
സംസ്ഥാനത്ത് നെല്ലുത്പാദനം വര്‍ധിച്ചതില്‍ അതിഥി തൊഴിലാളികള്‍ക്ക് പങ്കുണ്ടായിരുന്നു. സപ്ലൈകോ വഴി പാടശേഖരങ്ങളില്‍ നിന്ന് ശേഖരിച്ച നെന്മണികളില് അവരുടെ വിയര്പ്പുതുള്ളിയുമുണ്ടായിരുന്നു. ഏറെ തൊഴിലാളികളുടെ അധ്വാനം വേണ്ടിവരുന്ന പ്രവൃത്തിയാണ് നെല്‍കൃഷി. വിരിപ്പ് കൃഷിയാണ് ആദ്യമിറക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വിതയാണ് പതിവ്. തൊഴിലാളികളുടെ ആവശ്യവും കുറവാണ്.
എന്നാല്‍, ജൂലായ് പകുതിയോടെ രണ്ടാംവിളയായ മുണ്ടകന്‍ കൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. നിലം ഒരുക്കലും ഞാറ്റടി തയ്യാറാക്കലുമാണ് മുണ്ടകനിലെ ആദ്യഘട്ടം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായാണ് വിത്തിറക്കുന്നത്. ഇതിനുശേഷം നടീല്‍ ഉള്‍പ്പെടെയുള്ള പണികളും തുടങ്ങുകയായി.
120-130 ദിവസമാണ് നെല്ലിന്റെ മൂപ്പ്. നാലു മാസത്തോളം വിവിധ പ്രവൃത്തികളുമായി തൊഴിലാളികള്‍ പാടങ്ങളിലുണ്ടാകും. മുണ്ടകന്‍ തുടങ്ങാനിരിക്കേ ഈ വര്‍ഷം തൊഴിലാളികളെ കിട്ടുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. തമിഴ്നാട്, ബംഗാള്‍, അസം, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് സംസ്ഥാനത്തെ നടീല്പ്രവൃത്തികളില് 80 ശതമാനവും നടത്തിയിരുന്നത്.
പണവും സമയവും ലാഭം
അതിഥി തൊഴിലാളികള്‍ക്ക് ഏക്കറിന് ഏകദേശം 4000-5000 രൂപയാണ് കൂലിയിനത്തില്‍ നല്‍കുന്നത്. പുലര്‍ച്ചെ ആറിന് തുടങ്ങിയാല്‍ വൈകീട്ട് ആറു വരെയാണ് ഇവരുടെ ജോലി. നാലുപേരുണ്ടെങ്കില്‍ ഒരേക്കര്‍ സ്ഥലത്ത് ഞാറുപറിച്ച് നടീല്‍ പൂര്‍ത്തിയാക്കും. നാട്ടിലുള്ള തൊഴിലാളികള്‍ നെല്‍കൃഷിയുടെ പണികളിലേക്ക് ഇറങ്ങാറില്ല. മാത്രമല്ല സമയം അനുസരിച്ചാകും ഇവരുടെ പണി. സമയത്തിന് പൂര്‍ത്തിയാക്കാന്‍ കഴിയാറുമില്ല. കൂലിയിനത്തിലുള്ള ചെലവുമേറെയാണ്.
യന്ത്രവും മനുഷ്യനും തമ്മില്‍
നടീലിനാണ് തൊഴിലാളികള്‍ കൂടുതല്‍ വേണ്ടിവരുന്നത്. യന്ത്രവത്കൃത നടീല്‍ ഉണ്ടെങ്കിലും ഇതിന് പ്രശ്നങ്ങള്‍ ഏറെയാണ്. ചില പാടശേഖരങ്ങളില്‍ യന്ത്രമിറക്കി നടീല്‍ നടത്താനാകില്ല. 12-18 ദിവസം വരെ മൂപ്പെത്തിയ ഞാറാണ് യന്ത്രം ഉപയോഗിച്ച് നടുന്നത്. നിലം ഒരുക്കുന്ന സമയത്ത് ഏറെ ശ്രദ്ധവേണം.
നടീല്‍ നടത്തുന്ന സമയം മുതല്‍ രണ്ടാഴ്ച പാടത്ത് അധികം വെള്ളം ഉണ്ടാകരുത്. കൃഷി തുടങ്ങുന്ന സമയത്ത് ശക്തമായ മഴയായാല്‍ വെള്ളം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകും. ഭൂരിഭാഗം പാടശേഖരങ്ങളിലും ഇത് പ്രായോഗികവുമല്ല.
Content Highlights: Agriculture Migrant workers, farm work
Published: 23 Jul 2020, 04:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented