പാഴായിപ്പോകുന്നത് എന്താണ് ? ലീലാമ്മച്ചേച്ചി പറയും.. 'മക്കളേ , അധ്വാനിച്ചില്ലെങ്കിൽ പാഴായിപ്പോകുന്നത് ഈ ജീവിതം തന്നെയാണ്'..
ഇത് പറയാൻ മറ്റാരേക്കാളും അർഹതയുണ്ട് ചേച്ചിക്ക്. ഈ എഴുപത്തിരണ്ടാം വയസ്സിൽ വീടിനെ പച്ചപ്പിൽ മാത്രമല്ല എല്ലാ നിറങ്ങളിലും മുക്കുകയാണ് ലീലാമ്മ ജോസഫ്. സംശയമുണ്ടെങ്കിൽ നേരേ തിരുവനന്തപുരത്തെ കൊടുങ്ങാനൂരിലുള്ള നരിമറ്റത്തിൽ വീട്ടിലേക്ക് വന്നാൽ മതി. മുറ്റത്തും ചുവരിലും മുറികളിലും മട്ടുപ്പാവിലുമൊക്കെ ചെടികൾ കാണാം. പലനിറത്തിലുള്ള ചെടികൾ. പല തരം പച്ചക്കറികൾ. വീട്ടാവശ്യത്തിനുള്ളതെല്ലാം..
ഇടുക്കി വെള്ളയാംകുടിയിൽ നിന്നാണ് ലീലാമ്മച്ചേച്ചി വരുന്നത്. ഭർത്താവ് ജോസഫ് ചാക്കോ കൃഷി വകുപ്പിലായിരുന്നു. എഴുപതുകളുടെ തുടക്കം. വിവാഹം കഴിഞ്ഞ് നേരേ കണ്ണൂരിലേക്ക്. അവിടെ വാടകവീടിന്റെ മുറ്റത്ത് പലതരം ചെടികൾ നട്ടു. പച്ചക്കറികളും. പിന്നെപ്പിന്നെ സ്ഥലംമാറ്റങ്ങൾക്കൊപ്പം പ്രിയപ്പെട്ട ചെടികളെ വിട്ടുപോരേണ്ടി വന്നു.
'എന്തുകാര്യങ്ങളും കണ്ടു പഠിക്കുന്നതാണ് രീതി. വരയ്ക്കാൻ പഠിച്ചതും തയ്യൽ പഠിച്ചതും അങ്ങനെയാണ്. ഇപ്പോൾ ചെടിച്ചട്ടികൾ ഉണ്ടാക്കുന്നതും അങ്ങനെ പഠിച്ചെടുത്തതാണ്.' മക്കൾക്കുള്ള ഉടുപ്പുകളെല്ലാം തുന്നിയെടുക്കാറുള്ളത് പണ്ട് ചേച്ചി തന്നെയാണ്. അതു കണ്ടപ്പോൾ അടുത്ത വീട്ടിലെ അമ്മമാരും ചോദിച്ചു. 'ഞങ്ങളുടെ മക്കൾക്കും ഇതുപോലെ തുന്നിത്തന്നുകൂടേ?'.. അങ്ങനെ ലീലാമ്മച്ചേച്ചി തുന്നൽക്കാരിയായി. സഹായികളെ വച്ചു തുന്നൽക്കട തുടങ്ങി. പിന്നെ അത് നിർത്തി. അപ്പോൾ നേരം പോകുന്നില്ല. മുറ്റത്തേക്ക് നോക്കിയിരിപ്പായി. അന്നേരം മുറ്റത്ത് ചെടികൾ നിരന്നു.
അലങ്കാരമുറ്റത്തെ കൗതുകങ്ങൾ
മതിലിൽ ചെടിച്ചട്ടികൾ നിരത്താൻ തുടങ്ങിയപ്പോൾ അയൽക്കാർ പതുക്കെ ശ്രദ്ധിച്ചു. സംഗതി കൊള്ളാമല്ലോ. പല തരത്തിലുള്ള ചെടികൾ. പൂ വിടരുന്നതും ഇലകൾ നിറയുന്നതും. പല വർണ്ണങ്ങളിൽ. ചെടികൾ പതുക്കെ മുറ്റത്തേക്കും പടർന്നു. അതിനിടെയാണ് വീട്ടിനു മുന്നിലെ റോഡുപണി വന്നത്. അവിടെ ഉപയോഗശൂന്യമായ വലിയൊരു പ്ലാസ്റ്റിക് പൈപ്പ്. ആ പിവിസി പൈപ്പ് ചേച്ചി ചോദിച്ചു വാങ്ങി. അതിൽ മണ്ണു നിറച്ചു. ചെടി വച്ചു. പഴയ പൈപ്പിന്റെ രൂപം മാറി. കണ്ടവർക്കെല്ലാം കൗതുകം. ചേച്ചിക്ക് സന്തോഷം.
