നൃത്തത്തിന് ഒരിക്കലും ലിംഗഭേദം കല്‍പ്പിക്കേണ്ടതില്ലെന്ന് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം ക്ഷേമാവതി. മോഹിനിയാട്ടം അഭ്യസിക്കുന്നതിനായി തന്റെ അരികിലെത്തുന്ന ആണ്‍കുട്ടികള്‍ക്ക് ഒരിക്കലും അതിനുള്ള അനുമതി നിഷേധിക്കില്ലെന്നും നൃത്തമേഖലയില്‍ കേരളത്തില്‍ നിന്നുള്ള പ്രഥമ പത്മശ്രീ ജേതാവ് കൂടിയായ ക്ഷേമാവതി പറയുന്നു. ഏതുകലാരൂപമായാലും അത് അഭ്യസിപ്പിക്കുന്ന ഗുരുക്കന്‍മാര്‍ തങ്ങളുടെ ശിഷ്യരിലൂടെ ആ കലാരൂപം പുതുതലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടണമെന്നാണ് പ്രാഥമികമായി ആഗ്രഹിക്കുന്നത്. ശിഷ്യരുടെ കാര്യത്തില്‍ അത് 'ശ്യംഗാരരസരാജനെന്ന്' വിശേഷിപ്പിക്കാവുന്ന കലാരൂപമാണെങ്കില്‍ക്കൂടി താത്പര്യവും അഭിരുചിയുമുള്ള ആണ്‍കുട്ടികള്‍ക്ക് മോഹിനിയാട്ടം അഭ്യസിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും ക്ഷേമാവതി പറയുന്നു. നിലവില്‍ കലാമണ്ഡലം എക്‌സിക്യൂട്ടീവ് ബോര്‍ഡംഗം കൂടിയാണ് ക്ഷേമാവതി. മോഹിനിയാട്ടം പോലൊരു കലാരൂപം ആണ്‍കുട്ടികള്‍ അഭ്യസിക്കുന്നതിനെ കുറിച്ചും കലാമണ്ഡലത്തില്‍ അതിനുള്ള അവസരമൊരുക്കുന്നതിനെ കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ ക്ഷേമാവതി പങ്കുവെക്കുന്നു. 

To advertise here,

അന്‍പതുകളിലാണ് മോഹിനിയാട്ടത്തിന് കലാമണ്ഡലം ശൈലി രൂപപ്പെട്ടത്. ഗുരുക്കന്‍മാരായി കളമൊഴി കൃഷ്ണമേനോനും അപ്പരേടത്ത് കൃഷ്ണപ്പണിക്കരും മറ്റും കലാമണ്ഡലത്തിലുണ്ടായിരുന്നെങ്കിലും ആണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്നില്ലല്ലോ. ആ രീതി ഇപ്പോഴും കലാമണ്ഡലത്തില്‍ തുടരുന്നതാണെന്നാണോ മനസിലാക്കേണ്ടത്.

ഞാന്‍ കലാമണ്ഡലത്തില്‍ എത്തുന്നതിനൊക്കെ മുമ്പുള്ള കാര്യങ്ങളാണവ. കൃഷ്ണപ്പണിക്കരാശാനും ഒപ്പം അഭ്യസിച്ചിരുന്നവരും ചിലപ്പോള്‍ പുരുഷന്‍മാരായ ഗുരുക്കന്‍മാരില്‍ നിന്നുതന്നെയാവും അക്കാലത്ത് നൃത്തം അഭ്യസിച്ചത്. സംശയമില്ല, കലാമണ്ഡലത്തില്‍ കൂടിത്തന്നെയാണ് മോഹിനിയാട്ടത്തിന് വികസനമുണ്ടായത്. പുരുഷന്മാരായ ഗുരുക്കന്‍മാര്‍ ഉണ്ടായിരുന്നതിനാല്‍ത്തന്നെ സ്ത്രീപുരുഷ ഭേദമെന്യേ അഭ്യസനം സാധ്യമായിരുന്നുവെന്നാണ് അനുമാനിക്കേണ്ടത്. കുച്ചിപ്പുടിയും ഭാഗവതമേളയുമൊക്കെ പുരുഷന്‍മാര്‍ സ്ത്രീവേഷത്തില്‍ അവതരിപ്പിക്കുന്ന പതിവുണ്ട്. അങ്ങനെയുള്ളപ്പോള്‍ മോഹിനിയാട്ടവും അത്തരത്തില്‍ അവതരിപ്പിച്ചിരുന്നിട്ടുണ്ടാകണം. മോഹിനിയാട്ടം എന്ന കലാരൂപത്തിനോട് താത്പര്യമുള്ള ആര്‍ക്കുവേണമെങ്കിലും അത് പരിശീലിക്കാനും അവതരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളില്‍ മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്കും മത്സരമുണ്ടായിരുന്നു. പിന്നീട് വ്യവസ്ഥകള്‍ മാറി വന്നപ്പോള്‍ ആണ്‍കുട്ടികള്‍ മോഹിനിയാട്ടം കളിക്കേണ്ടതില്ല എന്ന തീരുമാനം വന്നു, നടപ്പിലായി. മത്സരങ്ങള്‍ക്കുവേണ്ടി മാത്രമായി മോഹിനിയാട്ടം അഭ്യസിക്കുന്നതിനോട് എനിക്കും യോജിപ്പില്ല. പക്ഷെ അതൊരു പ്രൊഫഷനായും പാഷനായും തുടര്‍ന്നുകൊണ്ടുപോകാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം അനുവദിക്കാവുന്നതാണ് എന്നാണ് എന്റെ അഭിപ്രായം.  

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലും കാലടി സര്‍വകലാശാലയിലും മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്കും പ്രവേശനാവസരമുണ്ട്. കലാമണ്ഡലത്തില്‍ പലതവണ ഇക്കാര്യം ഭരണസമിതിയുടെ മുമ്പാകെ ഉയര്‍ന്നുവെങ്കിലും പിന്തുണ ലഭിച്ചിരുന്നില്ലെന്ന് രജിസ്ട്രാറും സെക്രട്ടറിയും ഭരണസമിതിയംഗവുമായി പ്രവര്‍ത്തിച്ച ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് പറഞ്ഞുവല്ലോ. അതിനെക്കുറിച്ച് ടീച്ചർക്ക് എന്താണ് പറയാനുള്ളത്.

ഭരണസമിതിയുടെ മുമ്പാകെ ഈ ആവശ്യം വന്നിരുന്നുവോ എന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. അഭിപ്രായങ്ങളിലും ആദര്‍ശങ്ങളിലും  ഞാന്‍ തികച്ചും ഒറ്റപ്പെട്ടുതന്നെ നില്‍ക്കുന്ന കലാകാരിയാണ്. എന്നോട് ഇക്കാര്യത്തെ കുറിച്ച് ആരും ഇതുവരെ സംസാരിച്ചിട്ടില്ല. പക്ഷേ, ഒരു കലാരൂപം അഭ്യസിക്കുന്നതില്‍ പ്രത്യേക നിബന്ധനകളുടെ ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. അഭ്യസിക്കാന്‍ അതീവ താത്പര്യമുള്ളവര്‍ക്ക് അതിനവസരം നല്‍കുകയാണ് വേണ്ടത്. കാലടി സര്‍വകലാശാലയില്‍വരെ അതിന് അവസരമുണ്ടായിരിക്കേ കലാമണ്ഡലത്തിലും മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കാവുന്നതാണ്. പക്ഷേ, എത്രപേര്‍ അഭ്യസിക്കാനെത്തും എന്നതില്‍ ആശങ്കയുണ്ട്. മോഹിനിയാട്ടം അഭ്യസിക്കുന്ന ആണ്‍കുട്ടികള്‍ കുറവാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കലാമണ്ഡലം പോലൊരു സ്ഥാപനം അഭ്യസനത്തിനുള്ള അവസരമൊരുക്കുമ്പോള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ കടന്നുവരും. 

സ്ത്രീവേഷത്തില്‍തന്നെ മോഹിനിയാട്ടം അവതരിപ്പിക്കണമെന്ന് നിബന്ധന വെക്കേണ്ട ആവശ്യമൊന്നുമില്ല. എന്റെ ശിഷ്യന്‍ പി.എന്‍. കൃഷ്ണകുമാര്‍ സ്ത്രീവേഷത്തില്‍ തന്നെയാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. അഭ്യസിക്കാനെത്തുമ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു പെണ്‍വേഷം നിര്‍ബന്ധമില്ലെന്ന്. എന്നാല്‍ കൃഷ്ണകുമാറിന് നിര്‍ബന്ധമുണ്ടായിരുന്നു മോഹിനീവേഷത്തില്‍ത്തന്നെ നൃത്തം അവതരിപ്പിക്കണമെന്ന്. അവതരിപ്പിക്കുന്നയാളുടെ ഇഷ്ടമാണത്. സ്ത്രീവേഷത്തിലോ അല്ലാതെയോ അവര്‍ക്ക് അവതരിപ്പിക്കാം. നൃത്തത്തെ അവര്‍ ഏതുവിധത്തിലാണ് നോക്കിക്കാണുന്നത് എന്നതാണ് പ്രധാനം. നീനപ്രസാദിന്റെ ഒരു ഫ്രഞ്ച് ശിഷ്യനുണ്ട്, അസ്സലായി അയാള്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നുണ്ട്. രാമകൃഷ്ണന്റെ കാര്യം തന്നെ നോക്കൂ, അയാള്‍ക്ക് ആ വിഷയത്തില്‍ ഡോക്ടറേറ്റുണ്ട്. അയാള്‍ അത്ര മിടുക്കായതുകൊണ്ടല്ലേ ഉന്നതബിരുദം ലഭിച്ചത്. 

placeholder
പി.എന്‍.കൃഷ്ണകുമാര്‍ | Screengrab, തോമസ് വോ വാന്‍ ടാവോ | Insragram 

കലാമണ്ഡലം ഗോപിയാശാനെ പോലുള്ള പ്രമുഖ കഥകളികലാകാരന്‍മാര്‍ വരെ കഥകളിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാമെന്ന നിലപാടെടുത്തിട്ടും തീരുമാനം ഏറെ വൈകിയിരുന്നു. മോഹിനിയാട്ടത്തില്‍ കലാമണ്ഡലം ശൈലി പിന്തുടരുന്ന അധ്യാപകര്‍ പലരും ആണ്‍കുട്ടികള്‍ പഠിക്കുന്നതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് പഠനാവസരത്തിനുള്ള സാധ്യത എത്രത്തോളമാണ്?

മാറ്റങ്ങള്‍ അനിവാര്യമാണ്. എത്രയോ മാറ്റങ്ങള്‍ വന്നിരിക്കുന്നു. പ്രളയം വരുമെന്ന് നമ്മള്‍ വിചാരിച്ചിട്ടുണ്ടോ? കൊറോണ വന്നപ്പോള്‍ നാം എന്തൊക്കെ പഠിച്ചു. പ്രകൃതി തന്നെ മാറ്റങ്ങള്‍ വരുത്താനുള്ള വഴികള്‍ കാണിച്ചുതരുന്നുണ്ട്. അതുപോലെ എല്ലായിടത്തും മാറ്റങ്ങള്‍ വരേണ്ടതുണ്ട്. ഞങ്ങളെപ്പോലെ പ്രൈവറ്റായി ക്ലാസെടുക്കുന്നവരെ മോഹിനിയാട്ടം അഭ്യസിക്കാന്‍ ആണ്‍കുട്ടികള്‍ സമീപിക്കുന്നത് കുറവാകാം. ഒരുപക്ഷേ കലാമണ്ഡലം പേലൊരു സ്ഥാപനത്തില്‍ അതിനുള്ള അവസരം ലഭ്യമാക്കിയാല്‍ കുറച്ചധികം ആണ്‍കുട്ടികള്‍ പരിശീലനത്തിനെത്താനുള്ള സാധ്യത കൂടുതലാണ്. കലയെ ജീവിതത്തിന്റെ ഭാഗമാക്കാനാഗ്രഹിക്കുന്ന ധാരാളം പേരുണ്ട്. കലാരൂപങ്ങളെ പരിഷ്‌കരിക്കാനും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാനും ആഗ്രഹിക്കുന്ന ധാരാളം പേരുണ്ട്. അവര്‍ക്ക് മുതിര്‍ന്ന തലമുറയാണ് അവസരമൊരുക്കേണ്ടത്. വൈരാഗ്യമോ വിരോധമോ വെച്ചുപുലര്‍ത്തിയിട്ട് ഒരു കാര്യവുമില്ല. 

പഠനാവസരം തേടി എന്റെ അരികില്‍ വരുന്ന ആണ്‍കുട്ടികള്‍ക്ക് ഞാന്‍ മോഹിനിയാട്ടത്തില്‍ പരിശീലനം നല്‍കും. അതില്‍ ലിംഗഭേദം നോക്കില്ല. അതിന്റെ ആവശ്യവുമില്ല. കല എല്ലാവര്‍ക്കും അഭ്യസിക്കാം എന്നാണ് എന്റെ അഭിപ്രായം. ഒരാള്‍ക്ക് താത്പര്യമുള്ള കലാരൂപത്തില്‍ അയാള്‍ക്ക് പരിശീലനം നേടാം, അവതരിപ്പിക്കുകയുമാകാം. എന്നിരുന്നാലും പഠിക്കാനെത്തുന്ന കുട്ടിയെ ഞാന്‍ വീക്ഷിക്കാറുണ്ട്. ആ കുട്ടിക്ക് അത് സാധ്യമാകുമോ എന്നുള്ള വിലയിരുത്തല്‍ തീര്‍ച്ചയായും നടത്താറുണ്ട്. ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്ന വിധത്തിലുള്ള അവയവഭംഗിയോ ആകാരഭംഗിയോ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. അങ്ങനെയുള്ളവര്‍ മാത്രം നൃത്തം അഭ്യസിച്ചാല്‍ മതിയെന്ന് ശാഠ്യം പിടിക്കുന്നതുതന്നെ അബദ്ധമാണ്. വണ്ണം കൂടുതലുള്ള കുട്ടികള്‍ക്ക് ശരീരത്തിന് വഴക്കത്തിനായി വണ്ണം കുറയ്ക്കാനുള്ള വ്യായാമങ്ങള്‍ പറഞ്ഞുകൊടുക്കുന്നതുള്‍പ്പെടെ നൃത്താഭ്യാസത്തിനെത്തുന്ന കുട്ടികളുടെ താത്പര്യവും അഭിരുചിയും മനസിലാക്കി അവര്‍ക്ക് വേണ്ട പിന്തുണ നല്‍കാന്‍ ശ്രമിക്കാറുണ്ട്, ഒരു നല്ല ഗുരു അത്തരത്തിലാണ് പെരുമാറേണ്ടത് എന്നാണ് ഞാന്‍ കരുതുന്നത്. 

മോഹിനിയാട്ടവുമായി ഒരു വ്യക്തി വേദിയിലെത്തുമ്പോള്‍ അത് പുരുഷനാണോ സ്ത്രീയാണോ എന്നതൊരു വിഷയമേയല്ല. ആ നര്‍ത്തകന്‍ / നര്‍ത്തകി നൃത്തം അവതരിപ്പിക്കുന്നതിന്റെ സൗന്ദര്യം, എന്ത് വ്യത്യസ്തതയാണ് ആ കലാകാരന്‍ കൊണ്ടുവന്നിട്ടുള്ളത്, ഒരു കൊറിയോഗ്രാഫറാണെങ്കില്‍ പുതുതായി എന്ത് വ്യാഖ്യാനമാണ് നല്‍കിയിരിക്കുന്നത് എന്നിവയാണ് നോക്കുക. ക്രിയേറ്റിവിറ്റിക്കാണ് പ്രയോറിറ്റി. അതില്‍ ലിംഗവ്യത്യാസം ഒരു ഘടകമേയല്ല. നൃത്തവും ചലനങ്ങളുമാണ് ശ്രദ്ധിക്കേണ്ടത്. ആണോ പെണ്ണോ എന്നതല്ല പ്രധാനം. ആണ്‍കുട്ടികള്‍ മോഹിനിയാട്ടം അവതരിപ്പിക്കുമ്പോള്‍ അതില്‍ സ്‌ത്രൈണത കടന്നുവരില്ലേ എന്നുള്ള ആശങ്ക പലര്‍ക്കുമുണ്ടാകും. ആ കലാരൂപം അതാവശ്യപ്പെടുന്നുണ്ടെങ്കില്‍ ആ ആശങ്കയും അനാവശ്യമാണെന്നാണ് എനിക്ക് പറയാനുള്ളത്. താത്പര്യമുള്ളവര്‍ അഭ്യസിക്കട്ടെ. കല അഭ്യസിക്കാനും അടുത്ത തലമുറയ്ക്ക് കൈമാറാനുമുള്ളതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.