ടോക്സിക് ബന്ധങ്ങളിൽ, മുറിവുകൾ എപ്പോഴും ദൃശ്യമാകണമെന്നില്ല. തകർന്ന ഹൃദയത്തിന് ഒരിക്കലും പഴയത്പോലെ ആകാൻ സാധിക്കില്ല. നിശ്ശബ്ദതയിലേക്ക് ആഴ്ന്നുപോയ ആത്മാവിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ജീവനാഡി പോലെ തോന്നുന്ന ക്ഷമാപണങ്ങൾ. അവൾ അത് സ്നേഹമാണെന്ന് വിശ്വസിക്കുന്നു, കാരണം അയാൾ അത് അങ്ങനെ പറയുന്നു. എന്നാൽ പതിയെ, അതൊരു ജയിലായി മാറുന്നു,  ഭീഷണികളായി മാറുന്നു......

To advertise here,

''ടോക്സിക് ബന്ധങ്ങളിൽനിന്ന് ഇറങ്ങാതെ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടാവും???

ടോക്സിക് ബന്ധങ്ങളിൽനിന്ന് ഇറങ്ങാതെ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടാവും എന്ന ഒരു പോസ്റ്റ്‌ പല പ്രൊഫൈലുകളിലും കണ്ടു.

നാം പലപ്പോഴും ആത്മഹത്യയുടെ കാരണങ്ങളായി പറയുന്ന സാഹചര്യങ്ങൾ ഒരാളുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ തന്നെ ആ വ്യക്തിയുടെ തലച്ചോറിന്റെ ബയോകെമിസ്ട്രിയും തലച്ചോറിനുള്ളിലെ ഹോർമോണുകളും നാഡീപ്രവർത്തനങ്ങളുമൊക്കെ വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നു.അതായത്, ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽക്കൂടി കടന്നുപോകുന്ന വ്യക്തിയുടെ തലച്ചോറിൽ സെറൊട്ടോണിൻ, ഡോപമിൻ, നോർഅഡ്രെനലിൻ എന്നിങ്ങനെ മൂഡ് റെഗുലേറ്റ് ചെയ്യുന്ന ന്യുറോ ട്രാൻസ്മിറ്ററുകളുടെ അളവിൽ കുറവുകൾ ഉണ്ടാവുന്നു, ഇതുമൂലം അവർക്ക് ജീവിതത്തിൽ പ്രതീക്ഷകളില്ലാതാകുകയും അനുഭവിക്കുന്ന വേദന തുടർന്നാൽ അതു എങ്ങനെ താങ്ങും എന്ന സംശയം അവരിൽ ഉണരുകയും ചെയ്യുന്നു. ഇതാണ് പലപ്പോഴും ആത്മഹത്യയുടെ പ്രധാന കാരണം.

2022-ഇൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പഠനം കാണിക്കുന്നതനുസരിച്ച് വ്യക്തികളിലെ ആത്മഹത്യാ ചിന്തകൾ തലച്ചോറിൽ നീണ്ടുനിൽക്കുന്ന ഒരു തരം ന്യുറൽ നെറ്റ്‌വർക്ക് ഡ്രൈവ് ഉണ്ടാക്കുന്നു എന്നതാണ്. വിഷലിപ്തമായ ബന്ധങ്ങളിൽ (toxic relationships) തുടരുമ്പോൾ, തലച്ചോറിന്റെ സമ്മർദ്ദ പ്രതികരണ സംവിധാനം, പ്രത്യേകിച്ച് ഹൈപ്പോത്താലാമസ്-പിറ്റ്യൂട്ടറി-അഡ്രിനൽ (HPA) ആക്സിസ് എന്നത് സ്ഥിരമായി പ്രവർത്തനക്ഷമമാകുന്നു. ‘കോർട്ടിസോൾ’ എന്ന ഹോർമോണിന്റെ തോത് സ്ഥിരമായി ഉയരുന്നത്, ഡിപ്രഷൻ, ഉൽകണ്ഠ, ആത്മഹത്യാ ചിന്തകൾ എന്നിവയ്ക്ക് കാരണമാകുന്നു. അതുപോലെ, സുരക്ഷിതമല്ലാത്ത സാഹചര്യത്തിലും ബന്ധത്തിലും കഴിയുന്ന വ്യക്തികളുടെ തലച്ചോറിൽ അലോസ്റ്റാറ്റിക് ലോഡ് എന്ന പേരിലുള്ള മെയിന്റനൻസ് ബുദ്ധിമുട്ടും ഉണ്ടാകുന്നു. ഇതാണ് അവസാനം ‘ഇതിൽക്കൂടുതൽ താങ്ങാൻ എനിക്കാവില്ല’ എന്ന അവസ്ഥയിലേയ്ക്ക് വ്യക്തികളെ എത്തിക്കുന്നത്.

ആത്മഹത്യയെ മനസ്സിലാക്കേണ്ടത് പെട്ടെന്നുണ്ടാവുന്ന ഒരു പ്രതിഭാസം എന്ന രീതിയിൽ അല്ല. അതിന് പുറകിൽ തലച്ചോറിലെ നൂറുകണക്കിന് തകരാറുകൾ ഉണ്ട്. കുറഞ്ഞുവരുന്ന ഓക്സിറ്റോസിൻ, കൂടിയ അളവിലെ കോർട്ടിസോൾ, തകരുന്ന സെറൊട്ടോണിൻ/ഡോപമിൻ സിസ്റ്റം, നീണ്ടുനിൽക്കുന്ന ഇമോഷണൽ ഓവർലോഡ്… എന്നിവയൊക്കെ ഒന്നിച്ചു പ്രവർത്തിക്കുമ്പോഴാണ് ഒരു വ്യക്തി ആത്മഹത്യയിലേയ്ക്ക് നടന്നടുക്കുന്നത്.

ആദ്യം പറഞ്ഞപോലെ ആത്മഹത്യ, തലച്ചോറിന്റെ തകരാറുകളുടെ അനന്തര ഫലമാണെന്നും ആത്മഹത്യാചിന്തകൾ കൈകാര്യം ചെയ്യേണ്ടത് ഒരു മെഡിക്കൽ-സോഷ്യൽ-ന്യൂറോ സൈക്കോളജിക്കൽ വിഷയമായി കരുതിയാണ് എന്നതുമാണ്. അല്ലെങ്കിൽ ഓരോ ആത്മഹത്യാ വിശകലനങ്ങളും ‘അവളുടെ അവസ്ഥ വളരെ മോശമായിരുന്നു’ എന്ന മൂന്നു വാക്കുകളിൽ ഒടുങ്ങിയിരിക്കും.

സ്ത്രീകൾക്ക് ടോക്സിക് ബന്ധങ്ങളിൽനിന്ന് പുറത്തുവരുവാൻ സാധിക്കാത്തത്

കുടുങ്ങി പോയവരിൽ പലരും അതിൽ തന്നെ പെട്ടുകിടക്കുന്നത് എന്ത് കൊണ്ടാവും?

അനുഭവിച്ചും സഹിച്ചും പൊരുത്തപ്പെടുവാൻ ശ്രമിച്ചും സ്ത്രീകൾ പലപ്പോഴും എത്തിപ്പെടുന്നത് നിസ്സഹായാവസ്ഥയിലാവും. അവരുടെ മനസ്സും ബുദ്ധിയും ബോധവും ‘തനിക്കൊരിക്കലും രക്ഷപ്പെടാനാവില്ല’ എന്ന ചിന്ത അവരിലുണ്ടാക്കും (helplessness, കൂടാതെ ആദ്യഭാഗത്ത് വിശദീകരിച്ച തലച്ചോറിലെ വ്യതിയാനങ്ങൾ തുടങ്ങിയവയൊക്കെയാണ് കാരണങ്ങൾ). ബന്ധുക്കളും സുഹൃത്തുക്കളും കടന്നു ചെന്ന് ആത്മാർത്ഥതയോടെ അവരെ കടന്നുപിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ എടുത്തുപറയേണ്ടത്. പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കുവാൻ സാധ്യതയും താല്പര്യവുമുള്ള ബന്ധങ്ങളിൽ ചർച്ചകൾക്ക് ശ്രമിക്കാം. അല്ലെങ്കിൽ അഭിമാനത്തോടെ അതിൽനിന്നും ഇറങ്ങിവരുവാൻ വ്യക്തികളെ കൈ പിടിക്കേണ്ടതുണ്ട്. പ്രശ്നങ്ങളിൽ പെട്ടുഴലുന്നവരെ മാനസികാരോഗ്യ പ്രവർത്തകരിലേയ്ക്ക് എത്തിക്കുന്നതും നല്ല സമീപനമാണ്. പ്രശ്നങ്ങൾ നേരിടുന്നവർക്ക് അവരെക്കേൾക്കുവാൻ അവരുടെ പരിചയത്തിന് പുറത്തുള്ള ഒരാളുണ്ടാവുന്നത് പ്രശ്നങ്ങളെ വേറൊരു ഉൾക്കാഴ്ചയോടെ വിശകലനം ചെയ്യുവാൻ സഹായിക്കും. നമ്മുടെ സമൂഹത്തിൽ ഇത്തരം വിദഗ്ദ്ധ സമീപനത്തിലേയ്ക്ക് നീങ്ങുന്നതിനെക്കുറിച്ചുള്ള ഭയം ഇനിയും മാറേണ്ടിയിരിക്കുന്നു.

പലപ്പോഴും ഇത്തരം ബന്ധത്തിൽപെട്ടു കിടക്കുന്നവരോട് സംസാരിക്കുമ്പോൾ കാണപ്പെടുന്ന മറ്റൊരു കാര്യമെന്നത്, പീഡനമനുഭവിക്കുന്ന വ്യക്തി പ്രത്യേകിച്ചും സ്ത്രീകൾ താങ്കളുടെ പങ്കാളികളോട് വലിയ മമത കാണിക്കുന്നവരും, എന്നെങ്കിലുമൊരിക്കൽ എല്ലാം ശരിയാവും എന്ന മിഥ്യാബോധം സംരക്ഷിക്കുന്നവരുമാണ് എന്നതാണ്. ഇത്തരം മിഥ്യാബോധം വൈകാരിക ചൂഷണത്തിൽ നിന്നുണ്ടാവുന്നതാണ്. കുറെയേറെ ദ്രോഹങ്ങൾക്ക് ശേഷം ഇടവിട്ട് ചെറിയ ചെറിയ സന്തോഷാനുഭവങ്ങൾ പീഡിപ്പിക്കുന്നവർ നൽകുന്നതായി കാണാറുണ്ട്. പീഡനം സഹിക്കുന്ന പങ്കാളി ആ ചെറിയ സന്തോഷാനുഭവങ്ങളിൽ കുരുങ്ങിപ്പോകാറുമുണ്ട്. ഇതാണ് മിക്കവാറും സ്ത്രീകൾക്ക് സംഭവിക്കുന്നത്. ഇവിടെയും ബന്ധുമിത്രാദികളുടെ സാമീപ്യത്തോടൊപ്പം മാനസിക വിദഗ്ധരുടെ സഹായം കൂടി ലഭ്യമായാൽ കുരുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുവാൻ നമുക്ക് സാധിക്കും.

കാരണങ്ങൾ കുറെയേറെ ഉണ്ടെങ്കിലും സാമൂഹിക സാംസ്കാരിക കാരണങ്ങൾ തന്നെയാണ് ഇത്തരം ബന്ധങ്ങളിൽ ഭൂരിഭാഗം പേരെയും പിടിച്ചു നിർത്തുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. സംസ്കാരസമ്പന്നരായ വിദ്യാഭ്യാസമുള്ള ആളുകൾക്കിടയിൽ പോലും ഗോപ്യമായി വിവാഹമോചനത്തെ തള്ളിക്കളയുന്നവരുണ്ട്. പ്രസംഗിക്കാൻ അറിയാവുന്നവർ പോലും സ്വന്തം കുടുംബത്തിലേയ്ക്ക് പ്രശ്നങ്ങൾ കടന്നു വരുമ്പോൾ കാല് മാറ്റി ചവിട്ടുന്നത് കാണാറുണ്ട്. പെൺകുട്ടികളെ ‘കെട്ടിച്ചുവിടുക’ എന്ന പ്രയോഗം പ്രായോഗിക അടിസ്ഥാനത്തിൽ സമൂഹത്തിൽ നിർത്തലാക്കാത്ത കാലത്തോളും പെൺകുട്ടികൾക്ക് ബന്ധങ്ങളിൽ നിന്ന് ഇറങ്ങി വരുവാൻ ബുദ്ധിമുട്ടുണ്ടാവും.

ഇന്ത്യയിലെ സാമൂഹികവും ഭൂരിഭാഗം മതപരവുമായ പഠനങ്ങളും ബന്ധങ്ങളെ പൊട്ടിച്ചെറിയുന്നതിനെ സംശയത്തോടെ പരിശോധിക്കുന്നവരാണ്. എളുപ്പത്തിൽ ബന്ധങ്ങളിൽ നിന്ന് പുറത്തുവരാതെയിരിക്കുവാൻ എന്തുചെയ്യാം എന്നതിലാണു കൂടുതൽ ചർച്ച. ഈ നയങ്ങളും മൂല്യങ്ങളും തിരുത്തപ്പെടേണ്ടതാണ്. തെറ്റും ശെരിയും ആപേക്ഷികമാണെന്നത് മനുഷ്യരിലേയ്ക്ക് ഊട്ടിഉറപ്പിയ്ക്കേണ്ടതുണ്ട്.

മറ്റു കാരണങ്ങൾ:
- കുഞ്ഞുങ്ങളുടെ ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠ: വിദ്യാഭ്യാസം നേടുകയും ജോലി സമ്പാദിക്കുകയും ചെയ്യുക എന്നതാണ് പോം വഴി. കൂടാതെ, കുഞ്ഞുങ്ങളെ വളർത്തുന്നത് അച്ഛന്റെയും അമ്മയുടെയും കൂട്ടുത്തരവാദിത്വമാണ്. ഈ കാര്യങ്ങളിൽ വ്യക്തതയ്ക്കുവേണ്ടി കൗൺസിലേഴ്സ്, നിയമവിദഗ്ധർ എന്നിവരുടെയൊക്കെ പിന്തുണ നേടാവുന്നതാണ്.
- ചെറുപ്പകാലത്തുണ്ടായിട്ടുള്ള ചില അരക്ഷിതാവസ്ഥകൾ: വ്യക്തികളിൽ ആഴത്തിൽ വേരുന്നി കാണപ്പെടുന്ന ഇവ, ആത്മവിശ്വാസമില്ലായ്മ, ഭയം, നിസ്സഹായത എന്നിവയൊക്കെ സൃഷ്ടിക്കുന്നു. അപകടകരമായ ബന്ധങ്ങളിൽ നിന്ന് പുറത്തുവരുവാനുള്ള കരുത്ത് ഇത്തരം വ്യക്തികൾ പ്രകടിപ്പിച്ചു കാണാറില്ല. ഇവിടെ മാനസികാരോഗ്യ പ്രവർത്തകരുടെ പിന്തുണ സ്വീകരിക്കേണ്ടതാണ്.

ടോക്സിക് ബന്ധങ്ങളിൽ കുടുങ്ങിയ സ്ത്രീകളിലെ മൗനം, നിസ്സഹായത, ഒറ്റപ്പെടൽ ഇതിന്റെയെല്ലാം പിന്നിൽ വലിയ മനശാസ്ത്ര ന്യൂറോബയോളജിക്കൽ ബന്ധവും സാമൂഹികമാനസിക സമ്മർദ്ദങ്ങളുമാണ് എന്ന സത്യം മറക്കരുത്. വിഷലിപ്തമായ ബന്ധങ്ങളിൽ പെട്ടു കിടക്കുന്ന സ്ത്രീകൾ രക്ഷപ്പെടണം. അത് സ്ത്രീകളുടെ അവകാശവും , അവർ ജീവിക്കുന്ന ലോകത്തിന്റെ അവരോടുള്ള കടമയുമാണ് എന്ന് തിരിച്ചറിയുക. അവരെ കൈപിടിച്ച് ഉയർത്തിക്കൊണ്ടു വരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. കുടുംബങ്ങളോട്….നമ്മുടെ പെൺകുഞ്ഞുങ്ങളുടെ കരച്ചിലുകൾ കേൾക്കാതിരുന്നു കൂടാ…അവരുടെ ജീവനേക്കാൾ വലുതല്ല നമ്മുടെ അഭിമാനവും, മനുഷ്യനിർമ്മിതമായ മൂല്യങ്ങളും.''

placeholder
Milu Susan Thomas
മിലു സൂസൻ തോമസ് 
സൈക്കോളജിസ്റ്റ്, 
മദർ ഹോസ്പിറ്റൽ, തൃശ്ശൂർ.