ചെന്നൈ : ഗതിനിർണയ ഉപഗ്രഹമായ എൻ.വി.എസ്. -03 ഭ്രമണപഥത്തിലെത്തിക്കുന്നതിന് ഐ.എസ്.ആർ.ഒ.യുടെ ജി.എസ്.എസ്.എൽ.വി. വെള്ളിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാത്രി 11.51-നാണ് വിക്ഷേപണം. വിവിധ ഉപകരണങ്ങളിൽ ഗതിനിർണയത്തിന് (നാവിഗേഷൻ) ഉപയോഗിക്കുന്ന അമേരിക്കയുടെ ജി.പി.എസ്. സംവിധാനത്തിന് ബദലായി ഇന്ത്യ വികസിപ്പിച്ച നാവിക് സംവിധാനത്തിന്റെ കൃത്യത വർധിപ്പിക്കുകയാണ് എൻ.വി.എസ്.-03യുടെ ദൗത്യം. ഇതോടെ നാവിക് ശൃംഖലയിൽ മൂന്ന് ഉപഗ്രഹങ്ങളാകും. പ്രവർത്തനക്ഷമമായ നാല് ഉപഗ്രഹങ്ങളെങ്കിലുമുണ്ടെങ്കിലേ കൃത്യമായ ദിശാനിർണയം നടത്താനാകൂ.

To advertise here,

ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി. 2250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭൗമ സമന്വയ ഭ്രമണപഥ (ജിയോ സിങ്ക്രണസ് ഓർബിറ്റ്)ത്തിൽ എത്തിക്കാൻ സജ്ജമായിക്കഴിഞ്ഞു. 50 മീറ്റർ ഉയരമുള്ള റോക്കറ്റിന് വിക്ഷേപണ സമയത്ത് 420 ടൺ ഭാരമുണ്ടാകും. ജി.എസ്.എൽ.വി.യുടെ 20-ാമത്തെ ദൗത്യമാണിത്.

ഇതുവരെയുള്ള വിക്ഷേപണങ്ങളിൽ 13 എണ്ണം പൂർണ വിജയമായിരുന്നു. നാലെണ്ണം പരാജയവും. നാവിക് പൂർണസജ്ജമാകുന്നതോടെ ഇന്ത്യക്കുള്ളിലും രാജ്യാതിർത്തിയിൽനിന്ന് 1500 കിലോമീറ്റർ പരിധിയിലും ഗതിനിർണയം നടത്താൻ സാധിക്കും. ഇതോടെ ഇന്ത്യയിലെ ഉപകരണങ്ങൾക്ക് വിദേശ നാവിഗേഷൻ സംവിധാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.