
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന മാനസികപ്രയാസങ്ങൾ പുതുകാവ്യമല്ല. പലകുറി ചർച്ചകൾക്ക് വിധേയമായെങ്കിലും പ്രശ്നപഠനമോ പരിഹാരമോ എത്രദൂരം സഞ്ചരിച്ചുവെന്നതിൽ ഇനിയും സംശയങ്ങളേറെയുണ്ട്. 26-കാരി അന്നാ സെബാസ്റ്റ്യന്റെ രക്തസാക്ഷിത്വത്തിന് പിന്നാലെയാണ് വീണ്ടും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നത്. ഒരാണ്ട് പിന്നിടുമ്പോഴും മതിയായ അന്വേഷണമോ മരണത്തിനു പിന്നാലെ കുടുംബം പങ്കുവെച്ച ആരോപണങ്ങളോ ശരിയായ ദിശയിൽ അന്വേഷണവിധേയമായെന്ന അഭിപ്രായമില്ല. സ്ത്രീകൾ തൊഴിലിടങ്ങളിൽ സുരക്ഷിതരാണോ എന്ന ചോദ്യത്തിന് ശാരീരിക സുരക്ഷ മാത്രമല്ല, മാനസികസുരക്ഷയും ഉൾപ്പെടുന്നു.
വികസ്വര രാഷ്ട്രമായിരിക്കെ ലോകം ഉറ്റുനോക്കുന്ന സാമൂഹിക- രാഷ്ട്രീയ- സാമ്പത്തിക പശ്ചാത്തലമാണ് ഇന്ത്യയ്ക്കുള്ളത്. തൊഴിലും തൊഴിലെടുക്കുന്നവരും രാജ്യത്തിന്റെ വളർച്ചയിൽ അഭിഭാജ്യമെന്നിരിക്കെ തൊഴിൽ സാഹചര്യങ്ങൾ സമാധാനപൂർണമാക്കുന്നതിൽ ഇന്ത്യയെത്ര വളർന്നുവെന്ന് ചിന്തിക്കണം. പ്രത്യേകിച്ചും സ്ത്രീസൗഹാർദം എന്ന തലത്തിൽ.
ആഗോളതലത്തിൽ, ആഴ്ചയിൽ ഏറ്റവും കൂടുതൽ മണിക്കൂർ ജോലിചെയ്യുന്നത് ഇന്ത്യയിലെ സ്ത്രീകളാണെന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ 2023-ലെ കണക്കുകൾ പറയുന്നത്. ഐ.ടി. ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവർ ആഴ്ചയിൽ 56.5 മണിക്കൂറും ശാസ്ത്ര-സാങ്കേതിക മേഖലകളിലുള്ളവർ ആഴ്ചയിൽ 53.2 മണിക്കൂറും തൊഴിലെടുക്കുന്നു. 15-നും 24-നും ഇടയിലുള്ള പെൺകുട്ടികളുടെ ജോലിസമയം ഇതിലും കൂടുതലാണെന്നും കണക്കുകളുണ്ട്. മറ്റു പല രാജ്യങ്ങളിലും ആഴ്ചയിൽ 32 മുതൽ 45 മണിക്കൂറാണ് സാധാരണയായി സ്ത്രീകളുടെ ജോലിസമയം. ഇത് ജർമനിയിൽ 32 മണിക്കൂറും റഷ്യയിൽ 40 മണിക്കൂറുമാണ്.
ആഗോളതലത്തിൽ സ്ത്രീതൊഴിലാളികൾക്കിടയിൽ ഡെലോയിറ്റ് നടത്തിയ 'വുമൺ @ വർക്ക് 2024' പഠനത്തിൽ മുൻ വർഷത്തേക്കാൾ 50 ശതമാനത്തിലധികം സ്ത്രീകളും മാനസികപിരിമുറുക്കം അനുഭവിക്കുന്നവരാണെന്ന കണ്ടെത്തലുണ്ട്. മൂന്നിൽ രണ്ടു സ്ത്രീകളും തൊഴിലിടങ്ങളിൽ തങ്ങളുടെ പ്രശ്നം തുറന്നു സംസാരിക്കാൻ മടിക്കുന്നു. തുറന്നുപറയുന്നവരിൽ പലർക്കും പിന്നീടങ്ങോട്ട് മോശം അനുഭവം ഉണ്ടാകുന്ന സംഭവങ്ങളും ധാരാളം. അധിക തൊഴിൽ സമയത്തിൽ പണിയെടുക്കുന്നതാണ് മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നെന്ന് കമ്പനിയുടെ പഠനത്തിലും പറയുന്നുണ്ട്.
കേരളത്തിലെ ഐ.ടി. ജീവനക്കാരിൽ ചിലരുടെ അനുഭവമിങ്ങനെ:
'15 മിനിട്ടിൽ ഉച്ചഭക്ഷണം കഴിച്ചുമടങ്ങിയെത്താത്തതിൽ ശകാരിച്ച സ്വകാര്യസ്ഥാപനത്തിലെ മേലുദ്യോഗസ്ഥനോട് 30 മിനിട്ടാണ് ഇടവേളയെന്ന് മറുപടി നല്കി. പിന്നീടങ്ങോട്ട് തൊഴിലിടത്തിൽ നേരിടേണ്ടവന്ന മാനസികബുദ്ധിമുട്ടുകൾ ജോലി ഉപേക്ഷിക്കുന്നതുവരെയെത്തി.'- ഇത് കേരളത്തിലെ ഒരു സ്ഥാപനത്തിൽ ഐ.ടി. ജീവനക്കാരിക്ക് നേരിട്ട അനുഭവമാണ്.
വിവാഹം കഴിഞ്ഞ് കുട്ടികളായാൽ കരിയറിലുണ്ടായേക്കാവുന്ന ഇടവേള, കമ്പനിയ്ക്കുണ്ടാക്കുന്ന നഷ്ടത്തിന്റെ കണക്കുപറഞ്ഞ് ജോലി നല്‍കാതെ പറഞ്ഞയച്ചു. ഒരു ബഹുരാഷ്ട്ര കമ്പനിയിലെ അഭിമുഖം ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ട് മറ്റൊരാളും പങ്കുവെച്ചു. ലോകജനസംഖ്യയുടെ 60 ശതമാനം തൊഴിലെടുക്കുന്നവരാണ്. സുരക്ഷിതത്വവും ആരോഗ്യകരമായ തൊഴിലിടവും മൗലികാവകാശമാണ്. തൊഴിലിടങ്ങളിലുണ്ടായ മാനസികപ്രയാസത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നായി ലോകാരോഗ്യ സംഘടനതന്നെ കാണുന്നത് തൊഴിൽ സമയമാണ്. നിർദിഷ്ഠ സമയത്തിനുമപ്പുറം ജോലി ചെയ്യേണ്ടി വരുന്നവരാണ് 50 ശതമാനത്തിലധികമെന്ന കണ്ടെത്തലുമുണ്ട്.
തൊഴിലിടങ്ങളിൽ മാനസികബുദ്ധിമുട്ടുകൾ നേരിടുന്നത് പുരുഷന്മാരെക്കാളധികം സ്ത്രീകളാണ്. തൊഴിൽ സ്വഭാവത്തെക്കാൾ സമയം, ജോലിസാഹചര്യം, മേലുദ്യോഗസ്ഥരുടെ ഇടപെടൽ എന്നീ ഘടകങ്ങളാണ് സ്ത്രീകളിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നാണ് ജീവനക്കാരിലധികവും പറയുന്നത്.
പുരുഷന്മാരിലും ഇത്തരം അനുഭവങ്ങളും മാനസിക ബുദ്ധിമുട്ടുകളും കുറവല്ല. സാമ്പത്തിക സുരക്ഷിതത്വം, തൊഴിലിടങ്ങളിലെ അവകാശങ്ങൾ, മാനസികാരോഗ്യം, വ്യക്തിസുരക്ഷ എന്നിവയാണ് തൊഴിലുമായി ബന്ധപ്പെട്ട് പങ്കുവെയ്ക്കുന്ന ആശങ്കകൾ. ഈ ചർച്ചകൾക്കിടയിലും മികച്ച സാഹചര്യത്തിൽ തൊഴിലെടുക്കാൻ അവസരമുള്ള സ്ഥാപനങ്ങൾ കുറവല്ല എന്ന ഓർമപ്പെടുത്തൽ കൂടി മാതൃകയാവണം.
പൊതുമേഖല- സ്വകാര്യ സ്ഥാപനങ്ങളിൽ പ്രത്യേകിച്ച് കേരളത്തിൽ മാനസിക, ശാരീരിക സുരക്ഷ ഉറപ്പാക്കുന്ന സ്ഥാപനങ്ങൾ ധാരാളമാണ്. തൊഴിൽ അവകാശങ്ങൾക്കൊപ്പം വ്യക്തികളുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകുന്നു. ഒരു മരണം കൊണ്ടുമാത്രം ചർച്ചചെയ്തോ സർവേ നടത്തിയോ തീർക്കേണ്ടതല്ല ഈ വിഷയം. വ്യത്യാസങ്ങളില്ലാതെ എല്ലാ മേഖലയിലും നിരന്തര പുതുക്കലുകൾകൂടി നമ്മുടെ അവകാശമാണ്.
Content Highlights: mental health struggles women face in workplaces
Published: 13 Sept 2025, 05:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented