കോട്ടത്തറ : ദിവസേന ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന കോട്ടത്തറ പാലത്തിലൂടെ ഇപ്പോൾ അപകടഭീഷണിയിലാണ് യാത്ര.
പാലത്തിന്റെ തകർച്ചയാണ് അപകടഭീഷണിയുയർത്തുന്നത്. അടിഭാഗം തകർന്ന് കമ്പികൾവരെ പുറത്തുകാണുന്ന അവസ്ഥയിലാണ് പാലം. അടിഭാഗത്തും വശങ്ങളിലുമാണ് തകർച്ച കൂടുതൽ. അതുകൊണ്ടുതന്നെ പുറമേ നിന്നു നോക്കിയാൽ പാലത്തിന്റെ തകർച്ച പെട്ടെന്ന് മനസ്സിലാവുകയുമില്ല.
അപകടഭീഷണിയെക്കുറിച്ച് അറിയാതെ ഭാരവാഹനങ്ങൾ ഉൾപ്പെടെ ഇപ്പോഴും പാലത്തിനു മുകളിലൂടെ കടന്നുപോകുന്നുണ്ട്. അടിഭാഗത്തേക്കു നോക്കിയാലാണ് പാലം എത്രത്തോളം അപകടഭീഷണിയിലാണെന്നു മനസ്സിലാവുക. പാലം തകർച്ചയുടെ വക്കിലെത്തിയതോടെ ‘സൂക്ഷിക്കുക പാലം അപകടഭീഷണിയിൽ’ എന്ന മുന്നറിയിപ്പ് ബോർഡ് കോട്ടത്തറ പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. ബസുകൾ ഉൾപ്പെടെ ഈ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പ് ബോർഡ് വെച്ചതുകൊണ്ടു മാത്രം മുൻകരുതൽ ആവില്ലെന്നാണ് ആക്ഷേപം. പാലത്തിന്റെ കൈവരിയും തകർന്നുതുടങ്ങിയിട്ടുണ്ട്.
കോട്ടത്തറ ചെറുപുഴയ്ക്കു കുറുകേയുള്ളതാണ് പാലം. പാലത്തിന് 40 വർഷത്തിനു മുകളിൽ പഴക്കമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കലപ്പഴക്കം കാരണമാണ് പാലം തകർന്നത്. ഇറിഗേഷൻ ചെക്ക് ഡാമിനുമുകളിൽ കോൺക്രീറ്റ് ചെയ്താണ് പാലം നിർമിച്ചിരിക്കുന്നത്. പാലം മാത്രമല്ല ഇറിഗേഷൻ ചെക്ക് ഡാമിന്റെ സംരക്ഷണഭിത്തിയടക്കം ഇപ്പോൾ തകർന്നു തുടങ്ങിയിട്ടുണ്ട്. സംരക്ഷണഭിത്തിയുടെ അടിഭാഗത്തെ കല്ലുകൾ വലിയ തോതിൽ ഇളകിപ്പോയിട്ടുണ്ട്. 2018-ലെയും 2019-ലെയും പ്രളയത്തിലാണ് പാലത്തിന് കൂടുതൽ തകർച്ച ഉണ്ടായത്.
തുക വകയിരുത്തിയിട്ടും നടപടിയായില്ല
കല്പറ്റയിൽനിന്ന് കോട്ടത്തറ, വെണ്ണിയോട്, പടിഞ്ഞാറത്തറ, കമ്പളക്കാട്, കുറുമ്പാലക്കോട്ട തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലേക്ക് പോകാൻ ആശ്രയമാണ് ഈ പാലം.
സെന്റട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (സി.ആർ.ഐ.എഫ്.) ഉപയോഗിച്ച് നിർമിക്കുന്ന ചെന്നലോട്- ഊട്ടുപാറ റോഡിന്റെ ഭാഗമാണ് കോട്ടത്തറ പാലവും. 2016-ലെ ബജറ്റിൽ പാലം നിർമിക്കാനായി 10 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടികൾ ഉണ്ടായില്ല.
അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച കാരണമാണ് തുക വകയിരുത്തിയിട്ടും പാലം യാഥാർഥ്യമാക്കാൻ സാധിക്കാതെ വന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടഭീഷണിയിലായ കോട്ടത്തറ പാലത്തിനു മുകളിൽ പഞ്ചായത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് വലിയ പ്രതീക്ഷയായിരുന്നു
ബജറ്റിൽ പത്തുകോടി രൂപ വകയിരുത്തിയപ്പോൾ പുതിയ പാലം വരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. തുക വകയിരുത്തിയതല്ലാതെ തുടർനടപടികളുണ്ടായില്ല. വർഷങ്ങൾ പിന്നിട്ടിട്ടും പാലം യാഥാർഥ്യമാകാത്തത് കാരണം നാട്ടുകാർക്ക് നിരാശയാണിപ്പോൾ. ഇനിയെങ്കിലും പുതിയ പാലം പണിയാനുള്ള നടപടികൾ വേഗത്തിലാക്കണം.
കെ. നാസർ
കോട്ടത്തറഅപകടഭീഷണി കൂടിവരുകയാണ്
ഒാരോ ദിവസവും പാലത്തിന്റെ അപകടഭീഷണി കൂടിവരുകയാണ്. പാലം തകർന്നാൽ കോട്ടത്തറ ഒറ്റപ്പെട്ടു പോകുന്ന സ്ഥിതിയാവും.
മഴക്കാലത്ത് പുഴയിൽ വെള്ളം നിറഞ്ഞ് പാലത്തിൽ മുട്ടിയൊഴുകുമ്പോൾ ഇനിയും തകർച്ച കൂടും. ജനപ്രതിനിധികളും അധികൃതരും പുതിയപാലം നിർമിക്കാൻ മുൻകൈയെടുക്കണം.
പി.വി. മോഹനൻ
കോട്ടത്തറഅടിയന്തര ഇടപെടൽ വേണം
കോട്ടത്തറ പാലം അപകടഭീഷണിയിലായിട്ട് ഏറെക്കാലമായി. ഇപ്പോൾ പേടിയോടെ പാലത്തിനു മുകളിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. പാലത്തിന്റെ അടിഭാഗം ആകെ തകർന്ന അവസ്ഥയാണ്. പാലം പൊളിച്ചുപണിയാൻ ഇനിയും വൈകരുത്. ഇതിനായി അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാവണം.
പി. രാമചന്ദ്രൻ
കോട്ടത്തറ കിഫ്ബി അനുമതി ലഭിച്ചാലുടൻ പ്രവൃത്തി തുടങ്ങും
ആദ്യം പാലത്തിന്റെ എസ്റ്റിമേറ്റ് തുക 10 കോടി രൂപയിൽ താഴെയായതിനാൽ കിഫ്ബി ഏറ്റെടുത്തിരുന്നില്ല. പിന്നീട് അനുബന്ധ റോഡുകളുടെ നിർമാണം കൂടി ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തുക 10 കോടി രൂപയാക്കി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. അനുബന്ധ റോഡിനായി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. സ്ഥല ഉടമകൾ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. കിഫ്ബി അനുമതി നൽകിയാൽ ഉടൻ പ്രവൃത്തി തുടങ്ങും.
സി.സി. രജിത
കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
Published: 05 Oct 2026, 02:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented