തിരുവമ്പാടി : മലയോരത്ത് സംസ്ഥാന വൈദ്യുതിവകുപ്പിന്റെ രണ്ട് ചെറുകിട ജലവൈദ്യുതപദ്ധതികൾകൂടി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇതിൽ പൂവാറൻതോട് ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. മഴയുടെ ലഭ്യതയ്ക്കനുസരിച്ചാണ് വൈദ്യുതോത്പാദനം. ഉദ്ഘാടനം വൈകാതെ നടക്കും. ഓളിക്കൽ ജലവൈദ്യുതപദ്ധതിയുടെ പവർഹൗസ്, പെൻസ്റ്റോക്ക് പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. മറ്റു പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു. ഡിസംബർമാസത്തോടെ നിർമാണം പൂർത്തിക്കാൻ സാധിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. അതിനുമുൻപേ ഉദ്ഘാടനം നടക്കും. രണ്ടുപദ്ധതികളുടെയും ഉദ്ഘാടനം ഒന്നിച്ചുനടത്താനാണ് ആലോചന.

To advertise here,

പൊയിലിങ്ങാപ്പുഴയിലാണ് ഇരു പദ്ധതികളും. അഞ്ച് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് ഓളിക്കൽ പദ്ധതി. ഇത് തിരുവമ്പാടി പഞ്ചായത്തിലാണ്. 10.26 മില്യൻ യൂണിറ്റാണ് വാർഷിക ഉത്പാദനം ലക്ഷ്യമിടുന്നത്. തൊട്ടരികെ കൂടരഞ്ഞി പഞ്ചായത്തിലാണ് പൂവാറൻതോട് പദ്‌ധതി. മൂന്ന് മെഗാവാട്ട് വൈദ്യുതോത്പാദനമാണ് ഇവിടെ ലക്ഷ്യമിടുന്നത്. 5.88 മില്യൻ യൂണിറ്റാണ് വാർഷിക ഉത്പാദനം പ്രതീക്ഷിക്കുന്നത്. 20.98 കോടി രൂപയാണ് ഓളിക്കൽ പദ്ധതിയുടെ സിവിൽ ജോലികളുടെ നിർമാണച്ചെലവ്. പൂവാറൻതോട് പദ്ധതിയുടേത് 21.59 കോടി രൂപയും. പി.ജി.സി.സി.പി.എൽ-ആര്യ കോൺ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. ഇലക്‌ട്രോ-മെക്കാനിക്കൽ ജോലികൾ കിർലോസ്‌കർ ബ്രദേഴ്സാണ് കരാർ ഏറ്റെടുത്തത്. 2023-ൽ ആണ് നിർമാണപ്രവൃത്തി ആരംഭിക്കുന്നത്. കരാർ കാലാവധിയായ മൂന്നുവർഷംകൊണ്ടുതന്നെ പദ്ധതി പൂർത്തിയാക്കാൻ സാധിച്ചു. പൂവാറൻതോട് പദ്ധതി പ്രവർത്തിപ്പിക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞമാസം കെ.എസ്.ഇ.ബി. ഡയറക്ടർ എം.വി. രാജൻ, ജനറേഷൻ സിവിൽ ചീഫ് എൻജിനിയർ ബിജു വിശ്വൻ, പ്രോജക്ട് മാനേജർ എം. ഉപേന്ദ്രൻ തുടങ്ങിയവരടങ്ങിയ വിദഗ്ധസംഘം കഴിഞ്ഞമാസം സ്ഥലം സന്ദർശിച്ചിരുന്നു.

ഉറുമിയിലെ രണ്ടുപദ്ധതികളും പ്രവർത്തനക്ഷമം

ചൈനീസ് സാങ്കേതികസഹായത്തോടെ 23 വർഷം മുൻപ്‌ പൊയിലിങ്ങാപ്പുഴയിൽ പ്രവർത്തനം തുടങ്ങിയ ഉറുമി ഒന്നും രണ്ടും ഘട്ട ചെറുകിട ജലവൈദ്യുതപദ്ധതിയുടെ മുകളിലായാണ് രണ്ട് പദ്ധതികൾകൂടി വരുന്നത്. ഇവിടെ ഒന്നാംഘട്ടത്തിൽ 3.75 മെഗാവാട്ടും രണ്ടാംഘട്ടത്തിൽ 2.4 മെഗാവാട്ടും വൈദ്യുതി നിലവിൽ ഉത്പാദിപ്പിക്കുന്നുണ്ട്. 2023 ജൂലായിൽ ഉറുമി രണ്ടാംഘട്ട ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്ക് പൊട്ടിയതു കാരണം ഏതാനും വർഷങ്ങളായി ഉത്പാദനം നടന്നിരുന്നില്ല. കഴിഞ്ഞ ഓഗസ്റ്റിൽ പെൻസ്റ്റോക്ക് പ്രവൃത്തി പൂർത്തിയായതോടെയാണ് പദ്ധതി പുനരാരംഭിക്കാനായത്. മഴയുടെ ലഭ്യതയനുസരിച്ചാണ് ഉത്പാദനം. മലയോരത്ത് ഇരുവഴിഞ്ഞിപ്പുഴയിൽ മറിപ്പുഴയിൽ മറ്റൊരു പദ്ധതിക്കുകൂടി നേരത്തേ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും നിർമാണപ്രവൃത്തികൾ ആരംഭിക്കാൻ കാലതാമസം നേരിടുകയാണ്. നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സമീപത്തായി തുടങ്ങാനിരുന്ന പദ്ധതിയാണ് അനിശ്ചിത്വം നേരിടുന്നത്.