രോ മാസവും ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നതിന് അനുയോജ്യമാണെന്നും ഓരോ വിളകൾക്കും ആവശ്യമായ വളപ്രയോഗവും മറ്റു പരിപാലനരീതികളും എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കേണ്ടത് കർഷകരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. വാഴ കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണ് ഡിസംബർ. മാത്രമല്ല പച്ചക്കറി- ശീതകാല പച്ചക്കറികൾ നടീൽ തുടരാനും തണ്ണിമത്തൻ കൃഷി തുടങ്ങാനും ഈ മാസം അനുയോജ്യമാണ്. ഡിസംബർ മാസത്തെ കൃഷി പരിപാലനം എങ്ങനെയാണെന്ന് വിശദമായി അറിയാം.

To advertise here,

നെല്ല് - മുണ്ടകൻ

ഡിസംബർ അവസാനത്തോടെ മുണ്ടകൻ നെൽകൃഷിയുടെ വിളവെടുപ്പ് ഏകദേശം പൂർത്തിയാകും. പുഞ്ചകൃഷിക്കായി പാടം ശാസ്ത്രീയമായി സജ്ജീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിലം ഉഴവിനുശേഷം നന്നായി നിരപ്പാക്കുക. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ അമ്ലത ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധവേണം. ഉയർന്ന അമ്ലത വിത്തിന്റെ കിളിർപ്പിനെ ബാധിക്കും. കൂടാതെ കിളിർത്തുവരുന്ന ഞാറ് നശിക്കാനും ഇത് വഴിയൊരുക്കും. അടുത്തതായി ശരിയായ അളവിൽ ജൈവവളം പാടത്ത് ഉഴുത് ചേർക്കണം. ജൈവവളങ്ങൾ മണ്ണിന്റെ ഘടന ച്ചെപ്പെടുത്തുന്നതോടൊപ്പം ജലസംഭരണശേഷി വർധിപ്പിക്കുക, മണ്ണിൽ സൂക്ഷ്മജീവികളുടെ പ്രവർത്തനക്ഷമത വർധിപ്പിച്ച് മണ്ണിന്റെ ജൈവികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കാലിവളം ഏക്കറിന് മൂന്നു മുതൽ അഞ്ച് ടൺ വരെ ചേർത്തുകൊടുക്കാം. അസറ്റോബാക്ടർ അസോസ്പൈറില്ലം ഒരു കിലോ ഗ്രാം/ഏക്കർ, ട്രൈക്കോഡർമ രണ്ടു കിലോ ഗ്രാം/ ഏക്കർ എന്നിവ കാലിവളം, മണ്ണിര കമ്പോസ്റ്റ് ഇവയിൽ കലർത്തി പാടത്ത് വിതറാം. ജൈവവളം ചേർക്കുന്ന സമയത്ത് പാടത്തുനിന്നു വെള്ളം വാർത്ത് കളഞ്ഞിരിക്കണം. വളപ്രയോഗത്തിനുശേഷം മൂന്നുനാലു ദിവസം കഴിഞ്ഞ് ആദ്യപടിയായി വെളളം കയറ്റാം. ഇതിന് മുന്നോടിയായി വളം ഉഴുത് ചേർത്തിരിക്കണം.

നെല്ല് വിതയ്ക്കുമ്പോൾ തന്നെ സ്യൂഡോമോണസ് ഉപയോഗിച്ച് വിത്തുപചാരം ചെയ്യുന്നത് രോഗപ്രതിരോധത്തിന് സഹായകരമാണ്. ഓലചുരുട്ടി, തണ്ടുതുരപ്പൻ തുടങ്ങിയവയുടെ ആക്രമണത്തെ ചെറുക്കുന്നതിനായി ട്രൈക്കോഗ്രാം മുട്ട കാർഡുകൾ പ്രയോഗിക്കാം. സമീപത്തുള്ള കൃഷി വിജ്ഞാനകേന്ദ്രം കെഎയു ബയോകൺട്രോൾ ലാബ് എന്നിവിടങ്ങളിൽനിന്നും ട്രൈക്കോ കാർഡ്സ് വാങ്ങാവുന്നതാണ്.

കോൾ നിലങ്ങൾ

ഡിസംബർ ആദ്യവാരം തന്നെ കൃഷിപ്പണികൾ ആരംഭിക്കുക. ബണ്ടുകൾ ബലപ്പെടുത്തുക, പാടത്തെ വെള്ളം പരമാവധി വെള്ളത്താവളങ്ങളിൽ സംഭരിച്ചശേഷം ബാക്കിയുള്ള വെള്ളം പാടത്തുനിന്നു വറ്റിക്കുക. വെള്ളം വറ്റുന്ന ക്രമത്തിൽ പാടം ഉഴുത് വൃത്തിയാക്കി വിത്ത് വിതയ്ക്കാൻ തയ്യാറാക്കുക.

തെങ്ങ്

ഡിസംബർ മാസം ജലലഭ്യത ക്രമേണ കുറയുന്ന സമയവുമായതിനാൽ ജലസേചനത്തിൽ പ്രത്യേക ശ്രദ്ധവേണം. ഡിസംബർ മുതൽ മെയ് മാസം വരെ നനയ്ക്കുന്നത് ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കും. നാല് ദിവസത്തിലൊരിക്കൽ തെങ്ങൊന്നിന് 250-300 ലിറ്റർ വെള്ളം നൽകുന്നത് വളരെ പ്രയോജനകരമാണ്. തുള്ളിനനയാണെങ്കിൽ ഒരു ദിവസം 30-50 ലിറ്റർ വെള്ളം നൽകാം. ജലസേചന സൗകര്യമുള്ള തോട്ടങ്ങളിൽ രാസവളപ്രയോഗവും നടത്താം. നല്ല പരിചരണം നൽകുന്ന തോട്ടങ്ങളിൽ തെങ്ങൊന്നിന് യൂറിയ, സൂപ്പർഫോസ്ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 335 ഗ്രാം, 330 ഗ്രാം, 570 ഗ്രാം എന്നിങ്ങനെ നൽകാം.

പുതയിടീൽ

ശരിയായ പുതയിടീൽ മൂലം മണ്ണിൽനിന്ന് ഈർപ്പം നഷ്ടപ്പെടുന്നത് 40-50 ശതമാനംവരെ കുറയ്ക്കുന്നു. കൂടാതെ മണ്ണിന്റെ താപനില സ്ഥിരതയോടെ നിലനിർത്തുകയും ചെയ്യാം. ജൈവവസ്തുക്കൾ ഉപയോഗിച്ച് പുതയിടുന്നത് മണ്ണിൽ സൂക്ഷ്മാണുക്കളുടെ എണ്ണം വർധിപ്പിക്കുകയും വായുസഞ്ചാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി കളനിയന്ത്രണവും ഒരു പരിധി വരെ സാധ്യമാകുന്നു. തെങ്ങോല, വാഴയില, പുല്ല്, ഉണങ്ങിയ മറ്റ് ഇലകൾ, തൊണ്ട് ഇവയെല്ലാം പുതയിടീലിന് തെങ്ങിൻ തടങ്ങളിൽ ഉപയോഗിക്കാo. 12-15 സെന്റി മീറ്റർ കനത്തിൽ പുതയിടുന്നതാണ് ഏറ്റവും അഭികാമ്യം. തടിയിൽനിന്ന് 30-40 സെന്റി മീറ്റർ അകലത്തിൽ ഒന്നര മുതൽ രണ്ട് മീറ്റർ ചുറ്റളവിൽ എട്ടുമുതൽ 12 സെന്റി മീറ്റർ ആഴത്തിൽ തടമെടുത്ത് ജൈവവളം വിതറിയതിനുശേഷം പുതയിടീൽ നടത്താം. ഇത് നാളികേരത്തിന്റെ ഉത്പാദനം 20-30% വരെ വർധിക്കുന്നതിന് സഹായിക്കുന്നു.

പുതയിടീലിനു മുന്നോടിയായി രാസവളപ്രയോഗം നടത്തണം. യൂറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നിവ കൂടാതെ മെക്രോന്യൂട്രിയന്റ് 100 ഗ്രാം ആവശ്യമെങ്കിൽ ചേർത്തുകൊടുക്കാം. തെങ്ങിന് ചുവട്ടിൽനിന്ന് ഒന്നര മീറ്റർ ചുറ്റളവിൽ തടമെടുത്ത് വളം വിതറിയശേഷം ചെറിയ കനത്തിൽ മണ്ണിട്ട് മൂടുക. വളപ്രയോഗത്തിനുശേഷം ജലസേചനം നടത്താൻ ശ്രദ്ധിക്കേണ്ടതാണ്. കുമ്മായം ഡോളോമൈറ്റ് തെങ്ങിൻ തടത്തിൽ വിതറി 10-14 ദിവസത്തിനുശേഷം ജൈവവളം 25-50 കിലോ ഗ്രാം തെങ്ങൊന്നിന് നൽകാം. ജൈവവളം നൽകി ഒരാഴ്ചയ്ക്കുശേഷം രാസവളം നൽകാം.

തെങ്ങിന്റെ കൂമ്പുചീയൽ രോഗത്തിനെതിരെ ജാഗ്രതവേണം. നാമ്പോല വലിച്ചാൽ എളുപ്പത്തിൽ ഊരിവരിക, അഴുകിയ മണ്ടയിൽ അസഹ്യമായ ദുർഗന്ധം ഉണ്ടാകുക എന്നിവയാണ് രോഗലക്ഷണങ്ങൾ. ചീഞ്ഞഭാഗം ചെത്തിമാറ്റി തീയിട്ട് നശിപ്പിക്കുക മുറിപ്പാടിലും അതിനുചുറ്റും ബോർഡോ കുഴമ്പ് പുരട്ടി പ്ലാസ്റ്റിക് കവറുകൊണ്ടോ വാഴയിലകൊണ്ടോ പൊതിഞ്ഞുകെട്ടുക. മൊട്ടുസൂചികൊണ്ട് തുളയിട്ട കവറുകളിൽ മാങ്കോസെബ് എന്ന് കുമിൾനാശിനി രണ്ട് ഗ്രാം വീതം നിറച്ച് നാമ്പോലയ്ക്ക് തൊട്ടുതാഴെയുള്ള 2-3 ഓലക്കവിളുകളിൽ വെയ്ക്കാവുന്നതാണ്.

ചെന്നീരൊലിപ്പ് രോഗം ബാധിച്ചാൽ തെങ്ങിൽ തടിയുടെ ചുവടുഭാഗത്തുള്ള വിള്ളലുകളിലൂടെ ചുവപ്പ് കലർന്ന തവിട്ട് നിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നു. കൂടാതെ പുറം ഓലകൾ മഞ്ഞളിച്ച് തുടങ്ങുന്നു എന്നീ ലക്ഷണങ്ങൾ പ്രകടമാകും. കേട് വന്ന ഭാഗങ്ങൾ ചെത്തിമാറ്റി മുറിവിൽ ഹെക്സാകോണസോൾ (കോണ്ടാഫ്) അഞ്ച് മില്ലി ലിറ്റർ, 100 മില്ലി ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് പുരട്ടി രോഗം നിയന്ത്രിക്കാം. ട്രൈക്കോഡർമ്മ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകം തെങ്ങിൻ ചുവട്ടിൽ ഇടുന്നതും ഗുണപ്രദമാണ്.

അകത്തിച്ചെടികൾ നിത്യവരുമാനദായകം

കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളർന്ന് ആദായം നൽകുന്ന അകത്തിച്ചെടികൾക്ക് ഇന്ന് അടുക്കളത്തോട്ടത്തിലെ അലങ്കാരച്ചടി കൂടിയാണ്. പ്രത്യേകിച്ച് ചുവപ്പുനിറമുള്ള പൂക്കൾ തരുന്ന അകത്തിച്ചെടികൾ. എന്നാൽ അകത്തി 10 സെന്റിൽ കൃഷി ചെയ്താലോ? നിത്യവരുമാനം ഉറപ്പിക്കാം. അതീവശ്രദ്ധ ആവശ്യമില്ല എന്നത് അകത്തി കൃഷിയുടെ പ്രത്യേകതയാണ്. വിളവെടുപ്പും അനായാസം തന്നെ. 1.5 മീറ്റർ അകലത്തിൽ തടമെടുത്ത് 3-5 കിലോ ഗ്രാം ജൈവവളമിട്ട് ഒരു മാസം പ്രായമുള്ള ഗുണമേന്മയുള്ള തൈകൾ നടാം. തൈ ഒന്നിന് യൂറിയ 10-15 ഗ്രാം, സൂപ്പർ ഫോസ്‌ഫേറ്റ് 40-50 ഗ്രാം, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് 10-12 ഗ്രാം തടത്തിൽ അടിവളമായി ചേർത്തു കൊടുക്കണം. മാസത്തിലൊരിക്കൽ വളപ്രയോഗം ആവർത്തിക്കണം. നട്ട് മൂന്നു മാസമാവുമ്പോഴേക്കും പൂവിട്ടു തുടങ്ങും. ധാരാളം മാംസ്യം, വിറ്റമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയുടെ കലവറയാണ് ചുവന്ന അകത്തിപ്പൂക്കൾ.

ഇടയ്ക്ക് മൈക്രോ ന്യൂട്രിയന്റ് തളിച്ചു നൽകുന്നത് പൂക്കളുടെ നിറവും ഗുണമേന്മയും വർധിപ്പിക്കുവാൻ സഹായിക്കും. ഔഷധ ഗുണങ്ങളോടൊപ്പം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുക, ആന്റി ഏജിങ് ശേഷി , കരളിനു ഗുണപ്രദം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക, അലർജി കുറക്കുക, അസിഡിറ്റി കുറക്കുക, ഹൃദയാരോഗ്യ സംരക്ഷണം എന്നിവയ്ക്കായി ചുവന്ന അകത്തി തോരൻ, കറി തുടങ്ങി ഏതു രൂപത്തിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ആരോഗ്യം സംരക്ഷിക്കാം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് കൈ നിറയെ സമ്പാദിക്കാൻ അകത്തി കൃഷി ഉചിതമാണ്.

വാഴ നടാൻ അനുയോജ്യ സമയം

ഡിസംബർ മാസം നടീലിന് വളരെ അനുയോജ്യമാണ്. മഴയ്ക്ക് ശേഷം മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനാൽ കുഴിയെടുക്കുന്നതിനും വളം ചേർക്കുന്നതിനും കന്നുകൾ വേഗം കിളിർത്തുവരുന്നതിനും ഉത്തമ സാഹചര്യമാണ്. മഴ തുടർന്നാൽ വെള്ളം കെട്ടി നിൽക്കാതെ തോട്ടത്തിൽ നീർവാർച്ച ഉറപ്പാക്കണം. കരുത്തുള്ളതും ഒന്നര മുതൽ രണ്ട് കിലോഗ്രാം ഭാരമുള്ളതും രോഗകീടബാധയില്ലാത്തതും കേടുപാടുകൾ ഇല്ലാത്തതുമായ വാഴക്കന്നുകൾ തന്നെ തിരഞ്ഞെടുക്കണം. ഗുണമേന്മയുള്ള ടിഷ്യു കൾച്ചർ വാഴതൈകളും നടാം.

കുഴി തയ്യാറാക്കൽ: നേന്ത്രൻ വാഴയ്ക്ക് 60x60x60 സെന്റി മീറ്റർ വലിപ്പമുള്ള കുഴികൾ തയ്യാറാക്കാം. വരികൾ തമ്മിലും ചെടികൾ തമ്മിലും 2x2 മീറ്റർ അകലം വേണം. കുഴി ഒന്നിന് 10-15 കിലോ ഗ്രാം ജൈവവളം (ചാണകപ്പൊടി, കമ്പോസ്റ്റ്) കൂടാതെ 250 ഗ്രാം വേപ്പിൻ പിണ്ണാക്കും ചേർക്കണം. ഒരു വാഴയ്ക്ക് ആവശ്യമായ രാസവളപ്രയോഗം ഇപ്രകാരമാണ്.

 യൂറിയരാജ്ഫോസ്മ്യൂറേറ്റ് ഓഫ് പൊട്ടാഷ്
ഒന്നാം മാസം8736196
രണ്ടാം മാസം65278106
മൂന്നാം മാസം6500100
നാലാം മാസം650060
അഞ്ചാം മാസം650060
കുലച്ചതിന് ശേഷം650000

വാഴക്കന്ന്/തൈ നട്ടശേഷമുള്ള ആദ്യമാസം മഴ ലഭിക്കുന്നില്ലായെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചുകൊടുക്കണം. ഡ്രിപ്പ് ഇറിഗേഷൻ ചെയ്യുന്നത് വാഴകൃഷിക്ക് ഏറ്റവും ഫലപ്രദമാണ്. ഒപ്പം പ്ലാസ്റ്റിക് പുതയിടീൽ കൂടി നടപ്പാക്കിയാൽ പൂർണമായും കളനിയന്ത്രണത്തോടൊപ്പം മണ്ണിലെ താപനില നിയന്ത്രിക്കുന്നതിനും ജലസംരക്ഷണത്തിനും സഹായകമാകും.

കൃത്യമായ വളപ്രയോഗത്തോടൊപ്പം ആവശ്യാനുസരണം സൂക്ഷ്മമൂലകങ്ങളും നൽകണം. മഴക്കാലമായതിനാൽ കടചീയൽ രോഗത്തിന് സാധ്യതയുണ്ട്. നീർവാഴ്ച ഉറപ്പുവരുത്തുക സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുക എന്നിവ രോഗത്തെ പ്രതിരോധിയ്ക്കും.

പച്ചക്കറി- ശീതകാല പച്ചക്കറികൾ നടീൽ തുടരാം

നല്ല നീർവാർച്ചയുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നടീലിനായി തിരഞ്ഞെടുക്കാം. സെന്റൊന്നിന് ഒന്നുമുതൽ രണ്ടുകിലോ ഗ്രാം കുമ്മായം ചേർത്ത് മണ്ണ് പരുവപ്പെടുത്തണം. മണ്ണ് നന്നായി ഇളക്കി കട്ടകൾ ഉടച്ച് ചേർക്കണം. 1-1.2 മീറ്റർ വീതി 10-15 സെന്റി മീറ്റർ ഉയരം നീളം സൗകര്യാർത്ഥം എന്ന രീതിയിൽ പണകൾ തയ്യാറാക്കുക. ഇടയ്ക്ക് 30-40 സെന്റി മീറ്റർ വീതിയുള്ള ചാലുകൾ എടുക്കുക. ഒരു ഹെക്ടറിന് 10-15 ടൺ ജൈവവളം ചേർത്ത് നൽകാം.

കാബേജ്, കോളിഫ്ളവർ, കാപ്സിക്കം ഇവയുടെ തൈകൾ പ്രോട്രേകളിൽ തയ്യാറാക്കിയാണ് നടേണ്ടത്. ക്യാരറ്റ്, റാഡിഷ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവയുടെ വിത്ത് തയ്യാറാക്കിയ തടങ്ങളിൽ നേരിട്ട് നടേണ്ടതാണ്. മിക്ക ശീതകാല പച്ചക്കറികൾക്കും 45x45 സെന്റി മീറ്റർ നടീൽ അകലം നൽകണം. തടങ്ങളിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. കളനിയന്ത്രണം കൃത്യമായി നടത്തുക. തൈകൾ/വിത്ത് നടുന്നതിന് മുന്നോടിയായി ട്രൈക്കോഡർമ്മ തടങ്ങളിൽ ചേർത്ത് കൊടുക്കുന്നത് കുമിൾരോഗബാധ തടയാൻ ഫലപ്രദമാണ്. കാബേജിനെ ബാധിക്കുന്ന ബാക്ടീരിയൽ അഴുകൽ രോഗങ്ങൾക്കെതിരെ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ തളിച്ചുനൽകാം.

യൂറിയ, രാജ്ഫോസ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 130 കിലോ ഗ്രാം, 250 കിലോ ഗ്രാം, 83 കിലോ ഗ്രാം ഏക്കറിന് നൽകണം. യൂറിയ, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവയുടെ നേർപ്പകുതിയും രാജ്ഫോസ് മുഴുവനായും തൈകൾ നട്ട് ഒരാഴ്ചയ്ക്ക് ശേഷം നൽകാവുന്നത്. ശേഷിക്കുന്ന യൂറിയ, പൊട്ടാഷ് എന്നിവ നട്ട് ഒരു മാസത്തിന് ശേഷം ചേർത്തുനൽകണം. ഈ മാസം ആദ്യ ആഴ്ചയിൽ തന്നെ നടീൽ പൂർത്തിയാകുന്നത് ഏറെ അഭികാമ്യം.

നാടൻ പച്ചക്കറികൾക്കും പരിരക്ഷ നൽകാം

ചതുരപ്പയർ, മറ്റ് പച്ചക്കറികൾക്ക് എന്നിവയ്ക്ക് മേൽവളം നൽകാം. ജൈവകൃഷിരീതികൾ അവലംബിക്കുന്ന തോട്ടങ്ങളിൽ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് ഇവ ഓരോ കിലോ ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ അഞ്ചു ദിവസം പുളിപ്പിച്ച ശേഷം ഇരട്ടി നേർപ്പിച്ച് ആഴ്ചയിൽ ഒരിക്കൽ തടങ്ങളിൽ ഒഴിച്ചുകൊടുക്കുക.

രാസവളം നൽകേണ്ടത് സെന്റൊന്നിന്(ഗ്രാമിൽ)

ഇനംയൂറിയരാജ്‌ഫോസ്മ്യൂറേറ്റ് ഓഫ് പൊട്ടാഷ്
ചീര4351100330
വെണ്ട400240200
പയർ, കത്തിരി, വഴുതന, തക്കാളി17475067
മുളക്, വെള്ളരി652850165
പടവലം600625167

ചീരയ്ക്ക് മുകളിൽ പറഞ്ഞതു കൂടാതെ, ഓരോ വിളവെടുപ്പിനു ശേഷവും 1% യൂറിയ തളിച്ചുനൽകാം. എല്ലാ വിളകൾക്കും ഫോസ്ഫറസ് അടിവളമായും യൂറിയ, പൊട്ടാഷ് എന്നിവ രണ്ടോ മൂന്നോ തവണയും നൽകണം.

കീടനിയന്ത്രണം പ്രധാനം

പുഴു, ഈച്ച, വണ്ട്, നീരൂറ്റി കുടിക്കുന്ന കീടങ്ങൾ ഇവയുടെയെല്ലാം ആക്രമണം പച്ചക്കറികളിൽ സാധാരണമാണ്. വേപ്പധിഷ്ഠിത കീടനാശിനിയായ അസാഡിറക്ടിൽ 1% 3 മില്ലി ലിറ്റർ, ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുന്നത് വളരെ ഫലപ്രദമാണ്. വെള്ളരി വർഗങ്ങളിൽ കാണുന്ന കായീച്ചകളെ ഫെറോമോൺ ട്രാപ്പുകൾ ഉപയോഗിച്ച് (Cue Luer 15 എണ്ണം ഒരു ഏക്കറിന്) നിയന്ത്രിക്കാം. കൃഷിയിടത്തിൽ മുഞ്ഞ, നീല കെണികൾ ഉപയോഗിക്കുന്നത് വെള്ളീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാൻ ഇടയാക്കും. ജൈവകീടനാശിനികളായ ബ്യൂവേറിയബാസിയാന, ലെക്കാനിസീലിയം എന്നിവ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് പച്ചക്കറിയിടെ പുഴുക്കൾ, വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, മിലിബഗ് എന്നീ കീടങ്ങളെ നിയന്ത്രിക്കാം.

ഇവ കീടാക്രമണത്തിന്റെ പ്രാരംഭദശയിൽത്തന്നെ പ്രയോഗിക്കണം. കീടങ്ങളുടെ ആക്രമണം നിയന്ത്രണവിധേയമായില്ലെങ്കിൽ മാത്രം രാസകീടനാശിനികൾ പ്രയോഗിച്ചാൽ മതിയാകും. തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമായാൽ ഫ്‌ളൂബെൻഡയമൈഡ് 480 sc ഒരു മില്ലി ലിറ്റർ, 10 ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് തളിച്ച് നിയന്ത്രിക്കാം. മുളക്, വഴുതന, വെള്ളരി, തക്കാളി എന്നിവയിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ ഒബറോൺ 0.8 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചു കൊടുക്കാം.

ചീരയുടെ ഇലപ്പുള്ളി രോഗത്തിനെതിരെ സ്യൂഡോമോണസ് തളിക്കാം (20 ഗ്രാം- ഒരു ലിറ്റർ വെള്ളം) കൂടാതെ, 4 ഗ്രാം മഞ്ഞൾപ്പൊടി ഒരു ഗ്രാം അലക്കുകാരം, അൽപ്പം കായവും കൂടി ഒരു ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ച് തളിച്ചും ഇലപ്പുള്ളി രോഗത്തെ നിയന്ത്രിക്കാം.

എല്ലാത്തരം പച്ചക്കറികൾക്കും മത്തി-ശർക്കര മിശ്രിതം തളിച്ചു കൊടുക്കുന്നത് ഏറെ ഉത്തമമാണ്. ഇതു കീടങ്ങളെ അകറ്റി നിർത്തുന്നതിനൊപ്പം പൂക്കളുടെയും കായ്കളുടെയും എണ്ണവും ഗുണമേന്മയും വർധിപ്പിക്കുന്നു. കൂടാതെ, ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. രണ്ട് മില്ലി ലിറ്റർ മത്തി-ശർക്കര മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളുടെ ഇലകളിലും തണ്ടുകളിലും 15 ദിവസത്തെ ഇടവേളകളിൽ തളിക്കാം.

തണ്ണിമത്തൻ നടീൽ തുടരാം, വേനൽക്കാലത്ത് വിളവെടുക്കാം

നവംബർ-ഡിസംബർ മാസങ്ങളിലാണ് തൈകൾ നടാൻ മികച്ച സമയം. 25-30 ഡിഗ്രിയാണ് തണ്ണിമത്തൻ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനില. അതേസമയം, നല്ല സൂര്യപ്രകാശം ലഭിക്കുകയും മണ്ണിൽ നീർവാർച്ച ഉറപ്പാക്കുകയും വേണം. 30-45 സെന്റിമീറ്റർ ഉയരം, 1.5-2 മീറ്റർ വീതിയുള്ള പണകൾ തയ്യാറാക്കുക. 2ഃ1 മീറ്റർ അകലത്തിൽ തൈകൾ നടാം. തടം ഒന്നിന് 5-6 കിലോ ഗ്രാം ജൈവവളം ചേർത്തു കൊടുക്കാം. കൂടാതെ, വേപ്പിൻ പിണ്ണാക്ക് 200-250 ഗ്രാം, മണ്ണിര കമ്പോസ്റ്റ് 1-1.5 കിലോ ഗ്രാം, ട്രൈക്കോഡർമ്മ 20-25 ഗ്രാം എന്നിവയും നടുന്നതിനു മുന്നോടിയായി തടത്തിൽ ചേർത്തു കൊടുക്കാം.

തണ്ണിമത്തൻ തൈ ഒന്നിന് നൽകേണ്ട രാസവളം (ഗ്രാമിൽ)

സമയംയൂറിയരാജ്‌ഫോസ്പൊട്ടാഷ്
അടിവളം5-6300
15 ദിവസം കഴിഞ്ഞ്5-604
30 ദിവസം കഴിഞ്ഞ്6-702
45 ദിവസം കഴിഞ്ഞ്6-702

ഷുഗർ ബോബി, കിരൺ, FH(1030) മഞ്ഞ നിറം, VJ- Forture F1- Hybrid ചുവപ്പുനിറം എഒ1010 എന്നീ ഇനങ്ങൾ കർഷകർക്കു വളരെ പ്രിയമാണ്. വിത്ത് തടത്തിൽ ഇട്ട് 70-80 ദിവസങ്ങൾക്കു ശേഷം വിളവെടുപ്പ് ആരംഭിക്കാം. തണ്ണിമത്തനിൽ സാധാരണയായി കണ്ടുവരുന്ന ചെമ്പൻ മത്തൻ വണ്ട്, കായീച്ച, മുഞ്ഞ, ഇലപ്പേൻ എന്നിവയ്‌ക്കെതിരെ അസാഡിറക്ടിൽ 3-5 മില്ലി ലിറ്റർ, ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിച്ചു കൊടുക്കാം. കായയോടു ചേർന്ന തണ്ട് ഉണങ്ങാൻ ആരംഭിക്കുകയും ബ്രൗൺ നിറമാവുകയും ചെയ്താൽ വിളവെടുക്കാൻ പാകമായതായി കണക്കാക്കാം.

കുരുമുളക്

ഡിസംബർ മാസത്തിൽ കുരുമുളക് കൃഷിയിൽ പ്രധാനമായും വരൾച്ചയെ മറികടക്കാനുള്ള നടപടികൾ സ്വീകരിക്കണം. മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനായി പുതയിടീൽ, തുള്ളിനന എന്നിവ ഫലപ്രദമാണ്. മൂന്നാമത്തെ വളപ്രയോഗത്തിനുള്ള സമയം കൂടിയാണിത്. ഓരോ വള്ളിക്കും യൂറിയ, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 75 ഗ്രാം, 80 ഗ്രാം എന്നിങ്ങനെ നൽകാം. കൂടാതെ, ജൈവവളം ചേർത്തു കൊടുക്കുന്നതും മണ്ണിന്റെ ഉർവ്വരതയ്ക്കു ഗുണപ്രദമാണ്. കുരുമുളകിലെ കുമിൾരോഗങ്ങൾ പ്രതിരോധിക്കുന്നതിനായി ബോർഡോ മിശ്രിതം 1% അല്ലെങ്കിൽ കോപ്പർ ഓക്‌സി ക്ലോറൈഡ് 0.3% (3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) കലർത്തി തളിച്ചു കൊടുക്കുക. താങ്ങുചെടിയുടെ അധികമായി നിൽക്കുന്ന കൊമ്പുകൾ കോതി സൂര്യപ്രകാശം ലഭ്യമാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന പ്രദേശങ്ങളിൽ വിളവെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഈ മാസം ആരംഭിക്കാം. കീടനിയന്ത്രണത്തിനായി വേപ്പെണ്ണ 5 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ബാർ സോപ്പ് കൂടി അലിയിച്ച് ചെടികളിൽ തളിച്ചു നൽകാം.

കമുക്

ഈ മാസം ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം. തോട്ടത്തിൽനിന്നു ലഭിക്കുന്ന ഉണങ്ങിയ ചപ്പുചവറുകൾ, പുല്ല്, തൊണ്ട് എന്നിവ ഉപയോഗിച്ച് വേരിനോടു ചേർന്ന ഭാഗങ്ങളിൽ പുതയിടീൽ നടത്തണം. രാസവളം നൽകാനുള്ള സമയം കൂടിയാണിത്. യൂറിയ 75 ഗ്രാം, പൊട്ടാഷ് 80 ഗ്രാം എന്നിങ്ങനെ നൽകാം. വളങ്ങൾ ചെടിയുടെ ചുറ്റിലും വേരുഭാഗത്തു തടമെടുത്തും ചേർത്തു നൽകണം. തുടർന്ന് ജലസേചനം നടത്തേണ്ടതാണ്. കമുകിന്റെ മണ്ടചീയൽ രോഗത്തിനെതിരെ ബോർഡോ മിശ്രിതം 1% തളിക്കുക. ട്രൈക്കോഡെർമ്മ 10-15 ഗ്രാം കമുകൊന്നിന് വേരുഭാഗത്ത് മണ്ണിൽ ചേർത്തു കൊടുത്ത് വേരിനെ ബാധിക്കുന്ന കുമിൾ രോഗങ്ങളെ പ്രതിരോധിക്കാം.

ഏലം

ഡിസംബർ മാസത്തിൽ ഏലം വിളവെടുപ്പും വിളവെടുത്ത കായ്കൾ സംസ്‌കരിക്കുന്ന പ്രവർത്തനങ്ങളും തുടരാം. തുലാവർഷം മാറിയതോടെ ഇനി ഏലച്ചെടികളുടെ ചുറ്റും പുതയിടീൽ നടത്താം. ഇതു മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനും കളനിയന്ത്രണം, മണ്ണിന്റെ ഉർവ്വരത വർധിപ്പിക്കുക എന്നിവയ്‌ക്കെല്ലാം വഴിയൊരുക്കുന്നു. ചെടികൾക്കു ചുറ്റും മണ്ണിളക്കി കൊടുക്കുന്നതും ചുവട്ടിൽ മണ്ണിടിപ്പിച്ചു കൊടുക്കുകയും വേണം. രണ്ടാം വളപ്രയോഗത്തിനും സമയമാണിത്. യൂറിയ, രാജ്‌ഫോസ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 35, 75, 50 കിലോഗ്രാം ഏക്കറിന് എന്ന അളവിൽ ചുവട്ടിൽനിന്ന് ഒന്നരയടി വിട്ട് വിതറി മണ്ണ് കൊത്തിച്ചേർക്കുക. കുമിൾ രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചു കൊടുക്കാം.

ഇഞ്ചി, മഞ്ഞൾ

മഞ്ഞളും ഇഞ്ചിയും വിളവെടുക്കുന്ന സമയമാണിത്. ഇലകൾ മഞ്ഞനിറമാവുകയും തുടർന്നു വാടിപ്പോവുകയും ചെയ്താൽ വിളവെടുപ്പിന് പാകമായതായി കണക്കാക്കാം. നല്ല മുഴുപ്പുള്ളതും രോഗകീടബാധ ഇല്ലാത്തതുമായ വിത്തുകൾ അടുത്ത നടീലിനായി ശേഖരിക്കാം. ഇഞ്ചി, മഞ്ഞൾ ഇവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കിയും മികച്ച വില ഉറപ്പാക്കാം. മഞ്ഞൾപ്പൊടി, ഇഞ്ചി, മഞ്ഞൾ അച്ചാർ എന്നിവയ്ക്ക് നല്ല ഡിമാന്റ് ഉണ്ട്.

ജാതി, ഗ്രാമ്പു

ഡിസംബർ മാസവും വിളവെടുപ്പ് തുടരാം. ഒപ്പം വളപ്രയോഗവും നടത്താം. 10 വർഷത്തിനു മുകളിൽ പ്രായമുള്ള ചെടികൾക്ക് യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 550, 325, 420 ഗ്രാം എന്ന അളവിൽ നൽകണം. രോഗകീട നിയന്ത്രണം, മൾച്ചിങ്, പ്രൂണിങ് എന്നിവ ഇപ്പോൾ നടത്താവുന്നതാണ്.

മാവ്

മാവ് പൂക്കുന്ന സമയമാണിത്. വളപ്രയോഗം, മണ്ണിൽ ഈർപ്പം നിലനിർത്തുക, രോഗകീട നിയന്ത്രണം എന്നിവയ്ക്ക് മികച്ച ശ്രദ്ധ വേണം. 10 വർഷത്തിനു മുകളിൽ പ്രായമുള്ള മാവിന് യൂറിയ 850 ഗ്രാം, സൂപ്പർ ഫോസ്‌ഫേറ്റ് 550 ഗ്രാം, പൊട്ടാഷ് 600 ഗ്രാം എന്നീ അളവുകളിൽ നൽകാം. സൂക്ഷ്മമൂലകങ്ങളായ മഗ്നീഷ്യം, സിങ്ക് ഇരുമ്പ് എന്നിവയും ആവശ്യാനുസരണം നൽകണം. മാവൊന്നിന് 20-25 കിലോ ഗ്രാം ജൈവവളവും നൽകാം. കുമിൾ രോഗബാധയ്‌ക്കെതിരെ 1% വീര്യമുള്ള ബോർഡോ മിശ്രിതം അല്ലെങ്കിൽ കോപ്പർ ഓക്‌സി ക്ലോറൈഡ് മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിച്ചു കൊടുക്കാം. വേപ്പെണ്ണ അഞ്ച് മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് കീടനിയന്ത്രണവും സാധ്യമാക്കാം.

വേപ്പിൻകുരു മിശ്രിതം തയ്യാറാക്കുന്ന വിധം

1. വേപ്പിൻകുരു- 30 ഗ്രാം

2. വെള്ളം- ഒരു ലിറ്റർ

വേപ്പിൻകുരു കല്ലിൽവെച്ച് നന്നായി പൊടിച്ച് തുണിക്കിഴിയിൽ കെട്ടി 12 മണിക്കൂർ നേരം ഒരു ലിറ്റർ വെള്ളത്തിൽ മുക്കിവെക്കുക. കുരുവിന്റെ സത്ത് നന്നായി ഊറി വരത്തക്കവിധം കിഴി ഞെക്കിപ്പിഴിയുക. ശേഷം കിഴി മാറ്റണം. ഇപ്പോൾ 3% വീര്യമുള്ള വേപ്പിൻകുരു മിശ്രിതം തയ്യാർ.