കല്പറ്റ : വയനാട്ടിലെ ദുരന്തബാധിതർക്ക് വീടും പുനരധിവാസവും ഉറപ്പാക്കുന്നതിൽ മുൻ എൽ.ഡി.എഫ്. സർക്കാർ മാതൃകാപരമായി ഇടപെട്ടപ്പോൾ, തുടർന്ന് അധികാരത്തിൽവന്ന യു.ഡി.എഫ്. സർക്കാർ പുനരധിവാസപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പാവങ്ങളെ കൈയൊഴിഞ്ഞുവെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. ദുരന്തബാധിതരുടെ പുനരധിവാസവും ടൗൺഷിപ്പും ഉൾപ്പെടെ വയനാടിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് സി.പി.ഐ. ജില്ലാകമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

സർക്കാർ മാറുമ്പോൾ നയങ്ങൾ മാറിയേക്കാം. പക്ഷേ പാവങ്ങളെ ഇങ്ങനെ കൈവിടുമെന്ന് ഓർത്തില്ല. സ്വിച്ചിട്ടതുപോലെയാണ് എല്ലാം മാറിമറിഞ്ഞത്.

പത്തുകൊല്ലം കേൾക്കാത്ത പവർകട്ട് എങ്ങനെയാണോ നിത്യജീവിതത്തിൽ യാഥാർഥ്യമായത് അതുപോലെ വയനാട്ടിലെ പുനരധിവാസപ്രവർത്തനങ്ങളും അവസാനിപ്പിച്ചു. എന്തുകൊണ്ട് വേണ്ടെന്നുവെച്ചുവെന്ന് നമുക്കാർക്കും അറിയില്ല.

കോൺഗ്രസ് ചൂരൽമല -മുണ്ടക്കൈ ദുരന്തബാധിതർക്കായി പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് തർക്കവും വഴക്കും ചർച്ചകളുമുണ്ട്. ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ ഏതാനും വീടുകൾ പൂർത്തിയാക്കിക്കൊടുത്തിട്ട് മതി ബാക്കിയെല്ലാം എന്ന് നിശ്ചയിച്ചതാണോ.

സർക്കാർ ടൗൺഷിപ്പിന്റെ പ്രവർത്തനങ്ങളെ കോൺഗ്രസിനുവേണ്ടി മാറ്റിവെച്ചതാണോ എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമാക്കണം. കോൺഗ്രസ് പാർട്ടിക്ക്, പിരിച്ച പണം കൊണ്ട് വീടുവെക്കാൻ താമസമുണ്ടായാൽ അതിന് വിലകൊടുക്കേണ്ടത് വയനാട്ടിലെ പാവങ്ങളാണോയെന്നും അദ്ദേഹം ചോദിച്ചു.

പ്രകൃതിയുടെ യാഥാർഥ്യങ്ങളെയും സംരക്ഷണത്തെയും പാർട്ടി മാനിക്കുമ്പോഴും മനുഷ്യനും പ്രകൃതിക്കും ഇടയിൽ സംഘർഷമുണ്ടാകുമ്പോൾ മനുഷ്യന്റെ ജീവൽപ്രശ്നങ്ങൾക്കും നിലനിൽപ്പിനുമാണ് മുൻഗണന നൽകുന്നതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമായി ബദൽപ്പാതയും തുരങ്കപാതയും പോലുള്ള വികസനപദ്ധതികൾ അത്യാവശ്യമാണെന്നും എന്നാൽ, അത് യാതൊരു ദുരന്തത്തിനും ഇടയാക്കാതെ ശാസ്ത്രീയപഠനങ്ങളുടെയും ജാഗ്രതയുടെയും അടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കല്പറ്റ എച്ച്.ഐ.എം. യു.പി. സ്കൂളിന് മുന്നിൽനിന്ന് തുടങ്ങിയ പ്രകടനം നഗരം ചുറ്റി കളക്ടറേറ്റിനുമുന്നിൽ സമാപിച്ചു. പ്രവർത്തകരുടെ പങ്കാളിത്തംകൊണ്ട് മാർച്ച് ശ്രദ്ധേയമായി.

ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സജി വർഗീസ്, സംസ്ഥാന കൗൺസിൽ അംഗം പി.എം. ജോയ്, സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം പി.കെ. മൂർത്തി, സി.എസ്. സ്റ്റാൻലിൻ, വിജയൻ ചെറുകര, വി.കെ. ശശിധരൻ, ടി. മണി, എം.വി. ബാബു, കെ.കെ. തോമസ്, മഹിതമൂർത്തി, വി. യൂസഫ് എന്നിവർ നേതൃത്വം നൽകി.