ജീവനക്കാരും പൊതുജനങ്ങളും ദുരിതത്തിൽ

To advertise here,

കരുവാരക്കുണ്ട് : പുതിയ കെട്ടിടം നിർമിച്ച് സ്മാർട്ട് വില്ലേജ് ഓഫീസാക്കിയെങ്കിലും കേരള എസ്റ്റേറ്റ് വില്ലേജ് ഓഫീസിൽ വെള്ളം ഇപ്പോഴും കിട്ടാക്കനി. 2024-ൽ ഉദ്ഘാടനംചെയ്ത പുതിയ കെട്ടിടത്തിലാണ് വെള്ളമില്ലാത്തത്.

ഇവിടെ വെള്ളത്തിനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവരും വെള്ളത്തിനായി റോഡിന്റെ മറുവശത്തെ കേരള പഴുകടയ്ക്കൽ ഗവ. യു.പി. സ്കൂളിനെയാണ് ആശ്രയിക്കുന്നത്.

സ്കൂളിൽനിന്ന് ഇടയ്ക്കിടെ ലഭിക്കുന്ന വെള്ളമാണ് നിലവിലെ ഏക ആശ്രയം. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ ശുചിമുറി ഉപയോഗിക്കാൻപോലും ബുദ്ധിമുട്ടുണ്ടാകുന്നതായി ഓഫീസുമായി ബന്ധപ്പെടുന്നവർ പറയുന്നു. ലഭിക്കുന്ന വെള്ളം ദൈനംദിന ആവശ്യങ്ങൾക്കുപോലും തികയാത്ത സ്ഥിതിയാണ്. കുടിവെള്ളത്തിനായി പുറത്തുനിന്ന് വെള്ളം എത്തിക്കേണ്ട സാഹചര്യവുമുണ്ട്. വില്ലേജ് ഓഫീസിന്റെ ചുറ്റുമതിലും കുടിവെള്ളസൗകര്യവും ഒരുക്കുന്നതിനായി 2023-ൽ 17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നു.

മൂന്നു വർഷത്തിലേറെയായിട്ടും പദ്ധതി നടപ്പായിട്ടില്ല. പാറനിറഞ്ഞ പ്രദേശമായതിനാൽ കുഴൽക്കിണർ നിർമിച്ച് വെള്ളം ലഭ്യമാക്കണമെന്നാണ് ആവശ്യം.

വെള്ളസൗകര്യം അടിയന്തരമായി ഒരുക്കണമെന്നാണ് വില്ലേജ് വികസനസമിതി ആവശ്യപ്പെടുന്നത്.

പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.