
കാസർകോട്: അൻപത് പോത്തിൻകുട്ടികളുമായി ദേവൻപൊടിച്ചപാറയിലെ രണ്ടേക്കറിൽ സ്വന്തമായി പോത്തുകളുടെ ഫാം തുടങ്ങുമ്പോൾ ‘ബെല്ലാരി രാജയോ’ ‘രാജമാണിക്യമോ’ ആകണമെന്ന മോഹം പെരിയാട്ടടുക്കം മുനിക്കലിലെ ശൈലേഷ് കൃഷ്ണയ്ക്കുണ്ടായിരുന്നില്ല.
ബിരുദത്തിനുശേഷമുള്ള സി.എ. പഠനം ഉപേക്ഷിച്ച് ഫാം തുടങ്ങുമ്പോൾ ഫാമിന്റെ സാധ്യതകൾ മാത്രമായിരുന്നു മനസ്സിൽ. ദേശീയപാതയിലെ ബട്ടത്തൂരിൽനിന്ന് ഒരുകിലോമീറ്റർ കിഴക്കുമാറിയാണ് ശൈലേഷിന്റെ ‘ബേക്കൽ ലൈവ് സ്റ്റോക്ക് മാർക്കറ്റ്’. ഹരിയാണയിൽനിന്ന് എത്തിക്കുന്ന ‘മുറ’ ഇനത്തിൽപ്പെട്ട പോത്തുകളാണ് ഇവിടത്തെ പ്രധാന വില്പന. ഈ വില്പന മലപ്പുറത്തേക്കും നീണ്ടു. സി.എ.ക്ക് ചേർന്നപ്പോൾ തിരുവനന്തപുരം ബാലരാമപുരത്ത് ‘ഏദൻ ഗോട്ട് ഫാം’ നടത്തുന്ന ഇഹലാമുദ്ദീനെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. പങ്കാളിത്ത കച്ചവടം ഉറപ്പിച്ച് ശൈലേഷ് രാജസ്ഥാനിലേക്ക് പോയി.
സങ്കരയിനം ആടിനങ്ങളായ പഞ്ചാബ് ബീറ്റനും ജമ്നാപ്യാരിയും കാസർകോട്ടെത്തിച്ച് പെരിയ ചാലിങ്കാലിൽ ഏദൻ ഗോട്ട് ഫാം തുടങ്ങി. 2020-ൽ കോവിഡ് കാലത്ത് ആടുവില്പന മെച്ചപ്പെട്ടതോടെ ശൈലേഷിന് സംരഭം വിപുലീകരിക്കണമെന്ന മോഹമായി.
രാജസ്ഥാനിലെ സൗഹൃദത്തിലൂടെയാണ് ഹരിയാണയിൽനിന്നുള്ള ‘മുറ’ ബ്രീഡ് ഇനങ്ങളെ മനസ്സിലാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ തൂക്കത്തിൽ വളരുന്ന, അനുസരണയുള്ള ഇവയെ കാസർകോട്ട് എത്തിച്ച് വളർത്തി വിൽക്കുന്നതിലെ സാധ്യത തിരിച്ചറിഞ്ഞു. ഇതോടെ ആട് ഫാം ഒഴിവാക്കി.
2022-ൽ ദേവൻപൊടിച്ചപാറയിലെ രണ്ടേക്കറിൽ സ്വന്തമായി പോത്തുകളുടെ ഫാം തുടങ്ങി. 50 പോത്തുകിടാരികളെയാണ് ആദ്യമെത്തിച്ചത്. ഇപ്പോൾ മാസത്തിൽ രണ്ടുതവണയായി 100 പോത്തുകിടാരികളെ എത്തിക്കുന്നു. ഫോണിൽ ബന്ധപ്പെട്ട് കിടാരികളെ വാങ്ങുന്നവരാണ് ആവശ്യക്കാർ ഏറെയും. മോഹവില നൽകി പോത്തുകളെ വാങ്ങിയിരുന്നവർക്ക് ശൈലേഷിന്റെ രീതി ഇഷ്ടമാണ്.
കിലോവിന് 160 രൂപ കണക്കാക്കിയാണ് ഫാമിൽനിന്ന് വില്പന. ഒരുവർഷം പ്രായമുള്ള 150-200 കിലോ തൂക്കമുള്ളവയാണ് കിടാരികൾ ഏറെയും. നല്ല പരിപാലനത്തിലൂടെ ഒരുവർഷത്തിനകം ഇവയുടെ തൂക്കം 400 കിലോ കടക്കും.
സീസണിൽ വിറ്റാൽ നല്ല വരുമാനം. കിടാരികൾ ഫാമിൽ എത്തേണ്ട താമസം. എല്ലാം ദിവസങ്ങൾക്കകം വിറ്റുപോകുന്നു. ഹരിയാണയിൽനിന്ന് കിടാരികളെ എത്തിച്ച് പരിപാലിക്കാൻ രാജസ്ഥാനിലെ പുഷ്കറിലും ശൈലേഷിന് ഫാമുണ്ട്. ബംഗാളികളാണ് അവിടത്തെ ജോലിക്കാർ.
നേപ്പാളി കുടുംബമായ അർജുനും കത്രീനയുമാണ് നാട്ടിലെ ഫാം പരിപാലകർ. മുനിക്കലിലെ കെ.വി. കൃഷ്ണന്റെയും സരളകുമാരിയുടെയും രണ്ടാമത്തെ മകനാണ് ശൈലേഷ്.
Content Highlights: Shailesh's 'Bakal Live Stock Market'
Published: 06 Jul 2024, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented