'ഒന്ന്, രണ്ട്, മൂന്ന്... ചാ -ച -ചാ….’  ജനപ്രിയമായ ഒരു ആഫ്രോ-ക്യൂബൻ ലാറ്റിൻ നൃത്തത്തിന്റെ ദ്രുതഗതിയിലുള്ള ചുവടുവയ്പുകളാണിത്. ആവേശകരമായ സംഗീതത്തിനൊപ്പം അതിവേഗത്തിലുള്ള കാൽച്ചുവടുകളും ഊർജസ്വലമായ സംഗീതവും ചേർന്നതാണ് ഈ നൃത്തത്തിന്റെ പ്രത്യേകത. 'ഒന്ന്, രണ്ട്, മൂന്ന്, ചാ-ച-ചാ' എന്ന താളക്രമത്തിലാണ് ഇതിലെ ചുവടുകൾ ക്രമീകരിച്ചിരിക്കുന്നത്. 'ചാ-ച-ചാ 'നൃത്തച്ചുവടുകൾ ഒരു മധുരഫലത്തിന്റെ പ്രചാരവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ പരക്കെ ഉപയോഗിച്ച് വരുന്നുണ്ട്. കൗതുകകരമായ ഈ പഴത്തിന്റെ പേര് 'അച്ചാചെറു' എന്നാണ്. അച്ചാചെറു ചുരുക്കി സ്‌നേഹപൂർവം 'അച്ചാച്ച' എന്നും വിളിക്കാറുണ്ട്. ഇതിന്റെ പേര് ആദ്യകാലത്തു കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വലിയ പുതുമ ആയിരുന്നു. അതേവരെ ഒരു ചെടിക്കോ ഫലത്തിനോ കേട്ടിട്ടില്ലാത്ത ഒരു പ്രത്യേകതരം പേര്. എന്നാൽ അത് ഓർക്കാനും വിപണിയിൽ അനായാസം പേര് പറഞ്ഞു വിൽക്കാനും വഴിയോര കച്ചവടക്കാർക്ക് ആ പേര് എളുപ്പം പറയാനുമൊക്കെയാണ് 'അച്ചാച്ച' പഴത്തിന് 'ചാ-ച-ചാ' നൃത്തവുമായി ഉച്ചാരണത്തിലുള്ള സാമ്യം ഉപയോഗപ്പെടുത്തിയത്. 'ചാ-ചാ' എന്ന നൃത്തച്ചുവടുകളോർത്താൽ മതി 'അച്ചാച്ച' എന്ന പഴത്തെക്കുറിച്ചോർക്കാൻ എന്ന് എല്ലാവരും ഇതേക്കുറിച്ചു പറയാൻ തുടങ്ങി. ആഫ്രോ-ക്യൂബൻ നൃത്തത്തിന്റെ ആരാധകരായ ജനങ്ങളെല്ലാം ഒരർഥത്തിൽ അച്ചാച്ച പഴത്തിന്റെ ആരാധകരും പ്രചാരകരുമായി.

To advertise here,

'നിങ്ങൾ 'ചാ-ച 'നൃത്തത്തെക്കുറിച്ചോർക്കൂ, അപ്പോൾ ആർക്കും ഈ പഴത്തെക്കുറിച്ചു ഓർക്കാനും പേര് ഉച്ചരിക്കാനും അനായാസം കഴിയും. ഇതായിരുന്നു പ്രചാരത്തിൽ ഉണ്ടായിരുന്ന വാചകം. അച്ചാച്ച പഴം കഴിച്ചാൽ അതിന്റെ ഊർജസ്വലമായ സ്വാദും നേരിയ പുളിരസവുമെല്ലാം നിങ്ങളെ ഉന്മേഷവാന്മാരാക്കും, നൃത്തം ചെയ്യാൻ പ്രേരിപ്പിക്കും . ഈയർഥത്തിൽ അച്ചാചെറു പഴത്തിന് 'നൃത്തം ചെയ്യുന്ന ഫലം 'അഥവാ 'ഡാൻസിങ് ഫ്രൂട്ട്' എന്നും പേര് കിട്ടി. ചുരുക്കത്തിൽ ആമസോണിലെ ബൊളീവിയൻ സ്വദേശിയെങ്കിലും ചാ-ച നൃത്തവുമായി ബന്ധപ്പെടുത്തിയത് നിമിത്തം ഓസ്ട്രേലിയയിലാണ് ഈ പഴം ഏറ്റവുമധികം വാണിജ്യപരമായി വളർത്തിയതും വിറ്റഴിച്ചതും എന്ന് പറയാം. ജനമനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു കലാരൂപവുമായി ബന്ധപ്പെടുത്തിയതാണ് അവിടെ ഈ പഴം ഇത്രയേറെ പ്രചാരം നേടാൻ കാരണവും.

അച്ചാചെറു എന്നത് ബൊളീവിയൻ പദമാണ്. ഓസ്‌ട്രേലിയ ഉൾപ്പടെയുള്ള മറ്റ് വിദേശ വിപണികളിൽ അച്ചാചെറു എത്തിയപ്പോൾ അവിടത്തുകാർ ഓർക്കാനും പറയാനുമുള്ള സൗകര്യത്തിനു വേണ്ടിയാണ് അച്ചാചെറുവിനെ ചുരുക്കി, താളത്തിൽ 'അച്ചാച്ച 'എന്നാക്കി മാറ്റിയത്. ഇംഗ്ലീഷ് സംസാരഭാഷയായുള്ള വിദേശവിപണികളിലൊക്കെ അച്ചാച്ച എന്നാണ് ഈ മധുരഫലം പരക്കെ അറിയപ്പെടുന്നത്.

തെക്കേ അമേരിക്കയിൽ, പ്രത്യേകിച്ച് ബൊളീവിയ, ബ്രസീൽ, പരാഗ്വേ തുടങ്ങിയ രാജ്യങ്ങളിൽ നിലനിൽക്കുന്ന പാരമ്പരാഗതഭാഷയായ ഗ്യാറിനിയിൽ 'അച്ചാചെറു 'എന്ന വാക്കിന് 'തേൻ ചുംബനം' (ഹണി കിസ്) എന്നാണർത്ഥം. ഈ പഴത്തിന്റെ വേറിട്ട മധുരവും പുളിയും രൂക്ഷമായ സ്വാദും കലർന്ന സമ്മിശ്രസ്വഭാവമാണ് ഇത്തരമൊരു വിശേഷണം നൽകാൻ തദ്ദേശീയരെ പ്രേരിപ്പിച്ചത് എന്ന് പറയപ്പെടുന്നു. പഴത്തിനു 'അച്ചാചെറു' എന്ന അന്വർഥമായ പേര് നൽകാൻ അവർക്ക് പ്രചോദനമായതും പഴത്തിന്റെ ഇത്തരത്തിൽ വേറിട്ട തനതായ സ്വാദാണ് എന്ന കാര്യത്തിൽ സംശയമില്ല. 'ബൊളീവിയൻ മാങ്കോസ്റ്റീൻ 'എന്നും ഇതിന് പേരുണ്ട്.

അച്ചാചെറുവിനെ പരിയപ്പെടാം

ബൊളീവിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ആമസോൺ വനാന്തരങ്ങളിൽ വൻമരങ്ങളുടെ താഴെയായി വളർന്നു വ്യാപിച്ച ഒരു ഫലവൃക്ഷമാണ് അച്ചാചെറു. യഥാർഥത്തിൽ ഇതേക്കുറിച്ചു ജന്മദേശമൊഴികെ അധികമൊന്നും പുറത്തറിഞ്ഞിരുന്നില്ല. ബ്രസീൽ, മെക്‌സിക്കോ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇതിന്റെ കൃഷി പ്രചരിക്കുകയും ചെയ്തിരുന്നു.

നമുക്ക് സുപരിചിതമായ കുടമ്പുളി, മാങ്കോസ്റ്റീൻ തുടങ്ങിയ സവിശേഷഫലങ്ങൾ ഉൾപ്പെടുന്ന 'ഗാർസീനിയ' എന്ന ജനുസ്സിൽ പെടുന്നതാണ് അച്ഛാചെറു. ഈ ജനുസ്സിൽ തന്നെ മുന്നൂറിലധികം ഇനങ്ങൾ (സ്പീഷീസ്) ഉണ്ട്. കൃത്യമായി പറഞ്ഞാൽ കിഴക്കൻ ബൊളീവിയയുടെ ആമസോൺ മേഖലയിലെ താരതമ്യേന ഉയരം കുറഞ്ഞ പ്രദേശങ്ങളിലാണ് ഈ ഫലവൃക്ഷം ആദ്യമായി കണ്ടെത്തുന്നത്. അവിടുത്തെ വനവാസികളായ ജനവിഭാഗം ജനവിഭാഗങ്ങളാണ് ഈ മധുരഫലം കണ്ടെത്തുന്നതും ക്രമേണ പ്രചരിപ്പിക്കുന്നതും. പഴത്തിന്റെ സവിശേഷമായ മധുരവും പുളിയും കലർന്ന സ്വഭാവം തിരിച്ചറിഞ്ഞതോടെയാണ് ഇതിനു വാണിജ്യസാധ്യത ഉണ്ട് എന്ന് തിരിച്ചറിയുന്നതും ഇതര ഉഷ്ണമേഖലാ-ഉപോഷ്ണമേഖല രാജ്യങ്ങളിൽ പ്രചരിക്കുന്നതും.

എങ്കിലും ബൊളീവിയയിൽ അച്ചാചെറു ഒരു പ്രധാന ഫലവൃക്ഷം തന്നെയാണ്. വനപ്രദേശങ്ങളിൽ ഇവ വ്യാപകമായി വളരുന്നു. അവിടുത്തെ വീട്ടുവളപ്പുകളിൽ വളർത്തുന്ന മരങ്ങളിൽ നിന്നും ഏറ്റവും കുറഞ്ഞത് ഓരോ വർഷവും 100 ടണ്ണിലധികം പഴങ്ങൾ വിളവെടുക്കുന്നുണ്ട്. പ്രത്യേകിച്ച് സാന്താ ക്രൂസ് മേഖലയിൽ. പിന്നീട് പ്രചരിച്ച ഓസ്ട്രേലിയയിൽ ഏതാണ്ട് 300 ഏക്കറിൽ ഇത് വാണിജ്യ കൃഷി ചെയ്തുവരുന്നു. ഇവിടെയും പ്രാദേശികവിപണികളിൽ സീസണായാൽ അച്ചാചെറു പഴങ്ങൾ സ്ഥിരം സന്നിധ്യമാണ്.

വനവൃക്ഷമായി വളർന്നിരുന്ന പൂർവികരിൽ നിന്ന് പരമ്പരയായി രൂപപ്പെട്ടതായതുകൊണ്ടുതന്നെ അച്ചാചെറുവിന്, മാങ്കോസ്റ്റീനിന്റെ അത്ര ശ്രദ്ധയോ പരിചരണമോ ആവശ്യമില്ല. എന്നു മാത്രമല്ല കാറ്റിനെയും മറ്റും ചെറുക്കാൻ പാകത്തിന് ഇതിനു ശക്തമായതും ദൃഢതയുള്ള വേരുപടലവും ഉണ്ട്. ഒറ്റക്കാര്യമേ ശ്രദ്ധിക്കേണ്ടതുള്ളൂ. വളർച്ചയുടെ ആദ്യ മൂന്നുവർഷക്കാലം ഇതിനു അത്യാവശ്യം തണൽ നൽകുന്നതിൽ ജാഗ്രത വേണം. എങ്കിൽ തുടർവളർച്ച നന്നാകും.

പിരമിഡ് ആകൃതിയിൽ തുല്യമായ ഘടനയിൽ അൽപം നീളമുള്ള പാർശ്വശിഖരങ്ങളോടുകൂടി വളരുന്നസ്വഭാവമാണ് അച്ചാചെറു മരത്തിന്. ഇടതൂർന്ന ഇലച്ചാർത്താണ് മരത്തിന്റെ പ്രത്യേകത. മാങ്കോസ്റ്റീനിനേക്കാൾ ഇലകൾ ഇതിലുണ്ടാകും. നന്നായി വളർന്നാൽ 30 -40 അടി വരെ വിസ്തൃതിയിൽ ഇതിന്റെ മേലാപ്പ് വ്യാപിക്കും. 24-30 അടി വരെ ഉയരുകയും ചെയ്യും.

പൂക്കൾക്ക് ക്രീമോ വെള്ളയോ നിറം. സുഗന്ധവാഹിയാണ് ഇതിന്റെ ചെറിയ പൂക്കൾ. പൂങ്കുലകളായി കാണാം. ഉഭയലിംഗസ്വഭാവമുള്ളതാകയാൽ ഇവയ്ക്കു സ്വയംപരാഗണത്തിനും കഴിവുണ്ട്. പരപരാഗണം നടത്തി വിളവ് വർധിപ്പിക്കാനും സാധിക്കും. ഈ പൂക്കളിൽ നിന്ന് എടുക്കുന്ന തേൻ മികച്ച ഔഷധഗുണവും നല്ല വിലയുമുള്ളതുമാണ്. രാവിലെ വിരിഞ്ഞിരിക്കുന്ന പൂക്കളിൽ നിന്ന് തേനീച്ചകളും ചിത്രശലഭങ്ങളും തേൻ നുകരുകയും പരാഗണം നടത്തുകയും ചെയ്യുന്നു.

സാവധാന വളർച്ചാസ്വഭാവമുള്ള ഫലവൃക്ഷമാണ് അച്ചാചെറു. പഴത്തിന് മുട്ടയുടെ ഏകദേശ ആകൃതിയും ഏതാണ്ടത്രയും തന്നെ വലിപ്പവുമുണ്ട്. പഴത്തിന്റെ പുറംതോൽ തുകൽ പോലെ കട്ടിയുള്ളതാണ്. ഇളംമഞ്ഞയോ ഓറഞ്ചോ നിറമുള്ള കായ്കൾ പഴുത്തു പാകമാകുമ്പോൾ കടുത്ത ഓറഞ്ചുനിറമായി മാറും. ഒരുതരം തവിട്ടുകലർന്ന ഓറഞ്ചുനിറം. പുറത്തു അങ്ങിങ്ങു കറുത്ത പുള്ളികളും കാണും. സാധാരണ ഗതിയിൽ നന്നായി പഴുത്തുകഴിഞ്ഞാണ് പഴം മരത്തിൽ നിന്ന് ഇറുത്തെടുക്കുന്നത്. പഴത്തിനുള്ളിൽ മാങ്കോസ്റ്റീനിനോടും ലിച്ചിയോടും ഒക്കെ സമാനമായ വെളുത്ത അകക്കാമ്പുമുണ്ടാകും. പഴുത്ത പഴത്തിൽ നിന്ന് അകക്കാമ്പ് വേഗം വേർപ്പെടുത്തിയെടുക്കാം. ഉള്ളിലായി ഏതാണ്ട് ബദാമിന്റെ വലിപ്പത്തിൽ ഒന്നോ രണ്ടോ വിത്തും കാണും. ഇത് ദൃഢമാണ്, പക്ഷെ ഭക്ഷ്യയോഗ്യമല്ല. പഴത്തിന് മാമ്പഴത്തോടും പീച്ചിനോടുമൊക്കെ സമാനമായ മധുരവും നേരിയ പുളിയും കലർന്ന സമ്മിശ്ര സ്വാദായിരിയ്ക്കും. പഴത്തിന്റെ രൂപവും നിറവും നിമിത്തം ഇത് ചിലയവസരങ്ങളിൽ പൂക്കൾ പോലെ അലങ്കാരത്തിനും ഉപയോഗിക്കുന്നു.

കൃഷിയറിവുകൾ

ഈർപ്പമുള്ള മണ്ണും ഭാഗികമായ തണലും 50 മുതൽ 70 ശതമാനം വരെ അന്തരീക്ഷ ആർദ്രതയും 5.5 മുതൽ 7.5 വരെയുള്ള മണ്ണിന്റെ അമ്ല-ക്ഷാരനിലയും(പി.എച്ച് ) ഒക്കെയാണ് അച്ചാചെറുവിന് സുഗമമായി വളരാൻ സഹായകമായ സാഹചര്യങ്ങൾ. 22 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇതിഷ്ടപ്പെടുന്ന ഉത്തമ താപനില. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി വരെ ഉയരമുള്ള സ്ഥലങ്ങളിൽ ഇത് വളർന്നു കാണുന്നു.

അച്ചാചെറുവിൽ പ്രാഥമികമായ വംശവർധന വിത്തുകൾ വഴിയാണ്. വിത്തിന്റെ മുളയ്ക്കൽക്ഷമത വളരെ കുറച്ചുനാൾ മാത്രമേ ഉള്ളൂ എന്നതിനാൽ വിത്തെടുത്തു ഏറെ താമസിയാതെ തന്നെ പാകണം. വിത്തുകൾ വൃത്തിയാക്കി പോട്ടിംഗ് മിശ്രിതത്തിൽ അര ഇഞ്ച് താഴ്ത്തി നടണം. നല്ല ഈർപ്പവും തണലും നിർബന്ധം. 30 മുതൽ 80 ദിവസം വരെ വേണം വിത്ത് മുളയ്ക്കാൻ. തൈകൾ സാവധാനം മാത്രമേ വളരുകയുള്ളു. 50 ശതമാനം തണൽ തൈകൾക്കും വേണം. വളർച്ചയുടെ ആദ്യ മൂന്നുനാലു വർഷക്കാലം ഇത് ശ്രദ്ധിക്കണം. ഏകദേശം 1.2 മീറ്റർ ഉയരമാകുന്ന തൈകൾ മാത്രമേ മാറ്റി നടുകയുള്ളൂ.

ഒട്ടിക്കൽ പോലുള്ള പ്രജനനരീതികൾക്ക് അച്ചാചെറുവിൽ സാധ്യത ഉണ്ടെങ്കിലും മരത്തിന്റെ തടിയിൽ ഉൾഭാഗത്തുനിന്ന് കറ (ലാറ്റക്സ് ) ഊറിവരുന്നത് ഒട്ടിക്കൽ വിജയിക്കാൻ തടസം നിൽക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതാണ് ഇതിൽ വിത്തുതൈകൾക്ക് പ്രചാരം കിട്ടാൻ കാരണം. എങ്കിലും ഇതിന്റെ മികച്ച തൈകൾ ഇന്ന് നഴ്‌സറികളിൽ വാങ്ങാൻ കിട്ടുന്നുണ്ട്.

ഇനി തൈനടീലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. ഉയർത്തി തയാറാക്കുന്ന തടങ്ങളിലും കുഴികളിലും ചരിവുകളിൽ കോണ്ടൂർ രീതിയിലും സ്ഥലലഭ്യതയും സൗകര്യവും അനുസരിച്ചു തൈകൾ നടാം. കുഴിയുടെ വലിപ്പം 3 അടി x 3 അടി x 3 അടി ആണ്. അച്ചാ ചെറുവിന്റെ വേരുപടലം താരതമ്യേന ദുർബലമാണ്. അതിനാൽ കുഴിയുടെ വലിപ്പത്തിൽ ഒട്ടും കുറവ് വരുത്തരുത്. അതുകൊണ്ട് ചില സ്ഥലങ്ങളിൽ കുഴിയ്ക്കു ആറടി വരെ വലിപ്പം നൽകുന്ന പതിവുമുണ്ട്. തൈ നടുന്നതിനു രണ്ടു മാസം മുൻപുതന്നെ കുഴി എടുത്തിടാം. നടുമ്പോൾ കമ്പോസ്റ്റ്, ചാണകപ്പൊടി, എല്ലുപൊടി, ചകിരിച്ചോറ് എന്നിവ തുല്യ അനുപാതത്തിൽ എടുത്ത മിശ്രിതമാക്കി കുഴിയിൽ നിറച്ചു വേണം മധ്യഭാഗത്തായി തായ് നടാൻ. അത്യാവശ്യം താങ്ങും നൽകണം.

വളർന്നുവരുന്ന തൈകൾക്ക് നന നിർബന്ധമാണ്. പ്രത്യേകിച്ച് ഇതിനൊരു കണക്കുമുണ്ട്. ഒരു വയസ്സു പ്രായമായ തൈക്ക് ഒരു ദിവസം 10 ലിറ്റർ വെള്ളം. രണ്ടു വർഷം പ്രായമായതിന് പ്രതിദിനം 15 ലിറ്റർ വെള്ളം, മൂന്നു വർഷം പ്രായമായതിന് 20 ലിറ്റർ വെള്ളം എന്നതാണ് തോത്. ശാസ്ത്രീയ വളപ്രയോഗത്തിന്റെ തോതും ക്രമവും നോക്കാം. ഒരു വർഷം പ്രായമായ തൈയ്ക്ക് 100 ഗ്രാം, രണ്ടു വർഷം പ്രായമായതിന് 200 ഗ്രാം, മൂന്നു വർഷം പ്രായമായതിന് 300 ഗ്രാം എന്നിങ്ങനെയാണ് രാസവളങ്ങളുടെ തോത്. ഇതുതന്നെ രണ്ടു തുല്യ തവണകളായി ചേർക്കുകയും വേണം. കൂടാതെ പാകപ്പെട്ട കാലിവളം ആദ്യവർഷം 5 കിലോ, രണ്ടാം വർഷം 15 ഗ്രാം, മൂന്നാം വർഷം 20 ഗ്രാം എന്നിങ്ങനെയാണ് തോത്. വർഷത്തിൽ രണ്ടു തവണയായാണ് ഇതും ചേർക്കേണ്ടത്.

ഡോളോമൈറ്റ് ചേർത്ത് മണ്ണിന്റെ പുളിരസം ക്രമീകരിക്കാനും ശുപാർശയുണ്ട്. ഇതിന് ഡോളോമൈറ്റ് ആണ് ഉത്തമം. ആദ്യവർഷം 150 ഗ്രാം,രണ്ടാം വർഷം 250 ഗ്രാം എന്നിങ്ങനെയാണ് ഇതിന്റെ തോത്. ഇത് മഴക്കാലത്തിനു മുൻപായാണ് ചെയ്യേണ്ടത്. തടത്തിൽ മരപ്പൊടിയോ കരിയിലകളോ കൊണ്ട് അത്യാവശ്യം പുതയിടാനും ശുപാർശയുണ്ട്. ഇത് 2 മുതൽ 4ഞ്ചു വരെ കനത്തിൽ വേണം ചെയ്യാൻ. അതും തടിയിൽ നിന്ന് അൽപം മാറ്റി ചെയ്യാൻ ശ്രദ്ധിക്കണം.

സസ്യസംരക്ഷണം

അപൂർവമായി അച്ചാചെറു പഴങ്ങളുടെ നിറവും സുഗന്ധവും സ്വാദും തിരിച്ചറിഞ്ഞു തുരപ്പന്മാർ (കായ് തുരപ്പൻ -ഫ്രൂട്ട് ബോറർ) ഇവയെ ഉപദ്രവിക്കാൻ എത്താറുണ്ട്. ഇതൊഴിവാക്കാൻ വേപ്പെണ്ണ 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കുറച്ചു സോപ്പും കൂടെ ചേർത്തു നേർപ്പിച്ചു മരത്തിൽ കായ്കൾ കൂടെ നന്നായി നനയുംവിധം തളിച്ചാൽ മതി. തുരപ്പന്മാരുടെ ശലഭങ്ങളെ കുടുക്കാൻ മരത്തിനടുത്തു അങ്ങിങ്ങായി ഫിറമോൺ കെണികളും വയ്ക്കാം. ചിലപ്പോൾ പുതുതായി വരുന്ന തളിരിലകളുടെ അടിവശത്തായി മുഞ്ഞകൾ പറ്റിക്കൂടിയിരിക്കുന്നതും കാണാം. ഇത്തരം ഇലകൾ ചുരുണ്ട് വികൃതമാകും. ഇവയിൽ കരിംപൂപ്പ് പറ്റിവളരുകയും ചെയ്യും. ഒപ്പം ഉറുമ്പുകളുടെ പെരുമാറ്റവും കാണാം. ഡയറക്റ്റ് ജെറ്റ് ആയി ഇലകളുടെ അടിവശത്തു വെള്ളം ശക്തിയായി ചീറ്റിയാൽ ഒരു പരിധി വരെ മുഞ്ഞകളെ തുരത്താൻ സാധിക്കും. പുള്ളിവണ്ടുകൾക്ക് (ലേഡി ബീറ്റിൽസ്) ഇവയെ നശിപ്പിക്കാൻ കഴിവുണ്ട്. നേരത്തെ സൂചിപ്പിച്ച വേപ്പെണ്ണ തളിക്കലും ഇവിടെ ഇടവിട്ട് ചെയ്യാം.

വിളവ്, വിളവെടുപ്പ്

വളർച്ചയുടെ ആദ്യത്തെ മൂന്നുവർഷം തണലത്തു വളരാനുള്ള സൗകര്യം ലഭിച്ചാൽ പിന്നീടങ്ങോട്ട് ഭാഗികമായ തണലോ നല്ല സൂര്യപ്രകാശമോ അച്ചാചെറുവിന്റെ വളർച്ചയ്ക്ക് തടസ്സമാകുന്നില്ല എന്നാണ് കണ്ടിരിക്കുന്നത്. കേരളത്തിലെ പഴത്തോട്ടങ്ങളിൽ അച്ചാചെറു എത്തിയിട്ട് ഒരു ദശാബ്ദത്തിനു താഴെ മാത്രമേ ആകുന്നുള്ളൂ. വിത്ത് പാകി മുളപ്പിക്കുന്ന തൈകളാണ് പ്രധാന നടീൽ വസ്തു. നാല്-അഞ്ചു വർഷത്തെ പരിചരണവും വളർച്ചയുമാകുമ്പോൾ കായ് പിടിത്തത്തിനു തുടക്കം കുറിക്കും. ഇത് ചിലപ്പോൾ അഞ്ചു വർഷം കഴിയാനും മതി. കായ്കൾ കാര്യമായി കിട്ടിത്തുടങ്ങാൻ ഏഴു വർഷം കഴിയണം. ഒട്ടുതൈകളാണെങ്കിൽ ഈ കാലയളവിൽ കുറവുണ്ടാകാം.

ജന്മദേശമായ ബൊളീവിയയിൽ എല്ലാ വർഷവും ഒരു തവണ അച്ചാചെറു കനത്ത വിളവ് തന്നെ നൽകുന്നുണ്ട്. അവിടെ 7 മുതൽ 8 വർഷത്തെ വളർച്ചയും 2-3 മീറ്റർ ഉയരവും എത്തണം മരങ്ങളിൽ കായ്പിടിത്തം തുടങ്ങാൻ. ഏറെത്താമസിയാതെ ഒരു മരത്തിൽ നിന്ന് 100-200 കിലോ വരെ പഴം കിട്ടുകയും ചെയ്യുന്നു. നല്ല പരിചരണം നൽകി വളർത്തിയ പ്രായപൂർത്തിയായ ഒരു മരത്തിൽ നിന്ന് 11000 പഴം വരെ കിട്ടാറുണ്ടെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ചിലത് 18000 പഴങ്ങളും വിളവ് നൽകാറുണ്ട്. ഒറ്റ ശിഖരത്തിൽ തന്നെ ചിലപ്പോൾ 50 -100 പഴം വരെ പിടിക്കാനും മതി. 90 ദിവസമാണ് പഴം പകമാകാൻ വേണ്ടിവരുന്ന കാലം. പഴത്തിന് ഓറഞ്ച് നിറമായാലും പിന്നെയും രണ്ടാഴ്ച കൂടെ വേണം നല്ല മധുരം വയ്ക്കാൻ. അല്ലെങ്കിൽ പുളി മുന്നിട്ടു നിൽക്കും.

നേരത്തെ സൂചിപ്പിച്ചതുപോലെ മരത്തിൽ നിന്ന് തന്നെ കായ്കൾ പഴുക്കുന്ന സ്വഭാവമുള്ള ഒരു ഫലമാണ് അച്ചാചെറു. വിളവെടുത്തുകഴിഞ്ഞാൽ പിന്നീട് പഴുക്കുകയില്ല. അതുകൊണ്ട് തന്നെ നല്ല കടുത്ത ഓറഞ്ചു നിറമാകാതെ പഴങ്ങൾ ഇറുത്തെടുക്കരുത്. ഇളം ഓറഞ്ച് നിറത്തിൽ വിളവെടുക്കുന്ന പഴങ്ങൾക്ക് മധുരം കുറവും പുളിരസം കൂടുതലുമായിരിക്കും എന്നോർക്കുക. വിളവെടുത്തു കഴിഞ്ഞ പഴം, അര ഇഞ്ചു നീളത്തിൽ തണ്ടു നിലനിർത്തി തന്നെ വിളവെടുക്കുകയാണെങ്കിൽ തരക്കേടില്ല. 21 മുതൽ 24 ഡിഗ്രി സെൽഷ്യസിൽ ഇവ പരമാവധി ഒന്നുരണ്ടാഴ്ച കേടാകാതെയിരിക്കും. അഞ്ചു മുതൽ ആറാഴ്ച വരെ 13 മുതൽ 18 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാം. ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചാൽ പഴത്തിന്റെ തൊലിയിൽ ചുളിവുകൾ വീണ് രൂപം തന്നെ നഷ്ടപ്പെടാൻ ഇടയുണ്ട്. അതിനാൽ കഴിയുന്നിടത്തോളം അന്തരീക്ഷ താപനിലയിൽ തന്നെ പഴങ്ങൾ സൂക്ഷിക്കുകയാവും ഭേദം.

കേരളത്തിലെ അച്ചാചെറു സാധ്യതകൾ

കേരളത്തിലെ ഉഷ്ണമേഖലാകാലാവസ്ഥ അച്ചാചെറു വളർത്താൻ ഉത്തമമാണ്.18 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ പരിധിയിലുള്ള അന്തരീക്ഷതാപനിലയും ,150 സെന്റ്റിമീറ്ററിൽ അധികം ലഭിക്കുന്ന വാർഷികമഴയും ഒരു വർഷം 80 ദിവസത്തോളം നീളുന്ന മഴക്കാലവും 50 മുതൽ 85 ശതമാനം വരെ വൈവിധ്യമുള്ള അന്തരീക്ഷ ആർദ്രതയും എല്ലാം ചേരുന്നതാണ് ഈ ഫലവൃക്ഷത്തെ കേരളത്തിൽ വളരാൻ സഹായിക്കുന്ന കാലാവസ്ഥ ഘടകങ്ങൾ. മാത്രമല്ല ഇവിടെ ഇതിന്റെ വിളവെടുപ്പ് മിക്കവാറും മാങ്കോസ്റ്റീനുമായി ഏകദേശം ഒത്തായിരിക്കും വരുക. എങ്കിലും ഇത് കഴിഞ്ഞും ഒരു മാസം കൂടെ അച്ചാചെറുവിൽ നിന്ന് പഴങ്ങൾ കിട്ടുകയും ചെയ്യും.

പോഷകമൂല്യവും മേന്മകളും

മധുരവും നേരിയ പുളിരസവുമുള്ള പഴുത്ത അച്ചാചെറു പഴം അവശ്യപോഷകങ്ങളുടെ കലവറ കൂടെയാണ്. ജീവകം സി,പൊട്ടാസിയം, ഫോളേറ്റ് (ജീവകം ബി 9), മഗ്‌നീഷ്യം, കാത്സ്യം എന്നിവയ്ക്ക് പുറമെ ഭക്ഷ്യയോഗ്യമായ നാരും ഇതിലുണ്ട്. ഇതിന്റെ കാമ്പിലും തൊലിയിലും ജീവശാസ്ത്രപരമായി സജീവമായ പോളീഫീനോളുകളും കൂടാതെ നിരോക്‌സീകാരകങ്ങളായ സന്തോണുകൾ, ഫ്‌ളേവനോയിഡുകൾ, ഫീനോളിക്ക് അമ്ലം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ പോഷകപ്രദവും രോഗബാധകൾ തടയാൻ സഹായകവും ഭക്ഷ്യോത്പന്നങ്ങളുടെ സംഭരണ-സൂക്ഷിപ്പ് കാലം വർധിപ്പിക്കാൻ ഉപകരിക്കുന്നതുമാണ്.

ദഹനസഹായി, ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്നത്, ശരീരഭാരം ക്രമീകരിച്ചു ദുർമേദസ്സ് തടയാൻ സഹായിക്കുന്നത്, ചർമാരോഗ്യം നിലനിർത്തി ചർമസംരക്ഷണം ഉറപ്പാക്കുന്നത്, രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമപ്പെടുത്തുന്നത്, ഹൃദയാരോഗ്യം സംരക്ഷിക്കുന്നത്, തുടങ്ങി നിരവധി ആരോഗ്യ സംരക്ഷകമേന്മകളും ഇതിനുണ്ട്.

പഴത്തിന്റെ തോലിന് ആരോഗ്യസംരക്ഷക ഗുണമുള്ളതിനാൽ വളരെ പണ്ടുതന്നെ തെക്കേ അമേരിക്കയിലും മറ്റും ഇത് ചായ തയാറാക്കാൻ ഉപയോഗിച്ചിരുന്നു. പഴത്തിന്റെ തോട് നാരങ്ങാനീര്, പുതിന എന്നിവയോടൊപ്പം ചേർത്ത് ഉന്മേഷദായകമായ പാനീയമാക്കി കുടിയ്ക്കാൻ ഉപയോഗിക്കാറുണ്ട്. ചർമ്മവ്യാധികൾ, ദഹനപ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനും ഇത് ഉപയോഗപ്പെടുന്നു. പഴത്തിന്റെ പുറംതൊലി ഉണക്കിപ്പൊടിച്ചത് ബേക്കറി പലഹാരങ്ങളിൽ ചേരുവ ആക്കാറുണ്ട്. ഇത്തരം പലഹാരങ്ങൾക്കു നിരോക്‌സീകാരക സ്വഭാവം ലഭിക്കാനും ദീർഘസൂക്ഷിപ്പുകാലം കിട്ടാനും ഇത് സഹായിക്കും. തോലുപയോഗിച്ചു വീഞ്ഞും തയ്യാറാക്കുന്നു.

പഴത്തിന്റെ വിത്ത് ഉണക്കിപ്പൊടിച്ചു കിട്ടുന്ന പൊടി അഥവാ മാവ് ഉയർന്ന അളവിൽ അന്നജം, നാര്, ഫീനോളിക്ക് സംയുകതങ്ങൾ എന്നിവ അടങ്ങിയതാണ്. അതുകൊണ്ടുതന്നെ ഇത് ഭക്ഷ്യവ്യവസായത്തിൽ ഉപയോഗിച്ചുവരുന്നു. വിത്തിൽ നിന്ന് ലഭിക്കുന്ന അന്നജം, ജൈവവിഘടനം നടക്കുന്ന ബയോ-ഡിഗ്രെഡബിൾ ഫിലിം നിർമാണത്തിൽ ഉപയോഗിക്കുന്നുണ്ട്. അച്ചാചെറുവിന്റെ ഇലകളും പരമ്പരാഗത വൈദ്യത്തിലും ചായ തയ്യാറാക്കാനും എടുക്കുന്നു.

പഴത്തിൽ നിന്ന് ജ്യൂസ്,ജാം, പ്രിസെർവ്, സ്മൂത്തി, ഡിസേർട്ട്, ഫ്രൂട്ട് സ്പ്രെഡ് തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങളും തയാറാക്കി വരുന്നു. ഇപ്പാൾ കേരളത്തിൽ അച്ചാചെറുകൃഷി സാവകാശം വ്യാപിക്കുന്നു. വിദേശഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്നതിൽ തൽപരരായ ഉദ്യാനപ്രേമികൾ ഇത് കൃഷി ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഇത്തരം തൈകൾ വിൽക്കുന്ന നഴ്‌സറികളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ഇന്ന് സജീവമായി രംഗത്തുണ്ട്. തൈയ്യുടെ വലിപ്പമനുസരിച്ചു 400 മുതൽ 1500

രൂപ വരെ ഇതിനു വില ഈടാക്കുന്നുമുണ്ട്. സ്വകാര്യ നഴ്‌സറികളായതിനാൽ തൈവിലയിൽ സമാനതയില്ല എന്നതാണ് വസ്തുത. എങ്കിലും തുടക്കകാലത്തെ തൈവിലയ്ക്കു ഇപ്പോൾ കുറച്ചു കുറവ് വന്നിട്ടുണ്ട് എന്ന് പറയാം. ഓൺലൈനായും തൈ വാങ്ങാൻ ഇത്തരം നഴ്‌സറികൾ സൗകര്യം ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ പഴക്കൂടയിലേക്ക് നവാതിഥി ആയി എത്തിയ ഫലമാണെങ്കിലും അച്ചാചെറു ഏറെ താമസിയാതെ കൃഷിസ്‌നേഹികളുടെ പഴത്തോട്ടങ്ങളിൽ വ്യാപിക്കും.