മഴ മാറിയതേയുള്ളു അപ്പോഴേക്കും നമ്മുടെ വീടിനുള്ളിൽ എസി ഇല്ലാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. എന്നാൽ എപ്പോഴും എസി അത്ര പ്രായോഗികമല്ല. പ്രകൃതിദത്ത മാർഗങ്ങളിലൂടെ വീടിനകം എങ്ങനെ തണുപ്പിക്കാം എന്ന് നോക്കുകയാണ് പലരും. അവിടെയാണ് ചെടികളുടെ പ്രസക്തി. വീടിനകത്ത് തണുപ്പ് തരുന്ന ചെടികൾ ഉണ്ട് അവയെ പരിചയപ്പെടാം.

To advertise here,

1. സ്‌നേക്ക് പ്ലാന്റ്

നമ്മുടെ നാട്ടിൽ ധാരാളം ലഭിക്കുന്ന ഒന്നാണ് സ്‌നേക്ക് പ്ലാന്റ്. പരിചരണം വളരെ കുറച്ച് മതി എന്നതും ഇതിന്റെ പ്രത്യേകതയാണ്. രാത്രിയിൽ ഓക്‌സിജൻ പുറത്തുവിടുന്ന ഈ ചെടി കിടപ്പുമുറിയിൽ വരെ ധൈര്യമായി വയ്ക്കാം.

2. പീസ് ലില്ലി

പേരുപോലെ സമാധാനം തരുന്ന ചെടി. പീസ് ലില്ലിയിലെ തൂവെള്ള പൂക്കൾ കണ്ടാൽതന്നെ മനസ് ഒന്ന് ശാന്തമാകും. പീസ് ലില്ലിയുടെ ഇലകൾ ഈർപ്പം പുറത്തുവിടുന്നതിലൂടെ അന്തരീക്ഷത്തിലെ ഈർപ്പം വർദ്ധിക്കുകയും അതിലൂടെ ചുറ്റുപാട് തണുക്കുകയും ചെയ്യും. വായു ശുദ്ധീകരിക്കാനുള്ള കഴിവും പീസ് ലില്ലിയ്ക്ക് ഉണ്ട്. ചൂടിനെ മാത്രമല്ല പൊടിപടലങ്ങളെയും പീസ് ലില്ലി തുരത്തും,

3. അലോവേര

ഔഷധ ചെടി എന്ന രീതിയിൽ അലോവേരയെ നമുക്കറിയാം എന്നാൽ അന്തരീക്ഷം തണുപ്പിക്കാൻ അലോവേരയോളം മികച്ച മറ്റൊരു ഓപ്ഷൻ ഇല്ല എന്നുതന്നെ പറയാം. ഇലകളിൽ നിറയെ വെള്ളം നിറഞ്ഞ ചെടിയാണ് അലോവേര. ഇലകളിലൂടെ പുറത്തുവിടുന്ന ഈർപ്പം ചുറ്റുപാടുകളെ തണുപ്പിക്കും. അലോവേരയുടെ ഇലയ്ക്കുള്ളിലെ പൾപ്പ് ശരീരം തണുപ്പിക്കാനും നല്ലതാണ്.

4. റബ്ബർ പ്ലാന്റ്

കട്ടിയുള്ള ഇലകളാണ് റബ്ബർ പ്ലാന്റിന്റേത്. ഇലകളിലെ ഈർപ്പം പുറത്തുവിടാൻ കഴിയുന്ന ചെടിയാണ് റബ്ബർ പ്ലാന്റ്. വളരെ കുറച്ച് പരിചരണം മാത്രം മതിയെന്നതും റബ്ബർ പ്ലാന്റിന്റെ പ്രത്യേകതയാണ്. കൂടാതെ റബ്ബർ പ്ലാന്റിന്റെ ഇലകൾ ഇന്റീരിയറിന് എലഗന്റ് ലുക്ക് നൽകാനും ബെസ്റ്റാണ്.

5. അരേക്ക പാം

ഇൻഡോർ പ്ലാന്റ് വെച്ചിരിക്കുന്ന മിക്ക വീടുകളിലും അരേക്ക പാം ചെടികൾ കാണാം. അകത്തളങ്ങളെ മനോഹരമാക്കുന്ന ചെടി എന്ന പരിഗണയിലാണ് പലരം ഈ ചെടിയെ സ്വീകരണ മുറികൾ കൊണ്ടുപോയി വയ്ക്കുന്നത്. എന്നാൽ അന്തരീക്ഷം തണുപ്പിക്കാൻ മാത്രമല്ല. വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവും ഈ ചെടികൾക്ക് ഉണ്ട്. വീട്ടകങ്ങളെ തണുപ്പിക്കുന്ന അന്തരീക്ഷം ശുദ്ധീകരിക്കുന്ന ചെടികൾ ഇനിയും ധാരാളം ഉണ്ട്. പരിചരണം കുറവുള്ളതും കേരളത്തിൽ പെട്ടെന്ന് ലഭ്യമായതുമായ ചെടികളെക്കുറിച്ചാണ് മുകളിൽ സൂചിപ്പിച്ചത്.