വേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങാതെ പൂക്കള്‍ വളര്‍ത്താനാവുമോ? വീട്ടില്‍ ഒരു അഡീനിയം ചെടിയുണ്ടെങ്കില്‍ വളര്‍ത്താം. തിളച്ചുമറിയുന്ന ചൂടിലും പലനിറങ്ങളില്‍ അഴകോടെ വിരിഞ്ഞുനില്‍ക്കും അഡീനിയം പൂക്കള്‍. വിദേശ അലങ്കാരപ്പൂക്കളില്‍ ഇന്ന് ഏറെ ജനപ്രീതിനേടിയതും ചട്ടികളില്‍ വളര്‍ത്താവുന്നതുമായ ഇനമാണിത്. മരുഭൂമിസസ്യയിനത്തില്‍പ്പെട്ട ബോണ്‍സായി പ്രകൃതം.

To advertise here,

മണ്ണിന് പുറത്ത് തടിച്ചുവളരുന്ന വേരുകളുള്ളതും ഇതിന്റെ പ്രത്യേകതയാണെന്ന് വീട്ടിലെ മട്ടുപ്പാവില്‍ അഡീനിയം വളര്‍ത്തുന്ന സിവില്‍ എന്‍ജിനീയര്‍കൂടിയായ പാലക്കാട് പൊല്‍പ്പുള്ളി കൂളിമുട്ടം ശാന്തിനഗറിലുള്ള സി.ഇ. മുരളി പറയുന്നു. റോസ്, വയലറ്റ്, പിങ്ക്, ചുവപ്പ്, ഓറഞ്ച് തുടങ്ങി പലനിറത്തിലും തരത്തിലുമുള്ള അയ്യായിരത്തോളം പൂച്ചെടികളാണ് മുരളിയുടെ വീട്ടിലുള്ളത്. ആഫ്രിക്ക, തായ്ലാന്‍ഡ്, അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലടക്കം കാണപ്പെടുന്ന 'അറേബിക്കം' ഉള്‍പ്പടെയുള്ള ഇനങ്ങളുമുണ്ട്.

ഗ്രാഫ്റ്റിങ്ങും പരിചരണവും

വിത്തുമുളപ്പിച്ചും തണ്ട് വെട്ടിയെടുത്ത് മറ്റൊരുതൈയിലേക്ക് ഗ്രാഫ്റ്റ് ചെയ്തുമാണ് പുതിയ ചെടികള്‍ വളര്‍ത്തുന്നത്. മണല്‍സാന്നിധ്യമുള്ള മണ്ണിലോ ചകിരിച്ചോറിലോ വളര്‍ത്താം. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയവയാണ് വളം. ചെറിയ നനവ് വേണം. എങ്കിലും വെള്ളം കുറവുമതി. ഗ്രാഫ്റ്റുചെയ്താല്‍ പത്തുദിവസത്തിനകം മുളവരും. രണ്ടോ മൂന്നോ മാസത്തിനിടെ പൂവിടും. ഒന്നാംനിര, രണ്ടാംനിര എന്നിങ്ങനെ ദളങ്ങളുടെ വ്യത്യസ്തതയിലാണ് പൂക്കളെ വേര്‍തിരിക്കുന്നത്. മഴയില്‍ പൂവിടുന്നത് കുറയും. മൂന്നോ, നാലോ മണിക്കൂര്‍ വെയിലും ചൂടും കിട്ടുന്നയിടത്ത് വളര്‍ത്തിയാല്‍ സമൃദ്ധമായി പൂവിടും.

placeholder
മുരളിയുടെ വീട്ടിലെ മട്ടുപ്പാവില്‍ വളര്‍ത്തിയെടുത്ത അഡീനിയം ചെടികൾ

കൗതുകം വരുമാനമായി

''20 വര്‍ഷംമുന്‍പ്, ഓണക്കാല പ്രദര്‍ശന വിപണനമേളയിലാണ് അഡീനിയം പൂക്കള്‍ പരിചയപ്പെടുന്നത്. ഭംഗിയും കൗതുകവും കണ്ട് അന്ന് അഞ്ച് തൈകള്‍ വാങ്ങി, വീട്ടില്‍ വളര്‍ത്തിയപ്പോള്‍ നിറയെ പൂക്കള്‍. ഇതോടെ വിത്തുമുളപ്പിച്ചും ഗ്രാഫ്റ്റ് ചെയ്തും കൂടുതല്‍ തൈകളുണ്ടാക്കിയാലോ എന്നായി ആലോചന. പുസ്തകം വായിച്ച അറിവുവെച്ച് ശ്രമം തുടങ്ങി. ആറുവര്‍ഷമെടുത്ത് ഉണ്ടാക്കിയ തൈകളാണ് ഇന്ന് മട്ടുപ്പാവിലുള്ളത്. ഒരു സംരംഭമെന്നോണം ചെടിവിറ്റ്, മാസം ശരാശരി 10,000 രൂപ വരുമാനവും നേടുന്നുണ്ട്'' -സി.ഇ. മുരളി പറഞ്ഞു. ജോലിത്തിരക്കുണ്ടെങ്കിലും രാവിലെയും വൈകീട്ടുമാണ് പരിപാലനം. ഭാര്യ സുധീര, മകള്‍ നിലീനാ മുരളി, പൊല്‍പ്പുള്ളി കൃഷി ഓഫീസര്‍ സുഹൈന എന്നിവര്‍ പിന്തുണയുമായുണ്ട്.

ചൂട് പ്രശ്‌നമല്ല

വര്‍ഷം മുഴുവന്‍ പൂവിടുന്നതും ചൂടുകാലാവസ്ഥയില്‍ നന്നായി വളരുന്നതുമാണ് അഡീനിയം. വെള്ളവും പരിചരണവും കുറവുമതി. ബോണ്‍സായിയായി വളര്‍ത്താവുന്ന ചെടികളാണിത്. ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ വാണിജ്യാടിസ്ഥാനത്തിലും ഇത് വളര്‍ത്തിയെടുക്കാവുന്നതാണ്. -എ. സുഹൈന കൃഷി ഓഫീസര്‍, പൊല്‍പ്പുള്ളി, പാലക്കാട്