
പാലും കസ്റ്റേഡ് പൗഡറും കൊക്കോ പൗഡറും അല്ലെങ്കിൽ ഡാർക്ക് ചോക്ലേറ്റും പഞ്ചസാരയും കലർത്തി തയ്യാറാക്കുന്ന ഒരു മധുരപലഹാരമുണ്ട്-പേര് ചോക്ലേറ്റ് കസ്റ്റേഡ്. വായിലിട്ടാൽ അലിഞ്ഞുപോകും വിധമുള്ള, എന്നാൽ അമിതമധുരമില്ലാത്ത സ്വാദിലും നിറത്തിലും പ്രകടമായ വ്യത്യാസം വരുകയും ചെയ്യും. അത്തരത്തിലൊരു വിശേഷഫലമാണ് ബ്ലാക്ക് സപ്പോട്ട. പ്രത്യേകതയുള്ള ഒരു മധുരഫലമാണിത്. പ്രത്യേകിച്ച് കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടൊരു മധുരപലഹാരം. പ്രകൃതി തന്നെ ഇതേ സ്വാദും രൂപവും ഭാവവും ഒക്കെയുള്ള ഒരു പ്രത്യേക ഫലത്തിന് ജന്മം നൽകിയിട്ടുണ്ട്; ഇതാണ് ബ്ലാക്ക് സപ്പോട്ട അഥവാ ചോക്ലേറ്റ് ചിക്കു എന്ന് പേരെടുത്ത ചോക്ലേറ്റ് പുഡ്ഡിംഗ് ഫ്രൂട്ട്.
നമുക്ക് ചിരപരിചിതമായ സാധാരണ സപ്പോട്ടയിൽ നിന്ന് വളരെ വ്യത്യസ്തമാണ് ബ്ലാക്ക് സപ്പോട്ട; മാത്രമല്ല അതുമായി ഈ സപ്പോട്ടയ്ക്ക് കാര്യമായ ബന്ധവുമില്ല. ഇവ രണ്ടും രണ്ട് വ്യത്യസ്ത കുടുംബക്കാരാണ്. സസ്യനാമത്തിലുമുണ്ട് ഈ വ്യത്യാസം. സാധാരണ സപ്പോട്ട ‘സപ്പോട്ടേസീ’ എന്ന സസ്യകുടുംബത്തിലെ അംഗമാണെങ്കിൽ, ബ്ലാക്ക് സപ്പോട്ട ‘എബെനേസീ’ എന്ന സസ്യകുടുംബത്തിലെ അംഗമാണ്. ബ്ലാക്ക് സപ്പോട്ടയുടെ സസ്യനാമം ‘ഡിയോസ്പൈറോസ് നൈഗ്ര’ എന്നാണ്. കാഴ്ച്ചയ്ക്ക് ഒരു പെഴ്സിമൺ പഴം പോലെയോ, തക്കാളി പോലെയോ ഒക്കെയിരിക്കും. നന്നായി പഴുത്താൽ വളരെ മയമുള്ള ഒരുതരം മധുരമാണിതിന്; കസ്റ്റേഡിന്റെയും കരാമലിന്റെയും ഉണങ്ങിയ പ്ലം പഴത്തിന്റെയുമൊക്കെ സ്വാദാകാം ഇതിന്. ചോക്ലേറ്റ് പുഡിങ്ങിനോട് സാദൃശ്യം. എങ്കിലും ചോക്ലേറ്റ് നിറച്ച ഒരു വലിയ മിഠായിയുടെ സ്വാദുണ്ടായിക്കൊള്ളണമെന്നില്ല. മൃദുവും പ്രകൃതിദത്തവുമായ ഒരു നാച്ചുറൽ ചോക്ലേറ്റ് എന്ന് പറയാം.
ബ്ലാക്ക് സപ്പോട്ടയെ ആദരിച്ച കാലം
മെക്സിക്കോയുടെ ചരിത്രത്തിൽ തദ്ദേശീയസംസ്കാരവുമായി ഇഴുകിച്ചേർന്ന ഫലമാണ് ബ്ലാക്ക് സപ്പോട്ട. ഏകദേശം 2000 വർഷം മുൻപുതന്നെ മെക്സിക്കൻ ജനത ഇത് വളർത്തുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്‌തിരുന്നു. മധുരവും മൃദുവായ വഴുവഴുപ്പുള്ള കാമ്പും മെക്സിക്കോയിലെ പുരാതനനിവാസികളായിരുന്ന അസ്ടെക്കുകളും മായന്മാരും ആദരവോടെയാണ് ഉപയോഗിച്ചിരുന്നത്. സപ്പോട്ട എന്ന വാക്ക് തന്നെ അസ്ടെക്ക് ഭാഷയിൽ നിന്ന് രൂപംകൊണ്ടതാണ്. എന്നുമാത്രമല്ല ആദ്യകാല രേഖകളിൽ സൂചിപ്പിക്കുന്ന സപ്പോട്ട, യഥാർഥത്തിൽ ബ്ലാക്ക് സപ്പോട്ട ആയിരുന്നു എന്നും ചരിത്രരേഖകൾ പറയുന്നു. മറ്റിനങ്ങളൊക്കെ പിൽക്കാലത്താണ് ശ്രദ്ധ നേടുന്നതും വളർത്താൻ തുടങ്ങുന്നതും. പ്രത്യേകിച്ച് കാർഷികവൃത്തി ചെയ്‌ത് ജീവിതം നയിച്ചിരുന്ന തദ്ദേശീയ ജനതയായിരുന്ന നഹുവന്മാർ. ഇവരുടെ ദൈനംദിന ആഹാരത്തിൽ ഈ ഫലം നിത്യചേരുവയും ആയിരുന്നു.
അധികം ഉയരത്തിലല്ലാതെ വളരുന്ന വനപ്രദേശങ്ങളിൽ സമൃദ്ധമായി ബ്ലാക്ക് സപ്പോട്ട വളർന്നിരുന്നു. പുറമെ കണ്ടാൽ പഴുക്കാത്ത ഒരു പച്ചത്തക്കാളി പോലെയോ കാക്കിപ്പഴം എന്നറിയപ്പെടുന്ന പെഴ്സിമൺ പോലെയോ ഒക്കെയുള്ള ബ്ലാക്ക് സപ്പോട്ടയ്ക്ക് പഴുക്കുമ്പോൾ സംഭവിക്കുന്ന രൂപമാറ്റം അക്കാലത്തുതന്നെ ഏവർക്കും ഒരു വിസ്മയമായിരുന്നു. പുറമെ ചെളി പുരണ്ടതുപോലുള്ളതാണ് മാറ്റമെങ്കിൽ ഉള്ളിൽ ഇരുണ്ടതവിട്ടുനിറമോ, കടുംതവിട്ടുനിറമോ ആയിരിക്കും. കസ്റ്റേഡിനോട് സമാനമായ മധുരവും ചോക്കലേറ്റ് സ്വാദും. ഇതൊക്കെയെങ്കിലും നന്നായി പഴുത്ത ബ്ലാക്ക് സപ്പോട്ട കണ്ടാൽ പെട്ടെന്ന് ചീഞ്ഞുപോയതാണോ എന്ന് തോന്നാം. തീർത്തും അനാകർഷകമായ ഫലം എന്നേ തോന്നൂ."അൺ അപ്പീലിങ് ഫ്രൂട്ട്" എന്ന് തോന്നുമെന്ന് ഫലവർഗസ്നേഹികൾ തന്നെ പറയുന്നു. എന്നാൽ മുറിച്ചാൽ ചോക്ലേറ്റ് പുഡ്ഡിംഗ് പോലുള്ള അകക്കാമ്പ് ഐസ്ക്രീം പോലെ സ്പൂൺ കൊണ്ട് കോരി കഴിയ്ക്കാം.
ദൈവത്തിന്റെ സമ്മാനം
ബ്ലാക്ക് സപ്പോട്ടയുടെ സസ്യനാമം ‘ഡിയോസ്പൈറോസ് നൈഗ്ര’ എന്നാണ്. ജനിതകനാമമായ ഡിയോസ്‌പൈറോസ് എന്നത് ഗ്രീക്ക് പദമാണ്; ഇതിന് ദൈവികഫലം അഥവാ ഡിവൈൻ ഫ്രൂട്ട് എന്നാണർഥം. ഡിയോസ്, പൈറോൺ എന്നീ രണ്ടു വാക്കുകൾ ചേർന്നതാണ് ഡിയോസ്‌പൈറോസ് എന്ന വാക്ക്. ഇതിന് ഗോഡ്‌സ് പെയർ, വീറ്റ് ഓഫ് സിയൂസ്, ജോവ്‌സ് ഫയർ എന്നെല്ലാം പേരുകളുമുണ്ട്. മെക്സിക്കോയുടെയും മധ്യ അമേരിക്കയുടെയും കൊളംബിയയുടെയും സന്തതിയായ ബ്ലാക്ക് സപ്പോട്ട ഫിലിപ്പീൻസ് പോലെ മറ്റു രാജ്യങ്ങളിലും വളരുന്നുണ്ട്. ഒരുപക്ഷെ ചോക്ലേറ്റ് കസ്റ്റഡിന്റെ സ്വാദുള്ളതുകൊണ്ടാകാം അന്നാട്ടുകാർ ഇതിനെ ദൈവത്തിന്റെ ഫലം എന്ന് സന്തോഷപൂർവം വിശേഷിപ്പിച്ചത്. ജന്മനാട്ടിലെ സപ്പോട്ട വൃക്ഷങ്ങളിൽ 80 വർഷത്തിനുമേൽ പ്രായമായവയിലും ധാരാളം കായ്‌കൾ പിടിക്കുന്ന പതിവ് കണ്ടുവരുന്നു.
അവർ ബ്ലാക്ക് സപ്പോട്ടയെ പ്രകൃതിയുടെ അതിശക്തമായ ഒരോർമപ്പെടുത്തലായാണ് കാണുന്നത്; കൃത്രിമമായി മനുഷ്യൻ തയ്യാറാക്കുന്ന ഏത് ഭക്ഷണപദാർത്ഥത്തെക്കാളും സ്വാദും പോഷകമേന്മയുമുള്ള ഭക്ഷ്യവസ്തുക്കൾ തരാൻ പ്രകൃതിക്ക് കഴിയും എന്ന ഓർമ്മപ്പെടുത്തൽ. കാരണം ഇതിൽ ചോക്ലേറ്റിന്‍റെ സ്വാദ് മാത്രമല്ല, ധാരാളം വിറ്റാമിൻ-സീയും നാരുകളും നിരോക്സീകാരകങ്ങളും ഒക്കെ അടങ്ങിയിട്ടുണ്ട് എന്നതുതന്നെ. മറ്റൊരു കാര്യം കൂടെ ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്; ബ്ലാക്ക് സപ്പോട്ട തൈ ഒരിക്കൽ നട്ടു കഴിഞ്ഞാൽ പിന്നെ വലിയ പരിചരണം അത്ര നിർബന്ധമില്ല. ചെറിയ പരിചരണം വഴിപോലും വർഷംതോറും ധാരാളം ഫലങ്ങൾ നിരന്തരം കിട്ടുകയും ചെയ്യും. അങ്ങനെയാണ് ഇതിന് ‘ലെയ്സി ഗാർഡനേഴ്‌സ് ഡ്രീം’ എന്നൊരു വിശേഷണവും കിട്ടിയത്.
മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത പഴം
ഒരർഥത്തിൽ മലയാളികൾക്ക് അത്ര പരിചിതമല്ല ബ്ലാക്ക് സപ്പോട്ട എന്ന സവിശേഷഫലം. സാധാരണ സപ്പോട്ടയോ, അതല്ലെങ്കിൽ ഒരു പടികൂടേ കടന്ന് കുറച്ചുകൂടെ വലിപ്പമുള്ള മേമി സപ്പോട്ടയോ പരിചിതമായിരിക്കും; എന്നാൽ പുഡ്ഡിംഗ് ഫ്രൂട്ട്, ചോക്ലേറ്റ് ഫ്രൂട്ട് എന്നെല്ലാം വിളിപ്പേരുകളുള്ള ബ്ലാക്ക് സപ്പോട്ടയുടെ കാര്യം അങ്ങനെയല്ല. നമുക്ക് പരിചിതമായ സ്വാദും രുചിയുമൊന്നുമല്ല ബ്ലാക്ക് സപ്പോട്ടയ്ക്ക്. തികച്ചും വ്യത്യസ്തം എന്നുതന്നെ പറയാവുന്ന ഫലം. പഴുക്കുമ്പോൾ കറുത്ത നിറമാകുന്നു എന്നതുതന്നെയാണ് ഇതിന്റെ വേറിട്ട ഒരു സവിശേഷത. ഉഷ്ണമേഖലാ കാലാവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിലെല്ലാം നന്നായി വളരാൻ കഴിയുന്ന ഒരു ഫലവൃക്ഷം; അതുകൊണ്ടുതന്നെ തെക്കേ അമേരിക്ക, മെക്സിക്കോ, ഫിലിപ്പീൻസ്, ഫ്ലോറിഡ തുടങ്ങിയ ഉഷ്ണമേഖലാരാജ്യങ്ങളിൽ ഇതിന്റെ വലിയ തോട്ടങ്ങൾ തന്നെയുണ്ട്.
നല്ല സൂര്യപ്രകാശവും നനവും കിട്ടുന്നിടത്തു ബ്ലാക്ക് സപ്പോട്ട നടാം. നിത്യഹരിതവൃക്ഷമായ ബ്ലാക്ക് സപ്പോട്ട പരമാവധി 8 മുതൽ 15 മീറ്റർ വരെ ഉയരത്തിൽ വളരും. വനമേഖലകളിൽ ഇത് 25 മീറ്ററിലധികം ഉയരത്തിലും എത്താറുണ്ട്. സാവധാന വളർച്ചാസ്വഭാവമാണിതിന്. പ്രത്യേകിച്ച് ആദ്യത്തെ മൂന്നുനാലു വർഷക്കാലം. ഇതിനുശേഷം വളർച്ച ഒരുപരിധിവരെ വേഗത്തിലാകും. നിത്യഹരിതമായി തിങ്ങിവളരുന്ന ഇലച്ചാർത്തും അതിനെ കുറച്ചൊക്കെ കൊമ്പുകോതി ഉയരം നിയന്ത്രിച്ചു 8 മുതൽ 10 മീറ്റർ വരെ നിലനിർത്തുന്ന പതിവുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ വരെയുള്ള പ്രദേശങ്ങളിൽ വളരാറുണ്ടെങ്കിലും 600 മീറ്ററിന് താഴെയുള്ള സ്ഥലങ്ങളിലാണ് ഇതിന്റെ വളർച്ച കൂടുതൽ നന്നായിക്കാണുന്നത്. അതായത് പകൽതാപനില 20 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയുള്ള പ്രദേശങ്ങളിൽ. ഇതുതന്നെ 34 ഡിഗ്രി വരെയും ബ്ലാക്ക് സപ്പോട്ടയ്ക്ക് പ്രതിരോധിക്കാൻ കഴിയും എന്ന് കണ്ടിരിക്കുന്നു.
നട്ട് മൂന്നാം വർഷം കായ്ക്കുന്ന ബ്ലാക്ക് സപ്പോട്ട വർഷം മുഴുവൻ കായ് പിടിക്കുന്നു എന്നതാണ് പ്രത്യേകത. മരം പൂത്തുകഴിഞ്ഞു കായാകാൻ രണ്ടുമൂന്നു മാസത്തെ ഇടവേള വേണമെങ്കിലും ആ ഇടവേള തോന്നാത്തവിധം ഇത് സദാ പൂക്കുകയും കായ്ക്കുകയും ചെയ്തുകൊണ്ടിരിക്കും. ഒരു ഭാഗത്ത് മരം പൂക്കുമ്പോൾ മറുഭാഗത്തെ പൂക്കൾ കായ്കൾ ആകുകയും ചെയ്യും. ആ അർഥത്തിൽ ബ്ലാക്ക് സപ്പോട്ട ഒരു ഓൾ സീസൺ ഫ്രൂട്ട് എന്ന് പറയാം. ബ്ലാക്ക് സപ്പോട്ടയിൽ ആൺ-പെൺമരങ്ങൾ വെവ്വേറെയുണ്ട്. എന്നാൽ, ഇവ രണ്ടുമുള്ള മരങ്ങളുമുണ്ടാകാം. പെൺപൂക്കൾ താരതമ്യേന വലുതാണ്, വൃത്താകൃതി ഉള്ളതാണ്, ഒറ്റയ്ക്ക് നിൽക്കുന്നതാണ്. എന്നാൽ ആൺപൂക്കളാകട്ടെ മൂന്നു മുതൽ ഏഴെണ്ണം വരെ ഒരുമിച്ചു കുലയായി കാണപ്പെടും. ഒട്ടുതൈകളാകട്ടെ ദ്വിലിംഗികളാണ്; എന്ന് വച്ചാൽ ആൺ-പെൺ പ്രത്യുല്പാദന അവയവങ്ങൾ ഒരേ പൂവിൽ തന്നെ കാണും എന്നർത്ഥം. അതുകൊണ്ടുതന്നെ ഇവയ്ക്കു സ്വയം പരാഗണം സാധ്യമാകുകയും ചെയ്യും. വിത്ത് മുളപ്പിച്ചു വളരുന്ന തൈകൾ വളർന്നു പൂക്കാനും കായ് പിടിക്കാനും 5 മുതൽ 6 വർഷം വരെ എടുക്കുമ്പോൾ, ഗ്രാഫ്റ്റ് അഥവാ ഒട്ടുതൈകൾ പൂക്കാനും കായ് പിടിക്കാനും 3 മുതൽ 4 വർഷം വരെ മതിയാകും.വിത്തുകൾ മുളയ്ക്കാൻ ഏകദേശം 30 ദിവസം വരെ വേണം.
സാധാരണഗതിയിൽ പഴത്തിലുള്ള 4 മുതൽ 6 വരെയുള്ള വിത്തുകൾക്ക് സാമാന്യം കട്ടി കുറവും ബ്രൗൺ നിറവുമായിരിക്കും. ഇവയുടെ പുറത്തുപറ്റിയിരിക്കുന്ന മാംസളഭാഗത്തിന്റെ അവശിഷ്ടങ്ങൾ നീക്കി വൃത്തിയാക്കാൻ 24 മണിക്കൂർ നേരം വെള്ളത്തിൽ മുക്കിവച്ചാൽ മതിയാകും. വിത്തു കാലതാമസം വരാതെ മുളയ്ക്കാൻ വയ്ക്കണം. മണ്ണ്, കമ്പോസ്റ്റ്, പെർലൈറ്റ് അല്ലെങ്കിൽ പരുപരുത്ത മണൽ എന്നിവയാണ് പോട്ടിങ് മിശ്രിതത്തിന്റെ ചേരുവകൾ. മിശ്രിതത്തിൽ അര മുതൽ ഒരിഞ്ചു വരെയേ വിത്തുകൾ താഴ്ത്തി നടാൻ പാടുള്ളൂ. ചെറിയ നനവ് നിലനിർത്തുക. 2 മുതൽ 4 ആഴ്ച അല്ലെങ്കിൽ പരമാവധി 30 ദിവസമാണ് വിത്ത് മുളയ്ക്കാൻ വേണ്ടിവരുന്ന സമയം. പാകുന്നതിനുമുൻപ് വിത്തുകൾ 24 മുതൽ 48 മണിക്കൂർ നേരം വെള്ളത്തിൽ കുതിർക്കുന്നത് അവ വേഗം മുളയ്ക്കാൻ സഹായിക്കും. ആറിഞ്ചു വലിപ്പമുള്ള ചട്ടികളിലാണ് വിത്തുകൾ പാകേണ്ടത്. സാധാരണയായി 3 മുതൽ 6 വർഷം വരെ എടുക്കും വിത്തുതൈകൾ വളർന്നു കായ്കൾ പിടിക്കാൻ. അപൂർവം ചിലത് 10 വർഷം വരെ എടുത്തേക്കാം. ബ്ലാക്ക് സപ്പോട്ടയിൽ ഒട്ടിച്ചെടുക്കുന്ന തൈകൾക്ക് 2-3 വർഷം കൊണ്ട് കായ്ക്കാൻ കഴിയുന്നു.
കായ്കൾ പിടിക്കും എന്നത് ഉറപ്പിക്കാൻ കഴിയുന്നു തുടങ്ങി നിരവധി അധികമേന്മകൾ ഉണ്ട്. ക്ലെഫ്റ്റ് ഗ്രാഫ്റ്റിങ് ആണ് ഒരു മാർഗം. ഇവിടെ വേരോടുകൂടിയ ചെടിയുടെ (റൂട്ട് സ്റ്റോക്ക്) തണ്ടിൽ പിളർപ്പുണ്ടാക്കി, മികച്ച ഇനം ചെടിയുടെ കമ്പ് (സയോൺ) ഒന്നോ രണ്ടോ പ്രായപൂർത്തിയായ മുകുളങ്ങൾ ഉള്ളത്, ഇലകൾ അത്യാവശ്യം നീക്കി അതിൽ ഒട്ടിച്ചു ചേർക്കുകയാണ് ചെയ്യുന്നത്.തൈകളുടെ മധ്യഭാഗം മുറിച്ചുനീക്കി, മധ്യഭാഗത്തു നെടുകെ 2 സെ.മീറ്റർ നീളത്തിൽ പിളർപ്പുണ്ടാക്കി അതിൽ വെഡ്‌ജ് അഥവാ ആപ്പിന്റെ ആകൃതിയിൽ ചെത്തിയ സയോൺ കമ്പ് ഉറപ്പിക്കുന്നു.തൈകളുടെ വർച്ചാഘട്ടത്തിലോ, 10 ദിവസമാകുമ്പോഴോ വേനൽക്കാലത്തിന് തൊട്ടുമുൻപോ ഒക്കെയാണ് ഇത് ചെയ്യേണ്ടത്. ആരോഗ്യകരമായ റൂട്ട് സ്‌റ്റോക്കിന്‍റെ മുകൾഭാഗം മുറിച്ചുമാറ്റണം. ഒട്ടിച്ച ഭാഗം ഗ്രാഫ്റ്റിങ് ടേപ്പ് ഉപയോഗിച്ച് വായൂ കടക്കാത്ത വിധം മുറുക്കി കെട്ടുക. ഗ്രാഫ്റ്റ് വിജയമാകുന്നതുവരെ ഏതാനും ആഴ്ചകൾ കമ്പു ഈർപ്പമുള്ളതും തണലിലുമാണെന്നു ഉറപ്പാക്കണം. ഏകദേശം 4 മുതൽ 8 ആഴ്ചയോടെ ഒട്ടുതൈകൾ സാധാരണ വളർച്ചയിലേക്കെത്തും.
ഇനിയൊരു പ്രജനനമാർഗം വായുവിൽ പതിവച്ചു തൈകൾ ഉണ്ടാക്കുകയാണ്. എയർ ലെയറിങ്; ബ്ലാക്ക് സപ്പോട്ടയിൽ ഇത് വിജയമായിട്ടാണ് കണ്ടിട്ടുള്ളത്. ഇതിന് ഏകദേശം ആറു മാസം പ്രായമുള്ള ശിഖരങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. ശിഖരത്തിൽ തന്നെ പച്ചനിറം മാറി അല്പം ബ്രൗൺ/തവിട്ടു നിറമാകുന്ന ഭാഗമാണ് ലെയറിങ്ങിന് ഉത്തമം. അമിതമായ മൂത്ത ചില്ലകളിൽ ലെയറിങ് ചെയ്‌താൽ വേര് വരാൻ വളരെ താമസംവരും. തീരെ ഇളം ശിഖരത്തിലും ലെയറിങ് പാടില്ല. അര മുതൽ ഒരിഞ്ചു വരെ വ്യാസമുള്ള ശിഖരമായാൽ നന്ന്. പൊതുവിൽ നല്ല ആരോഗ്യവും കായ്‌ഫലവുമുള്ള അമ്മച്ചെടി (മദർ പ്ളാന്റ്) വേണം ലെയറിങ്ങിനു തിരഞ്ഞെടുക്കാനും. എങ്കിൽ മാത്രമേ അതേ ഗുണമുള്ള നല്ല തൈകളും കിട്ടുകയുള്ളു. സ്പാഗ്‌നം മോസ് എന്ന പായലോ, ചകിരിച്ചോറോ ലെയറിങ്ങിന് ഉപയോഗിക്കാം. ചകിരിച്ചോറ് പോലെതന്നെ പായലും വാങ്ങാൻ കിട്ടും. പുട്ടുപൊടി നനയ്ക്കുന്നതുപോലെ മാത്രം ഉണങ്ങിയ പായൽ കുറച്ചു നനയ്ക്കാൻ മറക്കരുത്.
ലെയറിങ്ങിനുള്ള കമ്പിൽ ലെയറിങ് കത്തി കൊണ്ട് വട്ടത്തിൽ തൊലി മാത്രമായി ഒന്ന് വരയുക; എന്നിട്ടു മുക്കാൽ മുതൽ ഒരിഞ്ചു വരെ നീക്കി ഒന്നുകൂടെ വട്ടത്തിൽ വരയുക. തുടർന്ന് ഈ രണ്ടു വളയങ്ങൾ തമ്മിൽ കൂട്ടിയോജിപ്പിക്കുക. തൊലി മാത്രമേ നീക്കാൻ പാടുള്ളു. തണ്ടിന് തെല്ലും ക്ഷതം പറ്റാൻ പാടില്ല. എന്നിട്ടു നനവുള്ള മോസ് പായൽ ആ മുറിഭാഗത്തു വച്ച് പൊതിയുക. എന്നിട്ടു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് അത് നന്നായി പൊതിഞ്ഞു കെട്ടണം. വള്ളി ഉപയോഗിച്ച് ഇതിന്റെ രണ്ടറ്റവും കെട്ടുക. ഏകദേശം 8 മുതൽ 12 ആഴ്ച കൊണ്ട് പ്ലാസ്റ്റിക് കൂടിനുള്ളിൽ പുതിയ വളർച്ചയുടെ വേരോട്ടം കാണാം. വേരുകൾ വന്നു തുടങ്ങുമ്പോൾ ലെയറിന്റെ തൊട്ടുതാഴെ വച്ച് ഒരു ചെറിയ മുറിവ് വി ആകൃതിയിൽ ഉണ്ടാക്കണം. ഇതായാൽ പിന്നെ വേരുകൾ കൂടുതലായി വേഗമുണ്ടാകുന്നതും കാണാം. തുടർന്ന് വേരുകൾ നിറഞ്ഞു കഴിയുമ്പോൾ ഒരു ചെറിയ മുറിവ് കൂടെ ഉണ്ടാക്കണം. ശിഖരം മുറിയരുത്. ഒരാഴ്ച കൂടി കഴിഞ്ഞാൽ ലെയർ മുഴുവനായി സശ്രദ്ധം മുറിച്ചെടുക്കാം. എന്നിട്ട് ലെയർ തുറക്കുക. നിറയെ വേരുകൾ കാണാം. ഈ തയ്യാണ് നടുന്നത്. ഇത് ചെറിയ ചട്ടിയിൽ നട്ട് ഒരു മാസത്തോളം തണലിൽ വയ്ക്കണം. ഇത് വളരുന്ന മുറയ്ക്ക് കൃഷിയിടത്തിലേക്ക് മാറ്റി നടാം. ഈ വിധത്തിലും ബ്ലാക്ക് സപ്പോട്ടയിൽ നല്ല തൈകൾ ഉണ്ടാക്കാം.
ഉത്തമ വളർച്ചയ്ക്ക് സമീകൃതവളം
ബ്ലാക്ക് സപ്പോട്ടയിൽ മികച്ച വിളവ് കിട്ടാൻ രണ്ടുതവണ വളം നൽകാം. മഴക്കാലാരംഭത്തിലും സെപ്റ്റംബർ-ഒക്ടോബറിലും. 10 കിലോ ജൈവവളം കൂടാതെ രാസവള മിശ്രിതവും ചേർക്കുന്നത് ചെടിയുടെ വളർച്ചയ്ക്കും കായ്പിടിത്തത്തിനും സഹായിക്കും. പൊട്ടാസിയം, ഫോസ്ഫറസ് പോലുള്ള മൂലകങ്ങൾ അടങ്ങിയ വളങ്ങൾ ചെടി പൂവിടുന്നതിനു മുൻപും കായുണ്ടാകുന്ന സമയത്തും ചേർത്താൽ കായുടെ വലിപ്പവും മധുരവും വർധിപ്പിക്കാം. ജൈവവളങ്ങളുടെ കൂട്ടത്തിൽ 'കമ്പോസ്റ്റ് ടീ’ എന്ന ദ്രവജൈവവളം ഉത്തമമാണ്. ഇതിന് കമ്പോസ്റ്റിനേക്കാൾ ഗുണമുണ്ട്. കമ്പോസ്റ്റ് ടീ തയ്യാറാക്കാൻ 2 കിലോ പച്ചചാണകം, കുറച്ചു പാളയങ്കോടൻപഴം, ഒന്നു മുതൽ രണ്ടു ലിറ്റർ ഗോമൂത്രം, പുളിപ്പിച്ച കഞ്ഞിവെള്ളം, ഒരു കിലോ വേപ്പിൻപിണ്ണാക്ക്, ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക്, 200 ഗ്രാം ശർക്കര എന്നിവയാണ് വേണ്ടത്. ചാണകവും ഗോമൂത്രവും കഞ്ഞിവെള്ളവും ചേർത്ത് ഇളക്കി അതിലേക്ക് പഴം, ശർക്കര, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, കുറച്ചു മണ്ണ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് തണലത്തു മൂടി വയ്ക്കുക. ദിവസവും രണ്ടു തവണ വീതം ഇളക്കണം. ഒരാഴ്ച മതി ഇത് നല്ല ഒന്നാന്തരം ജൈവവളമാകാൻ. ഇത് വെള്ളം ചേർത്ത് നേർപ്പിച്ചുവേണം ചെടികൾക്ക് തളിക്കാൻ, തടത്തിൽ ഒഴിച്ചുകൊടുക്കാൻ.
എല്ലുപൊടി, ഫിഷ് എമൽഷൻ എന്നിവയും ഉത്തമ ജൈവവളങ്ങൾ തന്നെ. ഫിഷ് എമൽഷൻ പോലുള്ളവ നേർപ്പിച്ചു ചെടിയിൽ തളിക്കുന്നതും ഗുണകരമാണ്. ഇതുകൂടാതെ ചെടിയൊന്നിന് 5 മുതൽ 10 കിലോ വരെ മണ്ണിരകമ്പോസ്റ്റും ചേർക്കാം. ഒന്ന് മുതൽ രണ്ടു കിലോ വരെ വേപ്പിൻ പിണ്ണാക്ക് വേരുകളുടെ വളർച്ചയ്ക്കും കീടങ്ങളെ അകറ്റിനിർത്താനും ഉപകരിക്കും. ചെടിയുടെ ചുവട്ടിൽ നിന്ന് 45 സെ.മീറ്റർ അകലത്തിൽ വൃത്താകൃതിയിൽ തടംതുറന്നു വെണ്മ വളങ്ങൾ ചേർക്കാൻ. മണ്ണിൽ പുളിരസം അധികമായുണ്ടെങ്കിൽ രാസവളം ചേർക്കുന്നതിന് രണ്ടാഴ്ച മുൻപായി കുമ്മായമോ ഡോളോമൈറ്റോ ചേർക്കാം. തടത്തിൽ നനവ് ഉണ്ടാകണം. ഇതിനായി തടം പുതയ്ക്കുകയുമാകാം.
രാസവളപ്രയോഗം നിർബന്ധമുള്ള ഒരു ഫലസസ്യമല്ല ബ്ലാക്ക് സപ്പോട്ട. എങ്കിലും വളർച്ചയുടെ വിവിധ ദശകൾ അനുസരിച്ചു വളം ചേർക്കുന്നതിൽ വ്യത്യാസങ്ങൾ വരുത്തി വിളവ് വർധിപ്പിക്കാനും കഴിയും. ഒന്ന് മുതൽ മൂന്നു വരെയുള്ള വർഷങ്ങളിൽ നൈട്രജൻ, ഫോസ്ഫറസ് എന്നീ പോഷകങ്ങൾക്കാണ് പ്രാമുഖ്യം.ഇതിന് കമ്പോസ്റ്റോ,കാലിവളമോ മതിയാകും. ഇതിനോടൊപ്പം കുറച്ചു എല്ലുപൊടിയോ, റോക്ക് ഫോസ്ഫേറ്റോ മതിയാകും. നാല് വർഷവും അതിനുമുകളിലും പ്രായമുള്ള ചെടികൾക്ക് ഫലോല്പാദനത്തിനു ഉപകരിക്കാൻ പൊട്ടാഷ് ആണ് നൽകേണ്ടിവരിക. ചെടി നടുമ്പോൾ തന്നെ നന്നായി അഴുകിപ്പൊടിഞ്ഞ കാലിവളമോ, മണ്ണിര കമ്പോസ്റ്റോ, വേപ്പിൻ പിണ്ണാക്കോ ഒക്കെ ഉപയോഗിക്കാം. ഒരു കുഴിയിൽ ഒരു കിലോ എന്നതാണ് തോത്. ചെടിയുടെ കരുത്തുള്ള വളർച്ചയ്ക്ക് ഫിഷ് അമിനോ ആസിഡ് ഉത്തമമാണ്. നൈട്രജൻ-ഫോസ്ഫറസ്-പൊട്ടാഷ് എന്നീ മൂലകങ്ങൾ അടങ്ങിയ രാസവളമിശ്രിതങ്ങൾ 10-10-10- അഥവാ 20-20-20
എന്നിവയിലൊന്ന് നല്ലതാണ്.
കീട-രോഗമുക്തിയും പ്രതിരോധവും
ചില തരം ചെല്ലികൾ, മീലി മൂട്ട, മുഞ്ഞ, ശല്ക്കപ്രാണികൾ, കായ് തുരപ്പന്മാർ, കായീച്ച എന്നിവയൊക്കെ പല ഘട്ടങ്ങളിലായി ബ്ലാക്ക് സപ്പോട്ടയെ ഉപദ്രവിക്കാൻ എത്താറുണ്ട്. ഇവയിൽ കായീച്ചകൾ ആണ് പഴത്തെ അഴുകാൻ ഇടയാക്കുന്നത്. ഇവയുടെ പുഴുക്കളാണ് പഴത്തിനുള്ളിൽ തുരപ്പുകളുണ്ടാക്കി അതിനെ ഭക്ഷ്യയോഗ്യമല്ലാതാക്കുന്നത്. കായ്കൾ വിളയുന്നതിനുമുമ്പുതന്നെ, പച്ചയായിട്ടിരിക്കുമ്പോഴേ പെൺ ഈച്ചകൾ അതിനുള്ളിൽ മുട്ടകൾ നിക്ഷേപിച്ചു കഴിഞ്ഞിരിക്കും. ഇവയെ നിയന്ത്രിക്കാൻ ഫെറമോൺ കെണികൾ മരത്തിൽ തൂക്കുകയാണ് ഫലപ്രദം. മുഞ്ഞയാണ് മറ്റൊരു ഉപദ്രവകാരി. ഒരു പരിധി വിട്ട് മുഞ്ഞകളുണ്ടെങ്കിൽ മരത്തിന്റെ ഇലകൾ കണ്ടാലറിയാം. ഇലകൾ വളഞ്ഞുചുരുളുക, ഇലകളുടെ പ്രതലത്തിൽ കറുത്തനിറം (കരിംപൂപ്പൽ) പറ്റിപിടിച്ചിരിക്കുക തുടങ്ങിയവ. മുഞ്ഞയോടൊപ്പം ഉറുമ്പുകളുമുണ്ടാകും. ശക്തിയായി വെള്ളം ചീറ്റിയാൽ ഒരു പരിധി വരെ ഉറുമ്പുകളെയും മുഞ്ഞയെയും തുരത്താം. കൂടാതെ വേപ്പെണ്ണ കലർന്ന ജൈവകീടനാശിനികൾ തളിക്കുകയും ചെയ്യാം.
മീലി മൂട്ടകളും ഇലകളിലും മറ്റും വെളുത്ത പൊടി പോലെ പറ്റിക്കൂടി ഇലമഞ്ഞളിപ്പ്, വളർച്ച മുരടിക്കൽ, കരിംപൂപ്പ് എന്നിവയ്ക്കിടയാക്കുന്നു. കീടബാധ ചെറിയ തോതിലെങ്കിൽ ആൽക്കഹോളിൽ മുക്കിയ പഞ്ഞികൊണ്ട് തുടച്ച് കീടങ്ങളെ നശിപ്പിക്കാം. വേപ്പധിഷ്ഠിതമായ കീടനാശിനികൾ ഇടവിട്ട് തളിച്ചും ഇവയെ നിയന്ത്രിക്കാം. ഉറുമ്പുകളുടെ നിയന്ത്രണവും ഇതോടൊപ്പം പ്രധാനമാണെന്ന് ഓർക്കുക. അമിതമായി കീടബാധയുള്ള ഇലകളും കൊമ്പുകളും നീക്കുക. ഇലകളിലും തണ്ടിലുമൊക്കെ ബ്രൗൺ നിറത്തിലോ, വെള്ള നിറത്തിലോ, കറുത്ത മുഴകളായോ ആണ് ശല്ക്കപ്രാണികളെ കാണുന്നത്. ഇവയും ഇലകളിൽ കരിംപൂപ്പിനിടയാക്കും. വേപ്പെണ്ണ എമൽഷൻ,വേപ്പധിഷ്ഠിത കീടനാശിനികൾ എന്നിവ പ്രയോഗിക്കുകയാണ് ഇവിടെയും നിയന്ത്രണവിധി.
കരിംപൂപ്പ്, ഇലപ്പുള്ളി, ആന്ത്രാക്‌നോസ്, കായ് അഴുകൽ തുടങ്ങിയവയാണ് ബ്ലാക്ക് സപ്പോട്ടയുടെ രോഗങ്ങൾ. ഇവയെല്ലാം തന്നെ കുമിൾ രോഗങ്ങളുമാണ്. അതുകൊണ്ടുതന്നെ പൊതുവായ നിയന്ത്രണവിധികൾ ഇവയ്ക്കു ബാധകമാണ്. ഇവയിൽ മുഖ്യം വർഷംതോറും മരത്തിന്റെ വളർച്ച നോക്കി ഇടതിങ്ങി ഞെരുങ്ങി വളരുന്ന ശിഖരങ്ങൾ ആവശ്യമെങ്കിൽ മുറിച്ചുനീക്കി സ്വതന്ത്രമായ വായുസഞ്ചാരം ഉറപ്പാക്കുക എന്നതാണ്. ഇതുതന്നെ വലിയൊരു പരിധിവരെ കുമിൾബാധകൾ ഒഴിവാക്കാൻ സഹായിക്കും. മരച്ചുവട്ടിലും മറ്റും ഇലകളും രോഗം ബാധിച്ചു പൊഴിഞ്ഞ കായ്കളും വീണുകിടക്കാതെ ഒഴിവാക്കിവൃത്തിയാക്കുക. ചെമ്പു കലർന്ന കോപ്പർ ഓക്സി ക്ലോറൈഡ് പോലുള്ള കുമിൾ നാശിനികൾ 50 ഡബ്ള്യു .പി 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു തളിക്കുക, മരത്തിന്റെ ചുവടും തടവും വൃത്തിയായി സൂക്ഷിച്ചു മണ്ണിൽ കുമിൾ വളരാതെ നോക്കുക തുടങ്ങിയവയാണ് നിയന്ത്രണവിധികൾ.
ഉപയോഗവൈവിധ്യം വിസ്മയാവഹം
ഏത് മധുരഫലത്തിന്റെ കാര്യത്തിലായാലും നമ്മുടെ നാട്ടിലെപ്പോലെ അതിന്റെ ഉപയോഗം ഒരിക്കലും പരിമിതപ്പെടുത്താറില്ല. പഴം അതേപടി ഉപയോഗിക്കുന്നതിനേക്കാളേറെ അവർ അതിന്റെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾക്കും ഉപോല്പന്നങ്ങൾക്കും ആയിരിക്കും എപ്പോഴും മുൻഗണന നൽകുക. അതാണ് കർഷകർക്കും സംരംഭകർക്കും സദാ ആദായകരവും. കൂടുതൽപേർ മറ്റു രാജ്യങ്ങളിൽ അത്തരം മേഖലകളിലേക്ക് എത്തുന്നതും അതുകൊണ്ടുതന്നെയാണ്. ബ്ലാക്ക് സപ്പോട്ടയാണ് ഇതിനു ഏറ്റവും മികച്ച ദൃഷ്ടാന്തം. കസ്റ്റേഡിനോട് സമാനമായ ഘടനയും കറുത്തബ്രൗൺ നിറമുള്ള പൾപ്പും നേരിയ മധുരവും ഒക്കെ ചേർന്ന ഇതിന്‍റെ അകക്കാമ്പ് നിരവധി ഉത്പന്നങ്ങളിൽ വിവിധ ഉഷ്ണമേഖലാപ്രദേശങ്ങളിലെ രാജ്യങ്ങളിൽ ചേരുവയാണ്. ബ്ലാക്ക് സപ്പോട്ടയുടെ ജന്മനാടായ മെക്സിക്കോയിലും മധ്യ അമേരിക്കയിലും പഴത്തിന്റെ പൾപ്പ് നാരങ്ങാനീരോ, ഓറഞ്ച് നീരോ ഒക്കെയായി ചേർത്ത് അതിവേഗം ഡെസ്സേർട്ട് (മധുരപലഹാരം) ഉണ്ടാക്കാൻ ഉപയോഗിച്ച് വരുന്നു.
ഇത് കൂടാതെ വളരെ ജനപ്രിയമായ ഒരു വിഭവവും മെക്സിക്കോയിൽ നിലവിലുണ്ട്. ബ്ലാക്ക് സപ്പോട്ടയുടെ പൾപ്പ് ബ്രാൻഡിയോ വീഞ്ഞോ ആയി ചേർത്ത് അതിനുമീതെ കേക്കുകൾ അലങ്കരിക്കാനും പുഡ്ഡിങ്ങുകൾക്കും ഉപയോഗിക്കുന്ന പ്രധാനഘടകമായ വിപ്പിങ് ക്രീം കൂടെ ചേർത്ത് തയാറാക്കുന്നത് സർവസാധാരണ വിഭവമാണ്. ഇതുതന്നെ ഉപയോഗിച്ച് ലോലി പോപ്പ്, ഉന്മേഷദായകമായ റിഫ്രഷിങ് ഡ്രിങ്ക്സ് എന്നിവ തയ്യാറാക്കുന്നു. കേക്കുകൾ, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാന്യമാവിൽ പൊതിഞ്ഞു തയാറാക്കുന്ന ബേക്കറി പലഹാരമായ പൈ, ബ്രെഡ്ഡ് തുടങ്ങിയവയിലും ബ്ലാക്ക് സപ്പോട്ട ചേരുവയാണ്. ഇനി ഫിലിപ്പീൻസിലേക്ക് വരികയാണെങ്കിൽ ബ്ലാക്ക് സപ്പോട്ടയുടെ പഴുത്ത അകക്കാമ്പ് നാരങ്ങാനീരുമായി ചേർത്ത് നൽകുക പതിവാണ്. എന്നാൽ, നന്നായി പഴുക്കാത്ത പച്ച കായ്കൾ അതിന്‍റെ ശക്തമായ കവർപ്പു നിമിത്തം മത്സ്യങ്ങളെ കുടുക്കാനുള്ള ഫിഷ് പോയിസൺ ആയി ഉപയോഗിക്കാറുണ്ട്. മരത്തിന്റെ തൊലിയും ഇലകളും ലേപനങ്ങളോ കുഴമ്പോ തയാറാക്കാൻ ഉപയോഗിക്കാറുണ്ട്.
ഓസ്‌ട്രേലിയയിലും ഫ്ളോറിഡയിലും ബ്ലാക്ക് സപ്പോട്ട പൈ, ഐസ് ക്രീം, ക്രീം പോലെയുള്ള മൗസ്സെ എന്നിവയിലുപയോഗിക്കുന്നു. കൊഴുപ്പിന്റെ അംശം താരതമ്യേന കുറഞ്ഞ വിവിധ മധുരവിഭവങ്ങൾ തയ്യാറാക്കാനും ഉപയോഗിക്കുന്നു. ഇവയൊക്കെ ബ്ലാക്ക് സപ്പോട്ടയുടെ ഭക്ഷ്യപരമായ ഉപയോഗങ്ങളെങ്കിലും ഇവയ്ക്കു പുറമെ ഉഷ്ണമേഖലാരാജ്യങ്ങളിൽ ഇതൊ ഒരു തണൽവൃക്ഷമായും വളർത്തുന്ന പതിവുണ്ട്.ഇലച്ചാർത്തു മനോഹരമായി വളരുന്ന സ്വഭാവമാകയാൽ ഇത് അലങ്കാര വൃക്ഷം എന്ന നിലയിലും വളർത്താറുണ്ട്. എബണി എന്ന ദൃഢ വൃക്ഷത്തിന്റെ ബന്ധുവാകയാൽ ഇതിന്റെ തടി കൊത്തുപണികൾക്കും വീടുകളിലെയും ഓഫീസുകളിലെയും അലമാരകൾ, കിച്ചൻ ക്യാബിനെറ്റുകൾ, ഷെൽഫുകൾ എന്നിവ നിർമിക്കുന്നതിനും ഉപയോഗിച്ചുവരുന്നു.
ബ്ലാക്ക് സപ്പോട്ട ഉത്തമ ആരോഗ്യവിഭവം
ആരോഗ്യകരമായ ജീവിതശൈലി അഥവാ ഹെൽത്തി ചോയിസ് എന്നതാണല്ലോ വർത്തമാനകാലത്തിന്റെ പ്രത്യേകത. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഹം തുടങ്ങിയ പല ഗുരുതരമായ രോഗങ്ങളെയും ആരോഗ്യകരമായ രോഗങ്ങളെയും തടയാൻ കഴിയുമെന്നാണ് പഠനങ്ങൾ. ഇതിനു അനുയോജ്യമായ മേന്മകൾ വേണ്ടുവോളമുള്ള മധുരഫലമാണ് ബ്ലാക്ക് സപ്പോട്ട. 100ഗ്രാം ബ്ലാക്ക് സപ്പോട്ടയിൽ കൊഴുപ്പ് വളരെ കുറവാണ്. 1.2 ഗ്രാം. 45 മുതൽ 134 കാലറി വരെയാണ് ഇത് നൽകുന്ന ഊർജം. ജീവകം-സി ആകട്ടെ 19 മുതൽ 20 മില്ലിഗ്രാമാണ്. ആകെ കാർബോഹൈഡ്രേറ്റുകൾ 30 മുതൽ 35 ഗ്രാമാണ്. ഭക്ഷ്യയോഗ്യമായ നാര് താരതമ്യേന കൂടുതലും. മാംസ്യം 2 മുതൽ 3 ഗ്രാമാണ്. പൊട്ടാസിയം 454 മുതൽ 568 മില്ലിഗ്രാം വരെ. കാൽസിയം 39 മില്ലിഗ്രാം.
ദൈനംദിനാവശ്യമുള്ളതിന്റെ ആറു മടങ്ങുവരെ ജീവകം-സി ബ്ലാക്ക് സപ്പോട്ടയിൽ നിന്ന് കിട്ടുന്നു. ജീവകം-ഈയും ഇതിലുണ്ട്. മാമ്പഴം, പേരയ്ക്ക, അത്തിപ്പഴം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ബ്ലാക്ക് സപ്പോട്ടയിൽ ജീവകങ്ങളുടെ അളവ് പൊതുവെ കൂടുതലാണ് എന്നുപറയാം. ഫോസ്ഫറസ്, അയൺ തുടങ്ങിയ ധാതുക്കൾ വേറെയും. പോളിഫീനോളുകളും ബ്ലാക്ക് സപ്പോട്ടയിലുണ്ട്. 100 ഗ്രാം പഴത്തിൽ 470 മുതൽ 500 മില്ലിഗ്രാം വരെയാണ് പോളിഫീനോളിന്റെ അളവ്. സിന്നമിക്ക് ആസിഡ്, കഫീക്ക് ആസിഡ്, സിനാപിക്ക് ആസിഡ്, ഫ്ലാവനോയിഡുകൾ, ടാനിനുകൾ, എപ്പിക്കാറ്റെക്കിൻ എന്നിവയാണ് ഇതിലെ പ്രധാന പോളിഫീനോൾ സംയുക്തങ്ങൾ.
ശരീരത്തിന്റെ രോഗപ്രതിരോധശേഷിയ്ക്ക് പിന്തുണ നൽകുക, ചർമാരോഗ്യം സംരക്ഷിക്കുക, ദഹന സഹായിയാകുക, രക്തസമ്മർദം നിയന്ത്രിക്കുക തുടങ്ങി നിരവധി ആരോഗ്യസംരക്ഷക മേന്മകളുള്ള മധുരഫലമാണ് ബ്ലാക്ക് സപ്പോട്ട. ജീവകം സീയുടെ ഉയർന്ന സാന്നിധ്യമാണ് ഇതിനെ രോഗപ്രതിരോധശേഷിയുടെ കാവൽക്കാരൻ ആക്കുന്നത്. നിരോക്സീകാരകങ്ങളാൽ സമൃദ്ധമാകയാൽ ശരീരത്തെ അർബുദം പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ആരോഗ്യകരമാംവിധം ദഹനത്തെ സഹായിക്കുന്നതുവഴി മലബന്ധം തടയാൻ ഉപകരിക്കുന്നു. നേത്രാരോഗ്യത്തിനും സഹായകമാണ്. ദുർമേദസ്സ് കുറയാൻ ഇടയാക്കുന്നു. ബ്ലാക്ക് സപ്പോട്ടയുടെ തൈകൾ കേരളത്തിൽ ഇപ്പോൾ വിവിധ നഴ്സറികളിൽ ലഭ്യമാണ്.
Content Highlights: A comprehensive guide to Black Sapota, an exotic "divine fruit" from Mexico that features a natural chocolate custard-like pulp and offers immense health benefits and easy cultivation.
Published: 06 May 2026, 02:35 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented