നാടൻ കോഴിമുട്ടയ്ക്കും ഇറച്ചിക്കും വിപണിയിൽ ആവശ്യക്കാരേറുന്ന ഈ കാലത്ത്, സ്വന്തം വീട്ടുമുറ്റത്തെ ചെറിയൊരു സംരംഭം മികച്ച വരുമാന മാർഗ്ഗമാക്കി മാറ്റിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ആര്യൻകുളം സ്വദേശിനിയായ എൻ. ഹന്നത്ത്. സാധാരണ നാടൻ കോഴികളല്ല—അങ്ങ് പിരമിഡുകളുടെ നാട്ടിൽ നിന്നും ലോകമെങ്ങും പ്രചാരം നേടിയ, ആരെയും ആകർഷിക്കുന്ന വെള്ളിത്തൂവൽ തിളക്കമുള്ള 'ഈജിപ്ഷ്യൻ സിൽവർ ഫയോമി' (Egyptian Fayoumi) കോഴികളാണ് ഹന്നത്തിന്റെ പൗൾട്രി ഫാമിലെ താരങ്ങൾ.

To advertise here,

ഫയോമി എന്ന ഇറച്ചിക്കോഴി, മുട്ടക്കോഴി, ഫാൻസിക്കോഴി

ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങിക്കൂടാതെ ഒഴിവുസമയത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ചിന്തയും കൃഷിയോടുള്ള ഇഷ്ടവുമാണ് ഹന്നത്തിനെ പൗൾട്രി മേഖലയിലേക്ക് എത്തിച്ചത്. വിപണിയിൽ ലഭിക്കുന്ന സങ്കരയിനം കോഴികൾക്ക് രോഗപ്രതിരോധശേഷി കുറവാണെന്ന ചിന്തയാണ് വ്യത്യസ്തമായ ഒരിനത്തെ തേടിപ്പോകാൻ പ്രേരണയായായത്. 2019-ൽ വാട്സ്ആപ്പ് കാർഷികഗ്രൂപ്പ് വഴിയാണ് ഫയോമി എന്ന ഈജിപ്ഷ്യൻ നാടൻ കോഴികളെക്കുറിച്ച് ഹന്നത്ത് അറിയുന്നത്. നൈൽ നദീതടത്തിലും ഈജിപ്തിലെ ഫയൂം പ്രദേശത്തുമാണ് ഈ കോഴിയിനത്തിന്റെ ഉത്ഭവം. കടുത്ത ചൂടും വരണ്ട കാലാവസ്ഥയും നിറഞ്ഞ സാഹചര്യങ്ങളിൽ സ്വാഭാവികമായി രൂപപ്പെട്ടതിനാൽ, മികച്ച കാലാവസ്ഥാ സഹിഷ്ണുതയും ശക്തമായ രോഗപ്രതിരോധ ശേഷിയും ഇവയ്ക്കുണ്ട്. തീറ്റ തേടാനുള്ള കഴിവും അതിവേഗ ചലനശേഷിയും ചുറുചുറുക്കും ഇവയെ മറ്റു ഇനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഒരു വെടിക്ക് രണ്ടുപക്ഷി എന്നാണ് പഴഞ്ചൊല്ലെങ്കിൽ ഫയോമി കോഴികളുടെ കാര്യത്തിൽ ഇത് മൂന്നാണ്, ഒരേ സമയം ഫയോമി കോഴികളെ മുട്ടക്കോഴിയായും ഇറച്ചിക്കോഴിയായും നല്ല രൂപ ഭംഗിയുള്ളതിനാൽ ഫാൻസി കോഴിയായുമൊക്കെ പ്രയോജനപ്പെടുത്താം. വെള്ളിത്തൂവലുകളിൽ കറുത്ത പുള്ളികൾ പതിഞ്ഞിരിക്കുന്ന ഇവയുടെ രൂപം ദൂരത്തിൽ നിന്ന് നോക്കുമ്പോൾ പെൻസിൽ കൊണ്ട് വരച്ചതുപോലെ തോന്നും. ഇതാണ് ഇവയ്ക്ക് ‘ഫാൻസി’ കോഴി വിപണിയിലും വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായത്. ഇടത്തരം വലിപ്പമുള്ള ശരീരവും അതീവ ജാഗ്രതയുമുള്ള ഇവ വീട്ടുവളപ്പുകളിൽ അഴിച്ചുവിട്ട് വളർത്താൻ ഏറ്റവും അനുയോജ്യമായ ഇനമാണെന്ന് ഹന്നത്ത് പറയുന്നു.

കുറവ് ചെലവ്, കൂടുതൽ ഉൽപാദനം: ഫയോമി വളർത്തലിന്റെ വിജയം

ഇപ്പോൾ ഹന്നത്തിന്റെ ഫാമിൽ ചെറുതും വലുതും, പൂവനും പിടയുമായി ഏകദേശം ഇരുനൂറ്റിയൻപതോളം സിൽവർ ഫയോമി കോഴികളുണ്ട്. ഇതിൽ നാല്പതോളം മുട്ടയിടുന്ന കോഴികളാണ്. ദിവസേന 30 മുതൽ 35 വരെ മുട്ടകൾ ലഭിക്കുന്നു. ടിൻ ഷീറ്റ് മേഞ്ഞ പ്രത്യേകം ഷെഡ് ഒരുക്കി, വിരിപ്പ് രീതിയിലാണ് (ഡീപ് ലിറ്റർ) ഇവയെ വളർത്തുന്നത്. ചകിരിച്ചോറാണ് വിരിപ്പായി ഉപയോഗിക്കുന്നത്. കൂടാതെ കോഴികൾക്ക് കയറിക്കിടക്കാൻ മരക്കൂടുകളും പെർച്ചുകളും മുട്ടയിടുന്നതിനായി നെസ്റ്റ് ബോക്സുകളും ഷെഡിൽ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. മുട്ട വിരിഞ്ഞൊരുങ്ങുന്ന കോഴിക്കുഞ്ഞുങ്ങളെ വളരുന്നത് വരെ പാർപ്പിക്കുന്നതിനായി കുട്ടി കോഴികൾക്കുള്ള കൂടുകളും സമീപം പ്രത്യേകം ഒരുക്കിയിട്ടുണ്ട്. കൂട്ടിൽ രാത്രി സമയത്ത് ഏകദേശം നാല് മണിക്കൂർ ലൈറ്റ് നൽകുന്നത് മുട്ട ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കുന്നതായി ഹന്നത്ത് പറയുന്നു.

കുറഞ്ഞ ചെലവിൽ വളർത്താനാകുന്നതാണ് ഫയോമി കോഴികളുടെ മറ്റൊരു വലിയ ഗുണം. ഗ്രാമശ്രീയും ഗ്രാമലക്ഷ്മിയും പോലുള്ള സാധാരണ നാടൻ സങ്കരയിനം കോഴികൾക്ക് നൽകുന്ന പരിചരണം മതി. മുട്ടക്കോഴികൾക്ക് നൽകുന്ന പ്രത്യേക തീറ്റയായ ലെയർ മാഷ് കുറഞ്ഞ അളവിൽ മാത്രമേ ഇവർക്ക് നൽകേണ്ടതുള്ളൂ. മുട്ടയിടുന്നതും മുട്ടയിടാൻ പാകമായതുമായ കോഴികൾക്ക് ഒരു കോഴിക്ക് 50 ഗ്രാം എന്ന കണക്കിൽ ലെയർ മാഷ് തീറ്റ ദിവസവും നൽകും. ഇതുകൂടാതെ ചോറ്, അവിൽത്തവിട് തുടങ്ങിയ തീറ്റകളും കുറഞ്ഞ അളവിൽ നൽകും. ഇതിന് പുറമെ അടുക്കളാവശിഷ്ടങ്ങൾ, പച്ചിലകൾ, അസോള, പിസ്റ്റിയ (മുത്തിപ്പായൽ), പപ്പായ ഇലകൾ തുടങ്ങിയവയും തീറ്റയിൽ ഉൾപ്പെടുത്തുന്നു. വീട്ടുമുറ്റത്ത് ലഭ്യമായ പച്ച പുല്ലും പച്ചക്കറി അവശിഷ്ടങ്ങളും ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു.

ഉൽപാദനക്ഷമതയിലും ഫയോമി കോഴികൾ മികച്ചതാണ്. നാലര മുതൽ അഞ്ചുമാസം പ്രായമാകുമ്പോൾ മുട്ടയിടൽ ആരംഭിക്കും. ഏകദേശം 50 ഗ്രാം തൂക്കമുള്ള ഇളം തവിട്ടുനിറമുള്ള മുട്ടകളാണ് ഇവയുടേത്. ഒരു വർഷത്തിൽ ശരാശരി 200 മുതൽ 230 വരെ മുട്ടകൾ ഒരു കോഴിയിൽ നിന്ന് ലഭിക്കും. പൂവൻകോഴികൾക്ക് മൂന്ന് കിലോ വരെ തൂക്കം ലഭിക്കുന്നതിനാൽ ഇറച്ചിക്കായും ഇവ ലാഭകരമാണ്. മുട്ട ഉൽപാദന കാലയളവ് കഴിഞ്ഞാൽ പിടക്കോഴികളെയും ഇറച്ചി വിപണിയിൽ വിൽക്കാം. ഫയോമി കോഴികൾക്ക് അടയിരിക്കൽ സ്വഭാവം കുറവായതിനാൽ, മുട്ട വിരിയിക്കാൻ ഇൻകുബേറ്ററുകളോ നാടൻ കോഴികളെയോ ഉപയോഗിക്കുന്നതാണ് ഹന്നത്തിന്റെ രീതി. ഗുണമേന്മയുള്ള കൊത്തുമുട്ടകൾ ഉറപ്പാക്കാൻ 10 പിടക്കോഴികൾക്ക് ഒരു പൂവൻ എന്ന അനുപാതത്തിൽ വളർത്തുന്നതാണ് ഉചിതമെന്ന് അവർ പറയുന്നു. കോഴികളുടെ ആരോഗ്യം നിലനിർത്തുന്നതിൽ ഹന്നത്ത് അതീവ ജാഗ്രത പുലർത്താറുണ്ട്. കൃത്യമായ ഇടവേളകളിൽ വിരയിളക്കുന്നതും ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കാൻ മരുന്ന് തളിക്കുന്നതിലും ഹനത്ത് ശ്രദ്ധിക്കാറുണ്ട്. 15-16 ആഴ്ച പ്രായത്തിൽ കോഴിവസന്തക്കെതിരായ (Ranikhet) വാക്സിൻ നൽകുന്നതും ആറുമാസം കൂടുമ്പോൾ അത് ആവർത്തിക്കുന്നതും രോഗബാധകളെ പൂർണ്ണമായും അകറ്റിനിർത്താൻ സഹായിക്കും.

വരുമാനം ഫയോമി വഴി

വിപണിയിൽ ഫയോമി കോഴികൾ ഇപ്പോഴും സുലഭമല്ലാത്തതിനാൽ തന്നെ ഇവയുടെ കുഞ്ഞുങ്ങൾക്കും മുട്ടകൾക്കും മികച്ച ഡിമാൻഡാണ് ഇന്ന് നിലവിലുള്ളത്. ഈ സാഹചര്യം മുൻകൂട്ടി കണ്ട ഹന്നത്തിന്റെ പ്രധാന വരുമാന മാർഗ്ഗം കൊത്തുമുട്ടകളുടെ വിൽപ്പനയാണ്. വിരിയിക്കാൻ അനുയോജ്യമായ ഒരു മുട്ടയ്ക്ക് 22 രൂപ മുതൽ 25 രൂപ വരെയാണ് വിപണിയിൽ ലഭിക്കുന്നത്. ദിവസേന ലഭിക്കുന്ന മുട്ടകൾ കൃത്യമായി ശേഖരിച്ച് ആഴ്ചാവസാനം ഹാച്ചറികൾക്ക് കൈമാറുന്ന രീതിയാണ് ഹന്നത്ത് പിന്തുടരുന്നത്. ഇത്തരത്തിൽ ആഴ്ചയിൽ ശരാശരി 300 മുട്ടകൾ വരെ ഹാച്ചറികൾക്ക് നൽകാൻ സാധിക്കുന്നുണ്ട്. മാസം ആയിരത്തിലധികം മുട്ടകൾ വിറ്റഴിക്കുന്നതിലൂടെ കോഴികളുടെ തീറ്റയും മറ്റ് പരിപാലന ചിലവുകളും കഴിച്ച് ഏകദേശം 20,000 രൂപയോളം അറ്റാദായം ഹന്നത്തിന് ലഭിക്കുന്നു. കൊത്തുമുട്ട വിൽപ്പനയ്ക്ക് പുറമെ, സ്വന്തം ഇൻകുബേറ്ററിൽ വിരിയിച്ചെടുക്കുന്ന കുഞ്ഞുങ്ങളെ വിൽക്കുന്നതിലൂടെയും മികച്ച ആദായം ഹന്നത്ത് കണ്ടെത്തുന്നുണ്ട്. ഒരു ദിവസം പ്രായമെത്തിയ കുഞ്ഞിന് 100 രൂപയും, ഒരു മാസം വളർച്ചയെത്തിയവയ്ക്ക് 200 രൂപ വരെയുമാണ് വിപണി വില. മുട്ടയിടാൻ പാകമായ പൂവനും പിടയുമടങ്ങുന്ന വലിയ ഒരു ജോഡി കോഴികൾക്ക് 1500 രൂപ വരെ ലഭിക്കാറുണ്ട്. കേവലം മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടിയുള്ള വളർത്തലിനപ്പുറം, ഗുണമേന്മയുള്ള കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു നൽകുന്ന ഒരു മികച്ച ബ്രീഡിങ് സെന്ററായി ഫാമിനെ മാറ്റാൻ ഹന്നത്തിന് സാധിച്ചിട്ടുണ്ട്.

കോഴിവളർത്തലും കൃഷിയും: ജൈവസമൃദ്ധിയുടെ ഹന്നത്ത് മാതൃക

കോഴിവളർത്തലിൽ മാത്രം ഒതുങ്ങുന്നതല്ല ഹന്നത്തിന്റെ കാർഷിക ലോകം. മൃഗസംരക്ഷണവും കൃഷിയും എങ്ങനെ പരസ്പരപൂരകങ്ങളായി കൊണ്ടുപോകാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീട്ടമ്മയുടെ വീടും പരിസരവും. വീടിന്റെ മുറ്റത്തും പറമ്പിലും മട്ടുപ്പാവിലുമായി വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും ഇവർ വിളയിക്കുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയം 1500 ചതുരശ്ര അടിയുള്ള ടെറസിലെ ഹരിതാഭമായ കൃഷിയിടമാണ്. നിരവധി അംഗീകാരങ്ങൾ ഹന്നത്തിനെ തേടിയെത്താൻ കാരണമായ ഈ മട്ടുപ്പാവ് കൃഷിയിൽ വഴുതന, തക്കാളി, കോവക്ക, ചീര, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾക്ക് പുറമെ പേരക്ക, ബട്ടർ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട്, എന്തിന് വാഴ വരെ ഗ്രോബാഗുകളിൽ തഴച്ചു വളരുന്നു.

ഈ കൃഷിയുടെ വിജയരഹസ്യം തന്റെ ഫാമിൽ നിന്നുതന്നെ ലഭിക്കുന്ന മികച്ച ഗുണനിലവാരമുള്ള ജൈവവളമാണ്. ഫയോമി കോഴികൾക്കായി തറയിൽ വിരിച്ച ചകിരിച്ചോറ് നാലോ അഞ്ചോ ദിവസം കൂടുമ്പോൾ നീക്കം ചെയ്യും. കോഴികളുടെ വിസർജ്യവും ചകിരിച്ചോറും ചേർന്ന ഈ മിശ്രിതം മികച്ചൊരു ജൈവവളമാണ്. ഇത് ചെടികൾക്ക് ആവശ്യമായ നൈട്രജനും മറ്റ് പോഷകങ്ങളും നൽകുന്നതിനൊപ്പം മണ്ണിലെ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. വളത്തിനായി പുറത്തുനിന്ന് പണം ചെലവാക്കേണ്ടതില്ല എന്നത് ഈ സംരംഭത്തിന്റെ ലാഭവിഹിതം വർദ്ധിപ്പിക്കുന്നു. നാടൻകോഴിക്കും ഇറച്ചിക്കും മുട്ടയ്ക്കും എന്നതുപോലെ വിഷരഹിതമായ ജൈവപച്ചക്കറികൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെയും നേരിട്ടുള്ള വിപണനം വഴിയും നല്ലൊരു വരുമാനം കണ്ടെത്താൻ ഹന്നത്തിന് ഇന്ന് സാധിക്കുന്നുണ്ട്. ഫയോമി ഉൾപ്പെടെയുള്ള നാടൻ കോഴിവളർത്തലും അതിനോട് ചേർന്നുകൊണ്ടുള്ള ജൈവപച്ചക്കറിക്കൃഷിയുമെല്ലാം കേരളത്തിലെ ഏതൊരു വീട്ടമ്മയ്ക്കും പരീക്ഷിക്കാവുന്ന മികച്ച ഉപജീവന മാർഗമാണെന്ന് ഹന്നത്ത് ആത്മവിശ്വാസത്തോടെ പറയുന്നു. നിലവിൽ ഇരുനൂറ്റിയമ്പതോളം കോഴികളുള്ള തന്റെ കൊച്ചു ഫാമിനെ ഭാവിയിൽ രണ്ടായിരം കോഴികളുള്ള വലിയ സംരംഭമായും സ്വന്തമായൊരു ഹാച്ചറിയായും വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ വീട്ടമ്മ.

കൂടുതൽ വിവരങ്ങൾക്കായി ഫോൺ നമ്പർ: ഹന്നത്ത്: 9656551330