
ഇടതടവില്ലാതെ പെയ്യുന്ന മഴയും മണ്ണിടിച്ചിലും കൃഷിനാശത്തിന് വഴിവെക്കുമെന്ന ഭീതിയിലാണ് കർഷകർ. വിള ഇൻഷുറൻസിന്റെ സംരക്ഷണവും ആനുകൂല്യവും കർഷകർക്ക് ലഭിക്കേണ്ട നിർണായക സമയമാണിത്.
ഇതിനായി വേഗത്തിലുള്ള തയ്യാറെടുപ്പുകൾ കൃഷിവകുപ്പ് നടത്തുമ്പോൾ ബന്ധപ്പെട്ട ചില സാങ്കേതികസൂചനകൾ അറിയുന്നത് കർഷകർക്ക് ഉപകാരപ്രദമാകും.
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി
വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വരൾച്ച തുടങ്ങി വിവിധ കാരണങ്ങളാൽ വിളനഷ്ടം സംഭവിക്കുമ്പോൾ അതിന് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി വഴി സംരക്ഷണം ലഭിക്കും. ഇതനുസരിച്ച് പൂർണനാശത്തിനുമാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. എന്നാൽ, നെൽക്കൃഷിക്ക് നഷ്ടപരിഹാരം കണക്കാക്കുമ്പോൾ 50 ശതമാനത്തിലധികം നഷ്ടമുണ്ടായാൽ അത് പൂർണനഷ്ടമായി കണക്കാക്കി നഷ്ടപരിഹാരം കിട്ടും. വിളകൾ പൂർണമായി ഇൻഷുർ ചെയ്തിരിക്കണം.
സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കർഷകർക്ക് വിളകൾ ഇൻഷുർ ചെയ്യാം. എന്നാൽ, നെൽക്കൃഷിക്ക് ഓരോ കർഷകനും പ്രത്യേകമായോ ഗ്രൂപ്പ് ഫാമിങ് നിലവിലുള്ള പാടശേഖരങ്ങളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലോ പദ്ധതിയിൽ അംഗമാകാം. കൃഷിഭവനുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. എയിമസ് പോർട്ടൽ വഴിയുള്ള രജിസ്ട്രേഷനാണ് ഇവിടെ പ്രധാനം. ഇതിന്റെ നിബന്ധനകൾ അറിയുന്നത് ഉപകാരമാകും.
നിബന്ധനകൾ
• പദ്ധതിയിൽ ചേരുന്ന കർഷകൻ സർക്കാർ യഥാകാലം നിശ്ചയിക്കുന്ന പ്രീമിയം തുക അടയ്ക്കണം. ഈ തുക തിരിച്ചുനൽകില്ല
• കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് പ്രീമിയം തിട്ടപ്പെടുത്തും
• അപേക്ഷ സമർപ്പിച്ച് പരമാവധി 10 ദിവസത്തിനുള്ളിൽ ഫീൽഡ് പരിശോധന നടത്തി പ്രീമിയം അടയ്ക്കാനുള്ള സന്ദേശം ലഭിക്കും
• സന്ദേശം ലഭിച്ച് 10 ദിവസത്തിനുള്ളിൽ പ്രീമിയം എയിമസ് സ്പോട്ട് ലോഗിൻ വഴി അടയ്ക്കണം. ഇല്ലെങ്കിൽ അപേക്ഷ നിരസിക്കും
• പ്രീമിയം തുക അടച്ചദിവസംമുതൽ ഏഴ് ദിവസങ്ങൾക്കുശേഷം മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകൂ
• പ്രീമിയം അംഗീകരിച്ചതിനുശേഷം അപേക്ഷയിൽ തിരുത്തലിനു കഴിയില്ല
• പ്രീമിയം അടയ്ക്കുന്നതിനുമുൻപ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ അംഗീകരിക്കുന്നതിന് തൊട്ടുമുൻപുവരെ അപേക്ഷ കർഷകന് തിരിച്ചുനൽകാൻ കഴിയും
• ഇങ്ങനെ തിരിച്ചയക്കുന്ന അപേക്ഷകൾ കർഷകന്റെ ലോഗിനിൽ ‘റിട്ടേൺ ആപ്ളിക്കേഷൻസ്’ എന്ന ടാബിൽ എത്തും
• ഇഷ്യുചെയ്‌ത പോളിസി കർഷകന്റെ ലോഗിനിൽ പോളിസി എന്ന ടാബിൽ ലഭിക്കും
നഷ്ടപരിഹാരത്തിന് സ്വീകരിക്കേണ്ട നടപടികൾ
കൃഷിഭവനിൽനിന്ന് എഫ്‌ഐആർ എൻട്രി വരുത്തി അത് കൃഷി ഓഫീസർ അംഗീകരിച്ചാലേ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനാകൂ. കൃഷിനഷ്ടം സംഭവിച്ചാൽ നേരിട്ടോ അല്ലാതെയോ കൃഷിഭവൻ ഉദ്യോഗസ്ഥരെ വിവരം യഥാസമയം അറിയിച്ച് വിവരം എഫ്ഐആർ എൻട്രി വരുത്തിയെന്ന് ഉറപ്പാക്കണം
• പ്രകൃതിക്ഷോഭം നടന്ന വിവരം കൃഷിഭവനെ അറിയിക്കാൻ എയിമസ് പോർട്ടലിലെ ലോഗിനിൽ ‘റിപ്പോർട്ട് കലാമിറ്റി’ എന്ന ഓപ്‌ഷനും ഉപയോഗിക്കാം. എന്നാൽ, ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കാൻ പ്രത്യേകം അപേക്ഷിക്കണം
• നഷ്ടം സംഭവിച്ചാൽ 15 ദിവസത്തിനുള്ളിൽ പോർട്ടൽ വഴിയോ എയിമസ് മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷനൽകണം
• കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കാൻ എത്തുംവരെ നാശനഷ്ടം സംഭവിച്ച വിള അതേപടി നിർത്തണം
കുറിപ്പ്: ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് അതതു പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടാം.
Content Highlights: Kerala`s state crop insurance scheme. Understand eligibility, claim process, and crucial guidelines
Published: 29 Jun 2025, 06:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented