb 2026, 02:25 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented