പ്രതിഷേധവുമായി വിദ്യാർഥികളും രക്ഷിതാക്കളും

To advertise here,

കല്പറ്റ : മീനങ്ങാടി എച്ച്.എസ്.എസിലെ ഹയർസെക്കൻഡറി വിദ്യാർഥികളുടെ വിനോദയാത്രക്കിടെ പി.ടി.എ. പ്രസിഡന്റും പ്രിൻസിപ്പലും മദ്യപിച്ചെന്ന് ആരോപണമുന്നയിച്ച് വിദ്യാർഥികൾ. വിദ്യാർഥികൾ രക്ഷിതാക്കളെ വിവരമറിയിച്ചതോടെ വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ രക്ഷിതാക്കളും നാട്ടുകാരും ചേർന്നു തടഞ്ഞു.

ഞായറാഴ്ച 133 വിദ്യാർഥികളുമായി മൂന്ന് ബസുകളിൽ ഹൈദരാബാദിലേക്ക് പുറപ്പെട്ട യാത്രാസംഘം ബുധനാഴ്ച മടങ്ങിവരുന്നതിനിടെ, സ്കൂൾ പി.ടി.എ. പ്രസിഡന്റ് ഹാജിസ് ഉള്ളാടൻ മദ്യപിച്ച് വിദ്യാർഥികൾ യാത്രചെയ്തിരുന്ന ബസിൽ കയറിയെന്നാണ് വിദ്യാർഥികൾ ആരോപിച്ചത്. വിദ്യാർഥികൾ പ്രതിഷേധിച്ചതിനു പിന്നാലെ ഹാജിസിനെ വഴിയിൽ ഇറക്കിയെന്നും തുടർന്ന് ട്രാവൽ ഏജൻസിയുടെ മറ്റൊരു വാഹനത്തിലാണ് ഇദ്ദേഹം നാട്ടിലേക്കു തിരിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു. യാത്രക്കിടെ മദ്യലഹരിയിലിരിക്കുന്ന പി.ടി.എ. പ്രസിഡന്റിന്റെ ദൃശ്യങ്ങൾ പകർത്തി വിദ്യാർഥികൾ രക്ഷിതാക്കൾക്ക് അയച്ചിരുന്നു. ഇതോടെ പരിഭ്രാന്തിയിലായ രക്ഷിതാക്കൾ യാത്രാസംഘം തിരിച്ചെത്തുന്നതിനു മുൻപേ സ്കൂളിലെത്തി. പി.ടി.എ. പ്രസിഡന്റിനെതിരേ വിദ്യാർഥികൾ പരാതി ഉന്നയിച്ച സമയത്ത് പ്രിൻസിപ്പൽ കുട്ടികളുടെ ആശങ്കകൾ കേൾക്കാനോ, പ്രശ്‌നം പരിഹരിക്കാനോ ശ്രമിച്ചില്ലെന്നും അതിനാൽ പ്രിൻസിപ്പലും മദ്യപിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ വിദ്യാർഥികൾ ബഹളമുണ്ടാക്കിയപ്പോൾതന്നെ പി.ടി.എ. പ്രസിഡന്റിനെ ബസിൽനിന്ന് താൻ ഇറക്കിവിട്ടുവെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പറഞ്ഞു. ഇതിനിടയിൽ രക്ഷിതാക്കൾ െെകയേറ്റംചെയ്യാനൊരുങ്ങിയതോടെ പോലീസ് പ്രിൻസിപ്പലിനെ സുരക്ഷിതമായൊരിടത്തേക്കു മാറ്റി. മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനുവേണ്ടി പ്രിൻസിപ്പലിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. തുടർന്ന് പ്രിൻസിപ്പൽ രക്തപരിശോധന നടത്തി. എന്നാൽ യൂറിൻ ടെസ്റ്റിന് വിധേയമാകാൻ ഇദ്ദേഹം തയ്യാറാകാതെ വന്നതോടെ പ്രതിഷേധം കനക്കുകയായിരുന്നു. പി.ടി.എ. പ്രസിഡന്റിനെ പുറത്താക്കണമെന്നും പ്രിൻസിപ്പലിനെ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്യണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനുവേണ്ടി ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഡോ. പി.എ. ജലീലിനെ ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ചുമതലപ്പെടുത്തി. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും കുറ്റകാരനെന്ന് തെളിഞ്ഞാൽ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും ഡോ. പി.എ. ജലീൽ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി യു.ഡി.എഫ്. പ്രവർത്തകരും കെ.എസ്.യുവും രംഗത്തെത്തി. ഹയർസെക്കൻഡറി മുൻ ജില്ലാ കോഡിനേറ്ററാണ് ഷിവി കൃഷ്ണൻ.