മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് വളരെ വ്യാപകമായി ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്ന ഞെരിഞ്ഞിലിന്റെ ശാസ്ത്രീയനാമം ട്രിബുലസ് ടെറസ്ട്രിസ് എന്നാണ്. സൈഗോഫില്ലോസി എന്ന സസ്യകുടുംബത്തിലെ അംഗമാണ്. ഗോക്ഷുര, ഗോഗണ്ടക എന്നീ സംസ്‌കൃത നാമങ്ങളിൽ ആയുർവേദത്തിൽ പരാമർശിച്ചിരിക്കുന്നു.

To advertise here,

ഞെരിഞ്ഞിലിന്റെ കായയും ചിലപ്പോൾ സമൂലമായും ആണ് ഔഷധമായി ഉപയോഗിക്കുന്നത്. ലൈംഗികശക്തി വർധിപ്പിക്കാനും മൂത്രം വർധിപ്പിക്കാനും കഴിവുണ്ട്. പ്രമേഹം, മൂത്രകൃച്ഛം, ഹൃദ്രോഗം, മൂത്രാശയ കല്ല്, ചുമ, ശ്വാസകോശ രോഗങ്ങൾ ഇവയ്ക്ക് നല്ലതാണ്. ശരീരബലം കൂട്ടാനും ശരീരത്തിലെ നീര് കുറയ്ക്കാനും സഹായിക്കുന്നു. ആയുർവേദത്തിലെ ദശമൂല ഗണത്തിലെ ഒരു ഔഷധമാണിത്. ധാരാളം ഔഷധയോഗങ്ങളിലെ ഒരു ചേരുവയാണ് ഞെരിഞ്ഞിൽ. ഇന്ദുകാന്തം കഷായം, രാസ്‌നാസപ്തകം കഷായം, ദശമൂലാരിഷ്ടം, ച്യവനപ്രാശം എന്നിവ ഇവയിൽ ചിലത് മാത്രമാണ്. എന്നാൽ, ഇവ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ അളവിൽ മാത്രമേ സേവിക്കാൻ പാടുള്ളൂ.

ബയോ ആക്ടീവറായ സ്റ്റിറോയ്ഡൽ, സാപോനിനുകളായ ഫ്യൂറോസ്‌നാനോൾ, സ്‌പൈറോസ്‌നാനോൾ എന്നിവ കൂടാതെ പ്രോട്ടോഡയോസിൻ എന്ന പ്രധാന ഫൈറ്റോസ്റ്റിറോളും ഇതിൽ ഉണ്ട്. കടലോര പ്രദേശങ്ങളിലും ചൂട് കൂടുതലുള്ള ഇളകിയ മണ്ണിലും ഇത് നന്നായി വളരുന്നു. വെള്ളം കെട്ടിനിൽക്കാത്ത നല്ല വെയിലുള്ള ചൂട് കാലാവസ്ഥ അനുയോജ്യമാണ്. ആറടി വരെ ഉയരത്തിൽ ഇത് വളരും.

വിത്ത് മുളപ്പിച്ചാണ് പ്രജനനം നടത്താറുള്ളത്. നട്ട ശേഷം മൂന്ന് ആഴ്ച കൊണ്ട് മഞ്ഞ പൂക്കൾ ഉണ്ടാകും. ശേഷം തുടർച്ചയായി കായകളുണ്ടാകാൻ തുടങ്ങും. ഒരു ചെടിയിൽനിന്ന് 400 വരെ കായകൾ വരെ ലഭിക്കും. വളരെ കാലം വിത്തുകൾ കേട് കൂടാതെയിരിക്കും. കായകൾ മൂപ്പെത്തി കഴിഞ്ഞാൽ ചെടികൾ പിഴുതെടുത്ത് തണലത്ത് ഉണക്കി കായകൾ വേർപ്പെടുത്താം. കൃഷി ചെയ്യുമ്പോൾ ഒരു ഹെക്ടറിൽനിന്ന് 1400 മുതൽ 2000 കിലോവരെ കായകൾ ലഭിക്കാറുണ്ട്. ഞെരിഞ്ഞിലിന്‍റെ വിപണിവില കിലോയ്ക്ക് 260 മുതൽ 290 വരെയാണ്.