
ഓരോ മാസവും ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നതിന് അനുയോജ്യമാണെന്നും ഓരോ വിളകൾക്കും ആവശ്യമായ വളപ്രയോഗവും മറ്റു പരിപാലനരീതികളും എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കേണ്ടത് കർഷകരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. വിഷുക്കണി ഒരുക്കാൻ കണിവെള്ളരിയും കണിമത്തനും കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണ് ഫെബ്രുവരി. മുണ്ടകൻ നെൽകൃഷിയുടെ വിളവെടുപ്പ് പൂർത്തിയാകുന്ന സമയമാണ്. ഫെബ്രുവരി മാസത്തെ കൃഷി പരിപാലനം എങ്ങനെയാണെന്ന് വിശദമായി അറിയാം.
മുണ്ടകൻ നെൽകൃഷി- വിളവെടുപ്പ് പൂർത്തിയാക്കാം.
കേരളത്തിൽ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ നടീൽ നടത്തുന്ന മുണ്ടകൻ നെൽകൃഷിയുടെ വിളവെടുപ്പ് ഫെബ്രുവരി മാസത്തിൽ പൂർത്തിയാകും. കൊയ്ത്തിന് ശേഷം നെല്ല് ഉടൻതന്നെ ഉണക്കണം. വെയിലത്ത് 2-3 ദിവസം ഉണക്കി ധാന്യത്തിന്റെ ഈർപ്പം 12-14 ശതമാനമായി കുറയ്ക്കണം. ഉയർന്ന ഈർപ്പം നിലനിൽക്കുകയാണെങ്കിൽ ഫംഗസ് ബാധയ്ക്ക് കാരണമാകും. ഉണക്കിയ നെല്ല് വൃത്തിയുള്ള, വായുസഞ്ചാരമുള്ള സംഭരണശാലകളിൽ സൂക്ഷിക്കുക.
കൊയ്ത്തിനുശേഷം വയലിൽ ശേഷിക്കുന്ന നെൽച്ചെടിയുടെ അവശിഷ്ടങ്ങളും മറ്റ് കളകളും ഒഴിവാക്കുകയോ മണ്ണിൽ ഉഴുതു ചേർക്കുകയോ ചെയ്യാം. ഇത് മണ്ണിലെ ജൈവാംശത്തിന്റെ അളവ് വർധിപ്പിക്കുകയും ജലസംഭരണശേഷി വർധിപ്പിക്കുകയും ചെയ്യും. പുഞ്ചകൃഷിക്ക് തയ്യാറെടുക്കുമ്പോൾ നിലമൊരുക്കൽ, ചാലുകൾ വൃത്തിയാക്കൽ, മണ്ണ് പരിശോധന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തണം. മുണ്ടകൻ നെൽകൃഷിയിൽ ശാസ്ത്രീയമായും സമയബന്ധിതമായും നടത്തുന്ന വിളവെടുത്തും വിളവെടുപ്പാനന്തരമുള്ള ക്രമീകരണങ്ങളും ഗുണമേന്മയുള്ള വിത്തുശേഖരണവും തുടർവിളയുടെ വിജയം ഉറപ്പാക്കുന്നു.
പുഞ്ചയ്ക്കുള്ള നടീൽ ഈ മാസം അവസാനത്തോടുകൂടി പൂർത്തിയാക്കണം. ഏക്കർ ഒന്നിന് 2.5 ടൺ കാലിവളം കമ്പോസ്റ്റ് പച്ചിലവളം അല്ലെങ്കിൽ 1 ടൺ മണ്ണിര കമ്പോസ്റ്റ് എന്നിവ അടിവളമായി ചേർക്കണം. ജീവാണുവളങ്ങളായ അസോസ്പൈറില്ലം, ഫോസ്ഫോ ബാക്ടീരിയ, പൊട്ടാസ്യം ലായക ബാക്ടീരിയ ഇവയിൽ ഏതെങ്കിലുമൊന്നിൽ ഞാറ് മുക്കി നടുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. വേനൽക്കാല കൃഷിയിൽ വളർച്ചാഘട്ടങ്ങളിൽ ജലസേചനം നടത്തുന്നത് വിളവ് കുറയാതിരിക്കാൻ സഹായിക്കും. പറിച്ച് നട്ട് ഒരാഴ്ചക്ക് ശേഷവും വിത്ത് വിതച്ച് നാലാഴ്ചയ്ക്ക് ശേഷവും 7-10 ദിവസത്തെ ഇടവേളകളിൽ 5-6 തവണകൾ ട്രൈക്കോ കാർഡുകൾ പാടത്ത് നാട്ടി തണ്ടുതുരപ്പൻ, ഓലചുരുട്ടിപ്പുഴു എന്നിവയെ നിയന്ത്രിക്കാം.
തെങ്ങ്
ഫെബ്രുവരി മാസം കേരളത്തിൽ വേനൽക്കാലത്തിന്റെ തുടക്കമാണ്. ഉയർന്ന താപനിലയും മഴയുടെ അഭാവവും മണ്ണിലെ ഈർപ്പം വേഗത്തിൽ കുറയാൻ കാരണമാകുന്നു. ഇത് ഉൽപാദനത്തെ നേരിട്ടു ബാധിയ്ക്കുന്നതിനാൽ ഈ മാസം കൃത്യമായ പരിചരണം നിർണായകമാണ്.
ജലസേചനം: ഓരോ തെങ്ങിനും ആഴ്ചയിൽ 2-3 തവണ ജലസേചനം നൽകണം. തുള്ളി നന സമ്പ്രദായം ഉണ്ടെങ്കിൽ ദിവസേന 40-50 ലിറ്റർ വെള്ളം നൽകാം. തെങ്ങിന് ചുറ്റും വൃത്താകൃതിയിൽ തടം തുറന്ന് തെങ്ങോല, കരിയില, മറ്റ് പാഴ്ഇലകൾ എന്നിവ ഉപയോഗിച്ച് മൾച്ചിങ് (പുതയിടീൽ) ചെയ്യുക. ഇത് മണ്ണിലെ ഈർപ്പം നിലനിർത്തുകയും താപനില കുറയ്ക്കുകയും ചെയ്യും. കൂടാതെ കളവളർച്ച കുറയാനും സഹായിക്കും.
വളപ്രയോഗം: ജലസേചനം നൽകുന്ന തോട്ടങ്ങളിൽ തെങ്ങൊന്നിന് കാലിവളം കമ്പോസ്റ്റ് 20-25 കിലോ ഗ്രാം ചേർക്കുന്നത് മണ്ണിൽ ജൈവാംശം വർധിപ്പിക്കുന്നതിന് സഹായിക്കും. കൂടാതെ, ശുപാർശപ്രകാരമുള്ള രാസവളത്തിന്റെ രണ്ടാം ഘട്ടവും നൽകാവുന്നതാണ്. യൂറിയ, രാജ്ഫോസ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 350 ഗ്രാം, 650 ഗ്രാം, 670 ഗ്രാം എന്നിങ്ങനെ നൽകാം. വളം നൽകിയ ശേഷം നന്നായി നന നൽകണം.
കീടരോഗ നിരീക്ഷണം: കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി, തെങ്ങോലപ്പുഴു എന്നിവയുടെ ആക്രമണത്തിനെതിരെ ജാഗ്രത ഉണ്ടാവണം. ചെമ്പൻ ചെല്ലിയുടെ ആക്രണം തടയാൻ തടിയിൽ മുറിവുണ്ടാക്കുന്നത് ഒഴിവാക്കുക. പച്ചമടലുകൾ തടിയിൽനിന്നു 120 സെന്റി മീറ്റർ അകലത്തിൽ വെട്ടണം. കൊമ്പൻ ചെല്ലി മുട്ടയിട്ടു പെരുകുന്ന ചാണകക്കുഴികൾ, കമ്പോസ്റ്റ് കുഴികൾ എന്നിവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക. പൊടിരൂപത്തിലുള്ള മെറ്റൈ റൈസിയം ഒരു കിലോ ഗ്രാം 20-25 കിലോ ഗ്രാം ചാണകവുമായി നന്നായി ഇളക്കി കുഴിയുടെ മുകളിലും ഉള്ളിലും സമമായി വിതറുക. ഈർപ്പം നിലനിർത്തുകയും വേണം. 10-15 ദിവസത്തിലൊരിക്കൽ കുഴി നന്നായി ഇളക്കണം. കൊമ്പൻചെല്ലിയെ നിയന്ത്രിക്കാൻ ഇത് വളരെ ഫലപ്രദമാണ്. തെങ്ങിന്റെ ഏറ്റവും ഉള്ളിലെ മൂന്ന് ഓലക്കവിളുകളിൽ നാഫ്തലീൻ ഉണ്ടകൾ (12 ഗ്രാം) ഇടുന്നത് ചെല്ലികളുടെ ആക്രമണം തടയാൻ സഹായിക്കും.
വിത്തുതേങ്ങ പാകാം
മാതൃവൃക്ഷം തിരഞ്ഞെടുക്കൽ: 20-40 വർഷം പ്രായമുള്ള തെങ്ങുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഇവ സ്ഥിരമായി കായ്ക്കുന്നതും വർഷത്തിൽ ഉയർന്ന വിളവും (80-100 തേങ്ങകൾ) തരുന്ന തെങ്ങുകൾ ആയിരിക്കണം. വിടർന്ന മുപ്പതിൽപരം ഓലകൾ, ബലമുള്ള മടലുകൾ, കരുത്തുള്ള കുലഞെട്ടുകൾ, ഇടത്തരം വലുപ്പമുള്ള തേങ്ങ, കീടരോഗബാധ ഇല്ലാത്തത് തുടങ്ങിയ ഗുണങ്ങൾ മാതൃവൃക്ഷത്തിന് ഉണ്ടാകണം. പൂർണമായി പാകമായ കുലകളാണ് വിത്തിനായി തിരഞ്ഞെടുക്കേണ്ടത്. (11-12 മാസം മൂപ്പ്). വിത്തുതേങ്ങ തെങ്ങിൽനിന്നു കയറിൽ കെട്ടിയിറക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഖരിച്ച തേങ്ങ രണ്ടു മാസം വരെ സൂക്ഷിക്കാം. വിത്തുതേങ്ങ സൂക്ഷിക്കുന്ന സ്ഥലത്ത് തണലും വായുസഞ്ചാരവും ഉറപ്പാക്കണം. സംഭരണ കാലയളവ് കൂടിയാൽ വിത്തുതേങ്ങകളുടെ അങ്കുരണശേഷി കുറയാം. സംഭരിച്ച വിത്തുതേങ്ങ 7-10 ദിവസത്തിലൊരിക്കൽ പരിശോധിക്കേണ്ടതാണ്. വിണ്ടുകീറിയതും കുമിൾരോഗബാധ ഉള്ളതുമായവ ഒഴിവാക്കുക. വിത്തുതേങ്ങ അടുക്കുകളായി സൂക്ഷിക്കുന്നുവെങ്കിൽ മൂന്ന് ഇഞ്ച് കനത്തിൽ മണൽ വിരിച്ച് തേങ്ങയുടെ ഞെട്ടറ്റം മുകളിൽ വരത്തക്കവിധം നിരത്തി ശുദ്ധമായ മണലിട്ട് മൂടണം. തേങ്ങയിലെ വെള്ളം വറ്റിപ്പോകാതിരിക്കാൻ ഇത് സഹായിക്കും. ഒന്നിന് മീതെ ഒന്ന് എന്ന ക്രമത്തിൽ മൂന്ന് അടുക്ക് വിത്തുതേങ്ങ ഇപ്രകാരം സംഭരിക്കാം. മുകളിൽ ഉണങ്ങിയ ഓലകൾ വിരിച്ച് സംരക്ഷണവും നൽകാം.
ശ്രദ്ധിക്കുക
1.ജലക്ഷാമം ഉണ്ടായാൽ മച്ചിങ്ങ കൊഴിയൽ വർധിക്കാം.
2.സ്ഥിരമായ നനയും പുതയിടീലും ഉറപ്പാക്കുക
3.ബോറോൺ, മഗ്‌നീഷ്യം എന്നിയുടെ അഭാവമുണ്ടായാൽ ഇലകളിൽ തളിച്ചുനൽകാം.
നാടൻ പച്ചക്കറികൾ നടീൽ തുടരാം
നട്ട പച്ചക്കറികൾക്ക് മേൽവളം നൽകാം, നന തുടരാം, ജൈവകൃഷിരീതികൾ അവലംബിക്കുന്ന തോട്ടങ്ങളിൽ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് ഇവ ഓരോ കിലോ വീതം 10 ലിറ്റർ വെള്ളത്തിൽ 5 ദിവസം പുളിപ്പിച്ച ശേഷം ഇരട്ടി നേർപ്പിച്ച് ആഴ്ചയിൽ ഒരിക്കൽ തടങ്ങളിൽ ഒഴിച്ചുകൊടുക്കുക
രാസവളം നൽകേണ്ടത് സെന്റൊന്നിന് (ഗ്രാമിൽ)
| ഇനം | യൂറിയ | രാജ്ഫോസ് | മ്യൂറേറ്റ് ഓഫ് പൊട്ടാഷ് |
| ചീര | 435 | 1100 | 330 |
| വെണ്ട | 400 | 240 | 200 |
| പയർ | 174 | 750 | 67 |
| കത്തിരി,വഴുതന,തക്കാളി,മുളക് | 652 | 850 | 165 |
| വെള്ളരി, പടവലം | 600 | 625 | 167 |
മുകളിൽ പറഞ്ഞിരിക്കുന്നത് കൂടാതെ ചീരയ്ക്ക് ഓരോ വിളവെടുപ്പിനുശേഷവും 1% യൂറിയ തളിച്ചു നൽകാം. എല്ലാ വിളകൾക്കും ഫോസ്ഫറസ് അടിവളമായി യൂറിയ, പൊട്ടാഷ് എന്നിവ രണ്ടോ മൂന്നോ തവണകളായും നൽകണം.
കീടനിയന്ത്രണം പ്രധാനം
പുഴു ഈച്ച, വണ്ട്, നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ ഇവയുടെയെല്ലാം ആക്രമണം പച്ചക്കറികളിൽ സാധാരണമാണ്. വേപ്പധിഷ്ഠിത കീടനാശിനിയായ അസാഡിറക്ടിൽ 1% 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുന്നത് വളരെ ഫലപ്രദമാണ്. വെള്ളരി വർഗ്ഗങ്ങളിൽ കാണുന്ന കായീച്ചകളെ ഫെറാമോൺ ട്രാപ്പുകൾ ഉപയോഗിച്ച് (Cue lure 15 എണ്ണം ഒരു ഹെക്ടറിന്) നിയന്ത്രിക്കാം. കൃഷിയിടത്തിൽ മഞ്ഞ, നീല കെണികൾ ഉപയോഗിക്കുന്നത് വെള്ളീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാൻ ഇടയാക്കും. ജൈവകീടനാശിനികളായ ബ്യുവേറിയ ബാസിയായ, ലെക്കാനിസീലിയം എന്നിവ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് പച്ചക്കറിയിലെ പുഴുക്കൾ, വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, മിലിബഗ് എന്നീ കീടങ്ങളെ നിയന്ത്രിക്കാം. ഇവ കീടാക്രമണത്തിന്റെ പ്രാരംഭദശയിൽത്തന്നെ പ്രയോഗിക്കണം. കീടങ്ങളുടെ ആക്രമണം നിയന്ത്രണവിധേയമായില്ലെങ്കിൽ മാത്രം രാസകീടനാശിനികൾ പ്രയോഗിച്ചാൽ മതിയാകും. തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമായാൽ ഫ്‌ളൂബെൻഡയമൈഡ് 480 എസ് സി ഒരു മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് തളിച്ച് നിയന്ത്രിക്കാം. മുളക്, വഴുതന, വെള്ളരി, തക്കാളി എന്നിവയിലെ നീരൂറ്റി കുടിക്കുന്ന കീടങ്ങൾക്കെതിരെ ഒബറോൺ 0.8 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചു കൊടുക്കാം.
ചീരയുടെ ഇലപ്പുള്ളി രോഗത്തിനെതിരെ സ്യൂഡോമോണസ് തളിക്കാം(20 ഗ്രാം, ഒരു ലിറ്റർ വെള്ളം). കൂടാതെ, 4 ഗ്രാം മഞ്ഞൾപ്പൊടി ഒരു ഗ്രാം അലക്കുകാരം, അൽപ്പം കായവും കൂടി ഒരു ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ചു തളിച്ചും ഇലപ്പുള്ളി രോഗത്തെ നിയന്ത്രിക്കാം.
എല്ലാത്തരം പച്ചക്കറികൾക്കും മത്തി-ശർക്കര മിശ്രിതം തളിച്ചുകൊടുക്കുന്നത് ഏറെ ഉത്തമമാണ്. ഇത് കീടങ്ങളെ അകറ്റി നിർത്തുന്നതോടൊപ്പം പൂക്കളുടെയും കായ്കളുടെയും എണ്ണവും ഗുണമേന്മയും വർധിപ്പിക്കുന്നു. കൂടാതെ, ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. 2 മില്ലി ലിറ്റർ മത്തി-ശർക്കര മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളുടെ ഇലകളിലും തണ്ടുകളിലും 15 ദിവസത്തെ ഇടവേളകളിൽ തളിക്കാം.
വിഷുക്കണി ഒരുക്കാൻ കണിവെള്ളരിയും കണിമത്തനും
വേനൽക്കാല കൃഷിയിൽ വളരെ വേഗം വിളവു നൽകുന്ന വിളകളാണ് കണിവെള്ളരിയും കണിമത്തനും. ഫെബ്രുവരി അവസാന വാരം നടീൽ തുടങ്ങാം. ഒരാഴ്ച്ചയ്ക്കുള്ളിൽ നടീൽ പൂർത്തിയാക്കുന്നതാണ് ഉത്തമം. വിഷുക്കാലത്ത് മികച്ച വിളവും വിലയും ഉറപ്പിക്കാം. കണിവെള്ളരി നട്ട് 45 ദിവസത്തിനകവും കണിമത്തൻ നട്ട് 60 ദിവസത്തിനുള്ളിലും വിളവെടുക്കാം.
മണ്ണൊരുക്കം
നല്ല സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളം കെട്ടിനിൽക്കുന്നതുമായ മണൽമണ്ണാണ് അനുയോജ്യം. എന്നാൽ, നന സൗകര്യമുള്ള കരപ്രദേശങ്ങളിലും നടാവുന്നതാണ്. നിലം കിളച്ച് നിരപ്പാക്കി തടങ്ങളിൽ കുമ്മായം ചേർത്ത് മണ്ണ് പരുവപ്പെടുത്തണം. കണിവെള്ളരിക്ക് 45x45x45 സെന്റി മീറ്റർ വലിപ്പവും മകണിമത്തന് 60x60x45 വലിപ്പവുമുള്ള കുഴികളാണ് തയ്യാറാക്കേണ്ടത്. ഓരോ കുഴിയും കുമ്മായം ചേർത്ത് രണ്ടാഴ്ച്ചയ്ക്കു ശേഷം കാലിവളം/കമ്പോസ്റ്റ് 5-10 കിലോ ഗ്രാം മണ്ണുമായി കലർത്തി ഒരാഴ്ച്ച സൂക്ഷിക്കാം. ഇതു മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനം ത്വരിതമാക്കും. ചെടികൾക്കു മതിയായ വളർച്ചയും വായുസഞ്ചാരവും ലഭിക്കാൻ കണിവെള്ളരിക്ക് 1.5x1 മീറ്ററും കണിമത്തന് 2x1.5 മീറ്ററും തടങ്ങൾ തമ്മിലുള്ള അകലം ഉത്തമം.
വളപ്രയോഗം- ഒരു ചെടിക്ക് നൽകേണ്ട രാസവളം(ഗ്രാമിൽ)
| സമയം | യൂറിയ | സൂപ്പർ ഫോസ്‌ഫേറ്റ് | മ്യൂറേറ്റ് ഓഫ് പൊട്ടാഷ് |
| നടീൽ സമയം | 10 | 25 | 12 |
| 20-25 ദിവസത്തിനുശേഷം | 10 | 0 | 0 |
| പൂവിടുമ്പോൾ | 5 | 0 | 5 |
ജലസേചനം: ജലസേചനത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ള വിളയാണ് കണിവെള്ളരിയും കണിമത്തനും. വേനൽക്കാലത്ത് ദിവസേന നനയ്ക്കണം. പ്ലാസ്റ്റിക് മൾച്ചിങ് കൃഷിയിടത്തിൽ ഉത്തമമാണ്. അതു ജലനഷ്ടം കുറയ്ക്കുന്നതിനും കളനിയന്ത്രണത്തിനും സഹായിക്കും. കൂടാതെ, മണ്ണിൽ വേരുവളർച്ചയ്ക്ക് അനുയോജ്യമായ താപനില നിലനിർത്തുന്നതിനൊപ്പം ചെടികളുടെ വളർച്ച മെച്ചപ്പെടുകയും മികച്ച ആദായവും ലഭിക്കും. മണ്ണിൽനിന്ന് ഇലകളിലേക്ക് രോഗാണുക്കൾ പടരുന്നതും കുറയും.
രോഗ കീട നിയന്ത്രണം: ഇവയിൽ മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം സാധാരണമാണ്. കീടനിയന്ത്രണത്തിനായി വേപ്പെണ്ണ 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കാം. കൂടാതെ, മഞ്ഞനിറത്തിലുള്ള സ്റ്റിക്കി ട്രാപ്പുകളും ഗുണം ചെയ്യും. കായീച്ച, ഇലതീനി പുഴുക്കൾ എന്നിവയുടെ ആക്രമണം രൂക്ഷമായാൽ വിളവിനെ നന്നായി ബാധിക്കും. ഇതു തടയുന്നതിനായി കായീച്ചക്കെണികൾ ഫലപ്രദമായി ഉപയോഗിക്കാം.
പൗഡറി മിൽഡ്യൂ, ഡൗണി മിൽഡ്യൂ എന്നിവ പ്രധാനമായി കണ്ടുവരുന്ന രോഗങ്ങളാണ്. ഇലകളിൽ വെളുത്ത പൊടിപോലെ കാണപ്പെടുന്നത് പൗഡറി മിൽഡ്യൂ രോഗലക്ഷണമാണ്. വെറ്റബിൾ സൾഫർ 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിക്കുന്നത് നല്ല നിയന്ത്രണം നൽകും.
ഡൗണി മിൽഡ്യൂ രോഗത്തിന്റെ ലക്ഷണങ്ങൾ ഇലകളിൽ മഞ്ഞപ്പുള്ളികൾ കാണപ്പെടുകയും പിന്നീട് ഇലകൾ ഉണങ്ങുകയും ചെയ്യും. രോഗനിയന്ത്രണത്തിനായി മാങ്കോസെബ് 2 ഗ്രാം/ഒരു ലിറ്റർ വെള്ളം എന്ന അളവിൽ കലർത്തി ഇലകളിൽ തളിക്കാം. വെള്ളക്കെട്ട് ഒഴിവാക്കുക, രോഗം ബാധിച്ച ഇലകൾ നീക്കം ചെയ്യുക എന്നിവ രോഗവ്യാപനം തടയാൻ സഹായിക്കും. കൂടാതെ, ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കുന്നതും കൃഷിയിടത്തിൽ ശുചിത്വം പാലിക്കുന്നതും രോഗനിയന്ത്രണത്തിൽ പ്രധാനമാണ്.
കുരുമുളക്
തോട്ടങ്ങളിൽ വരൾച്ചയുടെ ആഘാതം കുറയ്ക്കുന്നതിനായി കുരുമുളകു ചെടിയുടെ ചുവട്ടിൽ പുതയിട്ടു കൊടുക്കണം. ഉണക്കയില, പച്ചില, വാഴത്തണ്ട് തുടങ്ങിയവ ഉപയോഗിച്ച് വള്ളിയുടെ ചുറ്റും പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും കളനിയന്ത്രണത്തിനും സഹായിക്കും. കുരുമുളകു ചെടികൾ മിതമായ തണൽ ഇഷ്ടപ്പെടുന്ന ഒരു വിളയായതിനാൽ അധികം തണൽ നൽകുന്ന താങ്ങുമരങ്ങളുടെ കൊമ്പുകൾ ലഘുവായി വെട്ടിമാറ്റണം. ഇതുവഴി സൂര്യപ്രകാശ ലഭ്യതയും വായുസഞ്ചാരവും മെച്ചപ്പെടുത്താം. കൂടാതെ, രോഗസാധ്യതയും കുറയുന്നു.
ജൈവവളപ്രയോഗവും ഇപ്പോൾ നടത്താം. ഒരു ചെടിക്ക് 10-15 കിലോ ഗ്രാം കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റ് നൽകാം. ഇതു തണ്ടിൽനിന്ന് അൽപ്പം അകലം പാലിച്ച് ചുവടിനു ചുറ്റും വിതറി നേരിയ കനത്തിൽ മണ്ണിട്ടു മൂടണം. ട്രൈക്കോഡർമ, സ്യൂഡോമോണസ് എന്നീ ജൈവനിയന്ത്രണ ഉപാധികൾ മണ്ണിൽ ചേർത്ത് നൽകുന്നത് വളരെ ഗുണപ്രദമാണ്.
മൂടുചീയൽ, ഇലപ്പുള്ളി രോഗം, ആന്ത്രോക്‌നോസ് എന്നീ കുമിൾ രോഗങ്ങൾക്കെതിരെ 1% വീര്യമുള്ള ബോർഡോ മിശ്രിതം ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. ചെടിയിൽ തളിച്ചും നൽകണം.
മാവ്
ഫെബ്രുവരി മാസം ജലസേചനം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ഈ സമയത്ത് നന അധികം നൽകുന്നത് ശാഖാവളർച്ച കൂട്ടുകയും പൂവിടലിനെ ബാധിക്കുകയും ചെയ്യും. അതിനാൽ നന കുറയ്ക്കുകയോ ഒഴിവാക്കുകയോ ആണ് ഉത്തമം. തോട്ടം ശുചീകരണത്തിലും പ്രത്യേക ശ്രദ്ധ വേണം. വീണുകിടക്കുന്ന ഉണങ്ങിയ ഇലകളും പഴയ പഴങ്ങളും ശേഖരിച്ച് നീക്കം ചെയ്യണം. ഇതുവഴി കീടരോഗങ്ങളുടെ ആവാസകേന്ദ്രങ്ങൾ ഒരുപരിധി വരെ ഇല്ലാതാക്കാൻ കഴിയും. നല്ല പരാഗണത്തിനും കായ്കൾ പിടിക്കുന്നതിനും തേനീച്ചക്കൂടുകൾ തോട്ടത്തിൽ സ്ഥാപിക്കുന്നത് സഹായിക്കും.
1% വീര്യമുള്ള പൊട്ടാസ്യം നൈട്രേറ്റ് ലായനി തളിച്ചു കൊടുക്കുന്നത് മെച്ചപ്പെട്ട പൂവിടലിനു സഹായകരമാണ്. കീടനിയന്ത്രണത്തിനായി വേപ്പെണ്ണ 5 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് തളിക്കാം.
വാഴയ്ക്ക് തുള്ളിനന ഫലപ്രദം
വാഴക്കന്ന്/തൈ നട്ടതിനു ശേഷമുള്ള ആദ്യമാസങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കണം. വാഴത്തോട്ടങ്ങളിൽ തുള്ളിനന രീതി വളരെ ഫലപ്രദമാണ്. ഒപ്പം പ്ലാസ്റ്റിക് പുതയിടീൽ കൂടി നടപ്പാക്കിയാൽ പൂർണമായും കളനിയന്ത്രണത്തോടൊപ്പം മണ്ണിലെ താപനില നിയന്ത്രിക്കുന്നതിനും ജലസംരക്ഷണത്തിനും സഹായകമാവും.
കൃത്യമായ വളപ്രയോഗത്തോടൊപ്പം ആവശ്യാനുസരണം സൂക്ഷ്മമൂലകങ്ങളും നൽകണം. കിമുൾ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം. ഇലപ്പുള്ളി രോഗം, സിഗാടോക്ക രോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ മാങ്കോസെബ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഇലയുടെ മുകളിലും അടിയിലും തളിച്ചു നൽകുക. ചുവട്ടിൽ അധികം ഈർപ്പം ഒഴിവാക്കാനും ശ്രദ്ധ വേണം. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ ചുവട്ടിൽ ഒഴിച്ചു നൽകുന്നത് കടചീയൽ രോഗത്തെ പ്രതിരോധിക്കും.
ഒരു വാഴയ്ക്ക് ആവശ്യമായ രാസവള പ്രയോഗം(ഗ്രാമിൽ)
| യൂറിയ | രാജ്ഫോസ് | മ്യൂറേറ്റ് ഓഫ് പൊട്ടാഷ് | |
| ഒന്നാം മാസം | 87 | 361 | 96 |
| രണ്ടാം മാസം | 65 | 278 | 100 |
| മൂന്നാം മാസം | 65 | 0 | 100 |
| നാലാം മാസം | 65 | 0 | 60 |
| അഞ്ചാം മാസം | 65 | 0 | 60 |
| കുലച്ചതിനു ശേഷം | 65 | 0 | 0 |
കീടനിയന്ത്രണത്തിനായി ബ്യുവേറിയ ബാസിയാന 5 ഗ്രാം/ഒരു ലിറ്റർ വെള്ളം എന്ന അളവിൽ കലക്കി തടത്തിൽ ഒഴിച്ചുകൊടുത്ത് മാണപ്പുഴുവിനെ നിയന്ത്രിക്കാം.
ജാതി, ഗ്രാമ്പൂ പൂക്കാലം
ഫെബ്രുവരി മാസം കേരളത്തിൽ പൊതുവെ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ്. ഈ സമയത്ത് ജാതിക്കും ഗ്രാമ്പൂവിനും മതിയായ പരിചരണം ആവശ്യമാണ്. പരിചരണം നൽകാത്ത പക്ഷം പുഷ്പിക്കൽ, കായ്പിടിത്തം, വിളവ് എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാം. ജലനിയന്ത്രണം, വളപ്രയോഗം, പുതയിടീൽ എന്നിവ ഇപ്പോൾ പ്രധാനം.
ജാതിക്ക് 5-7 ദിവസത്തിൽ ഒരിക്കൽ മിതമായ ജലസേചനം ഉചിതം. എന്നാൽ, ഗ്രാമ്പൂവിനാകട്ടെ, 3-5 ദിവസത്തിൽ ഒരിക്കൽ നന നൽകണം. ജാതിക്ക് ചാണകം/കമ്പോസ്റ്റ് 5-10 കിലോ ഗ്രാം, കൂടാതെ യൂറിയ 220 ഗ്രാം, സൂപ്പർ ഫോസ്‌ഫേറ്റ് 250 ഗ്രാം, പൊട്ടാഷ് 230 ഗ്രാം എന്ന അളവിൽ നൽകാം. ഗ്രാമ്പൂവിന് യൂറിയ സൂപ്പർ ഫോസ്‌ഫേറ്റ്, പൊട്ടാഷ് എന്നിവ യഥാക്രമം 260 ഗ്രാം, 375 ഗ്രാം, 230 ഗ്രാം വീതം നൽകാം. ഇത് എട്ട് വർഷത്തിനു മുകളിൽ പ്രായമുള്ള ചെടികൾക്ക് നൽകാവുന്ന അളവാണ്. എട്ടു വർഷത്തിൽ താഴെ പ്രായമുള്ള ചെടികൾക്ക് മതിയായ അളവിൽ രാസവള പ്രയോഗം നടത്തണം.
ഏലത്തിന് പുതയിടാം
ഏലത്തോട്ടത്തിൽ മണ്ണ് പൂർണമായും ഉണങ്ങാൻ അനുവദിക്കരുത്. ലഘുവായ നന നൽകുന്നത് ഉത്തമം. കൂടാതെ, ചുവട്ടിൽ പുതയിട്ട് നൽകാം. മിതമായ അളവിൽ രാസവളങ്ങൾ(NPK) നൽകുന്നതിലൂടെ ചെടിയുടെ ശരിയായ വളർച്ചയും പൂവിടലും ഉറപ്പാക്കാം. ഇലപ്പേൻ, മുഞ്ഞ, ശൽക്കകീടങ്ങൾ തുടങ്ങിയ സാധാരണ കീടങ്ങളെ നിയന്ത്രിക്കാൻ വേപ്പെണ്ണ 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളം എന്ന അളവിൽ തളിച്ചുകൊടുക്കാം. ഇതു വളരെ സുരക്ഷിതവും ഫലപ്രദവുമാണ്. ഏലച്ചെടികളെ ബാധിക്കുന്ന കുമിൾ രോഗങ്ങൾക്കെതിരെ 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കാം. ഉണങ്ങിയ ഇലകൾ നീക്കം ചെയ്യുന്നത് മറ്റ് ഇലകളുടെ പുഷ്ടി വർധിപ്പിക്കും.
ഒരു ലിറ്റർ വേപ്പെണ്ണ ലായനി തയ്യാറാക്കുന്ന വിധം
അവശ്യവസ്തുക്കൾ
1. ശുദ്ധജലം - ഒരു ലിറ്റർ
2. ബാർ സോപ്പ് - ഒരു ഗ്രാം(ഏകദേശം 1/4 ടീസ്പൂൺ)
വേപ്പെണ്ണ - 5 മില്ലി ലിറ്റർ
തയ്യാറാക്കുന്ന വിധം
ഘട്ടം ഒന്ന്: ഒരു ലിറ്റർ വെള്ളം ഒരു പാത്രത്തിൽ എടുക്കുക. അതിൽ ഒരു ഗ്രാം ബാർ സോപ്പ് ചേർക്കുക. സോപ്പ് പൂർണമായി വെള്ളത്തിൽ ലയിക്കുന്നതുവരെ നന്നായി ഇളക്കുക.
ഘട്ടം രണ്ട്: സോപ്പ് കലർന്ന വെള്ളത്തിലേക്ക് 5 മില്ലി ലിറ്റർ വേപ്പെണ്ണ സാവധാനം ഒഴിക്കുക. 30-60 സെക്കന്റ് തുടർച്ചയായി ഇളക്കി നന്നായി കലർത്തുക. പാൽനിറമുള്ള ലായനി ലഭിക്കും.
ഘട്ടം മൂന്ന്: ലായനി സ്പ്രേ പമ്പിലേക്ക് ഒഴിക്കുക. ഉടൻതന്നെ സ്പ്രേ ചെയ്യുക. സൂക്ഷിച്ചുവെച്ച് ഉപയോഗിക്കരുത്. പരമാവധി സൂക്ഷിക്കാവുന്ന സമയം എട്ട് മണിക്കൂർ മാത്രം.
സ്പ്രേ ചെയ്യേണ്ട സമയം: രാവിലെ 7-9 മണി അല്ലെങ്കിൽ വൈകുന്നേരം 4-6 മണി.
Content Highlights: February gardening guide: Cultivate Vizhu vegetables for Vishu, manage coconut trees, rice fields & more. Expert tips for a bountiful harvest. Get started!
Published: 01 Feb 2026, 10:06 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented