ഹവായിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വളരെ പെട്ടെന്നാണ് ആ മധുരഫലം പ്രചാരം നേടിയത്. എന്തായിരുന്നു ഇതിന്റെ രഹസ്യമെന്നോ? മുന്തിരി പോലെ മധുരതരമായ ഫലങ്ങള്‍ കൈവെള്ളയിലൊതുക്കാന്‍ മരം കയറുകയോ ശിഖരങ്ങളില്‍ തൂങ്ങിപ്പിടിച്ച് കയറുകയോ എത്താക്കൊമ്പത്ത് ആയത്തില്‍ വലിഞ്ഞെത്തുകയോ ഒന്നും വേണ്ട. ഇടവേളകളില്‍ ക്ലാസ് കഴിയുമ്പോഴും ഇന്റര്‍വെല്‍ സമയത്തും മരത്തിനടുത്തേക്ക് ഒന്നു നടന്നെത്തുകയേ വേണ്ടൂ. തടിയില്‍ തന്നെ ഇറുങ്ങുപിടിച്ചതുപോലെ നിറയെ വിളഞ്ഞുനില്‍ക്കുന്ന പഴങ്ങള്‍ അനായാസം കയ്യെത്തി പറിക്കാൻ കഴിയും. നിലത്തുനിന്നും തന്നെ സ്വാദൂറും പഴങ്ങള്‍ കയ്യെത്തി പറിക്കാന്‍ കിട്ടിയാല്‍ കുരുന്നുകള്‍ക്ക് അതില്‍പരം ഒരു സന്തോഷമെന്തുണ്ട്? പഴങ്ങള്‍ തുരുതുരാ ഇറുത്തെടുക്കുക; വെളുത്ത് മധുരമൂറുന്ന ജെല്ലി പോലുള്ള മാംസളഭാഗം സ്വാദോടെ നുണയുക; ഞൊടിയിടയില്‍ കുരു തുപ്പിക്കളയുക. ഈ അപൂര്‍വസൗകര്യമായിരുന്നു ഈ പഴത്തെ ദ്രുതഗതിയില്‍ ജനപ്രിയമാക്കിയത് എന്ന് ചുരുക്കം. 

To advertise here,

1900 കാലഘട്ടത്തിലായിരുന്നു ഇത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് തെക്കേ അമരേിക്കയില്‍ നിന്ന് ഈ പഴം ഹവായിലെത്തുന്നത്. എല്ലാവരുടെയും നാവും മനസ്സും കവരാന്‍ ഈ പഴത്തിന് വളരെ വേഗം സാധിച്ചു എന്നതാണ് പരമാര്‍ത്ഥം. അത്യാകര്‍ഷകമായ നിറവും പ്രധാന തടിയില്‍ തന്നെ ഇറുങ്ങുപോലെ നിറയെ കായ് പിടിക്കുന്ന സ്വഭാവമുള്ള വേറിട്ട ഈ പഴമാണ് 'ജബോട്ടിക്കാബ' എന്ന മരമുന്തിരി.

ആമകള്‍ പേര് നല്‍കിയ പഴം

പെട്ടെന്ന് പറയാന്‍ അത്ര സുഖകരമല്ലാത്ത ഒരു പേര്; ജബോട്ടിക്കാബ. ചില ദേശങ്ങളില്‍ ജബുട്ടിക്കാബ എന്നും പറയും. ഇത് എന്തുതരം പേര് എന്നാവും പലരുടെയും ചിന്ത; എങ്കില്‍ കേട്ടോളൂ... ഈ പേരിനു പിന്നിലുമുണ്ട് കൗതുകകരമായ ഒരു കഥ. ആമകളാണ് ഈ പഴത്തിന് 'ജബോട്ടിക്കാബ' എന്ന് പേരിട്ടത്! അതിന്റെ കഥ ഇങ്ങനെ; ബ്രസീലില്‍ കോളനിവല്‍ക്കരണം നടക്കുന്നതിന് മുമ്പ് 'ടുപി' (Tupi) എന്നുപേരായ ഒരു വിഭാഗം പ്രാദേശികജനത ഉണ്ടായിരുന്നു. ഇവരുടെ സംസാരഭാഷയും 'ടുപി' എന്നാണറിയപ്പെട്ടത്. ഇന്നും ടുപി ജനത ടുപിഗുറാനി ഭാഷകള്‍ തന്നെയാണ് സംസാരിക്കുന്നത്. ഇവര്‍ അധികവും കര്‍ഷകരും കപ്പലോട്ടക്കാരും നദികളെ ആശ്രയിച്ചുമാത്രം ജീവിക്കുന്നവരുമായിരുന്നു. മീന്‍പിടിത്തവും മൃഗങ്ങളെ വേട്ടയാടലും ആമകളെയും ആമമുട്ടകളെയും ശേഖരിക്കലുമൊക്കെയായിരുന്നു ഇവരുടെ പ്രധാന ജോലികള്‍. 

ആമസോണ്‍ മഴക്കാടുകളില്‍ ജന്മം കൊണ്ട ഈ ജനവിഭാഗം ക്രമേണ തെക്കുഭാഗത്തേക്ക് സഞ്ചരിച്ച് അറ്റ്‌ലാന്റിക് തീരത്ത് സ്ഥിരവാസമുറപ്പിച്ചവരായിരുന്നു. ഇവര്‍ സംസാരിക്കുന്ന 'ടുപി' ഭാഷയിലെ വാക്കാണ് 'ജബോട്ടി' (Jaboti). 'ജബുട്ടി' (Jabuti) എന്നും പറയും. 'ജബോട്ടി' എന്ന ടുപി പദത്തിനര്‍ഥം 'ആമ' എന്നാണ്. 'കാബ' (Kaba) എന്നാല്‍ 'സ്ഥലം' എന്നും. അതായത് 'ആമകള്‍ സമൃദ്ധമായി കാണപ്പെടുന്ന സ്ഥലം' (The place where tortoises are found) എന്നാണ് 'ജബോട്ടിക്കാബ' എന്ന വാക്കിനര്‍ത്ഥം എന്ന് ചുരുക്കം. 'ആമയുടെ ശരീരത്തിലെ കൊഴുപ്പ് പോലെ' (Like turttle fat) എന്നും ഇതിനൊരു വ്യഖ്യാനമുണ്ട്. ഇത് പഴത്തിനുള്ളിലെ വെളുത്ത ദശയെ അല്ലെങ്കില്‍ കാമ്പിനെ സൂചിപ്പിക്കുന്നു. ഇങ്ങനെ ആമയുമായി ബന്ധപ്പെടുത്തി ഈ പഴത്തിന് 'ജബോട്ടിക്കാബ' എന്നു പേര് കിട്ടാന്‍ ഒരു കാരണം കൂടെയുണ്ട്. ഈ ആമകള്‍ കൂട്ടമായെത്തുന്നത് സമൃദ്ധമായി ജബോട്ടിക്കപ്പഴങ്ങള്‍ കൊഴിഞ്ഞു വീഴുന്ന മരച്ചുവടുകളിലാണ്. മറ്റൊരു വിധത്തില്‍ ഈ ആമകള്‍ കൂട്ടത്തോടെ എവിടെ കൂടുന്നുവോ അവിടം ജബോട്ടിക്ക മരങ്ങളും പഴങ്ങളും സമൃദ്ധമായി ലഭിക്കുന്ന, വളരുന്ന ഇടമായിരിക്കും എന്നുറപ്പിക്കാം. അങ്ങനെ ആമകള്‍ക്ക് പ്രിയങ്കരമായ പഴം എന്നയര്‍ഥത്തിലാണ് ഈ മധുരഫലത്തിന് 'ജബോട്ടിക്കാബ' എന്ന് പേര് നല്‍കിയത്.

ഇനി ഈ ആമകളെക്കുറിച്ച് കൂടെ അറിയേണ്ടതുണ്ട്. തെക്കേ അമേരിക്കന്‍ സ്വദേശിയാണ് ചുവന്ന പാദങ്ങളുള്ള 'റെഡ് ഫൂട്ടഡ് ടോര്‍ട്ടോയിസ്' എന്ന പ്രത്യേകതരം ആമ. താരതമ്യേന ചെറിയ ഈ ആമകളെ ഓമനകള്‍ (Pets) ആയാണ് വളര്‍ത്തുന്നത്. ചെടികളും പുല്ലും പൂക്കളും പഴങ്ങളുമൊക്കെയാണ് ഇവയുടെ ഇഷ്ടവിഭവങ്ങള്‍. ഇവയുടെ കാലുകള്‍ക്കാണ് നല്ല ചുവപ്പുനിറം. അതുകൊണ്ടുതന്നെ ഇവയ്ക്ക് റെഡ് ലെഗ്, റെഡ് ലെഗ്ഡ്, റെഡ് ഫുട്ട് എന്നെല്ലാം പേരുകളുമുണ്ട്. ആണ്‍ ആമകളാണ് പെണ്‍ ആമകളേക്കാള്‍ നിറത്തിലും വലിപ്പത്തിലും മുന്നില്‍. ചുവന്നതുപോലെ തന്നെ മഞ്ഞക്കാലുകളുള്ള ആമയുമുണ്ട്. നിറം ഏതായാലും ജബോട്ടിക്കാബ മരത്തിനടുത്ത് ഒത്തുകൂടാനാണ് ഇവ ഇഷ്ടപ്പെടുന്നത്.

placeholder
ജബോട്ടിക്കാബ മരത്തിൽ പഴങ്ങൾ | Photo: Screengrab from youtube.com/ TEKNIQ

സസ്യപരിചയം

ബ്രസീല്‍ സ്വദേശിയാണ് ജബോട്ടിക്കാബ. ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന നിത്യഹരിതവൃക്ഷം. ബ്രസീലിലെ ഏറ്റവും ജനപ്രിയഫലങ്ങളിലൊന്നാണ് ജബോട്ടിക്കാബ. 'മരമുന്തിരി' എന്ന അര്‍ഥത്തില്‍ 'ബ്രസീലിയന്‍ ഗ്രേപ്പ് ട്രീ' എന്നും പേരുണ്ട്. മരത്തിന്റെ പ്രധാന തടിയില്‍ തന്നെ ഇറുങ്ങുപോലെ വലിയ മുന്തിരിപ്പഴങ്ങള്‍ പിടിച്ചുനില്‍ക്കുന്നത് കണ്ടാല്‍ ആരും ഒന്നുകൂടെ നോക്കിപ്പോകും. പര്‍പ്പിള്‍ നിറമാണ് പഴങ്ങള്‍ക്ക്. പുറംതൊലിക്ക് സാധാരണ മുന്തിരിപ്പഴത്തേക്കാള്‍ കനവും കട്ടിയുമുണ്ട്. തെളിഞ്ഞ പച്ചനിറമാണ് വിളയാത്ത പഴങ്ങള്‍ക്ക്. ഇവ വിളയുന്നതോടെയാണ് കടുത്ത പര്‍പ്പിള്‍ നിറമായി മാറുന്നത്.

ഉള്‍ഭാഗത്ത് റോസ് നിറം കലര്‍ന്ന പിങ്കോ വെള്ളയോ നിറത്തില്‍ അകക്കാമ്പ്. ബ്രൗണ്‍ നിറത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെ വിത്തുകള്‍ ഓരോ പഴത്തിലുമുണ്ടാകും. ഇങ്ങനെ കായ് പിടിക്കുന്ന മരങ്ങള്‍ക്ക് 'കോളിഫ്‌ളോറസ് എന്നാണ് സസ്യശാസ്ത്രം പറയുന്ന പേര്. പൂക്കളും കായ്കളും ശിഖരങ്ങളിലല്ലാതെ നേരിട്ട് പ്രധാന തായ്ത്തടിയില്‍ ഉണ്ടാകുന്നത് എന്നര്‍ഥം. പൂക്കളും കായ്കളും ഒറ്റയ്‌ക്കോ ചെറിയ കൂട്ടങ്ങളായോ തടിയുടെ താഴ്ഭാഗം മുതല്‍ മുകളറ്റം വരെ പിടിച്ചിരിപ്പുണ്ടാവും. തേനീച്ചകളുടെ ഇഷ്ടതാവളമാണ് ജബോട്ടിക്കാബയുടെ പൂക്കള്‍.

പ്ലിനിയ കോളിഫ്‌േളാറ' (Plinia Cauliflora) എന്നാണ് ഈ ഫലസസ്യത്തിന്റെ സസ്യനാമം. ജന്മനാടായ ബ്രസീലില്‍ ജബോട്ടിക്കാബ പലപ്പോഴും ഒരു ഫ്രഷ് ഫ്രൂട്ടായിത്തന്നെയാണ് ഉപയോഗിക്കാറ് പതിവ്. പഴത്തിന്റെ തൊലി തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് തെറ്റിച്ച് ഉള്‍ഭാഗത്തെ മാംസളക്കാമ്പ് അതേപടി നുണയുകയാണ് പതിവ്. കൂടാതെ ജാം, മാര്‍മലെയിഡ് പോലുള്ള മധുരവിഭവങ്ങള്‍ തയ്യാറാക്കാനും ഉപയോഗിക്കുന്നു. പഴത്തിന്റെ ചാറ് പിഴിഞ്ഞ് പുളിപ്പിച്ച് വീഞ്ഞും മദ്യവും ഉണ്ടാക്കുകയും പതിവാണ്. ഇവിടെ ശ്രദ്ധിക്കാനുള്ള ഒരു കാര്യം വിളവെടുത്തു കഴിഞ്ഞ് മൂന്നുനാലു ദിവസത്തിനുള്ളില്‍ തന്നെ പഴങ്ങള്‍ പുളിയ്ക്കാന്‍ ആരംഭിക്കും എന്നതാണ്. അതുകൊണ്ടു തന്നെ ഈ സമയപരിധിക്കുള്ളില്‍ പഴങ്ങള്‍ വേണ്ടവിധം ഉപയോഗിക്കാന്‍ ശ്രദ്ധിച്ചേ തീരൂ. ബ്രസീലിയന്‍ ആദിവാസികള്‍ പഴങ്ങള്‍ അധികവും പുളിപ്പിച്ച് വീഞ്ഞ് തയ്യാറാക്കാനാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല അവിടെ ഇതിന് ഒരു പരമ്പരാഗത ഔഷധത്തിന്റെ ഉപയോഗവുമുണ്ടായിരുന്നു. തൊണ്ടവീക്കം, ആസ്തമ, ഉദരസംബന്ധമായ വ്യാധികള്‍ എന്നിവയ്‌ക്കെല്ലാം ജബോട്ടിക്കാബ ഔഷധമായിരുന്നു.

ബ്രസീലിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ദ്വീപായ മിനായിസ് ജറായിസിലെ തെരുവോരങ്ങളിലെ വഴിയോരക്കച്ചവടക്കാര്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന പഴവുമായിരുന്നു ജബോട്ടിക്കാബ. ഇത് എത്രത്തോളം വലിയ അളവില്‍ തെരുവുകളില്‍ വിറ്റഴിയുന്നു എന്നറിയണമെങ്കില്‍ നിരത്തുകളും നടപ്പാതകളും നിറയെ പഴത്തിന്റെ പര്‍പ്പിള്‍ നിറം പറ്റി കറ പുരണ്ടതുപോലെ ദീര്‍ഘനാള്‍ തുടരുമായിരുന്നു. നടപ്പാതകളുടെ സ്വതഃസിദ്ധമായ നിറം തന്നെ മാറ്റിമറിക്കും വിധം വന്‍തോതിലാണ് പഴങ്ങള്‍ ഓരോ സീസണിലും അവിടെ വിറ്റു പോയിരുന്നത്. തൊട്ടടുത്ത സബാറ നഗരത്തിലാകട്ടെ എല്ലാ വര്‍ഷം ജബോട്ടിക്കാബ പഴങ്ങളുടെ ഒരു ഉത്സവം തന്നെ നടത്തുന്ന പതിവും ഉണ്ടായിരുന്നു.

പൊതുവേ ജബോട്ടിക്കാബ മരം സാവധാന വളര്‍ച്ചാ സ്വഭാവമുള്ളതാണ്. എന്നാല്‍ വളരുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ച ഇതിന്റെ ഉയരത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. ബ്രസീലില്‍ ഇത് 45 അടി വരെ ഉയരത്തില്‍ വളരും. എന്നാല്‍ കാലിഫോര്‍ണിയയില്‍ ശരാശരി 15 അടിയാണ് മരത്തിന്റെ ഉയരം. ഇന്നിപ്പോള്‍ സാന്‍ഫ്രാന്‍സിസ്‌കോ, സാന്‍ ജോസ് എന്നീ പ്രദേശങ്ങളിലെല്ലാം ജബോട്ടിക്കാബ വളരുന്നു. മരത്തിന് ഇത്തരത്തില്‍ ഒരു സാവധാന വളര്‍ച്ചാ സ്വഭാവമുള്ളതിനാല്‍ ഇത് 'ബോണ്‍സായ്' ആയി വളര്‍ത്താനും ഉത്തമം. സാധാരണഗതിയില്‍ ജബോട്ടിക്കാബ കായ് പിടിക്കാന്‍ എട്ടുവര്‍ഷം വേണ്ടിവരും. എന്നാല്‍ ഒട്ടുതൈകള്‍ കായ് പിടിക്കാന്‍ 5 വര്‍ഷം മതിയാകും. വിത്തുതൈകളാണെങ്കില്‍ ഇത് 10-20 വര്‍ഷം വരെ നീളാനും മതി.

ഇനവൈവിധ്യം

നിറവൈവിധ്യമുള്ള ഇനങ്ങള്‍ ജബോട്ടിക്കാബയിലുണ്ട്.

  • ജബോട്ടിക്കാബ വൈറ്റ്: സാവധാന വളര്‍ച്ചാ സ്വഭാവം, മരത്തിന് പരമാവധി ഉയരം 15 മീറ്റര്‍. വെളുത്ത പൂക്കള്‍ തടിയില്‍ തന്നെ നേരിട്ടുണ്ടാകുന്നു. കാഴ്ചയില്‍ മുന്തിരിയോട് സമാനമായ പഴങ്ങളുടെ തൊലിയ്ക്ക് നല്ല കട്ടിയും കനവും.
  • ജബോട്ടിക്കാബ യെല്ലോ: ഇലകള്‍ക്ക് ഇളംപച്ച നിറവും മൃദുത്വവും മൂന്നു വര്‍ഷം കൊണ്ട് കായ് പിടിക്കും. പഴത്തിന് മധുരവും പുളിയും കലര്‍ന്ന സമ്മിശ്ര രസം.
  • ജബോട്ടിക്കാബ പര്‍പ്പിള്‍: 'മരമുന്തിരി' എന്ന പേരില്‍ പരിചിതം. ഏകദേശം 20 അടി വരെ ഉയരമെത്തും. മുന്തിരിയോട് സമാനമായ സ്വാദ്. ഒരു മാസം കൊണ്ട് പഴം പഴുക്കും.

റെഡ് ഹൈബ്രിഡ്, എസ്‌കാര്‍ലെറ്റ്, സബാറ, പ്രിക്കോസിയ തുടങ്ങിയവ പ്രചാരമുള്ള ഇനങ്ങളാണ്. ഇനങ്ങള്‍ പലതുണ്ടെങ്കിലും ഏറ്റവും വേഗത്തില്‍ കായ്ഫലം തരുന്ന ഇനമാണ് ജബോട്ടിക്കാബ റെഡ് ഹൈബ്രിഡ്. ഇത് കായ് പിടിക്കാന്‍ 34 വര്‍ഷം മതി. കായ് പിടിക്കുമ്പോള്‍ പച്ചനിറവും പഴുക്കുമ്പോള്‍ ചുവന്ന നിറവുമാകും. അധികം ഉയരം വയ്ക്കില്ല. അത്യാവശ്യം ചട്ടികളിലും നട്ടുവളര്‍ത്താന്‍ സാധിക്കും. വര്‍ഷത്തില്‍ പല തവണ പുഷ്പിക്കുകയും കായ് പിടിക്കുകയും ചെയ്യുന്നു എന്ന പ്രത്യേകതയാണ് സബാറയെ ഫലവര്‍ഗപ്രേമികളുടെ ഇഷ്ടഭാജനമാക്കി മാറ്റുന്നത്. സബാറയ്ക്ക് പുറമെ രാജദ, പൊന്‍ഹെമ, പ്രിക്കോസി, ക്രിസ്റ്റല്‍ ഗ്രീന്‍, റെഡ് പൗച്ച്, അക്കു പുല്‍സ എന്നീ ഇനങ്ങളുമുണ്ട്. അധികം ഉയരം വയ്ക്കാത്ത സങ്കര ഇനങ്ങള്‍ക്ക് നല്ല പ്രചാരമുണ്ട്.

ഉയരം കുറഞ്ഞ ഇനങ്ങള്‍ ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ ഉത്തമമായ പോട്ടിങ് മിശ്രിതം തയ്യാറാക്കണമെന്നു മാത്രം. മണ്ണ്, മണല്‍, ചാണകപ്പൊടി, ചകിരിപ്പൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവയോടൊപ്പം കുറച്ച സ്യൂഡോമോണസ് കൂടെ ചേര്‍ത്താണ് വളര്‍ച്ചാമിശ്രിതം തയ്യാറാക്കേണ്ടത്. ഇത്തരം ഇനങ്ങള്‍ ആവശ്യത്തിന് വലിപ്പമുള്ള ചട്ടിയില്‍ നട്ടാല്‍ ഉദ്യാനങ്ങളിലും അലങ്കാരച്ചെടിയായി വയ്ക്കാന്‍ നല്ലതാണ്. ചട്ടികള്‍ക്ക് പുറമെ വലിയ വീപ്പകളും (ബാരല്‍) ജബോട്ടിക്കാബ വളര്‍ത്താന്‍ എടുക്കാം. ജൈവവളങ്ങള്‍ തന്നെയാണ് ഇതിന്റെ വളര്‍ച്ചയ്ക്കുത്തമം. കാലിവളം ആട്ടിന്‍കാഷ്ഠം എന്നിങ്ങനെ.

placeholder
വിളവെടുത്ത ജബോട്ടിക്കാബ പഴങ്ങൾ | Photo: Screengrab from youtube.com/ TEKNIQ

ബ്രസീലുകാര്‍ക്ക് എന്നും ഇഷ്ടം

പഴങ്ങള്‍ നേരിട്ട് മരത്തിന്റെ തടിയില്‍ തന്നെ പുറ്റുപോലെ പറ്റിപ്പിടിച്ച് വളരുന്നു, പഴത്തിന് സവിശേഷമായ സ്വാദുണ്ട് എന്നതിനേക്കാളെല്ലാമുപരി ജബോട്ടിക്കാബ ബ്രസീലിയന്‍ ജനതയ്ക്ക് പ്രിയങ്കരമാകുന്നത് അത് അവരുടെ സ്വന്തം എന്ന തോന്നല്‍ നിമിത്തമാണ്. ആദ്യകാലത്ത് ബ്രസീലിന്റെ മാത്രം ഫലവൃക്ഷമായിരുന്നു ഇത്. പ്രത്യേകിച്ച് ബ്രസീലിന്റെ തെക്കുകിഴക്കന്‍ മേഖലകളില്‍ ജബോട്ടിക്കാബ സമൃദ്ധമായി വളര്‍ന്നിരുന്നു. ബ്രസീലിലെ അറ്റ്‌ലാന്റിക് വനത്തിന്റെ സ്വന്തം എന്നു തന്നെ പറയാം ഈ പഴത്തെ.

പഴം മുന്തിരി പോലെ അതേപടി കഴിക്കുകയും ജാം, ജ്യൂസ്, വീഞ്ഞ്, മദ്യം എന്നിവ ഇതില്‍ നിന്ന് അവര്‍ ധാരാളം തയ്യാറാക്കി ഉപയോഗിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇതിന് 'ബ്രസീലിയന്‍ മരമുന്തിരി' (Brazilian grapet ree) എന്ന് പേരുപോലും കിട്ടിയത്. 'ആമസോണ്‍ മഴക്കാടുകളിലെ ഒളിഞ്ഞിരിക്കുന്ന അത്ഭുതം' എന്ന അര്‍ഥത്തില്‍ 'Hidden wonder of the Amazon rainforest' എന്നും ജബോട്ടിക്കാബയ്ക്ക് പേരുണ്ട്. ബ്രസീലിന്റെ പരമ്പരാഗത നാടോടിക്കഥകളിലെല്ലാം കഥാപാത്രമായ ജബോട്ടിക്കാബ അവിടുത്തെ ഒരു പ്രധാന സാംസ്‌കാരിക ചിഹ്നം കൂടെയാണ്. ജബോട്ടിക്കാബ സര്‍ബത്ത്, ജാം, ചട്ണി, പുഡ്ഡിങ്ങ് എന്നിവ പ്രചാരത്തിലുള്ള ഭക്ഷ്യവിഭവങ്ങളും.

