കോഴിപ്പോരിന്‌ പ്രസിദ്ധമായ ഒരു ഇനമാണ് അസീൽ. റീസ, ടിക്ര എന്നീ പേരുകളിലാണ്‌ മുൻപ്‌ അറിയപ്പെട്ടിരുന്നത്‌. മുട്ടയുത്‌പാദനം കുറവായതിനാൽ പ്രധാനമായും ഇറച്ചിക്കാണ് ഉപയോഗിക്കുന്നത്. മികച്ച ശക്തി, ഗാംഭീര്യമുള്ള നടത്തം, കലഹപ്രിയർ, കഠിനമായ പോരാട്ടഗുണങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. പോരിന്റെ മൂർധന്യത്തിൽ അപകടകരമായ സാഹചര്യത്തിൽപ്പോലും ഇവ പിന്തിരിയാറില്ല. പൊരുതി മരണമടയുന്നതത്രെ ഇവയുടെ സ്വഭാവം. പോരാളികളാണെങ്കിലും മനുഷ്യരോട് സൗഹാർദപരമാണ്. മാത്രമല്ല, മെരുക്കാൻ എളുപ്പവുമാണ്‌.

To advertise here,

ഇന്ത്യയിൽ കോഴിപ്പോര്‌ നിയമവിരുദ്ധമാക്കിയതിനാൽ പ്രാധാന്യം കുറഞ്ഞിട്ടുണ്ട്‌. മറ്റു വിദേശകോഴികളുമായി ഇണചേർത്ത്‌ കൂടുതൽ സഹനശക്തിയുള്ളതും സ്വാദിഷ്ഠമായ ഇറച്ചിയുള്ളതുമായ കോഴികളെ ഉത്‌പാദിപ്പിക്കാൻ ഇതു യോജിച്ചതാണ്‌.

സവിശേഷത

ബഹുവർണ തൂവലുകളുണ്ട്. താടകളും ഇയർ ലോബുകളും കടുംചുവപ്പാണ്. കൊക്ക് ചെറുതാണെങ്കിലും ബലമേറിയതാണ്. മുഖം നീളത്തിലുള്ളതും മെലിഞ്ഞതുമാണ്. ശൗര്യം പ്രകടിപ്പിക്കുന്ന കണ്ണുകൾ ഒതുക്കമുള്ളതും ചെറുതുമാണ്. കഴുത്ത് നീളമുള്ളതും ഒരേപോലെ കട്ടിയുള്ളതും എന്നാൽ, മാംസളമല്ലാത്തതുമാണ്. ശരീരം വൃത്താകൃതിയിലുള്ളതും നീളമുള്ളതും വീതിയേറിയ നെഞ്ചും നേരായ പുറകുവശവും ശക്തമായ വാൽ വേരുമാണ്. കാലുകൾ ശക്തവും നേരായതും നന്നായി വേറിട്ടുനിൽക്കുന്നതുമാണ്. തെക്കൻ പഞ്ചാബ്, ആന്ധ്രപ്രദേശ്‌, ഉത്തർപ്രദേശ്‌, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായി കാണുന്നത്. മുട്ടയുത്‌പാദനം കുറവാണെങ്കിലും അടയിരിക്കുന്ന സ്വഭാവം നന്നായിട്ടുണ്ട്‌. പൂവന്‌ നാല്-അഞ്ച് കിലോഗ്രാമും പിടയ്ക്ക്‌ മൂന്ന്-നാല് കിലോഗ്രാമും തൂക്കമുണ്ടാകും. 196 ദിവസമാകുമ്പോൾ പ്രായപൂർത്തിയെത്തും. ഒരു നല്ല അസീൽ പൂവന്‌ കൊക്കുമുതൽ പാദംവരെ 28 ഇഞ്ച്‌ ഉയരമുണ്ടാകും. മാംസം രുചിയുള്ളതും പോഷകപ്രദവുമാണ്. കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ മണ്ണുത്തി പൗൾട്രി ഫാമിൽ അസീൽ കോഴികൾ ലഭ്യമാണ്.

ഇനങ്ങൾ

അസീൽ കോഴികളിൽ കൂടുതൽ പ്രതിരോധശേഷിയുള്ള ഇനമാണ് വെത്ത്കാൽ. ഇവയ്ക്ക് ആയുസ്സും കൂടും. നല്ലരീതിയിൽ പരിപാലിച്ചാൽ 10 വയസ്സിനുശേഷവും മുട്ടയിട്ട് അടയിരിക്കും. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിലും മുന്നിലാണ്.

ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും പ്രധാനപ്പെട്ടത് അംരോഹ, ഭൈംഗം, കിളിമൂക്കു, കുലാങ്, ലസാനി, മദ്രാസ്, മിയാൻവാലി, സിന്ധി, പീല (സ്വർണ ചുവപ്പ്), യാക്കൂബ് (കറുപ്പും ചുവപ്പും), നൂറി (വെളുപ്പ്), കാഗർ (കറുപ്പ്), ചിറ്റ (കറുപ്പും വെളുപ്പും പുള്ളി), ജാവ (കറുപ്പ്), സബ്ജ (വെളുപ്പും സ്വർണവും അല്ലെങ്കിൽ മഞ്ഞയും ഉള്ള കറുപ്പ് ) ടീകർ (തവിട്ട്), റെസ (ഇളംചുവപ്പ്) എന്നിവയാണ്.

തീറ്റയും പാർപ്പിടവും

ഇവ മറ്റുപല കോഴികളെക്കാളും വലുതാണ്. ചുറ്റിക്കറങ്ങാനും വ്യായാമം ചെയ്യാനും ധാരാളം സ്ഥലം വേണം. വലിയ ഇനങ്ങൾക്ക് ഒന്നിന് കുറഞ്ഞത് ആറ്, എട്ട് ചതുരശ്രയടി വിസ്തീർണമുള്ള സുരക്ഷിതമായ മുറിയോ കൂടോ ആവശ്യമാണ്. എങ്കിലും ചെറിയ ഇനങ്ങളെ, നാലടി നീളവും വീതിയും ഉയരവുമുള്ള ഇരുമ്പുവല കൂടുകളിൽ ഒരു പൂവനെയും രണ്ട് പിടകളെയും സൗകര്യത്തോടെ പാർപ്പിക്കാം. മുട്ടകൾ അടവെക്കുകയോ ഇൻകുബേറ്ററിലോ വിരിയിച്ചെടുക്കാം. 12–15 മുട്ടകൾ ഒരു കോഴിക്ക് അടവെക്കാം. കുഞ്ഞുങ്ങൾക്ക് ഒരാഴ്ച സ്റ്റാർട്ടർ തീറ്റ നൽകണം.

അഴിച്ചുവിട്ട് ചിക്കിച്ചികഞ്ഞു നടക്കുന്ന കോഴികളാണ് കൂടുതൽ മുട്ടയിടുന്നതായി കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള കോഴികൾക്ക് കമ്പ് (ബജ്റ) റാഗി, ചോളം, കടല, ഗോതമ്പ് എന്നിവപോലുള്ള ധാന്യങ്ങളും കൂടാതെ പുഴുങ്ങിയ മുട്ട, കോഴിയിറച്ചി, വീട്ടിലെ മറ്റു ഭക്ഷണാവശിഷ്ടങ്ങളും നൽകാം. വീട്ടുമുറ്റത്തുവിട്ട് ലാഭകരമായി ഇതിനെ വളർത്താൻ സാധിക്കും. ഒരേസമയം ഒന്നിലധികം പൂവൻകോഴികളെ അഴിച്ചുവിടാതിരിക്കാൻ ശ്രദ്ധിക്കണം. ഇവ തമ്മിൽ കൊത്തുകൂടാൻ സാധ്യതയുണ്ട്. ഒരേ ഇനത്തിൽപ്പെടുന്ന കോഴികളെ ഒരുമിച്ചു പാർപ്പിക്കുകയും തുറന്നുവിടുകയും ഇണചേരുകയും ചെയ്താൽ ശുദ്ധ അസീൽ കുഞ്ഞുങ്ങളെ ലഭിക്കും.

കാത്സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, ക്ലോറിൻ, സൾഫർ, മാംഗനീസ്, ഇരുമ്പ്, ചെമ്പ്, അയഡിൻ, സിങ്ക്, കോബാൾട്ട്, സെലിനിയം എന്നിവ അടങ്ങിയ ധാതുലവണ മിശ്രിതവും ജീവകങ്ങൾ അടങ്ങിയ മരുന്നും നൽകുന്നത് ഇവയുടെ ശക്തി നിലനിർത്താനും വളർച്ചയ്ക്കും സഹായകമാകും. ശുദ്ധമായ വെള്ളം ലഭ്യമാക്കണം. വിവരങ്ങൾക്ക്: 9947452708.