പാഴ്‌വസ്തുക്കൾ പാഴല്ലെന്ന് ലീലാമ്മ ജോസഫ് നാട്ടുകാരെ ബോധ്യപ്പെടുത്തുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ പലതരം ചെടികൾ. പത്തുമണിപ്പൂക്കൾ തൊട്ട് കുഞ്ഞു ഇലച്ചെടികൾ വരെ. കുറേക്കൂടി വലിയ ചട്ടികളിൽ കടലാസുപൂക്കൾ. മുറ്റത്ത് ചെത്തി, റോസ്. പല തരം അലങ്കാരച്ചെടികൾ നിറയെ.
ഇവിടെ കടന്നെത്തുമ്പോൾ ആദ്യം ആകർഷിക്കുന്നത് പടം വരച്ചുവച്ച ചെടിച്ചട്ടികളാണ്. 'ഞാൻ യൂട്യൂബൊക്കെ നോക്കിയാണ് വരയ്ക്കാൻ പഠിച്ചത്. കുപ്പികളിലും ചട്ടികളിലുമെല്ലാം വരച്ചു. കണ്ടവരെല്ലാം നന്നായെന്ന് പറഞ്ഞു. അപ്പോൾ ഒരു ആത്മവിശ്വാസമായി.'
ടർക്കി ടവലുകൾ പാഴാക്കരുത്
ഉപയോഗിച്ച് വലിച്ചെറിയേണ്ടവ അല്ല ടർക്കി ടവലുകൾ എന്ന് ലീലാമ്മച്ചേച്ചി പറയും. ആ ടവലുകൾ ഇവിടെ ചെടിച്ചട്ടികളാണ്. 'കളയാറായ ടവലുകൾ സിമന്റ് മുക്കിയാൽ മതി. ടവൽ വെട്ടുന്ന അതേ ആകൃതിയിൽ ചെടിച്ചട്ടി റെഡി. കണ്ടാൽ സ്റ്റൈൽ. സംഭവം വെറൈറ്റി'.. പലരൂപങ്ങളിലുള്ള ചെടിച്ചട്ടികളുടെ രഹസ്യം ചേച്ചി വ്യക്തമാക്കി. വീട്ടിൽ ഉപയോഗക്ഷമമല്ലാത്ത എല്ലാം ചെടിച്ചട്ടികളാക്കാമെന്ന് അവർ ബോധ്യപ്പെടുത്തുകയാണ്.
തിരിച്ചു പിടിക്കുന്ന രുചികൾ
കൃഷി വകുപ്പിലെ സയന്റിസ്റ്റായ ജോസഫ് ചാക്കോ അതിനിടെ വിരമിച്ചു. മക്കൾ ജെയ്‌സണും ജാൻസണും സോഫ്റ്റ് വെയർ എഞ്ചിനീയർമാരായി. പണ്ട് ഇടുക്കിയിലെ കുട്ടിക്കാലത്തെ രുചികൾ രണ്ടാൾക്കും ഓർമ്മ വന്നു. മട്ടുപ്പാവിൽ പച്ചക്കറിത്തോട്ടം തുടങ്ങിയത് അങ്ങനെയാണ്.
'ഇവിടേയ്ക്കു വേണ്ടുന്ന പച്ചക്കറികളെല്ലാം ഞങ്ങൾക്ക് മട്ടുപ്പാവിൽ നിന്ന് കിട്ടും. വെണ്ടയും വഴുതനയും കോവലും പയറും എല്ലാം വേണ്ടത്ര. പച്ചമുളകും ഇഞ്ചിയുമെല്ലാം ഇവിടെ ചട്ടിയിൽ നിറയുന്നുണ്ട്. ആവശ്യമുള്ളതു കഴിഞ്ഞാൽ അയൽക്കാർക്കും കൊടുക്കും.' ചേച്ചി പറഞ്ഞു.
പച്ചക്കറികൾക്ക് നനയ്ക്കാനുള്ള ചമുതല ജോസഫ് ചേട്ടനാണ്.. ആവശ്യമെങ്കിൽ രാവിലേയും വൈകീട്ടും നനയ്ക്കും. 'വൈകീട്ട് നനയ്ക്കുന്നതാണ് നല്ലത്. അപ്പോൾ രാത്രിയിൽ വെള്ളം ചെടിക്ക് ആവശ്യത്തിന് കിട്ടും. ഇപ്പോൾ പക്ഷേ വലിയ ചൂടാണ്. അതിനാൽ ചിലപ്പോൾ രണ്ടു നേരവും നനയ്‌ക്കേണ്ടി വരും. പഴയ രുചികളൊക്കെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയത് ഇപ്പോഴാണ്'. ജോസഫ് ചേട്ടൻ പറഞ്ഞു.
വട്ടിയൂർക്കാവ് കൃഷിഭവനിൽ നിന്ന് ആവശ്യമുള്ള സഹായങ്ങൾ കിട്ടും. ഒപ്പം വിവിധ കാർഷിക വാട്‌സ് ആപ് കൂട്ടായ്മകളും സഹായത്തിനുണ്ട്. ശീതകാല പച്ചക്കറികൾ വളർത്തുകയാണ് ഇപ്പോൾ ഈ മട്ടുപ്പാവിൽ. വൈകാതെ കാബേജും കോളീഫ്‌ളവറുമെല്ലാം വിളവെടുക്കാം
മണ്ണൊരുക്കൽ
ചട്ടികളിൽ മണ്ണൊരുക്കുന്നിടത്തു തന്നെ ശ്രദ്ധിച്ചാലേ കൃഷി നന്നാവൂ എന്ന് ലീലാമ്മച്ചേച്ചി ഓർമ്മിപ്പിക്കുന്നു. അടിവളവും ചാണകവും കോഴിവളവും ചകിരിച്ചോറുമെല്ലാം ചേർന്നതാണ് ചട്ടിയിൽ നിറയ്ക്കുന്നത്. രാസവളങ്ങൾ പരമാവധി ഒഴിവാക്കും. വേപ്പിലക്കഷായമാണ് കീടനാശിനി. ചെറിയ പറമ്പിൽ ചേനയും ചേമ്പും കാച്ചിലുമെല്ലാമുണ്ട്. ഇഞ്ചിയും മഞ്ഞളും വേണ്ടത്ര. പ്ലാവും മാവും തെങ്ങും വെട്ടിക്കളഞ്ഞില്ല. അതിനാൽ ആവശ്യത്തിന് മാങ്ങയും ചക്കയും തേങ്ങയും കിട്ടും
'ഞങ്ങൾക്ക് കൃഷി അക്ഷരാർത്ഥത്തിൽ സന്തോഷകരമാണ്. ഈ ചെടികളോട് സംസാരിക്കുമ്പോൾ ഒരു എനർജിയൊക്കെ കിട്ടും. ഇടയ്ക്ക് ചെടികളെ ശകാരിക്കും. പിറ്റേന്ന് കൂടുതൽ ഓമനിക്കും. മക്കളെപ്പോലെ തന്നെയാണ് ചെടികളും. ഇതുങ്ങളെ നോക്കുമ്പോൾ ഞങ്ങൾക്ക് പകരം ആരോഗ്യം കിട്ടുന്നു'
അതിസുന്ദരമായി സൂക്ഷിക്കുന്ന ഗാർഡനാണ് നരിമറ്റത്തിൽ മുറ്റത്തെ ആകർഷകമാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കാർഷിക പുരസ്‌കാരം ഈ മുറ്റത്തേക്ക് കടന്നെത്തുന്നതും പാഴ് വസ്തുക്കളിലും പകിട്ടു പകരുന്ന ഈ അധ്വാനത്തിനാണ്. ലീലാമ്മച്ചേച്ചിയും ഗാർഡനും ഒരേപോലെ പുഞ്ചിരിച്ചുകൊണ്ട് അതിഥികളെ ഇവിടെ സ്വീകരിക്കുന്നു..
Published: 02 Nov 2026, 06:34 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented