ചെന്നൈ : ഇളയരാജയുടെ പാട്ടുകളെ ഗിറ്റാറിന്റെ മാന്ത്രികസംഗീതംകൊണ്ട് സമ്പന്നമാക്കിയ എസ്. സദാനന്ദം (സദാ മാസ്റ്റർ-80) അന്തരിച്ചു. വ്യാഴാഴ്ച ചെന്നൈയിലെ വസതിയിലായിരുന്നു നാലുപതിറ്റാണ്ട്‌ ഇളയരാജയുടെ ലീഡ് ഗിറ്റാറിസ്റ്റ് ആയി പ്രവർത്തിച്ച കലാകാരന്റെ അന്ത്യം.

To advertise here,

ആദ്യചിത്രമായ അന്നക്കിളിമുതൽ ഇളയരാജയ്‌ക്കൊപ്പമുള്ള സദാനന്ദം റെക്കോഡിങ് സ്റ്റുഡിയോയിലും സംഗീതവേദികളിലും അദ്ദേഹത്തിന്റെ പാട്ടുകൾക്കുവേണ്ടി ഗിറ്റാർ വായിച്ചു. സിനിമകൾക്ക് പശ്ചാത്തലസംഗീതമൊരുക്കി. എൻ ഇനിയ പൊൻനിലാവേ, പൂവേ ചെമ്പൂവേ, രാജരാജ ചോഴൻ ഞാൻ, ചിന്ന രാസാവേ, പരുവമേ പുതിയ പാടൽ പാട് തുടങ്ങിയ പാട്ടുകളിൽ അദ്ദേഹത്തിന്റെ ഗിറ്റാറിന്റെ സാന്നിധ്യം വേറിട്ടറിയാം. നിഴൽകൾ എന്ന സിനിമയിലെ ഒരു പാട്ടുരംഗത്തിൽ ഇളയരാജയ്‌ക്കൊപ്പമുണ്ടായിരുന്നു. എ.വി.എം. സ്റ്റുഡിയോയുടെ സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരുന്ന ആർ. സുദർശനത്തിന്റെ മകനായി ചെന്നൈയിലാണ് സദാനന്ദത്തിന്റെ ജനനം. ഇളയരാജയും എ.ആർ. റഹ്‌മാനും ഉൾപ്പെടെയുള്ള പ്രതിഭകളെ സംഗീതം അഭ്യസിപ്പിച്ച ധൻരാജ് മാസ്റ്ററുടെ കീഴിലായിരുന്നു സംഗീതപഠനം. ഗിറ്റാറിനുപുറമേ കീബോർഡും വൈബ്രഫോണും വായിച്ചിരുന്ന സദാനന്ദം സംഗീതാധ്യാപകനെന്ന നിലയിലും പ്രശസ്തനാണ്. ഇളയരാജയും ഗായിക സുജാതാ മോഹനും ഉൾപ്പെടെയുള്ളവർ സദാനന്ദത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.