മേന്മകളേറെ

  • പോഷകസമ്പന്നമാണ് ജബോട്ടിക്ക പഴം. ഊര്‍ജം 45.7 കലോറി, മാംസ്യം0.11 ഗ്രാം, കൊഴുപ്പ്  0.01 ഗ്രാം, കാര്‍ബോഹൈഡ്രേറ്റ്12.58 ഗ്രാം, നാര് 0.08 ഗ്രാം, ധാതുക്കള്‍ നിക്കല്‍2.8 മില്ലിഗ്രാം, കോബാള്‍ട്ട്30 മൈക്രോഗ്രാം, സെലേനിയം1.9 മില്ലിഗ്രാം, ജീവകം ബി1 0.04 മില്ലിഗ്രാം, ബി2   0.09 മില്ലിഗ്രാം നിയാസിന്‍ 1.3 മില്ലിഗ്രാം, പൊട്ടാസ്യം 13.2 മില്ലിഗ്രാം.
  • 100 ഗ്രാം പഴത്തിലടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളുടെ തോതാണിത്. ഇതില്‍ തന്നെ ഉണങ്ങിയ പഴത്തിന്റെ ഭാരത്തിന്റെ 33.33 മുതല്‍ 52.79 ശതമാനം വരെ ഭക്ഷ്യയോഗ്യമായ നാരുണ്ടാകും എന്നതാണ് പ്രധാനം. പഴത്തിലുള്ള നിരോക്‌സീകാരകങ്ങളും സസ്യസംയുക്തങ്ങളുമെല്ലാം ശാരീരികാരോഗ്യത്തിന് ഉത്തമവുമാണ്.
  • മനുഷ്യന്റെ ശ്വാസോച്ഛാസ പ്രവര്‍ത്തനത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ജബോട്ടിക്കാബ ആസ്തമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നു. ശ്വാസനാളത്തെയും ശ്വസനേന്ദ്രിയത്തെയും തടസ്സങ്ങള്‍ നീക്കി ശുദ്ധീകരിക്കാന്‍ ഇതിന് കഴിവുണ്ട്.
  • ആന്തോസയനിനുകളും ഇതര ആവശ്യപോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ജബോട്ടിക്കാബ ഹെപ്പറ്റൈറ്റിസ്, സന്ധിവാതം, ഉദരസംബന്ധമായ അസ്വസ്ഥതകള്‍ തുടങ്ങിയവയ്ക്ക് പരിഹാരമാണ്.
  • മികച്ച ചര്‍മ്മസംരക്ഷണ സ്വഭാവവും ഇതിനുണ്ട്. തൊലിപ്പുറത്തുണ്ടാകുന്ന കറുത്ത പാടുകള്‍, ചുളിവുകള്‍, പാടുകള്‍ എന്നിവയുടെ ഗൗരവം കുറയ്ക്കുന്നു. വാര്‍ധക്യത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന ഇത്തരം ലക്ഷണങ്ങളുടെ വരവ് മന്ദീഭവിപ്പിക്കുന്നു.
  • മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും മുടി കൊഴിച്ചില്‍ തടയാനും ഒക്കെ ഇതുപയോഗിക്കുന്നു. പഴത്തിന്റെ സത്ത് ചേരുവയായ നിരവധി കേശസംരക്ഷണ ഉല്പന്നങ്ങള്‍ വിപണിയിലുണ്ട്.
  • പഴത്തിലടങ്ങിയിരിക്കുന്ന ഫിനോളിക് സംയുക്തങ്ങള്‍, ആന്തോസയനിനുകള്‍ തുടങ്ങിയവയുടെ സാന്നിധ്യം അര്‍ബുദപ്രതിരോധത്തിന് സഹായിക്കുന്നു. സ്വതന്ത്രറാഡിക്കലുകളുടെ പ്രവര്‍ത്തനം തടഞ്ഞ് കോശങ്ങളെ സംരക്ഷിക്കുന്നു.
  • ഹൃദയാരോഗ്യ സംരക്ഷകം കൂടെയാണ് ജബോട്ടിക്ക പഴം. ഇതിലടങ്ങിയിരിക്കുന്ന സജീവസസ്യസംയുക്തങ്ങള്‍ ലിപ്പിഡ് പ്രൊഫൈല്‍ നിലവാരം ക്രമീകരിക്കും, ട്രൈഗ്ലിസറൈഡുകള്‍, എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് ശരീരത്തില്‍ കുറച്ച് നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്‍. കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
  • പഴത്തിന്റെ ഉയര്‍ന്ന ടാനിന്‍ അളവ് അതിന്  അതിസാരം നിയന്ത്രിക്കാനുള്ള കഴിവും നല്‍കുന്നു. കൂടാകെ ഇതിലടങ്ങിയിട്ടുള്ള ജീവകങ്ങളും ധാതുക്കളും എല്ലാം അന്നനാളത്തിലെ ഉപകാരികളായ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും ആമാശയത്തിന്റെ ചലനങ്ങള്‍ ക്രമപ്പെടുത്തുകയും ചെയ്യുന്നവയാണ്.
  • പഴത്തില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നീ ധാതുക്കള്‍ക്ക് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കാന്‍ കഴിവുണ്ട്. കൂടാതെ എല്ലുകളില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ സാന്ദ്രത വര്‍ധിപ്പിക്കുന്നു. എല്ലുകള്‍ക്ക് ബലം നല്‍കി അവയ്ക്ക് വേഗം ക്ഷതം പറ്റാതിരിക്കാന്‍ സഹായിക്കുന്നു.
  • കൂടാതെ പ്രമേഹം, ദുര്‍മേദസ് എന്നിവയും ഒരു പരിധി വരെ ചെറുക്കാനും കുറയ്ക്കാനും ഇത് പ്രയോജനപ്പെടും.