ഇക്കുറി മഴ കനത്തതോടെ ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറ നീലപ്പൂക്കളുടെ മേലാപ്പണിയാന്‍ ഒരുങ്ങിക്കഴിഞ്ഞു. സാധാരണ കര്‍ക്കടകമാസത്തിലെ വാവുവേളയില്‍ തന്നെ പാറയില്‍ നീലപ്പൂ വിരിഞ്ഞുതുടങ്ങാറുണ്ട്. ഇതുകൂടാതെ, പാറ നീലപ്പൂ, കൃഷ്ണപ്പൂ, തുമ്പപ്പൂ എന്നിവയും ഇവിടെ വിരിയാറുണ്ട്. 

To advertise here,

കാക്കപ്പൂ ഓണത്തിനോടടുപ്പിച്ചാണ് പാറയില്‍ പൂത്തുനിന്ന് പ്രദേശത്തെയാകെ നീല മേലാപ്പണിയിക്കുന്നത്. ഏഴിമലയുടെ താഴ്‌വാരത്തിലെ ഈ നീലവസന്തം സഞ്ചാരികള്‍ക്കും മറ്റുള്ളവര്‍ക്കും ഏറെ ആകര്‍ഷകമാകും. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന 'ഡ്രോ സിറ ഇന്‍ഡിക' എന്ന പേരിലറിയപ്പെടുന്ന ഇരപിടിയന്‍ സസ്യം മുതല്‍ മുക്കുറ്റി, വിഷ്ണുക്രാന്തി ഉള്‍പ്പെടെയുള്ള സസ്യങ്ങളും അനുഗ്രഹീതമായ മാടായിപ്പാറയില്‍ വളര്‍ന്നുവരാറുണ്ട്. 

ദേശാടനപ്പക്ഷികളുടെ വിരുന്നുകേന്ദ്രം കൂടിയായ മാടായിപ്പാറയില്‍ പ്രകൃതിനിരീക്ഷണത്തിനും പഠനത്തിനുമായി ഗവേഷണവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ എത്താറുണ്ട്. മൂന്നൂറോളം സസ്യവൈവിധ്യങ്ങള്‍ മാടായിപ്പാറയിലുണ്ട്. ഓണക്കാലത്ത് മറ്റു നാടന്‍പൂക്കളെ ആശ്രയിക്കുന്ന മലയാളികള്‍ ഇതുകൂടി അറിയണം. പൂക്കള്‍ ശേഖരിക്കാന്‍ നാടന്‍പൂക്കളുടെ ഈ അക്ഷരഖനിയിലേക്ക് ദൂരസ്ഥലങ്ങളില്‍നിന്നുപോലും കുട്ടികളെത്താറുണ്ട്.

പ്രകൃതി കനിഞ്ഞരുളിയ ഈ ജൈവ ആവാസകേന്ദ്രത്തെ തകര്‍ക്കാനുള്ള ശ്രമവും പല കോണില്‍നിന്നും നടക്കുന്നുണ്ട്. മാത്രമല്ല, ഉല്ലാസത്തിനും മറ്റുമായി പാറയിലെത്തുന്നവര്‍ വാഹനങ്ങള്‍ പുല്‍മേടുകളിലേക്ക് കയറ്റിയിടുന്നതും പാര്‍സല്‍ ഭക്ഷണങ്ങളുടെ പാത്രങ്ങളും പ്ലാസ്റ്റിക് കുപ്പികളും പാറയില്‍ വലിച്ചെറിയുന്നതും നീലവസന്തത്തിന് ഭീഷണിയാണ്.