
പ്രതീകാത്മക ചിത്രം | Photo: Ajith Sankaran/Mathrubhumi
ഓരോ മാസവും ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നതിന് അനുയോജ്യമാണെന്നും ഓരോ വിളകൾക്കും ആവശ്യമായ വളപ്രയോഗവും മറ്റു പരിപാലനരീതികളും എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കേണ്ടത് കർഷകരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. കരിമ്പ് കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണ് നവംബർ. മാത്രമല്ല ഓണക്കലത്തേക്കുള്ള വാഴ കൃഷിക്കും നവംബർ-ഡിസംബർ മാസത്തിൽ തുടക്കമിടാം. നവംബർ മാസത്തെ കൃഷി പരിപാലനം എങ്ങനെയാണെന്ന് വിശദമായി അറിയാം.
നെല്ല് മുണ്ടകൻ
രണ്ടാം മേൽവളപ്രയോഗം ഇപ്പോൾ നടത്താം. വളപ്രയോഗത്തിന് ഒരു ദിവസം മുമ്പ് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണം. ചെടിയുടെ വളർച്ചയും ഉൽപ്പാദനവും വർധിപ്പിക്കാൻ മേൽവളം(Top Dressing) പ്രധാന ഘടകമാണ്. ഈ ഘട്ടത്തിൽ നെൽച്ചെടിയിൽ ധാരാളം ചിനപ്പുകൾ പൊട്ടേണ്ടതുണ്ട്. ഇതു വിളവ് പരമാവധി വർധിപ്പിക്കാൻ സഹായിക്കുന്നു. യൂറിയ വേപ്പിൻ പിണ്ണാക്കുമായി കലർത്തി പാടത്ത് വിതറുന്നത് കൂടുതൽ ഫലപ്രദമാണ്. വളപ്രയോഗത്തിന് 12 മണിക്കൂർ ശേഷം മാത്രമേ പാടത്ത് വെള്ളം കയറ്റാവൂ. മാസാവസാനത്തോടെ അടുത്ത മേൽവളവും നൽകണം. അതായത് അടിക്കണപരുവത്തിന് തൊട്ടുമുന്നോടിയായി. എന്നാൽ, കതിരു വരുന്നതിന് ഏകദേശം 30 ദിവസം മുമ്പും. നെന്മണികളുടെ എണ്ണവും മുഴുപ്പും കൂടുന്നതിന് ഈ വളപ്രയോഗം പ്രധാന പങ്കുവഹിക്കുന്നു.
നേർവളങ്ങൾ ഏക്കർ ഒന്നിന്(കിലോഗ്രാമിൽ)
| ഇനം | യൂറിയ | രാജ്‌ഫോസ് | പൊട്ടാഷ് |
| മധ്യമൂപ്പുള്ള ഇനങ്ങൾ (ഉമ, ജ്യോതി...) | 80 | 90 | 30 |
| നിലം കൃഷി | 62 | 70 | 24 |
| കര കൃഷി | 52 | 60 | 21 |
| നാടൻ ഇനങ്ങൾ | 30 | 90 | 21 |
| കുട്ടനാട് പൊതു ശുപാർശ | 80 | 70 | 30 |
| കോൾ നിലം(ഹ്രസ്വ ഇനം) | 80 | 70 | 30 |
| കോൾനിലം(ഇടത്തരം മൂപ്പ്) | 96 | 90 | 30 |
നെല്ലിന്റെ പ്രധാന വളർച്ചാഘട്ടങ്ങളായ ഞാറ് പരുവത്തിലും ചിനപ്പ് പൊട്ടുമ്പോഴും അടിക്കണ പരുവത്തിലുമായി മൂന്നു തുല്യ അളവുകളായി നൈട്രജൻ, പൊട്ടാഷ് എന്നിവ നൽകണം. ഫോസ്ഫറസ് പൂർണമായും അടിവളമായാണ് നൽകേണ്ടത്. ഈ ഘട്ടത്തിൽ പാടത്തെ ജലവിതാനം 5 സെന്റി മീറ്റർ എന്ന തോതിൽ നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കളനിയന്ത്രണം കൃത്യമായി നടത്തേണ്ടതാണ്.
നെൽപ്പാടങ്ങളിൽ സംയോജിത കീടനിയന്ത്രണം അവലംബിക്കുന്നത് വളരെ ഫലപ്രദമാണ്. ഓലചുരുട്ടി, തണ്ടുതുരപ്പൻ എന്നിവയ്‌ക്കെതിരെ ട്രൈക്കോഗ്രമ്മ കാർഡുകൾ പ്രയോഗിക്കാം. ഒരേക്കറിന് 40,000 മുട്ടകൾവരെ ഒതു തവണ വേണ്ടിവരും. ഇപ്രകാരം 4-6 തവണവരെ ഒരു കൃഷിക്ക് ഉപയോഗിക്കേണ്ടതാണ്. കാർഡുകൾ വാങ്ങി ഉടൻതന്നെ ചെറുതുണ്ടുകളാക്കി നെൽചെടികളിലോ കമ്പുകൾ നാട്ടിയോ സ്ഥാപിക്കാം. ആക്രമണം രൂക്ഷമായാൽ കാർട്രാപ് ഹൈഡ്രോക്ലോറൈഡ് 400 ഗ്രാം ഒരേക്കറിന് എന്ന അളവിൽ 200- 400 ലിറ്റർവരെ വെള്ളത്തിൽ ലയിപ്പിച്ച് തളിച്ചുകൊടുക്കാം.
നെല്ലിലെ കുലവാട്ടം, പോളരോഗം എന്നിവയ്‌ക്കെതിരെ സ്യൂഡോമോണസ് ഫ്‌ളൂറസൻസ് എന്ന ബാക്ടീരിയൽ കൾച്ചർ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ കലക്കി നെൽച്ചെടികളിൽ നന്നായി വീഴത്തക്കവിധം തളിച്ചുകൊടുക്കാം. വൈകുന്നേരങ്ങളിൽ തളിക്കുന്നതാണ് ഏറ്റവും ഫലപ്രദം. ഞാറു നട്ട് 40-50 ദിവസത്തിനുള്ളിൽ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.
ബാക്ടീരിയൽ ലിഫ്‌ബ്ലൈറ്റ് രോഗത്തിനെതിരെയും ജാഗ്രത വേണം. ഊസ് ടെസ്റ്റ്(Ooze Test) ചെയ്ത് രോഗം സ്ഥിരീകരിച്ചാൽ താഴെപറയുന്ന നിയന്ത്രണമാർഗങ്ങൾ അവലംബിക്കാം.
- 20 ഗ്രാം പച്ചച്ചാണകം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി അരിച്ചെടുത്ത് 15 ദിവസത്തെ ഇടവേളകളിൽ രണ്ട് തവണ സ്പ്രേ ചെയ്യുക.
- സ്യൂഡോമോണസ് ഫ്‌ളുറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ തളിച്ചു നൽകുക.
- നൈട്രജൻ വളം കുറച്ചു നൽകുക.
- നല്ല നീർവാർച്ച ഉറപ്പാക്കുക.
- രോഗവ്യാപനം രൂക്ഷമായാൽ സൈട്രെപ്‌റ്റോ സൈക്ലിൻ ആറ് ഗ്രാം 60-120 ലിറ്റർ വെള്ളത്തിൽ ഒരേക്കറിന് സ്പ്രേ ചെയ്യാം.
- ഒരു ഹെക്ടറിന് അഞ്ച് കിലോ ഗ്രാം ബ്ലീച്ചിങ് പൗഡർ കിഴികെട്ടി പാടത്തു വെള്ളം കയറ്റുന്ന ചാലിന്റെ തുടക്കഭാഗത്ത് ഇടുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും.
പുഞ്ചകൃഷി
കുട്ടനാടൻ പുഞ്ചപ്പാടങ്ങളിൽ നിലമൊരുക്കൽ പൂർത്തിയാക്കി വിത ആരംഭിക്കാം. രോഗകീടങ്ങൾക്കെതിരെ പ്രതിരോധശേഷി കൂടിയ വിത്തിനങ്ങൾ തിരഞ്ഞെടുക്കുക. ഉമ, ജ്യോതി, ആശ, പവിഴം, പൗർണമി എന്നീ വിത്തിനങ്ങളാണ് സാധാരണയായി കർഷകർ തിരഞ്ഞെടുക്കുക. ഇവയിൽത്തന്നെ ഏറ്റവും പ്രചാരമുള്ളതും കർഷകർക്ക് പ്രിയമുള്ളതുമായ നെൽവിത്തിനമാണ് ഉമ. ഉമ നെൽവിത്തിനു പകരക്കാരനായി അതേ സ്വഭാവ സവിശേഷതയുള്ളതും എന്നാൽ വിളവും രോഗപ്രതിരോധശേഷി അൽപംകൂടി മെച്ചപ്പെട്ടതുമായ പൗർണമിയും ഇന്ന് കർഷകർക്കു പ്രിയമുള്ള നെല്ലിനമാണ്.
സ്യൂഡോമോണസ്, ട്രൈക്കോഡർമ്മ എന്നിവ ഉപയോഗിച്ച് വിത്തുപരിചരണം(Seed Treatment) നടത്തുന്നതു വളരെ പ്രയോജനകരമാണ്. ഇതു നെൽച്ചെടിയെ ബാധിക്കുന്ന ഇലപ്പുള്ളിരോഗം, പോളരോഗം, ബാക്ടീരിയൽ ഇലകരിച്ചിൽ എന്നീ രോഗങ്ങളിൽനിന്നു സംരക്ഷണം നൽകുന്നു. ഇവ ചെടികളുടെ വളർച്ച, വേരിന്റെ ആരോഗ്യം എന്നിവ കൂട്ടുന്നതുവഴി മികച്ച വളവ് ലഭിക്കുന്നതിനും വഴിയൊരുക്കുന്നു.
കോൾനിലങ്ങൾ
നവംബർ അവസാനത്തോടെ കൃഷിപ്പണികൾ ആരംഭിക്കാം. ബണ്ടുകൾ ബലപ്പെടുത്തുക. പാടങ്ങളിലെ വെള്ളം പരമാവധി വെള്ളത്താവളങ്ങളിൽ സംഭരിച്ച ശേഷം ബാക്കിയുള്ള വെള്ളം പാടത്തുനിന്നു വറ്റിക്കുക. വെള്ളം വറ്റുന്ന ക്രമത്തിൽ പാടം ഉഴുതു വൃത്തിയാക്കി വിതയ്ക്കാനായി തയ്യാറാക്കുക.
തെങ്ങ്
തെങ്ങിന് രാസവളപ്രയോഗത്തിനു സമയമായി. നല്ല പരിചരണം നൽകുന്ന തോട്ടങ്ങളിൽ തെങ്ങൊന്നിന് യൂറിയ, സൂപ്പർ ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 335 ഗ്രാം, 330 ഗ്രാം, 570 ഗ്രാം എന്നിങ്ങനെ നൽകാം. കൂടാതെ, മൈക്രോ ന്യൂട്രിയന്റ് 100 ഗ്രാം ആവശ്യമെങ്കിൽ ചേർത്തുകൊടുക്കാം. തെങ്ങിനു ചുവട്ടിൽനിന്ന് 1.5 മീറ്റർ ചുറ്റളവിൽ തടമെടുത്ത് വളം വിതറിയ ശേഷം ചെറിയ കനത്തിൽ മണ്ണ് വിതറി വളം മൂടുക. വളപ്രയോഗത്തിനു ശേഷം ജലസേചനം നടത്താൻ ശ്രദ്ധിക്കേണ്ടതാണ്. കുമ്മായം/ ഡോളോമൈറ്റ് തെങ്ങിൻതടത്തിൽ വിതറി 10-14 ദിവസത്തിനു ശേഷം ജൈവവളം 25-50 കിലോ ഗ്രാം തെങ്ങൊന്നിനു നൽകാം. ജൈവവളം നൽകി ഒരാഴ്ചയ്ക്കു ശേഷം രാസവളം നൽകാം.
തെങ്ങിന്റെ കൂമ്പുചീയൽ രോഗത്തിനെതിരെ ജാഗ്രത വേണം. നാമ്പോല വലിച്ചാൽ എളുപ്പത്തിൽ ഊരിവരും. അഴുകിയ മണ്ടയിൽ അസഹ്യമായ ദുർഗന്ധം ഉണ്ടാകും. ഇവ രോഗലക്ഷണങ്ങളാണ്. ചീഞ്ഞ ഭാഗം ചെത്തിമാറ്റി തീയിട്ടു നശിപ്പിക്കുക. മുറിപ്പാടിനും അതിനുചുറ്റും ബോർഡോ കുഴമ്പ് പുരട്ടി പ്ലാസ്റ്റിക് കവറു കൊണ്ടോ വാഴയില കൊണ്ടോ പൊതിഞ്ഞു കെട്ടുക. മഴക്കാലമായതിനാൽ, മൊട്ടുസൂചി കൊണ്ടു തുളയിട്ട കവറുകളിൽ മാങ്കോസെബ് എന്ന കുമിൾ കീടനാശിനി രണ്ട് ഗ്രാം വീതം നിറച്ച് നാമ്പോലയ്ക്കു തൊട്ടുതാഴെയുള്ള 2-3 ഓലക്കവിളുകളിൽ ഇപ്പോൾ വെക്കാവുന്നതാണ്.
ചെന്നീരൊലിപ്പ് രോഗം ബാധിച്ചാൽ തെങ്ങിൻതടിയുടെ ചുവടുഭാഗത്തുള്ള വിള്ളലുകളിലൂടെ ചുവപ്പു കലർന്ന തവിട്ടു നിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നു. കൂടാതെ, പുറംഓലകൾ മഞ്ഞളിച്ചു തുടങ്ങുന്നു എന്നീ ലക്ഷണങ്ങൾ പ്രകടമാകും. കേടു വന്ന ഭാഗങ്ങൾ ചെത്തിമാറ്റി മുറിവിൽ ഹെക്‌സാകോണസോൾ(കോണ്ടാഫ്) അഞ്ച് മില്ലി ലിറ്റർ 100 മില്ലി ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് പുരട്ടി രോഗം നിയന്ത്രിക്കാം. ട്രൈക്കോഡർമ്മ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകം തെങ്ങിൻചുവട്ടിൽ ഇടുന്നതും ഗുണപ്രദമാണ്.
ഓണവാഴ ഇപ്പോൾ നടാം
നവംബർ മാസം വാഴക്കന്ന് നടീലിന് വളരെ അനുയോജ്യമാണ്. മഴയ്ക്കു ശേഷം മണ്ണിൽ ഈർപ്പം നിനിൽക്കുന്നതിനാൽ കുഴിയെടുക്കുന്നതിനും വളം ചേർക്കുന്നതിനും കന്നുകൾ വേഗം കിളിർത്തു വരുന്നതിനും ഉത്തമസാഹചര്യമാണ്. മഴ തുടർന്നാൽ വെള്ളം കെട്ടിനിൽക്കാതെ തോട്ടത്തിൽ നീർവാർച്ച ഉറപ്പാക്കണം. കരുത്തുള്ളതും (1.5-2.00 കിലോ ഗ്രാം) രോഗകീടബാധയില്ലാത്തതും കേടുപാട് ഇല്ലാത്തതുമായ വാഴക്കന്നുകൾ തിരഞ്ഞെടുക്കണം. ഗുണനിലവാരമുള്ള തിരഞ്ഞെടുത്ത ടിഷ്യു കൾച്ചർ തൈകളും നടാം.
കുഴി തയ്യാറാക്കൽ: നേന്ത്രൻ വാഴയ്ക്ക് 60x60x60 സെന്റി മീറ്റർ വലിപ്പമുള്ള കുഴികൾ തയ്യാറാക്കാം. വരികൾ തമ്മിലും ചെടികൾ തമ്മിലും 2x2 മീറ്റർ അകലം വേണം. കുഴിയൊന്നിന് 10-15 കിലോ ഗ്രാം ജൈവവളം(ചാണകപ്പൊടി/കമ്പോസ്റ്റ്, കൂടാതെ 250 ഗ്രാം വേപ്പിൻ പിണ്ണാക്കും) ചേർക്കണം. ഒരു വാഴയ്ക്ക് ആവശ്യമായ രാസവളപ്രയോഗം ഇപ്രകാരമാണ്.
| യൂറിയ | രാജ്‌ഫോസ് | മ്യുറേറ്റ് ഓഫ് പൊട്ടാഷ് | |
| ഒന്നാം മാസം | 87 | 361 | 96 |
| രണ്ടാം മാസം | 65 | 278 | 100 |
| മൂന്നാം മാസം | 65 | 00 | 100 |
| നാലാം മാസം | 65 | 00 | 60 |
| അഞ്ചാം മാസം | 65 | 00 | 60 |
| കുലച്ചതിന് ശേഷം | 65 | 00 | 00 |
വാഴക്കന്ന്/ തൈ നട്ട ശേഷമുള്ള ആദ്യമാസം മഴ ലഭിക്കുന്നില്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കണം. ഡ്രിപ്പ് ഇറിഗേഷൻ ചെയ്യുന്നത് വാഴയ്ക്ക് ഏറ്റവും ഫലപ്രദമാണ്. ഒപ്പം പ്ലാസ്റ്റിക് പുതയിടൽ കൂടി നടപ്പാക്കിയാൽ പൂർണമായും കളനിയന്ത്രണത്തോടൊപ്പം മണ്ണിലെ താപനില നിയന്ത്രിക്കുന്നതിനും ജലസംരക്ഷണത്തിനും സഹായകമാവും.
കൃത്യമായ വളപ്രയോഗത്തോടൊപ്പം ആവശ്യാനുസരണം സൂക്ഷ്മമൂലകങ്ങളും നൽകണം. മഴക്കാലമായതിനാൽ കടചീയൽ രോഗത്തിനു സാധ്യതയുണ്ട്. നീർവാർച്ച ഉറപ്പു വരുത്തുക. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുന്നതു രോഗത്തെ പ്രതിരോധിക്കും.
പച്ചക്കറി
ശീതകാല പച്ചക്കറി നടീൽ തുടരാം. നല്ല നീർവാർച്ചയുള്ള, സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നടീലിനായി തിരഞ്ഞെടുക്കാം. സെന്റൊന്നിന് 1-2 കിലോ ഗ്രാം കുമ്മായം ചേർത്ത് മണ്ണ് പരുവപ്പെടുത്തണം. മണ്ണ് നന്നായി ഇളക്കി കട്ടകൾ ഉടച്ചുചേർക്കുക. 1-1.2 മീറ്റർ വീതി, 10-15 സെന്റി മീറ്റർ ഉയരം, നീളം സൗകര്യാർത്ഥം എന്ന രീതിയിൽ പണകൾ തയ്യാറാക്കുക. ഇടയ്ക്ക് 30-40 സെന്റി മീറ്റർ വീതിയുള്ള ചാലുകൾ എടുക്കുക. ഒരു ഹെക്ടറിന് 10-15 മെട്രിക് ടൺ ജൈവവളം ചേർത്തു നൽകാം.
കാബേജ്, കോളിഫ്‌ളവർ, കാപ്‌സിക്കം എന്നിവയുടെ തൈകൾ പ്രോട്രേകളിൽ തയ്യാറാക്കിയാണ് നടേണ്ടത്. കാരറ്റ്, റാഡിഷ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവയുടെ വിത്ത് തയ്യാറാക്കിയ തടങ്ങളിൽ നേരിട്ടു നടേണ്ടതാണ്. മിക്ക ശീതകാല പച്ചക്കറികൾക്കും 45x45 സെന്റി മീറ്റർ നടീൽ അകലം നൽകണം. മഴസമയത്ത് വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. കളനിയന്ത്രണം കൃത്യമായി നടത്തുക.
തൈകൾ/വിത്ത് നടുന്നതിന് മുന്നോടിയായി ട്രൈക്കോഡർമ്മ തടങ്ങളിൽ ചേർത്തു കൊടുക്കുന്നത് കുമിൾരോഗബാധ തടയാൻ ഫലപ്രദമാണ്. കാബേജിനെ ബാധിക്കുന്ന ബാക്ടീരിയൽ അഴുകൽ രോഗങ്ങൾക്കെതിരെ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ തളിച്ചുനൽകാം.
യൂറിയ, രാജ്‌ഫോസ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 130 കിലോ ഗ്രാം, 250 കിലോ ഗ്രാം, 83 കിലോ ഗ്രാം ഏക്കറിനു നൽകണം. യൂറിയ, മ്യുറേറ്റ് ഓഫ് പൊട്ടാഷ് എന്നിവയുടെ നേർപകുതിയും രാജ്‌ഫോസ് മുഴുവനായും തൈകൾ നട്ട് ഒരാഴ്ചയ്ക്കു ശേഷം നൽകാവുന്നതാണ്. ശേഷിക്കുന്ന യൂറിയ, പൊട്ടാഷ് എന്നിവ നട്ട് ഒരു മാസത്തിനു ശേഷം ചേർത്തു നൽകണം. ഈ മാസം പകുതിയോടെ നടീൽ പൂർത്തിയാക്കുന്നതാണ് അഭികാമ്യം.
നാടൻ പച്ചക്കറികൾക്ക് പരിരക്ഷ നൽകാം
ചതുരപ്പയർ ഈ മാസം ആദ്യം നടുന്നതാണ് ഉത്തമം. നട്ട പച്ചക്കറികൾക്ക് മേൽവളം നൽകാം. ജൈവകൃഷിരീതി അവലംബിക്കുന്ന തോട്ടങ്ങളിൽ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ ഓരോ കിലോ വീതം 10 ലിറ്റർ വെള്ളത്തിൽ അഞ്ചു ദിവസം പുളിപ്പിച്ച ശേഷം ഇരട്ടി നേർപ്പിച്ച് ആഴ്ച്ചയിൽ ഒരിക്കൽ തടങ്ങളിൽ ഒഴിച്ചുകൊടുക്കുക.
രാസവളം നൽകേണ്ടത് സെന്റ് ഒന്നിന്(ഗ്രാമിൽ)
| ഇനം | യൂറിയ | രാജ്‌ഫോസ് | മ്യുറേറ്റ് ഓഫ് പൊട്ടാഷ് |
| ചീര | 435 | 1100 | 330 |
| വെണ്ട | 400 | 240 | 200 |
| പയർ | 174 | 750 | 67 |
| കത്തിരി, വഴുതന, തക്കാളി, മുളക് | 652 | 850 | 165 |
| വെള്ളരി, പടവലം | 600 | 625 | 167 |
ചീരയ്ക്കു മുകളിൽ പറഞ്ഞിരിക്കുന്നതു കൂടാതെ, ഓരോ വീളവെടുപ്പിനു ശേഷവും 1% യൂറിയ തളിച്ചു നൽകാം. എല്ലാ വിളകൾക്കും ഫോസ്ഫറസ് അടിവളമായും യൂറിയ, പൊട്ടാഷ് എന്നി രണ്ടോ മൂന്നോ തവണകളായും നൽകണം.
കീടനിയന്ത്രണം പ്രധാനം
പുഴു, ഈച്ച, വണ്ട്, നീരൂറ്റി കുടിക്കുന്ന കീടങ്ങൾ എന്നിവയുടെയെല്ലാം ആക്രമണം പച്ചക്കറികളിൽ സാധാരണമാണ്. വേപ്പധിഷ്ഠിത കീടനാശിനിയായ അസാഡിറക്ടിൽ 1% 3 മില്ലി ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുന്നത് വളരെ ഫലപ്രദമാണ്. വെള്ളരി വർഗങ്ങളിൽ കാണുന്ന കായീച്ചകളെ ഫെറോമോൺ ട്രാപ്പുകൾ ഉപയോഗിച്ച്(Cue - lure 15 എണ്ണം ഒരു ഹെക്ടറിന്) നിയന്ത്രിക്കാം. കൃഷിയിടത്തിൽ മഞ്ഞ, നീല കെണികൾ ഉപയോഗിക്കുന്നത് വെള്ളീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാൻ ഇടയാക്കും. ജൈവകീടനാശിനികളായ ബ്യുവേറിയബാസിയാന, ലെക്കാനിസീലിയം എന്നിവ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് പച്ചക്കറിയിലെ പുഴുക്കൾ, വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, മീലിബഗ് എന്നീ കീടങ്ങളെ നിയന്ത്രിക്കാം. ഇവ കീട ആക്രമണത്തിന്റെ പ്രാരംഭദശയിൽത്തന്നെ പ്രയോഗിക്കണം. കീടങ്ങളുടെ ആക്രമണം നിയന്ത്രണവിധേയമായില്ലെങ്കിൽ മാത്രം രാസകീടനാശിനികൾ പ്രയോഗിച്ചാൽ മതിയാകും.
തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമായാൽ ഫ്‌ളൂബെൻഡയമൈഡ് ഒരു മില്ലി ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് തളിച്ച് നിയന്ത്രിക്കാം. മുളക്, വഴുതന, വെള്ളരി, തക്കാളി എന്നിവയിലെ നീരൂറ്റി കുടിക്കുന്ന കീടങ്ങൾക്കെതിരെ ഒബറോൺ 0.8 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചു കൊടുക്കാം.
ചീരയുടെ ഇലപ്പുള്ളി രോഗത്തിനെതിരെ സ്യൂഡോമോണസ് തളിക്കാം(20 ഗ്രാം/ ഒരു ലിറ്റർ വെള്ളം). കൂടാതെ നാല് ഗ്രാം മഞ്ഞൾപ്പൊടി ഒരു ഗ്രാം അലക്കുകാരം, അൽപ്പം കായം എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ച് തളിച്ചും ഇലപ്പുള്ളി രോഗത്തെ നിയന്ത്രിക്കാം.
എല്ലാത്തരം പച്ചക്കറികൾക്കും മത്തി-ശർക്കര മിശ്രിതം തളിച്ചുകൊടുക്കുന്നത് ഏറെ ഉത്തമമാണ്. ഇത് കീടങ്ങളെ അകറ്റിനിർത്തുന്നതോടൊപ്പം പൂക്കളുടെയും കായ്കളുടെയും എണ്ണവും ഗുണമേന്മയും വർധിപ്പിക്കുന്നു. കൂടാതെ, ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. രണ്ട് മില്ലി ലിറ്റർ മത്തി-ശർക്കര മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളുടെ ഇലകളിലും തണ്ടുകളിലും 15 ദിവസത്തെ ഇടവേളകളിൽ തളിക്കാം.
തണ്ണിമത്തൻ നടീൽകാലം, വേനൽക്കാലത്ത് വിളവ്
നവംബർ- ഡിസംബർ മാസങ്ങളിലാണ് തൈകൾ നടാൻ മികച്ച സമയം. 25-30 ഡി. സെ ആണ് തണ്ണിമത്തൻ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനില. അതേസമയം, നല്ല സൂര്യപ്രകാശം ലഭിക്കുകയും മണ്ണിൽ നീർവാർച്ച ഉറപ്പാക്കുകയും വേണം. 30X45 സെന്റി മീറ്റർ ഉയരം, 1.5-2 മീറ്റർ വീതിയുമുള്ള പണകൾ തയ്യാറാക്കുക. 2x1 മീറ്റർ അകലത്തിൽ തൈകൾ നടാം. തടം ഒന്നിന് 5-6 കിലോ ഗ്രാം ജൈവവളം ചേർത്തു കൊടുക്കാം. കൂടാതെ, വേപ്പിൻ പിണ്ണാക്ക് 200-250 ഗ്രാം, മണ്ണിര കമ്പോസ്റ്റ് 1-1.5 കിലോ ഗ്രാം, ട്രൈക്കോഡർമ്മ 20-25 ഗ്രാം എന്നിവയും നടുന്നതിനു മുന്നോടിയായി തടത്തിൽ ചേർത്തു കൊടുക്കാം.
തണ്ണിമത്തൻ തൈ ഒന്നിന് നൽകേണ്ട രാസവളം(ഗ്രാമിൽ)
| സമയം | യൂറിയ | രാജ്‌ഫോസ് | പൊട്ടാഷ് |
| അടിവളം | 5-6 | 30 | |
| 15 ദിവസം കഴിഞ്ഞ് | 5-6 | 4 | |
| 30 ദിവസം കഴിഞ്ഞ് | 6-7 | 2 | |
| 45 ദിവസം കഴിഞ്ഞ് | 6-7 | 2 |
ഷുഗർ ബേബി, കിരൺ, FH(1030) മഞ്ഞനിറം, VJ- Forture F1- Hybrid ചുവപ്പുനിറം FH1010 എന്നീ ഇനങ്ങൾ കർഷകർക്കു വളരെ പ്രിയമാണ്. വിത്ത് തടത്തിൽ ഇട്ട് 70-80 ദിവസങ്ങൾക്കു ശേഷം വിളവെടുപ്പ് ആരംഭിക്കാം. തണ്ണിമത്തനിൽ സാധാരണയായി കണ്ടുവരുന്ന ചെമ്പൻ മത്തൻ വണ്ട്, കായീച്ച, മുഞ്ഞ, ഇലപ്പേൻ എന്നിവയ്‌ക്കെതിരെ അസാഡിറക്ടിൽ 3-5 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിച്ചുകൊടുക്കാം. കായയോടു ചേർന്നുള്ള തണ്ട് ഉണങ്ങാൻ ആരംഭിക്കുകയും ബ്രൗൺ നിറമാവുകയും ചെയ്താൽ വിളവെടുക്കാൻ പാകമായതായി കണക്കാക്കാം.
കുരുമുളക്
നവംബർ മാസത്തിൽ കുരുമുളക് കൃഷിയിൽ പ്രധാനമായും വരൾച്ചയെ മറികടക്കാനുള്ള നടപടികൾ സ്വീകരിക്കണം. മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനായി പുതയിടൽ, തുള്ളിനന എന്നിവ ഫലപ്രദമാണ്. മൂന്നാമത്തെ വളപ്രയോഗത്തിനുള്ള സമയം കൂടിയാണിത്. ഓരോ വള്ളിക്കും യൂറിയ, മ്യുറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 75 ഗ്രാം, 80 ഗ്രാം എന്നിങ്ങനെ നൽകാം. കൂടാതെ, ജൈവവളം ചേർത്തു കൊടുക്കുന്നതും മണ്ണിന്റെ ഉർവ്വരതയ്ക്ക് ഗുണപ്രദമാണ്. കുരുമുളകിലെ കുമിൾരോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ബോർഡോ മിശ്രിതം 1% അല്ലെങ്കിൽ കോപ്പർ ഓക്‌സി ക്ലോറൈഡ് .3%(3 ഗ്രാം ഒരു ലിറ്റർ വെള്ളം) കലർത്തി തളിച്ചു കൊടുക്കുക. താങ്ങുചെടിയുടെ അധികമായി നിൽക്കുന്ന കൊമ്പുകൾ കോതി സൂര്യപ്രകാശം ലഭ്യമാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന പ്രദേശങ്ങളിൽ വിളവെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഈ മാസം ആരംഭിക്കാം. കീടനിയന്ത്രണത്തിനായി വേപ്പെണ്ണ 5 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ബാർ സോപ്പ് കൂടി അലിയിച്ച് ചെടികളിൽ തളിച്ചു നൽകാം.
കമുക്
ഈ മാസം ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം. തോട്ടത്തിൽനിന്നു ലഭിക്കുന്ന ഉണങ്ങിയ ചപ്പുചവറുകൾ, പുല്ല്, തൊണ്ട് എന്നിവ ഉപയോഗിച്ച് വേരിനോടു ചേർന്ന ഭാഗങ്ങളിൽ പുതയിടൽ നടത്തണം. രാസവളം നൽകാനുള്ള സമയം കൂടിയാണിത്. യൂറിയ 75 ഗ്രാം, രാജ്ഫോസ് 75 ഗ്രാംമ്യൂറേറ്റ് ഓഫ് പൊട്ടാഷ് 80 ഗ്രാം എന്നിങ്ങനെ നൽകാം. വളങ്ങൾ ചെടിയുടെ ചുറ്റിലും വേരുഭാഗത്ത് തടമെടുത്ത് ചേർത്തും നൽകണം. തുടർന്ന് ജലസേചനം നടത്തേണ്ടതാണ്. കമുകിന്റെ മണ്ടചീയൽ രോഗത്തിനെതിരെ ബോർഡോ മിശ്രിതം 1% തളിക്കുക. ട്രൈക്കോഡർമ്മ 10-15 ഗ്രാം കമുകൊന്നിന് വേരുഭാഗത്ത് മണ്ണിൽ ചേർത്ത് കൊടുത്ത് വേരിനെ ബാധിക്കുന്ന കുമിൾരോഗങ്ങളെ പ്രതിരോധിക്കാം.
ഏലം
നവംബർ മാസത്തിൽ ഏലം വിളവെടുപ്പും വിളവെടുത്ത കായ്കൾ സംസ്‌കരിക്കുന്ന പ്രവർത്തനങ്ങളും നടത്താം. തുലാവർഷം മാറിയതോടെ ഇനി ഏലച്ചെടിയുടെ ചുറ്റും പുതയിടൽ നടത്താം. ഇതു മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനും കളനിയന്ത്രണം, മണ്ണിന്റെ ഉർവരത വർധിപ്പിക്കൽ എന്നിവയ്ക്കു വഴിയൊരുക്കുന്നു. ചെടികൾക്കു ചുറ്റും മണ്ണിളക്കി കൊടുക്കുന്നതും ചുവട്ടിൽ മണ്ണ് അടുപ്പിച്ചു കൊടുക്കുകയും വേണം. രണ്ടാം വളപ്രയോഗത്തിനും സമയമാണിത്. യൂറിയ, രാജ്‌ഫോസ്, മ്യുറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 35, 75, 50 കിലോ ഗ്രാം ഏക്കറിന് എന്ന അളവിൽ ചുവട്ടിൽനിന്ന് ഒന്നരയടി വിട്ട് വിതറി മണ്ണ് കൊത്തിച്ചേർക്കുക. കുമിൾരോഗങ്ങളെ നിയന്ത്രിക്കുന്നതിനായി 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചു കൊടുക്കാം.
ഇഞ്ചി, മഞ്ഞൾ
മഞ്ഞളും ഇഞ്ചിയും വിളവെടുക്കുന്ന സമയമാണിത്. ഇലകൾ മഞ്ഞനിറമാവുകയും തുടർന്നു വാടിപ്പോവുകയും ചെയ്താൽ വിളവെടുപ്പിനു പാകമായതായി കണക്കാക്കാം. നല്ല മുഴുപ്പുള്ളതും രോഗകീടബാധ ഇല്ലാത്തതുമായ വിത്തുകൾ അടുത്ത നടീലിനായി ശേഖരിക്കാം. ഇഞ്ചി, മഞ്ഞൾ എന്നിവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കിയും മികച്ച വില ഉറപ്പിക്കാം. മഞ്ഞൾപ്പൊടി, ഇഞ്ചി,മഞ്ഞൾ അച്ചാർ എന്നിവയ്ക്കു വിപണിയിൽ നല്ല ഡിമാന്റ് ഉണ്ട്.
ജാതി, ഗ്രാമ്പു
നവംബർ മാസം മുതൽ വിളവെടുപ്പ് ആരംഭിക്കാം. ഒപ്പം വളപ്രയോഗവും നടത്താം. 10 വർഷത്തിനു മുകളിൽ പ്രായമുള്ള ചെടികൾക്ക് യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 550, 325, 420 ഗ്രാം എന്ന അളവിൽ നൽകാം. കൂടാതെ, 20-25 കിലോ ഗ്രാം ജൈവവളവും നൽകണം. രോഗകീട നിയന്ത്രണം, മൾച്ചിങ്, പ്രൂണിങ് എന്നിവയും ഇപ്പോൾ നടത്താവുന്നതാണ്.
കരിമ്പ്
നടാൻ അനുയോജ്യമായ സമയമാണിത്. കരിമ്പു കൃഷിക്കു താൽപ്പര്യമുള്ളവർ തൈകൾ ലഭിക്കുന്നതിനായി പന്തളം കരിമ്പ് വിത്ത് ഉൽപ്പാദന കേന്ദ്രവുമായി ബന്ധപ്പെടുക.ഇപ്പോൾ ലഭ്യമാവുന്ന ഇനo മാധുരി, . തൈകൾ നട്ട് 10 മാസം കഴിയുമ്പോഴേക്കും വിളവെടുക്കാം.ബന്ധപ്പെടേണ്ട ഫോൺ നമ്പർ (9847537006)
മാവ്
മാവു പൂക്കുന്നതിനു മുന്നോടിയായി വളപ്രയോഗം, മണ്ണിലെ ഈർപ്പം, കീടരോഗ നിയന്ത്രണം എന്നിവയിൽ മികച്ച ശ്രദ്ധ വേണം. 10 വർഷത്തിനു മുകളിൽ പ്രായമുള്ള നന്നായി കായ്ക്കുന്ന മാവിന് യൂറിയ 850 ഗ്രാം, സൂപ്പർ ഫോസ്‌ഫേറ്റ് 550 ഗ്രം, പൊട്ടാഷ് 600 ഗ്രാം എന്നീ അളവുകളിൽ നൽകാം. സൂക്ഷ്മമൂലകങ്ങളായ മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് എന്നിവയും ആവശ്യാനുസരണം നൽകണം. മാവൊന്നിന് 20-25 കിലോ ഗ്രാം ജൈവവളവും നൽകാം. മാവു പൂക്കുന്നതിിന് കൾടാർ പ്രയോഗവും ഏറെ ഫലപ്രദമാണ്. അതിന് ഒരാഴ്ച്ച മുമ്പ് സൾഫേറ്റ് ഓഫ് പൊട്ടാഷ്(5 ഗ്രാം/ഒരു ലിറ്റർ) വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നത് പൂവിടലിന് വളരെ ഗുണം ചെയ്യും. കുമിൾ രോഗബാധയ്‌ക്കെതിരെ 1% വീര്യമുള്ള ബോർഡോ മിശ്രിതം അല്ലെങ്കിൽ കോപ്പർ ഓക്‌സി ക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ചു തളിച്ചു കൊടുക്കാം. കീടനിയന്ത്രണത്തിനായി വേപ്പെണ്ണ 5 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ചു തളിക്കാം.
വീട്ടിൽ തയ്യാറാക്കാം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം
ആവശ്യമായ വസ്തുക്കൾ
വേപ്പെണ്ണ- 200 മില്ലി ലിറ്റർ
ബാർ സോപ്പ്- 50 ഗ്രാം
വെളുത്തുള്ളി- 200 ഗ്രാം
വെള്ളം- 9 ലിറ്റർ
തയ്യാറാക്കുന്ന വിധം
50 ഗ്രാം ബാർ സോപ്പ് ചീകിയെടുത്ത് അര ലിറ്റർ ഇളംചൂടുവെള്ളത്തിൽ നന്നായി ലയിപ്പിക്കുക. ഈ ലായനി 200 മില്ലി ലിറ്റർ വേപ്പെണ്ണയുമായി ചേർത്ത് ഇളക്കി പതപ്പിക്കണം. 20 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ച് 300 മില്ലി ലിറ്റർ വെള്ളവുമായി ചേർത്ത് അരിച്ച് വേപ്പെണ്ണ സോപ്പ് ഇമൽഷനുമായി ചേർക്കുക. ഇത് 9 ലിറ്റർ വെള്ളം ചേർത്തു നേർപ്പിച്ച് 2% വീര്യമുള്ള 10 ലിറ്റർ ലായനി തയ്യാറാക്കാം.
Content Highlights: Expert November farming guide covering crops like paddy, coconut, banana, vegetables, and more. Learn about timely fertilization, pest control, and best practices for a bountiful harvest.
Published: 01 Nov 2025, 09:00 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented