കോഴിക്കോട്: 'എന്റെ വഴി ലഹരിയുടേതല്ല' എന്ന് ഉറപ്പാര്‍ന്ന വാക്കുകളില്‍ അവര്‍ പറഞ്ഞു. വ്യാപകമാവുന്ന ലഹരിക്കെതിരേ മനസ്സില്‍ പ്രതിഷേധമിരമ്പി.

To advertise here,

കൊച്ചുകുട്ടികളെപ്പോലും കുരുക്കിലാക്കുന്ന ലഹരിയെക്കുറിച്ച് അവര്‍ ആശങ്കപ്പെട്ടു. അതിനെ പ്രതിരോധിച്ച് എങ്ങനെ സ്വതന്ത്രരായി പറന്നുയരാമെന്ന ആശയങ്ങള്‍ പങ്കുവെച്ചു. ലഹരിക്കെതിരേയുള്ള ഇടപെടലിന്റെ ഭാഗമായി, യുവജനങ്ങളുടെ മനസ്സറിയാന്‍ ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജില്‍ മാതൃഭൂമി സംഘടിപ്പിച്ച സംവാദപരിപാടിയാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയായത്. ലഹരിക്കെതിരേ രണ്ടാം സ്വാതന്ത്ര്യസമരത്തിനിറങ്ങുമെന്ന് പ്രഖ്യാപിക്കുന്നതായി വിവിധ കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത സംവാദം.

വ്യക്തികള്‍ക്ക് എന്തുമാവാം...പിന്നെങ്ങനെ

കുട്ടികളോട് വ്യക്തിസ്വാതന്ത്ര്യമാണ് ഏറ്റവുംവലുത് എന്നാണ് നമ്മള്‍ ആദ്യം പറഞ്ഞുകൊടുക്കുന്നത്. വ്യക്തികള്‍ക്ക് എന്തുമാവാമെന്ന് പഠിപ്പിച്ചുകൊടുക്കുന്നു. അതിനുശേഷം നിങ്ങള്‍ ലഹരി ഉപയോഗിക്കരുത് എന്നുപറയുന്നതില്‍ എന്തര്‍ഥമാണുള്ളതെന്ന് ചോദിച്ചാണ് ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജിലെ യു.എസ്. യദുകൃഷ്ണന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ലഹരിവ്യാപിക്കുന്നതില്‍ കുട്ടികളെമാത്രം കുറ്റപ്പെടുത്തിയതുകൊണ്ട് കാര്യമില്ല. അധികാരികളാണ് യഥാര്‍ഥപ്രതി. അധികാരി എന്നതുകൊണ്ട് പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ മാത്രമല്ല അര്‍ഥമാക്കുന്നത്. മറിച്ച് രക്ഷിതാക്കള്‍, അധ്യാപകര്‍, വ്യക്തികള്‍... എന്നനിലയില്‍ നമ്മള്‍ ഓരോരുത്തരും ഇതില്‍ ഉള്‍പ്പെടും -യദുകൃഷ്ണന്‍ പറഞ്ഞു.

സാമൂഹികമാധ്യമത്തില്‍ എവിടെയാണ് ധാര്‍മികത?

സാമൂഹികമാധ്യമത്തില്‍ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുമ്പോള്‍, സാമൂഹിക സമാധാനത്തിന് ഓരോ വ്യക്തിയും പാലിക്കേണ്ട ധാര്‍മികമൂല്യങ്ങളെന്താണ് എന്നത് പലപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നില്ലെന്ന് മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അമിഖ ഷെറിന്‍ പറഞ്ഞു. ആഗോളീകരണത്തിലെ പ്രധാന കണ്ണിയായ ഇന്‍സ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ എവിടെയാണ് ധാര്‍മികത. സാമൂഹികമാധ്യമങ്ങളില്‍ ഏതോ ഒരു ശക്തി നമ്മെ നയിക്കുകയാണ്.

സിനിമ വല്ലാതെ വാണിജ്യവത്കരിക്കപ്പെട്ടുപോയതില്‍ ദുഃഖമുണ്ട്. സിനിമയെ സിനിമയായി കണ്ടാല്‍പോരേ എന്ന ചോദ്യമുണ്ട്. പക്ഷേ, സിനിമകളിലെ സംഭവങ്ങളും നായകന്മാരും കുട്ടികളെ സ്വാധീനിക്കുന്നുണ്ട് എന്നത് സത്യമാണെന്നും അമിഖ പറഞ്ഞു.

സമയമായി, രണ്ടാം സ്വാതന്ത്ര്യസമരത്തിന്
-എ. ഉമേഷ്

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന ഏറ്റവുംവലിയ തീവ്രവാദപ്രവര്‍ത്തനം മയക്കുമരുന്നാണെന്ന് ചര്‍ച്ചയില്‍ പങ്കുചേര്‍ന്നുകൊണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എ. ഉമേഷ് പറഞ്ഞു. കാരണം, ഇന്ത്യയുടെ ഏറ്റവുംവലിയ കരുത്ത് ഇവിടത്തെ യുവതലമുറയാണ്. തോക്കുകളും സ്‌ഫോടകവസ്തുക്കളും മറ്റും ഇറക്കിയാല്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പണംമാത്രമേ കിട്ടൂ. മയക്കുമരുന്നുവഴി പണവും ലഭിക്കും, ഇവിടത്തെ യുവതലമുറയെ ഇല്ലാതാക്കാനുമാവും -അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു.

ലഹരിയുടെ വേരറക്കുക എന്നതാണ് പ്രധാനം. അതിന് ഇതിന്റെ ആവശ്യം ഇല്ലാതാക്കണം. പക്ഷേ, ആവശ്യമില്ലാതാക്കുമ്പോള്‍ അവര്‍ പലരൂപത്തില്‍ പല വേഷത്തില്‍ വീണ്ടും വരും. ഇവരെ തുരത്താനുള്ള പ്രവര്‍ത്തനം ശക്തമായി വരേണ്ടത് വിദ്യാര്‍ഥികളുടെ ഇടയില്‍നിന്നു തന്നെയാണ്.

കഴിഞ്ഞവര്‍ഷം കോഴിക്കോട് ജില്ലയില്‍മാത്രം 1938 മയക്കുമരുന്ന് കേസുകളാണെടുത്തത്. ഏറ്റവുംകൂടുതല്‍ മയക്കുമരുന്ന് വില്‍ക്കുന്ന പഞ്ചാബിനെക്കാള്‍ കൂടുതലാണിത്. ലോ-എന്‍ഫോഴ്സ്മെന്റ് ശക്തമാണിവിടെ. പിടികൂടുന്നവരില്‍ കൂടുതലും മുപ്പതിനുതാഴെയുള്ള, വലിയ വിദ്യാഭ്യാസയോഗ്യതയുള്ളവരാണെന്നതാണ് സങ്കടം -അസിസ്റ്റന്റ് കമ്മിഷണര്‍ ഉമേഷ് പറഞ്ഞു.

എന്ത് കേസായാലും നൈസായി ഊരാം
-റമീഷ

ഇന്നത്തെ കാലഘട്ടത്തില്‍ ഒരു പെഗ്ഗ് അടിച്ചില്ലെങ്കില്‍ നിന്നെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്ലെന്ന് കളിയാക്കുന്ന നിലയിലേക്ക് സമൂഹം തരംതാഴ്‌ന്നെന്ന് മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ റമീഷ പറഞ്ഞു. കുറേയേറെ രാഷ്ട്രീയസംഘടനകള്‍ കലാലയങ്ങളിലുണ്ടായിട്ടും ലഹരിവ്യാപനത്തിനെതിരേ ഒന്നുംചെയ്യാനാവാത്ത സ്ഥിതിയാണ്. അതുപോലെത്തന്നെ എന്ത് കേസായാലും നൈസായി ഊരിപ്പോരാമെന്ന ചിന്ത യുവതലമുറയ്ക്കിടയില്‍ നന്നായുണ്ട്. തെറ്റിനെപ്പോലും ന്യായീകരിക്കുന്ന മനോഭാവം. നിയമങ്ങള്‍ മാറേണ്ട സമയമായി. ശക്തമായ ശിക്ഷാനടപടികള്‍ വരണമെന്നും റമീഷ കൂട്ടിച്ചേര്‍ത്തു.

ആഘോഷിക്കപ്പെടുന്നത് വില്ലന്മാര്‍
-താഹ തമീം

വില്ലന്മാരെയാണ് ഇന്നത്തെ തലമുറ ആഘോഷിക്കുന്നതെന്ന് ഫാറൂഖ് റൗളത്തുല്‍ ഉലൂം കോളേജിലെ താഹ തമീം ചൂണ്ടിക്കാട്ടി. വില്ലന്മാര്‍ നശിക്കണമെന്നായിരുന്നു പണ്ട് സിനിമ കാണുമ്പോള്‍ നമ്മള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, വില്ലന്മാരെ നായകന്മാരായി കാണുന്നവരാണ് പുതുതലമുറ. അത്രയേറെ സ്വാധീനമാണ് ഇവര്‍ കുട്ടികളുടെ മനസ്സിലുണ്ടാക്കുന്നത്.

കുട്ടികള്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്ന് രക്ഷിതാക്കള്‍ പഠിച്ച് കുട്ടികള്‍ക്കൊപ്പംനിന്ന് പറഞ്ഞുകൊടുക്കണം. കാംപസില്‍ രാഷ്ട്രീയമുണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ വിദ്യാര്‍ഥിക്കും സ്വന്തമായി ഒരു രാഷ്ട്രീയം ഉണ്ടായിരിക്കണം. 'ഞാനൊരു സമൂഹജീവിയാണ്, എനിക്കൊപ്പമുള്ളവരെക്കൂടി എനിക്ക് ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട്' എന്നുകൂടി യുവതലമുറ പഠിക്കണം -താഹ പറഞ്ഞു.

കുട്ടികള്‍ അന്ധമായി സിനിമ അനുകരിക്കുന്നു
-ഹര്‍ഷ

വളരെ ചെറിയ കുട്ടികളില്‍പ്പോലും ഇപ്പോഴിറങ്ങുന്ന ചില സിനിമകള്‍ വലിയ സ്വാധീനമാണുണ്ടാക്കുന്നതെന്ന് വടകര എസ്.എന്‍. കോളേജിലെ അഞ്ജിമ പറഞ്ഞു. കഥപോലും മനസ്സിലാക്കാനാവാത്തത്ര ചെറിയകുട്ടികള്‍പോലും സിനിമയിലെ രംഗങ്ങള്‍ അന്ധമായി അനുകരിക്കുന്ന സ്ഥിതിയാണ്. അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അഞ്ജിമ പറഞ്ഞു.

ലഹരി ഉപയോഗത്തിലേക്കെത്തുന്നതില്‍ ഒരാളുടെ സുഹൃദ്വലയങ്ങളും കാരണമാകുന്നുണ്ടെന്ന് ചെത്തുകടവ് എസ്.എന്‍.ഇ.എസ്. കോളേജിലെ അഭിഷേക് ചൂണ്ടിക്കാട്ടി. 'ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കെടാ' എന്ന് കൂട്ടത്തിലെ ഒരാള്‍ പറഞ്ഞാല്‍മതി മറ്റുള്ളവരും അതിലേക്കെത്താന്‍. മനസ്സിന് ഉറപ്പില്ലാത്ത, ജീവിതത്തില്‍ പലപ്രശ്‌നങ്ങളും നേരിടുന്നവര്‍ പെട്ടെന്ന് അതില്‍ വീഴും. പിന്നീടത് എങ്ങനെയെങ്കിലും നേടിയെടുക്കണമെന്ന അവസ്ഥയിലെത്തുമ്പോഴാണ് കുറ്റകൃത്യങ്ങള്‍ ഉണ്ടാവുന്നതെന്നും അഭിഷേക് ചൂണ്ടിക്കാട്ടുന്നു.

ചെറിയകുട്ടികള്‍മുതല്‍ മുതിര്‍ന്നവരില്‍വരെയുള്ള ലഹരി ഉപയോഗംവഴി ബന്ധങ്ങള്‍ തകര്‍ന്നുപോവുകയാണെന്ന് ചെത്തുകടവ് എസ്.എന്‍.ഇ.എസ്. കോളേജിലെ ഹര്‍ഷ പറയുന്നു. എന്തുചെയ്താലും കുട്ടികളായതുകൊണ്ട് രക്ഷപ്പെടാമെന്ന ചിന്ത ഇന്നത്തെ കുട്ടികള്‍ക്കുണ്ട്. ഇതിലൊരു മാറ്റംവരുത്താന്‍ എന്തെങ്കിലും നടപടിയുണ്ടാകണമെന്നാണ് ആവശ്യമെന്നും ഹര്‍ഷ പറഞ്ഞു.

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍, ഡയറക്ടര്‍ (ഓപ്പറേഷന്‍) ദേവിക ശ്രേയാംസ്‌കുമാര്‍, ജനറല്‍ മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) കെ.ആര്‍. പ്രമോദ്, ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ഡോ. സുനില്‍ ജോസ് എന്നിവരും പങ്കെടുത്തു.

''ഞാനൊരു അമ്മയാണ്. നമ്മുടെ കുട്ടികള്‍ വേണമെങ്കിലും ഈ ലഹരിയിലേക്കൊക്കെ പോവാം എന്നോര്‍ക്കുമ്പോള്‍ എപ്പോഴും ഉള്ളിലൊരു പേടിയാണ്'' -ഗവ. ലോ കോളേജിലെ കെ.പി. അശ്വതി ആശങ്ക പങ്കുവെച്ചുകൊണ്ട് തുടങ്ങി. ലഹരിയെക്കുറിച്ച് യുവതലമുറയ്ക്ക് അവബോധം നല്‍കുന്നതിനൊപ്പം കുട്ടികളില്‍ ഇത്തരം മാറ്റങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ക്കും ക്ലാസുകള്‍ നല്‍കണം. എല്ലാവീട്ടിലും തുറന്ന ചര്‍ച്ചയ്ക്കുള്ള സമയമൊരുക്കണം. കുട്ടികള്‍ അവരവരുടെ മുറികളില്‍ അടച്ചിരിക്കുന്നതൊഴിവാക്കി ഒരു ഓപ്പണ്‍ ഡോര്‍ പോളിസിയാണ് നല്ലത്. കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നത് നല്ലതാണ്. എന്നാല്‍, ആ സ്വാതന്ത്ര്യം അവരുടെ ജീവിതം നശിപ്പിക്കുന്നതാവരുത്. അവരോട് ക്ഷമയോടെ തുറന്നുസംസാരിക്കുക. കുട്ടികളില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടോയെന്ന് നിരീക്ഷിക്കുക. വളരെ കുഞ്ഞിലേ ശക്തമായ ഒരു അടിത്തറയും വ്യക്തിത്വവും ഉള്ളവരായി അവരെ വളര്‍ത്തിയെടുക്കണം'' -അശ്വതി അഭിപ്രായപ്പെട്ടു.

അധ്യാപകര്‍ നടപടിയെടുത്താല്‍ പിന്തുണ കിട്ടുന്നില്ല
ഡോ. ബോബി ജോസ്

കുട്ടികളെന്തെങ്കിലും തെറ്റുചെയ്താല്‍ അധ്യാപകര്‍ നടപടിയെടുക്കുമ്പോള്‍ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോബി ജോസ് പറഞ്ഞു. കുട്ടികളുടെ ഭാവിയല്ലേ എന്നുപറഞ്ഞ് എല്ലാവരും ഇടപെട്ട് പ്രശ്‌നംതീര്‍ക്കും. എല്ലാംകഴിയുമ്പോള്‍ അധികാരികള്‍ പ്രതിയാകും. അതുകൊണ്ടാണ് പലയിടത്തും അധികൃതര്‍ കണ്ണടയ്ക്കുന്നത്. അതിന് മാറ്റംവരണം. അധ്യാപകരെ സംബന്ധിച്ച് കോവിഡിനുമുന്‍പും ശേഷവും വലിയമാറ്റമാണുള്ളത്. മൊബൈല്‍ ഉപയോഗം സാര്‍വത്രികമായതോടെ അത് വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. തെറ്റ് തെറ്റാണെന്നുപറയാന്‍ പലര്‍ക്കും സാധിക്കുന്നില്ല. പറഞ്ഞാലും അംഗീകാരം കിട്ടുന്നില്ലെന്നും ഡോ. ബോബി ജോസ് പറഞ്ഞു.

സാമൂഹികബന്ധങ്ങള്‍ സമ്പന്നമാകണം
-മനോജ് കെ. ദാസ്

ജീവിതത്തിലെ ഈ പ്രായത്തില്‍ ഒരു ലക്ഷ്യബോധം ഞങ്ങളുടെ തലമുറയിലുള്ളവരെ നയിച്ചിരുന്നെന്നും അതിപ്പോള്‍ ഇല്ലാതായെന്നും മാതൃഭൂമി പത്രാധിപര്‍ മനോജ് കെ. ദാസ് പറഞ്ഞു. ഞങ്ങളുടെ കാലം സാമൂഹികബന്ധങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു. അടുത്തുള്ള കടക്കാരന്‍പോലും ഒരു കുട്ടി വഴിമാറിപ്പോയാല്‍ വീട്ടിലറിയിക്കുന്ന ഒരു സാമൂഹികനിരീക്ഷണ സംവിധാനമുണ്ടായിരുന്നു ഓരോ കുട്ടിക്കുചുറ്റും. ദൈവത്തിനോടോ നിയമത്തിനോടോ അധ്യാപകരോടോ തുടങ്ങി എന്തിനോടെങ്കിലും ബഹുമാനംകലര്‍ന്ന പേടി ഞങ്ങളുടെ തലമുറയ്ക്കുണ്ടായിരുന്നു. ഇപ്പോള്‍ നിയമത്തെ ധിക്കരിക്കാന്‍ ചില മാതാപിതാക്കള്‍പോലും കുട്ടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന അവസ്ഥയുണ്ട്. എന്തുചെയ്താലും ഞങ്ങള്‍ കൂടെയുണ്ടാവുമെന്ന സന്ദേശം കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുക. വിദ്യാര്‍ഥികള്‍ ജീവിതത്തില്‍ ഒരു ലക്ഷ്യബോധം സൂക്ഷിക്കുക-മനോജ് കെ. ദാസ് പറഞ്ഞു.